ഷഹബാസ് ഷെരീഫ് ഭരണകൂടം അംഗീകരിച്ച വെടി നിറുത്തല്‍ കരാര്‍ പാക് മിലിട്ടറി ഓപ്പറേഷന്‍സ് ഡയറക്ടര്‍ ജനറല്‍ തീര്‍പ്പുകല്‍പ്പിച്ചു; എന്നിട്ടും രാത്രി ഇന്ത്യന്‍ അതിര്‍ത്തിയില്‍ ഉടനീളം ഡ്രോണും ഷെല്ലും ഉപയോഗിച്ചു ആക്രമണം; പാക്കിസ്ഥാന്‍ തെമ്മാടി രാഷ്ട്രം; ട്രംപിനേയും കോമാളിയാക്കി; ഇന്ത്യ പ്രകടിപ്പിച്ചത് സമാനതകളില്ലാ സംയമനം; അതിര്‍ത്തിയില്‍ വീണ്ടും ശാന്തത

Update: 2025-05-11 00:55 GMT

ന്യൂഡല്‍ഹി: ഇന്ത്യാ-പാക് അതിര്‍ത്തി വീണ്ടും ശാന്തം. വെടിനിര്‍ത്തല്‍ പാക്കിസ്ഥാന്‍ രാത്രി ലംഘിച്ചെങ്കിലും പിന്നീട് വെടിനിര്‍ത്തലിലേക്ക് കാര്യങ്ങളെത്തി. പഹല്‍ഗാം ഭീകരാക്രമണത്തിന് ഇന്ത്യനല്‍കിയ കനത്തതിരിച്ചടിക്കുശേഷം ഇരുരാജ്യങ്ങളും തമ്മില്‍ മൂന്നുദിവസത്തിലേറെയായി നീണ്ടുനിന്ന സംഘര്‍ഷത്തിന് അയവുണ്ടാകുന്നുവെന്നാണ് വിലയിരുത്തല്‍. വലിയ സംയമനമാണ് ഇന്ത്യന്‍ കഴിഞ്ഞ ദിവസം രാത്രി പാലിച്ചത.് വെടി നിര്‍ത്തില്‍ പ്രഖ്യാപനംവന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ വെടിനിര്‍ത്തല്‍ കരാര്‍ പാക്കിസ്ഥാന്‍ ലംഘിച്ചത് അമേരിക്കയ്ക്ക് നാണക്കേടായി വെടിനിര്‍ത്തല്‍ പരസ്യമായി പ്രഖ്യാപിച്ച അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പാകിസ്ഥാന്‍ നീക്കത്ില്‍ ഞെട്ടി. പ്രതിഷേധം പാക്കിസ്ഥാനെ അമേരിക്ക അറിയിച്ചിട്ടുണ്ട്.

ജമ്മുവിലെ ഉധംപുര്‍ ലക്ഷ്യമിട്ട് പാക്കിസ്ഥാന്‍ തൊടുത്ത ഡ്രോണുകള്‍ ഇന്ത്യ തടഞ്ഞിട്ടു. ഇതിനിടെ ജമ്മുവിലെ ആര്‍എസ് പുര സെക്ടറില്‍ പാകിസ്താന്‍ നടത്തിയ വെടിവെപ്പില്‍ അതിര്‍ത്തിരക്ഷാസേന (ബിഎസ്എഫ്) സബ് ഇന്‍സ്‌പെക്ടര്‍ മുഹമ്മദ് ഇംതിയാസ് വീരമൃത്യുവരിച്ചു. സംഭവത്തില്‍ ഏഴുപേര്‍ക്ക് പരിക്കേറ്റു. സുന്ദര്‍ബനി, കലാല്‍, കേരി ബട്ടാല്‍, നൗഷേര മേഖലകളില്‍ കനത്ത ഷെല്ലിങ് നടന്നു. ഇതിന് ബിഎസ്എഫ് തിരിച്ചടി ആരംഭിച്ചു. പിന്നാലെ പാക്കിസ്ഥാന്‍ ഒതുങ്ങി. അമേരിക്കയുടെ അടക്കം മധ്യസ്ഥതയിലുള്ള വെടിനിര്‍ത്തലിന് പാക്കിസ്ഥാന്‍ പുല്ലുവിലയാണ് നല്‍കിത്. ഇത് അമേരിക്ക അടക്കം ഗൗരവത്തില്‍ എടുത്തു. ഭീകരാക്രമണത്തെത്തുടര്‍ന്ന് ഇന്ത്യ പ്രഖ്യാപിച്ച സിന്ധുനദീജലക്കരാര്‍ മരവിപ്പിച്ചതടക്കമുള്ള ഉപരോധ നടപടികള്‍ക്ക് മാറ്റമില്ല. ഭീകരവാദത്തിനെതിരായ ഇന്ത്യയുടെ നിലപാടില്‍ വിട്ടുവീഴ്ചയില്ലെന്നും ഇന്ത്യ വ്യക്തമാക്കി.

ഇന്ത്യയുടെയും പാകിസ്താന്റെയും സൈനിക ഓപ്പറേഷന്‍സ് ഡയറക്ടര്‍ ജനറല്‍മാര്‍ തമ്മില്‍ ശനിയാഴ്ച വൈകീട്ട് 3.35-ന് നടത്തിയ ടെലിഫോണ്‍ ചര്‍ച്ചയിലാണ് വെടിനിര്‍ത്തലിന് ധാരണയായത്. വെടിനിര്‍ത്തല്‍ വൈകീട്ട് അഞ്ചിന് പ്രാബല്യത്തില്‍ വന്നതായും കര, കടല്‍, ആകാശ മാര്‍ഗങ്ങളിലൂടെയുള്ള സൈനികനടപടികളും വെടിവെപ്പും നിര്‍ത്തിവെക്കാന്‍ ധാരണയായതായും വിദേശകാര്യസെക്രട്ടറി വിക്രം മിസ്രി വ്യക്തമാക്കി. അനുരഞ്ജനനീക്കങ്ങളില്‍ മധ്യസ്ഥംവഹിച്ചെന്ന് അമേരിക്ക അവകാശപ്പെട്ടെങ്കിലും മൂന്നാംകക്ഷിയുടെ ഇടപെടലില്ലെന്ന് ഇന്ത്യ വ്യക്തമാക്കി. വെടിനിര്‍ത്തലിന് ഏതെങ്കിലുംതരത്തിലുള്ള ഉപാധികള്‍ ഇരുപക്ഷവും മുന്നോട്ടുെവച്ചിട്ടില്ല. ഇരു ഡയറക്ടര്‍ ജനറല്‍മാരും തിങ്കളാഴ്ച ഉച്ചയ്ക്ക് 12-ന് തുടര്‍ചര്‍ച്ച നടത്തും. ഈ പ്രഖ്യാപനത്തിനെ അട്ടിമറിക്കും വിധമാണ് രാത്രി എട്ടുമണിയോടെ വീണ്ടും പാക്കിസ്ഥാന്‍ ആക്രമിച്ചത്. ഇന്ത്യയുടെ തിരിച്ചടി പാക്കിസ്ഥാന്‍ വിചാരിച്ചതിലും ഏറെയായിരുന്നു.

ഇന്ത്യയും പാകിസ്ഥാനും വെടിനിറുത്താനെടുത്ത തീരുമാനം എല്ലാ അര്‍ത്ഥത്തിലും ഇന്ത്യയുടെ സൈനിക- നയതന്ത്ര വിജയമായിരുന്നു.ഏപ്രില്‍ 22ന് പഹല്‍ഗാമില്‍ നടന്ന കൂട്ടക്കുരുതിയുടെ ഉത്തരവാദികള്‍ക്ക് കൃത്യമായ മറുപടി കൊടുക്കുകയായിരുന്നു ഇന്ത്യന്‍ ലക്ഷ്യം. അത് കൃത്യമായി ഒന്‍പത് സ്ഥലങ്ങളില്‍ ഭീകരവാദികളെ വകവരുത്തി നിറവേറ്റി. അതിന് ശേഷം പാക്കിസ്ഥാന്‍ നടത്തിയ ആക്രമണത്തെ പ്രതിരോധിച്ചു. ഇതിനൊപ്പം പാക്കിസ്ഥാന്റെ സൈനിക കേന്ദ്രങ്ങളില്‍ നാശനഷ്ടവും ഉണ്ടാക്കി. അതിന് ശേഷം പ്പോള്‍ ചോദിച്ചു വാങ്ങിയ വെടിനിര്‍ത്തല്‍ സ്വന്തം സൈനികരെക്കൊണ്ടുപോലും അനുസരിപ്പിക്കാന്‍ കഴിയാത്ത രാഷ്ട്രീയ ഭരണ നേതൃത്വമാണ് പാകിസ്ഥാനെ കുഴയ്ക്കുന്നത്. ഷഹബാസ് ഷെരീഫ് ഭരണകൂടം അംഗീകരിച്ച വെടി നിറുത്തല്‍ കരാര്‍ പാക് മിലിട്ടറി ഓപ്പറേഷന്‍സ് ഡയറക്ടര്‍ ജനറല്‍ തീര്‍പ്പുകല്‍പ്പിച്ചിട്ടും രാത്രി ഇന്ത്യന്‍ അതിര്‍ത്തിയില്‍ ഉടനീളം ഡ്രോണും ഷെല്ലും ഉപയോഗിച്ചു ആക്രമണം നടന്നു.

പാക് സേനയില്‍ ഭീകരരുടെ സ്വാധീനം ശക്തമാണെന്ന് തെളിഞ്ഞു. ഇത് അമേരിക്കയ്ക്ക് അടക്കം ബോധ്യപ്പെട്ടു. എക്കാലത്തും തീവ്രവാദികളെ ഉപയോഗിച്ചുള്ള നിഴല്‍ യുദ്ധമായിരുന്നു പാക്കിസ്ഥാന്‍ നടത്തിവന്നത്. ഒരു നീണ്ട യുദ്ധം പാക് ജനതയുടെ മേല്‍ അടിച്ചേല്‍പ്പിക്കാന്‍ ഇന്ത്യക്ക് താത്പര്യമില്ലായിരുന്നു. എന്നാല്‍ തീവ്രവാദ ആക്രമണങ്ങള്‍ വച്ചു പൊറുപ്പിക്കുകയുമില്ല.

Similar News