കേണല്‍ സോഫിയ ഖുറേഷിക്കെതിരായ അധിക്ഷേപ പരാമര്‍ശം; മധ്യപ്രദേശ് ബിജെപി മന്ത്രിക്കെതിരേ കേസെടുക്കാന്‍ ഉത്തരവിട്ട് ഹൈക്കോടതി; സമൂഹത്തെയും മതത്തെയും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ പത്തു തവണ ക്ഷമ ചോദിക്കാന്‍ തയാറെന്ന് മന്ത്രി; അപലപിച്ച് ദേശീയ വനിതാ കമ്മീഷന്‍
മധ്യപ്രദേശ് ബിജെപി മന്ത്രിക്കെതിരേ കേസെടുക്കാന്‍ ഉത്തരവിട്ട് ഹൈക്കോടതി
ഭോപാല്‍: ഓപ്പറേഷന്‍ സിന്ദൂറിന് പിന്നാലെ കേണല്‍ സോഫിയ ഖുറേഷിക്കെതിരേ അധിക്ഷേപകരമായ പരാമര്‍ശം നടത്തിയ ബിജെപി മന്ത്രി വിജയ് ഷാക്കെതിരേ കേസെടുക്കാന്‍ ഉത്തരവിട്ട് മധ്യപ്രദേശ് ഹൈക്കോടതി. മന്ത്രി വിജയ് ഷാക്കെതിരേ കേസെടുക്കാന്‍ സംസ്ഥാന പോലീസ് മേധാവിയോടാണ് ഹൈക്കോടതി നിര്‍ദേശിച്ചത്.
കഴിഞ്ഞദിവസമാണ് മധ്യപ്രദേശിലെ മന്ത്രി വിജയ് ഷാ കേണല്‍ ഖുറേഷിക്കെതിരേ അധിക്ഷേപകരമായ പരാമര്‍ശം നടത്തിയത്. സോഫിയ ഖുറേഷിയെ ഭീകരരുടെ സഹോദരിയെന്ന വിധത്തില്‍ പരാമര്‍ശിച്ചാണ് മന്ത്രി പൊതുപരിപാടിക്കിടെ അധിക്ഷേപിച്ചത്. നമ്മുടെ പെണ്മക്കളെ വിധവകളാക്കിയവരെ പാഠം പഠിപ്പിക്കാനായി അവരുടെ തന്നെ സഹോദരിയെ നമ്മള്‍ അയച്ചു എന്നായിരുന്നു മന്ത്രിയുടെ വാക്കുകള്‍. ഈ പരാമര്‍ശം വിവാദമായതോടെ മന്ത്രി വിജയ് ഷാ മാപ്പ് പറയുകയും ചെയ്തിരുന്നു.
വിവാദമായതോടെ മന്ത്രി വാക്കുകള്‍ മയപ്പെടുത്തി. '' സോഫിയ ഖുറേഷി ജാതിക്കും മതത്തിനും അതീതമായി ഇന്ത്യയ്ക്ക് അഭിമാനം കൊണ്ടുവന്നു. രാജ്യത്തോടുള്ള അവരുടെ സേവനത്തിന് അവരെ അഭിവാദ്യം ചെയ്യുന്നു. സ്വപ്നത്തില്‍ പോലും അവരെ അപമാനിക്കുന്നതിനെക്കുറിച്ച് ചിന്തിക്കാന്‍ നമുക്ക് കഴിയില്ല. എന്റെ വാക്കുകള്‍ സമൂഹത്തെയും മതത്തെയും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ പത്തു തവണ ക്ഷമ ചോദിക്കാന്‍ തയാറാണ്'' മന്ത്രി പിന്നീട് പറഞ്ഞു. മന്ത്രിയുടെ വാക്കുകള്‍ക്കെതിരെ പ്രതിപക്ഷം രംഗത്തെത്തിയിരുന്നു. വിജയ് ഷായെ സംസ്ഥാന മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.
വിജയ് ഷായുടെ വാക്കുകള്‍ ബിജെപിയുടെ നയമാണോ മന്ത്രിയുടെ വായിലൂടെ പുറത്ത വന്നതെന്നും, ഉടന്‍ വിജയ് ഷായെ പുറത്താക്കണമെന്നും മധ്യപ്രദേശ് പിസിസി ആവശ്യപ്പെട്ടു. ദേശീയ തലത്തില്‍ മന്ത്രിയുടെ രാജി ആവശ്യം പ്രതിപക്ഷം ശക്തമാക്കി.
ബിജെപി നേതാവ് നടത്തിയ 'ഭീകരരുടെ സഹോദരി'പരാമര്‍ശത്തില്‍ ദേശീയ വനിതാ കമ്മീഷന്‍ അപലപിച്ചു. സ്ത്രീകള്‍ക്കെതിരായ ഇത്തരം പ്രസ്താവനകള്‍ അങ്ങേയറ്റം ദൗര്‍ഭാഗ്യകരമാണെന്നും സമൂഹത്തിലെ സ്ത്രീകളുടെ അന്തസ്സിനെ മുറിവേല്‍പ്പിക്കുന്നത് മാത്രമല്ല, രാജ്യത്തിന്റെ സുരക്ഷയില്‍ പ്രധാന പങ്ക് വഹിക്കുന്ന രാജ്യത്തിന്റെ പെണ്‍മക്കളെ അപമാനിക്കുന്നതിന് തുല്യമാണെന്നും വനിതാ കമ്മീഷന്‍ ചൂണ്ടിക്കാട്ടി. വിവാദ പരാമര്‍ശം നടത്തിയ മധ്യപ്രദേശിലെ ബിജെപി മന്ത്രി വിജയ് ഷായുടെ പേരെടുത്ത് പറയാതെയാണ് ദേശീയ വനിതാ കമ്മീഷന്‍ വിഷയത്തില്‍ അപലപിച്ചത്.
ഓപ്പറേഷന്‍ സിന്ദൂറിന്റെ ഭാഗമായി പ്രതിരോധ-വിദേശകാര്യ മന്ത്രാലയം വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലൂടെയാണ് കേണല്‍ ഖുറേഷി ശ്രദ്ധിക്കപ്പെടുന്നത്. ഓപ്പറേഷന്‍ സിന്ദൂറിനെക്കുറിച്ച് വിശദീകരിക്കാനായി വനിതാ ഉദ്യോഗസ്ഥരായ കേണല്‍ ഖുറേഷിയെയും വിങ് കമാന്‍ഡര്‍ വ്യോമികാസിങ്ങിനെയുമാണ് ചുമതലപ്പെടുത്തിയിരുന്നത്. ഓപ്പറേഷന്‍ സിന്ദൂറിന് പിന്നാലെ പലതവണകളായി ഇരുവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തിരുന്നു.