മിസ് വേള്‍ഡ് മത്സരം ഇന്ത്യയില്‍ എത്തിയപ്പോള്‍ സായിപ്പന്മാര്‍ക്ക് കണ്ണില്‍കടി; വേശ്യയാണെന്ന് തോന്നിയെന്ന് ആരോപിച്ച് മത്സരം ഉപേക്ഷിച്ച് ഹൈദരാബാദില്‍ നിന്ന് മടങ്ങി ബ്രിട്ടീഷ് സുന്ദരി; 74 വര്‍ഷമായി നടത്തുന്ന വേഷം കെട്ടലില്‍ എതിര്‍പ്പ് തോന്നുന്നത് ആദ്യം: ഇന്ത്യയെ പരിഹസിക്കാന്‍ അവസരമാക്കി ബ്രിട്ടീഷ് മാധ്യമങ്ങളും
ഹൈദരാബാദ്: ഹൈദരാബാദ് നടക്കുന്ന മിസ് വേള്‍ഡ് മത്സരത്തില്‍ നിന്ന് മിസ് ഇംഗ്ലണ്ട് മില്ല മാഗി പിന്മാറുമ്പോള്‍ ചര്‍ച്ചയാകുന്നത് ഇരട്ടത്താപ്പ്. സംഘാടകര്‍ക്കെതിരേ ഗുരുതരമായ ആരോപണമുയര്‍ത്തിയാണ് മില്ല മാഗി നാട്ടിലേയ്ക്ക് മടങ്ങുമ്പോള്‍ ഇന്ത്യയ്‌ക്കെതിരെ പരിഹാസവുമായി എത്തുകയാണ് ബ്രിട്ടീഷ് മാധ്യമങ്ങള്‍. മിസ് വേള്‍ഡ് മത്സരത്തിന്റെ രീതികള്‍ എല്ലാവര്‍ക്കും അറിയാം. അതിന് ചില രീതികളുണ്ട്. അത് എല്ലായിടത്തും നടന്നതുമാണ്. പങ്കെടുക്കാന്‍ എത്തുന്നവര്‍ ആരും എതിര്‍പ്പ് പറയാറില്ല. എന്നാല്‍ ഇത് ഇന്ത്യയിലെത്തിയപ്പോള്‍ ഇത്തവണ പരാതിയാകുന്നു. ബോധപൂര്‍വ്വമായ ഗൂഡാലോചന ഇതിന് പിന്നിലുണ്ടെന്നാണ് സംശയം. 74 വര്‍ഷമായി നടത്തുന്ന വേഷം കെട്ടലില്‍ എതിര്‍പ്പ് തോന്നുന്നത് ആദ്യമാണെന്നതാണ് വസ്തുത. ഏതായാലും ഇന്ത്യയെ പരിഹസിക്കാന്‍ അവസരമാക്കി ബ്രിട്ടീഷ് മാധ്യമങ്ങളും സജീവമാകുന്നു.
മത്സരത്തിന്റെ 74 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായിയാണ് മിസ് ഇംഗ്ലണ്ട് കിരീടം നേടിയ മത്സരാര്‍ഥി കിരീടത്തിനായി മത്സരിക്കാതെ പിന്മാറുന്നത്. ഷോപീസുകളെ പോലെയാണ് മത്സരാര്‍ഥികളെ കൈകാര്യം ചെയ്യുന്നത്. മത്സരാര്‍ഥികളെ വില്‍പന വസ്തുക്കളായാണ് സംഘാടകര്‍ കരുതുന്നത്. മധ്യവയസ്‌കരായ സ്പോണ്‍സര്‍മാര്‍ക്ക് ഒപ്പം നന്ദി പ്രകടപ്പിക്കാനായിയിരുത്തി എന്നിങ്ങനെയുള്ള ഗുരുതര ആരോപണങ്ങളാണ് മില്ല ഉയര്‍ത്തിയിരിക്കുന്നത്. സ്പോണ്‍സര്‍മാരെ സന്തോഷിപ്പിക്കാനായി രണ്ട് മത്സരാര്‍ഥികളെ വീതം ഓരോരുത്തരുടെയും കൂടെ ഒരു ഹാളില്‍ ഇരുത്തിയെന്നും രാവിലെ മുതല്‍ രാത്രി വരെ ബോള്‍ ഗൗണും മേക്കപ്പും ധരിക്കണമെന്നും പറഞ്ഞിട്ടുള്ളതായും അവര്‍ വെളിപ്പെടുത്തി. ബുദ്ധിശക്തി കൂടി അളക്കുന്ന മത്സരമാകുമെന്നാണ് കരുതിയത്, എന്നാല്‍ കളികുരങ്ങിനെ പോലെ ഇരിക്കേണ്ടി വന്നുവെന്നും അവര്‍ പറയുന്നു.
വ്യക്തിപരമായി അവിടെ തുടരാന്‍ കഴിയില്ലെന്ന് തോന്നിയതിനാല്‍ ആണ് പിന്മാറുന്നത്. 'ലൈംഗികതൊഴിലാളിയാണോ എന്നുപോലും തോന്നിപ്പോയി' എന്നും അവര്‍ പറയുന്നു. 'ദ സണ്‍' പത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഈ പ്രതികരണം. എന്നാല്‍ ഇതെല്ലാം എല്ലാ മിസ് വേള്‍ഡ് മത്സരത്തിലും നടക്കാറുണ്ട്. ബുദ്ധി ശക്തിയെ അളക്കുന്നത് അവസാനത്തെ നിമിഷങ്ങളില്‍ മാത്രം. ഒരു ചോദ്യം ജഡ്ജിംഗ് കമ്മറ്റി ചോദിക്കും. അതിന് മറുപടി പറയണം. അത് കൂടി കണക്കിലെടുത്താകും വിജയിയെ നിശ്ചയിക്കുക. ബാക്കിയെല്ലാം സൗന്ദര്യ പ്രദര്‍ശനമാണ് ഈ മത്സരത്തില്‍. എന്നാല്‍ ഇതൊന്നും ബ്രിട്ടീഷ് സുന്ദരി അറിയാതെയാണ് ഇന്ത്യയിലെത്തിയതെന്ന തരത്തിലാണ് പ്രതികരണം.
ധാര്‍മികവും വ്യക്തിപരമായ പ്രശ്നങ്ങളാണ് പിന്‍മാറ്റത്തിന് പിന്നിലെന്നാണ് അവര്‍ ആദ്യം പ്രതികരിച്ചതെങ്കിലും ബ്രിട്ടീഷ് മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ 24കാരിയായ മില്ല ഗുരുതര ആരോപണങ്ങളാണ് ഉയര്‍ത്തിയത്. പരിപാടിയുടെ പ്രായോജകരായ സമ്പന്നരായ മധ്യവയസ്‌കരായ പുരുഷന്മാരോട് ഇടപഴകാന്‍ സംഘാടകര്‍ നിര്‍ബന്ധിച്ചെന്നും വിനോദപരിപാടികളിലും മറ്റും വിശ്രമിക്കാന്‍ അനുവദിക്കാതെ പങ്കെടുപ്പിച്ചെന്നും അവര്‍ പറഞ്ഞു. പരിപാടിയുടെ സംഘാടകര്‍ ഭൂതകാലത്തില്‍പെട്ടുപോയവരാണെന്നും താന്‍ ഒരു 'അഭിസാരികയാണോ' എന്ന് തോന്നിത്തുടങ്ങിയപ്പോഴാണ് പിന്മാറിയതെന്നും അവര്‍ പറഞ്ഞു. ഇത് ബ്രിട്ടീഷ് മാധ്യമങ്ങളും ഏറ്റെടുത്തു. ഇന്ത്യയെ അപാനിക്കാനുള്ള അവസരമായി തന്നെ അവര്‍ ഏറ്റെടുത്തു. ഡെയ്‌ലി മെയില്‍ അടക്കം വലിയ വാര്‍ത്തകള്‍ നല്‍കി.
ഫെസ്റ്റിവല്‍ ഓഫ് ബ്രിട്ടന്‍ ആഘോഷങ്ങളുടെ ഭാഗമായി 1951ല്‍ എറിക് മോര്‍ലി എന്ന ടിവി അവതാരകന്‍ തുടങ്ങിയ മത്സരമാണ് പിന്നീട് ലോകപ്രശസ്തമായ മിസ് വേള്‍ഡ് മത്സരമായത്. തുടര്‍ന്ന് എല്ലാ വര്‍ഷവും മത്സരം നടത്തപ്പെട്ടു. 1959 മുതല്‍ ബിബിസി മത്സരം പ്രക്ഷേപണം ചെയ്തുതുടങ്ങി. ഇതോടെ ചുരുങ്ങിയ വര്‍ഷങ്ങള്‍ക്കൊണ്ട് തന്നെ ടിവിയില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ കാണുന്ന പരിപാടികളിലൊന്നായി മിസ് വേള്‍ഡ് മത്സരം മാറി. ജനപ്രീതി വര്‍ധിച്ചതോടെ വിജയികള്‍ക്കു ലഭിക്കുന്ന സമ്മാനങ്ങളില്‍ ആഡംബരവുമേറി. മിസ് വേള്‍ഡ് മത്സരത്തിനു മുമ്പും ഇന്ത്യ വേദിയായിട്ടുണ്ട്. ഇത്തവണ കൂടുതല്‍ വ്യത്യസ്തയോടെ നടത്തുന്നു. ലോക ശക്തിയായ മാറിയ ഇന്ത്യയിലേക്ക് വീണ്ടും മത്സരമെത്തുമ്പോള്‍ ബ്രിട്ടണ് അടക്കം അത് ഉള്‍ക്കൊള്ളാന്‍ കഴിയുന്നില്ല. അതിന്റെ പരിഹാസമാണ് അവിടെയുള്ള മാധ്യമങ്ങളിലും നിറയുന്നത്.
എന്നാല്‍ ആരോപണം നിഷേധിച്ച് സംഘാടകര്‍ രംഗത്തെത്തി. വ്യക്തിപരമായ ആവശ്യങ്ങള്‍ കൊണ്ട് തിരികെ പോകുന്നുവെന്ന് മാത്രമാണ് പറഞ്ഞതെന്നും സംഘാടകര്‍ അറിയിക്കുന്നു.നിലവില്‍ തെലങ്കാനയില്‍ നടക്കുന്ന മിസ് വേള്‍ഡ് 2025 മത്സരത്തില്‍ നിന്നാണ് മിസ് ഇംഗ്ലണ്ട് 2024 മില്ല പിന്മാറിയത്. ഏഴിന് ഹൈദരാബാദില്‍ എത്തിയ 24 വയസുകാരിയായ മില്ല 16-നാണ് യു.കെയിലേക്ക് മടങ്ങിയത്. ഈ മാസം ഏഴ് മുതല്‍ 31 വരെയാണ് ഹൈദരാബാദില്‍ മിസ് വേള്‍ഡ് മത്സരം നടക്കുന്നത്. 31-ന് ഹൈടെക്സ് എക്സിബിഷന്‍ സെന്ററിലാണ് ഫിനാലെ നടക്കുന്നത്. മില്ലിക്ക് പകരം മിസ് ഇംഗ്ലണ്ട് മത്സരത്തില്‍ രണ്ടാം സ്ഥാനത്ത് എത്തിയ ഷാര്‍ലെറ്റ് ഗ്രാന്റ് മത്സരത്തില്‍ പങ്കെടുക്കുമെന്നും സംഘാടകര്‍ അറിയിച്ചു.
സൗന്ദര്യത്തിന്റെ ആഗോള ആഘോഷം എന്ന് വിളിക്കപ്പെടുന്ന മിസ് വേള്‍ഡ് മത്സരം ഈ വര്‍ഷം ഹൈദരാബാദിലാണ് നടക്കുന്നത്. ബ്യൂട്ടി വിത്ത് എ പര്‍പസ് എന്നാണ് മിസ്സ് വേള്‍ഡ് മത്സരം അവകാശപ്പെടുന്നത്. ലോകത്തിലെ ഏറ്റവും പ്രശസ്തമായ സൗന്ദര്യമത്സരങ്ങളില്‍ ഒന്നാണ് മിസ്സ് വേള്‍ഡ് മത്സരം. 1951ല്‍ ആരംഭിച്ച ഇത് സൗന്ദര്യത്തെ മാത്രമല്ല, നല്ല കാര്യങ്ങളെയും ആഘോഷിക്കുന്നതിന് പേരുകേട്ടതാണ്. ഈ വര്‍ഷം വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 100-ലധികം സ്ത്രീകള്‍ മത്സരിക്കുന്നു.