എന്തു കാരണം കൊണ്ടാണു ചെരിഞ്ഞതെന്നു കണ്ടെത്തിയ ശേഷം 'രക്ഷാപ്രവര്‍ത്തനം'; മുങ്ങില്ലെന്ന് ഉറപ്പിച്ചു; കപ്പല്‍ നഷ്ടപ്പെടുന്നതു മൂലമുണ്ടാകുന്ന നഷ്ടത്തേക്കാള്‍ ഭീകരമാകുന്ന പരിസ്ഥിതി നാശം ഉണ്ടാകില്ലെന്നത് ആശ്വാസം; കണ്ടൈനറുകളെ സൂക്ഷിക്കണം; തീരത്ത് അതീവ ജാഗ്രത; ഇനി കേരളവും സമുദ്രപാരിസ്ഥിതിക സുരക്ഷയെ കുറിച്ച് ചിന്തിക്കണം
കൊച്ചി: കൊച്ചി തീരത്തുനിന്ന് 38 നോട്ടിക്കല്‍ മൈല്‍ അകലെ(74കിലോമീറ്റര്‍) അറബിക്കടലില്‍ ചരക്കുകപ്പല്‍ ചെരിഞ്ഞ് രാസവസ്തുക്കള്‍ നിറച്ച കണ്ടെയ്നറുകള്‍ കടലില്‍വീണ പ്രതിസന്ധിയൊഴിയാന്‍ ദിവസങ്ങള്‍ വേണ്ടി വരും. അപകടകരമായ സള്‍ഫര്‍ ഫ്യുവല്‍ ഓയിലും മറൈന്‍ ഗ്യാസ് ഓയിലും നിറച്ച കണ്ടെയ്നറുകളാണ് കടലില്‍വീണത്. വലതുഭാഗത്തുനിന്ന് എട്ട് കണ്ടെയ്നറുകള്‍ കടലിലേക്ക് വീണെന്നാണ് വിവരം. റഷ്യക്കാരനായ ക്യാപ്റ്റന്‍ ഇവാനോവ് അലക്‌സാണ്ടറും 20 ഫിലിപ്പീന്‍സുകാരും രണ്ട് യുക്രൈന്‍ സ്വദേശികളും ഒരു ജോര്‍ജിയന്‍ സ്വദേശിയുമാണ് കപ്പലിലുണ്ടായിരുന്നത്. മനുഷ്യജീവന്‍ സംരക്ഷിക്കുന്നതിനൊപ്പം പരിസ്ഥിതിസംരക്ഷണവും ഉറപ്പാക്കുന്ന രക്ഷാപ്രവര്‍ത്തനങ്ങളാണ് ആസൂത്രണംചെയ്യുന്നത്.
നിലവില്‍ 26 ഡിഗ്രി ചെരിഞ്ഞ നിലയിലാണു കപ്പല്‍. കൂടുതല്‍ ചെരിയാതെ കപ്പല്‍ നിലനിര്‍ത്താന്‍ കഴിഞ്ഞിട്ടുണ്ട് എന്നതിനാല്‍ രക്ഷാപ്രവര്‍ത്തനം സാധ്യമാണ്. ഇതുകൊണ്ടാണു ഭൂരിഭാഗം ജീവനക്കാരെയും രക്ഷപ്പെടുത്തിയിട്ടും ക്യാപ്റ്റനും എന്‍ജിനീയര്‍മാരും ഉള്‍പ്പെടെ 3 പേര്‍ കപ്പലിനുള്ളില്‍ തുടരുന്നത്. ശക്തമായ കാറ്റ്, പ്രക്ഷുബ്ധമായ കടല്‍, അടിത്തട്ടില്‍ ദ്വാരമുണ്ടായി വെള്ളം കയറല്‍, ഉള്ളില്‍ക്കയറുന്ന വെള്ളം പുറത്തുകളയാനുള്ള പമ്പുകള്‍ക്കുണ്ടാകുന്ന കേടുപാട് തുടങ്ങി എന്തു കാരണം കൊണ്ടാണു കപ്പല്‍ ചെരിഞ്ഞതെന്നു കണ്ടെത്തിയ ശേഷമാകും 'രക്ഷാപ്രവര്‍ത്തനം' (സാല്‍വേജ് ഓപ്പറേഷന്‍).
ഇതിനുള്ള നിര്‍ദേശം ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഷിപ്പിങ് ഇന്നലെത്തന്നെ കപ്പലിന്റെ ഉടമസ്ഥരായ മെഡിറ്ററേനിയന്‍ ഷിപ്പിങ് കമ്പനിക്കു (എംഎസ്സി) നല്‍കിയിട്ടുണ്ട്. ഇവര്‍ കൊച്ചിയിലെ പ്രാദേശിക ഏജന്‍സിയെ ഇത് ഏല്‍പ്പിച്ചിട്ടുണ്ട്. ചരക്ക് മാറ്റുക എന്നതാണ് നിര്‍ണ്ണായകം. വെള്ളം കയറിയാണു കപ്പല്‍ ചെരിഞ്ഞതെങ്കില്‍ ചെരിവുള്ളതിന്റെ മറുവശത്തു വെള്ളം നിറച്ചു ഭാരം കൂട്ടി കപ്പല്‍ പഴയപടിയാക്കുകയും ഇരുവശത്തു നിന്നും അല്‍പാല്‍പമായി വെള്ളം പമ്പ് ചെയ്തു കളഞ്ഞ് ഉയര്‍ത്തിയെടുക്കുകയും ചെയ്യും. കപ്പലിലെ പമ്പുകളുടെയോ മറ്റോ പ്രവര്‍ത്തനം നിലച്ചതാണെങ്കില്‍ ഇവ അടിയന്തരമായി നന്നാക്കും. കപ്പലിലുള്ള കണ്ടെയ്‌നറുകള്‍ മറ്റൊരു ചരക്കുകപ്പല്‍ എത്തിച്ചു നീക്കാനും സാധിക്കും.
കപ്പലുകളും എണ്ണക്കപ്പലുകളും എത്തുന്ന കൊച്ചിയും ഇപ്പോള്‍ വിഴിഞ്ഞവും കൂടുതല്‍ സമുദ്രപാരിസ്ഥിതിക സുരക്ഷ ആവശ്യപ്പെടുന്നുണ്ട്. ഒരു കോടിയിലേറെ ടണ്‍ ക്രൂഡ് ഓയില്‍ കൊച്ചിയില്‍ എത്തുന്നുണ്ട്. കേരളത്തില്‍ തുറമുഖ സാമീപ്യം മൂലം ഏറ്റവുമധികം എണ്ണച്ചോര്‍ച്ച ഭീഷണിയുള്ളത് കൊച്ചി, തിരുവനന്തപുരം, കാസര്‍കോട്, കൊല്ലം, ആലപ്പുഴ ജില്ലകള്‍ക്കാണ്. ചെറിയ ചോര്‍ച്ചകള്‍ മാത്രമാണ് കേരളത്തില്‍ ഇതുവരെ ഉണ്ടായിട്ടുള്ളത്. എന്നാല്‍, ഇന്ത്യയുടെ മറ്റു ഭാഗങ്ങളിലും വിദേശത്തും മുന്‍പുണ്ടായ ചില അപകടങ്ങളുടെ പാരിസ്ഥിതിക ആഘാതം കടുത്തതായിരുന്നു. ഇത്തരം അപകടങ്ങളില്‍ ആവാസ വ്യവസ്ഥയ്ക്ക് സ്വയം ശുദ്ധീകരിച്ച് തിരികെ വരാന്‍ വര്‍ഷങ്ങളെടുക്കും.
അപകടത്തില്‍പ്പെട്ട ലൈബീരിയന്‍ പതാകയുള്ള കപ്പലിന് അടുത്തുണ്ടായിരുന്ന മര്‍ച്ചന്റ് നേവി കപ്പലിലേക്ക് 9 പേര്‍ രക്ഷപ്പെട്ടു. 12 പേരെ നാവികസേനയുടെയും കോസ്റ്റ്ഗാര്‍ഡിന്റെയും കപ്പലുകള്‍ രക്ഷപ്പെടുത്തി. ചെരിഞ്ഞ കപ്പല്‍ കൂടുതല്‍ അപകടങ്ങളിലേക്കു പോകാതെ നിയന്ത്രിക്കാന്‍ മൂന്ന് ജീവനക്കാര്‍ കപ്പലില്‍ത്തന്നെ തുടരുകയാണ്. ഇവരെ ഏതു സമയത്തും രക്ഷപ്പെടുത്താന്‍ സ്ഥിതിഗതികള്‍ നിരീക്ഷിച്ച് അതി ജാഗ്രതയോടെ ഇന്ത്യന്‍ കപ്പലുകള്‍ സമീപത്തുണ്ട്. ബുധനാഴ്ച ഉച്ചയ്ക്കാണ് മെഡിറ്ററേനിയില്‍ ഷിപ്പിങ് കമ്പനിയുടെ എംഎസ്സി എല്‍സാ-3 എന്ന ഫീഡര്‍ കണ്ടെയ്നര്‍ കപ്പല്‍ തൂത്തുക്കുടിയില്‍നിന്ന് വിഴിഞ്ഞത്തെത്തിയത്. വെള്ളിയാഴ്ച രാത്രി 7.30-ന് കൊച്ചിയിലേക്ക് തിരിച്ചു. ശനിയാഴ്ച ഒന്നരയോടെ കപ്പലില്‍നിന്ന് അടിയന്തര സഹായം അഭ്യര്‍ഥിച്ച് നാവികസേനയ്ക്കും കോസ്റ്റ്ഗാര്‍ഡിനും സന്ദേശമെത്തുകയായിരുന്നു. കൊച്ചിയില്‍നിന്ന് ന്യൂ മംഗളൂരുവിലേക്കാണ് പോവേണ്ടിയിരുന്നത്. ഇന്ത്യന്‍ നാവികസേനാ കപ്പലായ ഐഎന്‍എസ് സുജാതയും കോസ്റ്റ്ഗാര്‍ഡ് കപ്പലുകളായ ഐസിജി അരണ്‍വേശും ഐസിജി സക്ഷമുമാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തിയത്. രക്ഷപ്പെടുത്തിയവര്‍ സുരക്ഷിതരാണ്.
അപകടത്തില്‍പ്പെട്ട എംഎസ്സി എല്‍സ 3 കപ്പലിലെ കുറച്ചു കണ്ടെയ്‌നറുകള്‍ മാത്രമാണു കടലില്‍ പോയത്. ഇതിനുള്ളില്‍ അപകടകരമായ വസ്തുക്കള്‍ ഉണ്ടോ എന്നു പരിശോധന നടത്തിയ ശേഷം വീണ്ടെടുക്കാനുള്ള വിവിധ ഏജന്‍സികളുടെ സംയുക്തദൗത്യവും ഉടന്‍ ആരംഭിക്കും. ഇവ കരയിലേക്ക് ഒഴുകിയെത്താനുള്ള സാധ്യത മുന്‍കൂട്ടിക്കണ്ടാണു തീരത്തുള്ളവര്‍ക്കു ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുള്ളത്. ചെരിഞ്ഞ കപ്പല്‍ മുങ്ങില്ലെന്ന് ഉറപ്പായിട്ടുണ്ട്. കപ്പല്‍ നഷ്ടപ്പെടുന്നതു മൂലമുണ്ടാകുന്ന നഷ്ടത്തേക്കാള്‍ ഭീകരമാകും ഇതുകൊണ്ടുള്ള പരിസ്ഥിതി നാശം. ഇന്ധനം കടലില്‍ കലര്‍ന്ന് എണ്ണപ്പാട വ്യാപിക്കുന്ന സാഹചര്യം ഒഴിവാക്കാന്‍ ആധുനിക ഉപകരണങ്ങളും വിദഗ്ധ സഹായവും വേണ്ടി വരും. എന്നാല്‍ ഈ ആശങ്ക വേണ്ടെന്നാണ് കപ്പല്‍ കമ്പനി നല്‍കുന്ന സൂചന.