സെല്ലില്‍ കൂടെയുള്ള ആള്‍ ഫോണ്‍ വിളിക്കാന്‍ പോയ തക്കം നോക്കി ആത്മഹത്യാ ശ്രമം; ഉണങ്ങാനിട്ടിരുന്ന മുണ്ട് കൈക്കലാക്കി തൂങ്ങി മരിക്കാന്‍ ശ്രമിച്ചത് ജയിലിലെ ശുചി മുറിയില്‍; വെഞ്ഞാറമൂട്ടിലെ കൂട്ടുക്കൊലക്കേസ് പ്രതി അതീവ ഗുരുതരാവസ്ഥയില്‍; മതിയായ നിരീക്ഷണം ജയിലില്‍ ഇല്ലാതിരുന്നത് വീഴ്ച; അഫാന്‍ അതീവ ഗുരുതരാവസ്ഥയില്‍

Update: 2025-05-25 07:35 GMT

തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാന്‍ ജയിലില്‍ ജീവനൊടുക്കാന്‍ ശ്രമിച്ചു. ശുചിമുറിയില്‍ തൂങ്ങിമരിക്കാനാണ് ഇയാള്‍ ശ്രമിച്ചത്. ഇന്ന് രാവിലെ പതിനൊന്ന് മണിയോടെയാണ് സംഭവം നടന്നത്. അഫാനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉണക്കാന്‍ ഇട്ടിരുന്ന മുണ്ടു ഉപയോഗിച്ചാണ് ആത്മഹത്യാ ശ്രമം. കേസില്‍ അറസ്റ്റിലായ ശേഷം പലപ്പോഴും പ്രതി ആത്മഹത്യാ ഭീഷണി ഉയര്‍ത്തിയിരുന്നു. കടുത്ത മാനസിക സമ്മര്‍ദ്ദം അനുഭവിച്ചിരുന്നു. ഇത് തിരിച്ചറിഞ്ഞുള്ള സുരക്ഷാ ക്രമീകരണമോ നിരീക്ഷണമോ അഫാന് ഉണ്ടായിരുന്നില്ല. ഇതാണ് ആത്മഹത്യാ ശ്രമത്തിന് കാരണമായി മാറിയത്. സെല്ലില്‍ ഒപ്പമുണ്ടായിരുന്ന മറ്റൊരു പ്രതി ഫോണ്‍ ചെയ്യാന്‍ പോയപ്പോഴായിരുന്നു ആത്മഹത്യാ ശ്രമം. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ തീവ്രപരിചരണ വിഭാഗത്തിലാണ് അഫാനെ പ്രവേശിപ്പിച്ചിരിക്കുന്നത്.

നാടിനെ നടുക്കിയ വെഞ്ഞാറമൂട് കൂട്ടക്കൊലയില്‍ പൊലീസ് ആദ്യ കുറ്റപ്പത്രം കഴിഞ്ഞ ദിവസം സമര്‍പ്പിച്ചിരുന്നു. പ്രതി അഫാന്റെ പിതൃമാതാവ് സല്‍മാ ബീവിയെ (91) കൊലപ്പെടുത്തിയ സംഭവത്തിലാണ് നെടുമങ്ങാട് സെക്കന്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. അഫാന്റെ സഹോദരന്‍ അഹ്‌സാന്‍, പെണ്‍ സുഹൃത്ത് ഫര്‍സാന, പിതൃ സഹോദരന്‍ അബ്ദുല്‍ ലത്തിഫ്, ഭാര്യ ഷാഹിദ എന്നിവരാണ് കൊല്ലപ്പെട്ട മറ്റുള്ളവര്‍. പാങ്ങോടുള്ള മുത്തശി സല്‍മാ ബീവിയെ കൊലപ്പെടുത്തിയാണ് അഫാന്‍ കൊലപാതക പരമ്പരയ്ക്ക് തുടക്കമിട്ടത്. തുടര്‍ന്ന് മറ്റ് നാലുപേരെക്കൂടി കൊലപ്പെടുത്തിയ ശേഷം വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. പാങ്ങോട് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ അന്വേഷണ ഉദ്യോഗസ്ഥനായ പാങ്ങോട് സി.ഐ ജിനേഷാണ് കുറ്റപത്രം സമര്‍പ്പിച്ചത്. അടുത്ത ദിവസമാണ് അഫാന്റെ ആത്മഹത്യാ ശ്രമം. അത്യാസന്ന നിലിയിലാണ് അഫാന്‍ നിലവില്‍ ചികില്‍സയിലുള്ളതെന്നാണ് റിപ്പോര്‍ട്ട്.

'ഉമ്മ ക്ഷമിക്കണമെന്നു പറഞ്ഞ് അഫാന്‍ കഴുത്തില്‍ ഷാള്‍ കുരുക്കി. പിന്നെ സംഭവിച്ചതൊന്നും എനിക്ക് ഓര്‍മയില്ല. ഞങ്ങളുടെ കുടുംബവും ജീവിതവുമാണ് അവന്‍ തകര്‍ത്തത്. ഒരിക്കലും അഫാനോടു ക്ഷമിക്കില്ല. എന്റെ കുഞ്ഞിനെ കൊന്നുകളഞ്ഞ അവനെ എനിക്കു കാണേണ്ട'- ദുഃഖവും നിരാശയും കലര്‍ന്ന ഭാഷയില്‍ കരഞ്ഞു കൊണ്ട് അഫാന്റെ അമ്മ പ്രതികരിച്ചത് ഇങ്ങനെയാണ്. കൊടും ക്രൂരത കാട്ടിയ അഫാനോട് അച്ഛനും പൊറുത്തില്ല. സംഭവത്തില്‍ അറസ്റ്റിലായി ആദ്യം ജയിലില്‍ എത്തുമ്പോള്‍ തന്നെ താന്‍ ആത്മഹത്യ ചെയ്യുമെന്ന് അഫാന്‍ പറഞ്ഞിരുന്നു. വെഞ്ഞാറമൂട് കൂട്ടക്കൊലയിലെ പ്രതി അഫാന്റെ മാതാവ് ഷെമി കുറ്റിമൂട്ടിലെ പുനരധിവാസകേന്ദ്രത്തില്‍വെച്ച് സംഭവത്തെക്കുറിച്ചു പ്രതികരിച്ചിരുന്നു.

അഫാന്റെ ആക്രമണത്തില്‍ പരിക്കേറ്റ് ഒന്നര മാസത്തോളം ചികിത്സയില്‍ക്കഴിഞ്ഞ ഷെമി ഇപ്പോള്‍ ആരോഗ്യസ്ഥിതി വീണ്ടെടുക്കുകയാണ്. ഏറെനാളുകള്‍ക്കു ശേഷമാണ് ഇളയ മകന്‍ മരിച്ച വിവരവും മൂത്ത മകന്റെ ക്രൂരതകളും ബന്ധുക്കള്‍ ഷെമിയെ അറിയിച്ചത്. ഫെബ്രുവരി 24-നാണ് ദുരന്തമുണ്ടാകുന്നത്. അന്ന് മൂന്നുപേര്‍ക്ക് കടം വാങ്ങിയ പണം തിരികെക്കൊടുക്കണമായിരുന്നു. അഫാന്‍ ലോണ്‍ ആപ്പില്‍നിന്നെടുത്ത വായ്പ തിരിച്ചടയ്‌ക്കേണ്ട ദിവസവുമായിരുന്നു. കൂടാതെ ബന്ധുവായ സ്ത്രീക്ക് രണ്ടു ലക്ഷവും ജപ്തിയൊഴിവാക്കാന്‍ വെഞ്ഞാറമൂട് സെന്‍ട്രല്‍ ബാങ്കില്‍ വായ്പ തിരിച്ചടയ്‌ക്കേണ്ടതും അന്നായിരുന്നു. സംഭവം നടന്നതിന്റെ തലേദിവസവും അന്നും അഫാന് തുടര്‍ച്ചയായി ഫോണ്‍ കോളുകള്‍ വന്നിരുന്നു. രണ്ടു ദിവസവും അഫാന്‍ അസ്വസ്ഥനായാണ് പെരുമാറിയതെന്നും ഷെമി പറയുന്നു.

സംഭവം നടക്കുന്ന ദിവസം വെഞ്ഞാറമൂട് സെന്‍ട്രല്‍ ബാങ്കില്‍നിന്ന് മാനേജര്‍ വന്നിരുന്നു. വായ്പ തിരികെയടച്ചില്ലെങ്കില്‍ എല്ലാവരെയും ഒരുമിച്ചുനിര്‍ത്തി ഫോട്ടോയെടുക്കുമെന്നും വീട് ജപ്തിചെയ്യുമെന്നും ഭീഷണിപ്പെടുത്തുകയും ചെയ്തു. മാനേജരോടു കയര്‍ത്തുസംസാരിച്ച അഫാന്‍ അവരെ മര്‍ദിക്കാനും തുനിഞ്ഞു. എന്നാല്‍, താന്‍ തടഞ്ഞതുകൊണ്ടാണ് സംഘര്‍ഷമൊഴിവായത്. കുടുംബത്തിന് 25 ലക്ഷം രൂപയുടെ കടമുണ്ട്. ലോണ്‍ എടുത്തതും പലരില്‍നിന്നു പലിശയ്ക്കു വാങ്ങിയതുമാണ്. സാമ്പത്തികബാധ്യത വന്നപ്പോഴും കൂട്ടത്തോടെ ആത്മഹത്യചെയ്യണമെന്ന് മക്കളോടു പറഞ്ഞിരുന്നില്ല. വസ്തുക്കള്‍ വിറ്റ് കടം തീര്‍ക്കാമെന്ന് അഫാനോടു പറയുമായിരുന്നു. വീടു വിറ്റാല്‍ തീരുന്ന പ്രശ്‌നം മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നും ഷെമി പറഞ്ഞു.

അഫാനാണ് ഈ കൊലപാതകങ്ങളൊക്കെ ചെയ്തതെന്ന് ഇപ്പോഴും വിശ്വസിക്കാനാകുന്നില്ല. എനിക്ക് ഓര്‍മയില്ലാതെപോയതുകൊണ്ടാണ് അന്ന് അങ്ങനെയെല്ലാം നടന്നത്. ബോധം ലഭിച്ചപ്പോള്‍ പോലീസുകാര്‍ വാതില്‍ അടയ്ക്കുന്നതാണ് കാണുന്നത്. അഫാന്‍ തന്നെ ബോധരഹിതയാക്കാന്‍ എന്തോ നല്‍കിയെന്നു സംശയമുണ്ട്. ഫര്‍സാനയുമായി രണ്ടു വര്‍ഷമായി അടുപ്പമായിരുന്നതായി അഫാന്‍ പറഞ്ഞിട്ടുണ്ടെന്നും ഷെമി പറഞ്ഞു.

Tags:    

Similar News