ആ ചരക്ക് കപ്പല്‍ മുങ്ങുന്നു; കടലില്‍ ചെരിഞ്ഞ കപ്പലിലെ ക്യാപ്റ്റനെയും രണ്ട് ജീവനക്കാരെയും കപ്പലില്‍നിന്നു മാറ്റി; കോസ്റ്റ് ഗാര്‍ഡും നാവികസേനയും സ്ഥിതിഗതികള്‍ നിരീക്ഷിക്കുന്നു; കേരളത്തിലെ തീരങ്ങളില്‍ അതീവ ജാഗ്രത; രക്ഷാപ്രവര്‍ത്തനം അസാധ്യമായേക്കും; കൂടുതല്‍ കണ്ടൈനറുകള്‍ കടലില്‍ പതിക്കുമ്പോള്‍

Update: 2025-05-25 03:58 GMT

കൊച്ചി: ആ ചരക്ക് കപ്പല്‍ മുങ്ങുന്നു. കടലില്‍ ചെരിഞ്ഞ കപ്പലിലെ ക്യാപ്റ്റനെയും രണ്ട് ജീവനക്കാരെയും കപ്പലില്‍നിന്നു മാറ്റി. കപ്പല്‍ കടലില്‍ താഴുന്ന സാഹചര്യത്തിലാണിത്. കപ്പല്‍ താഴ്ന്നതോടെ കൂടുതല്‍ കണ്ടെയ്‌നറുകള്‍ കടലിലേക്ക് വീണു. കപ്പല്‍ നിവര്‍ത്താനും കണ്ടെയ്‌നറുകള്‍ മാറ്റാനും മറ്റൊരു കപ്പലെത്തിയിട്ടുണ്ട്. മെഡിറ്ററേനിയന്‍ ഷിപ്പിങ് കമ്പനിയുടെ കപ്പലാണ് എത്തിയത്. നാവികസേനയുടെയും കോസ്റ്റ് ഗാര്‍ഡിന്റെയും കപ്പലുകള്‍ സ്ഥിതിഗതികള്‍ നിരീക്ഷിക്കുന്നുണ്ട്.

കപ്പല്‍ കരയിലേക്ക് അടുപ്പിക്കാന്‍ നാവിക സേന ശ്രമം ആരംഭിച്ചിരുന്നു. അതിനിടെയാണ് കപ്പല്‍ കൂടുതല്‍ ചരിയാന്‍ തുടങ്ങിയത്. ഇത് ആശങ്കയായി മാറുന്നുണ്ട്. വിഴിഞ്ഞം തുറമുഖത്തുനിന്നു പുറപ്പെട്ട ചരക്കുകപ്പല്‍ കൊച്ചി പുറങ്കടലില്‍ അപകടത്തില്‍പ്പെട്ടാണ് കണ്ടെയ്‌നറുകള്‍ കടലില്‍ വീണത്. കൊച്ചിയിലേക്കു വന്ന എംഎസ്സി എല്‍സ 3 എന്ന ലൈബീരിയന്‍ കപ്പലാണു തീരത്തു നിന്നു 38 നോട്ടിക്കല്‍ മൈല്‍ (70.3 കിലോമീറ്റര്‍) തെക്കു പടിഞ്ഞാറായി ചെരിഞ്ഞത്. കണ്ടെയ്‌നറുകളില്‍ അപകടകരമായ രാസവസ്തുക്കളുള്ള ഇന്ധനമടക്കം ഉണ്ടാകാമെന്ന മുന്നറിയിപ്പിനെ തുടര്‍ന്നു സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചിരുന്നു.

കൊച്ചി തീരത്തിനടുത്ത് അറബിക്കടലില്‍ ചരിഞ്ഞ വിദേശ ചരക്കുക്കപ്പല്‍ കൂടുതല്‍ മുങ്ങുന്നുവെന്ന് സ്ഥിരീകരിച്ചിട്ടുണ്ട് നാവികസേന. കപ്പലിലുണ്ടായിരുന്ന ക്യാപ്റ്റനടക്കമുളള മൂന്ന് ജീവനക്കാരെ നാവികസേനയുടെ ഐഎന്‍എസ് സുജാത എന്ന കപ്പലില്‍ രക്ഷപ്പെടുത്തിയത് ഈ സാഹചര്യത്തിലാണ്. കൂടുതല്‍ കണ്ടെയ്‌നറുകള്‍ കടലിലേക്ക് വീണതോടെയാണ് കപ്പല്‍ മുങ്ങാന്‍ ആരംഭിച്ചത്. കോസ്റ്റ് ഗാര്‍ഡും നാവികസേനയും സ്ഥിതിഗതികള്‍ നിരീക്ഷിച്ച് വരികയാണ്.

പുലര്‍ച്ചെ ഏഴ് മണിവരെ കപ്പല്‍ സുരക്ഷിതമാണെന്ന വിവരമാണ് പുറത്തുവന്നിരുന്നത്. കടല്‍ പ്രക്ഷ്ബുധമായതോടെയാണ് സ്ഥിതിഗതികള്‍ മാറിമറിഞ്ഞത്. കപ്പലനിനുളളിലേക്ക് കൂടുതല്‍ വെളളം കയറുകയാണ്.വിഴിഞ്ഞത്ത് നിന്ന് കൊച്ചിയിലേക്ക് പോയ എംഎസ്സി എല്‍സാ 3 എന്ന കപ്പലാണ് ഇന്നലെ അപകടത്തില്‍പ്പെട്ടത്. നാവികസേനയുടെ ഡ്രോണിയര്‍ ഹെലികോപ്ടറും ഉള്‍പ്പടെ രക്ഷപ്രവര്‍ത്തനത്തിന് എത്തിയിരുന്നു. വിഴിഞ്ഞത്ത് നിന്ന് കൊച്ചിയിലെത്തി പിന്നീട് തൂത്തൂക്കുടിയിലേക്ക് പോകേണ്ടതായിരുന്നു കപ്പല്‍. ഒമ്പത് കണ്ടെയ്‌നറുകള്‍ കടലില്‍ വീണെന്നാണ് ഇന്നലെ വന്ന വിവരം. ഇതിനെത്തുടര്‍ന്ന് തീരമേഖലകളില്‍ ജാഗ്രതാ നിര്‍ദ്ദേശവും പുറപ്പെടുവിച്ചിട്ടുണ്ട്.

കടലില്‍ വീണ കണ്ടെയ്‌നറുകള്‍ എറണാകുളം, അലപ്പുഴ തീരത്ത് എത്താനാണ് കൂടുതല്‍ സാധ്യതയെന്നാണ് ദുരന്തനിവാരണ അതോറിറ്റി പറയുന്നത്. കൊല്ലം, തിരുവനന്തപുരം തീരത്ത് എത്താന്‍ വിദൂര സാധ്യതയുണ്ട്. ഉച്ചയോടെ കണ്ടെയ്‌നറുകള്‍ തീരത്ത് അടുത്തേക്കും. കണ്ടെയ്‌നറില്‍ എന്താണെന്ന വിവരം അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. സള്‍ഫര്‍ കലര്‍ന്ന ഇന്ധനമാണെന്ന് സൂചനയുണ്ട്. ഇന്നലെ ഉച്ചയ്ക്ക് 1.25ന് ആണ് കപ്പല്‍ 26 ഡിഗ്രി ചെരിഞ്ഞുവെന്നും കണ്ടെയ്‌നറുകളില്‍ ചിലതു കടലില്‍ വീണെന്നുമുള്ള സന്ദേശം തീരസേനയുടെ രക്ഷാകേന്ദ്രത്തില്‍ ലഭിച്ചത്.

തുടര്‍ന്ന്, പ്രതികൂല കാലാവസ്ഥയെ അവഗണിച്ചു തീരസേനയുടെ ഡോണിയര്‍ വിമാനവും പട്രോള്‍ യാനങ്ങളായ ഐസിജിഎസ് അര്‍ണവേഷ്, ഐസിജിഎസ് സക്ഷം എന്നിവയും നാവികസേനയുടെ പട്രോള്‍ യാനമായ ഐഎന്‍എസ് സുജാതയും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം തുടങ്ങുകയായിരുന്നു.

Similar News