വിപഞ്ചികയുടെയും കുഞ്ഞിന്റെയും മൃതദേഹം എന്തിന് നാട്ടിലെത്തിക്കണം; മൃതദേഹത്തിന് നിയമപരമായ അവകാശം ഭര്‍ത്താവിനല്ലെ? അന്വേഷണം ആവശ്യപ്പെട്ട് കുടുംബം നല്‍കിയ ഹര്‍ജി പരിഗണിക്കവെ ഹൈക്കോടതി

Update: 2025-07-16 09:32 GMT

കൊച്ചി: ഷാര്‍ജയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച കൊല്ലം കേരളപുരം സ്വദേശിനി വിപഞ്ചികയുടെയും കുഞ്ഞിന്റെയും മൃതദേഹം എന്തിന് നാട്ടിലെത്തിക്കണമെന്ന് ഹൈക്കോടതി. കുടുംബം നല്‍കിയിരിക്കുന്ന ഹര്‍ജിയില്‍ പറയുന്നതെല്ലാം ആരോപണങ്ങള്‍ അല്ലേയെന്നും മൃതദേഹം ഷാര്‍ജയില്‍ സംസ്‌കരിക്കുന്നതുകൊണ്ട് എന്താണ് കുഴപ്പമെന്നും കോടതി ചോദിച്ചു. കൂടാതെ മൃതദേഹത്തിന് നിയമപരമായ അവകാശം ഭര്‍ത്താവിനല്ലേയെന്നും കോടതി ആരാഞ്ഞു. വിപഞ്ചികയുടെയും കുഞ്ഞിന്റെയും മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവേയാണ് കോടതി ഇക്കാര്യം ചോദിച്ചത്.

മൃതദേഹത്തിന്റെ നിയമപരമായ അവകാശം ഭര്‍ത്താവിനാണെന്നും ഭര്‍ത്താവ് ജീവിച്ചിരിക്കുമ്പോള്‍ കോടതിക്ക് എങ്ങനെയാണ് ഇത്തരമൊരു ഉത്തരവിടാന്‍ കഴിയുക എന്നും സിംഗിള്‍ ബെഞ്ച് ചോദിച്ചു. ഭര്‍ത്താവിനെ കക്ഷി ചേര്‍ക്കാനും കോടതി നിര്‍ദേശിച്ചു. മൃതദേഹത്തിന് നിയമപരമായ അവകാശം ഭര്‍ത്താവിനല്ലേയെന്നും മാതൃസഹോദരിക്കെങ്ങനെ ആവശ്യം ഉന്നയിക്കാനാകുമെന്നും ഹൈക്കോടതി ചോദിച്ചു. ഇക്കാര്യത്തില്‍ എംബസിയും നിലപാട് അറിയിക്കണമെന്ന് ഹൈക്കോടതി വ്യക്കമാക്കി. ഹര്‍ജി നാളെ വീണ്ടും പരിഗണിക്കും. ജസ്റ്റിസ് നഗരേഷിന്റെ ബെഞ്ചാണ് കേസ് പരിഗണിച്ചത്. വിദേശത്താണ് മരണം സംഭവിച്ചത്. അവിടുത്തെ പൊലീസ് അന്വേഷണം നടത്തുന്നുണ്ടാകും. അപ്പോള്‍പ്പിന്നെ എങ്ങനെ ഇടപെടുമെന്നത് നോക്കട്ടെ എന്ന് കോടതി പറഞ്ഞു.

കൊല്ലം സ്വദേശിനിയായ വിപഞ്ചികയും കുഞ്ഞും ഷാര്‍ജയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ മരണം കൊലപാതകമെന്ന് സംശയിക്കുന്നുവെന്നും മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാന്‍ ഇടപെടണമെന്നും ആവശ്യപ്പെട്ടുകൊണ്ടാണ് കുടുംബം ഹര്‍ജി നല്‍കിയിരിക്കുന്നത്. ഭര്‍ത്താവും കുടുംബവും യുവതിയെ മാനസികമായും ശാരീരകമായും പീഡിപ്പിച്ചിരുന്നെന്നും അത് പുറത്തുവരാതിരിക്കാനാണ് മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരാത്തതെന്നും ഹര്‍ജിയിലുണ്ട്.

ഇരുവരുടെയും മരണം സംശയാസ്പദമായ സാഹചര്യത്തിലാണെന്നും കൊലപാതകമാണോ എന്ന് സംശയമുണ്ടെന്നും ഹര്‍ജിയില്‍ പറയുന്നു. വിപഞ്ചികയുടെ മാതാവിന്റെ അടുത്ത ബന്ധുവാണ് ഹര്‍ജി നല്‍കിയത്. മകളുടെയും കൊച്ചുമകളുടെയും മരണവിവരമറിഞ്ഞ് മാതാവ് ഷൈലജ ഷാര്‍ജയിലാണ്. കാനഡയിലുള്ള വിപഞ്ചികയുടെ സഹോദരന്‍ വിനോദും ഷാര്‍ജയിലെത്തിയിട്ടുണ്ട്.

വിപഞ്ചികയുടെയും കുഞ്ഞിന്റെയും മൃതദേഹം ഷാര്‍ജയില്‍ സംസ്‌കരിക്കാന്‍ അനുവദിക്കരുതെന്ന് ഹര്‍ജിയില്‍ പറയുന്നു. ഷാര്‍ജയില്‍ പോസ്റ്റ്മോര്‍ട്ടം നടത്തിയാലും നാട്ടിലെത്തിച്ച് വീണ്ടും പോസ്റ്റ്‌മോര്‍ട്ടം നടത്താന്‍ ഉത്തരവിടണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. വിപഞ്ചികയുടെ ഭര്‍ത്താവ് നിതീഷ് മോഹന്‍, സഹോദരി നീതു, പിതാവ് മോഹനന്‍ എന്നിവര്‍ക്കെതിരെ കുണ്ടറ പൊലീസ് കേസെടുത്തിട്ടുള്ള കാര്യവും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

വിപഞ്ചിക നിരന്തരം ഗാര്‍ഹിക പീഡനത്തിന് ഇരയായിരുന്നു എന്നാണ് ഹര്‍ജിയില്‍ പറയുന്നത്. ഇതിന്റെ തെളിവുകളും ഹര്‍ജിക്കൊപ്പം സമര്‍പ്പിച്ചിട്ടുണ്ട്. ഇരുവരുടേയും മരണത്തില്‍ സംശയമുണ്ടെന്നും, പഴുതടച്ച അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടിട്ടും കാര്യമായ സഹകരണം ലഭിക്കുന്നില്ലെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. കൃത്യമായ അന്വേഷണം നടത്താനും തെളിവുകള്‍ നശിപ്പിക്കാതിരിക്കാനും കോടതി ഇടണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.

Tags:    

Similar News