കുഷ്ഠരോഗ നിര്‍മാര്‍ജനത്തിലും രോഗീപരിചരണത്തിലും വലിയ സംഭാവനകള്‍ നല്‍കിയ ഗ്രീന്‍ ഗാര്‍ഡന്‍സ് സിസ്റ്റേഴ്സ്; സന്ന്യാസവസ്ത്രം ധരിച്ചു യാത്രചെയ്യാന്‍ സന്യസ്തര്‍ ഭയപ്പെടുന്ന രീതിയില്‍ സാമൂഹികാന്തരീക്ഷത്തെ വര്‍ഗീയവും സങ്കുചിതവുമാക്കി മാറ്റിയോ? പ്രധാനമന്ത്രിയുടെ ഇടപെടല്‍ പ്രതീക്ഷയില്‍ സഭ; ബജ്രംഗ് ദള്‍ ക്രൂരതയില്‍ നടപടി വരുമോ? കന്യാസ്ത്രീകള്‍ ജയിലില്‍ തുടരുമ്പോള്‍
കൊച്ചി: മതപരിവര്‍ത്തനവും മനുഷ്യക്കടത്തും ആരോപിച്ച് മലയാളികളായ കന്യസ്ത്രീകള്‍ക്കുനേരേ നടന്ന അതിക്രമം അപലപനീയവും നിയമവാഴ്ചയോടുള്ള വെല്ലുവിളിയുമാണെന്ന് സീറോ മലബാര്‍ സഭ വിശദീകരിക്കുന്നത് ഇത്തരം സംഭവങ്ങളില്‍ നിലപാട് കടുപ്പിക്കുന്നതിന്റെ ഭാഗം. ആഗ്രയിലെ ഫാത്തിമ ആശുപത്രിയിലേക്കു ജോലിക്കായി പ്രായപൂര്‍ത്തിയായ യുവതികളെ കൂട്ടികൊണ്ടുവരുന്നതിനായി ഛത്തീസ്ഗഡിലെ ദുര്‍ഗ് സ്റ്റേഷനില്‍ എത്തിയപ്പോഴാണ് ഒരുസംഘമാളുകള്‍ ഇവരെ തടഞ്ഞുവയ്ക്കുകയും പോലീസില്‍ അറിയിക്കുകയും ചെയ്തത്. ആവശ്യമായ എല്ലാ രേഖകളോടുംകൂടിയാണ് ഗ്രീന്‍ ഗാര്‍ഡന്‍സ് സന്യാസ സമൂഹത്തിലെ സിസ്റ്റര്‍ വന്ദനയും സിസ്റ്റര്‍ പ്രീതിയും യാത്ര ചെയ്തിരുന്നത്. ഈ രേഖകളൊന്നും പരിശോധിക്കാതെയാണ് ബജ്രംഗ് ദള്‍ പ്രവര്‍ത്തകര്‍ എന്നവകാശപ്പെടുന്ന ആള്‍ക്കൂട്ടം കന്യാസ്ത്രീകളെ വളഞ്ഞാക്രമിച്ചതും പോലീസില്‍ ഏല്പിച്ചതും എന്ന് സഭ പറയുന്നു. വ്യാപക പ്രതിഷേധം ഉയര്‍ത്താനാണ് സഭയുടെ തീരുമാനം. കേന്ദ്ര സര്‍ക്കാരിന്റെ അടിയന്തര ഇടപെടല്‍ അവര്‍ പ്രതീക്ഷിക്കുന്നുണ്ട്. കന്യാസ്ത്രീകളുടെ മോചനത്തിന് പ്രധാനമന്ത്രി നേരിട്ട് അടിയന്തരമായി ഇടപെടണമെന്നാണ് ആവശ്യം.
സന്ന്യാസവസ്ത്രം ധരിച്ചു യാത്രചെയ്യാന്‍ സന്യസ്തര്‍ ഭയപ്പെടുന്ന രീതിയില്‍ സാമൂഹികാന്തരീക്ഷത്തെ വര്‍ഗീയവും സങ്കുചിതവുമാക്കി മാറ്റുന്നതും പൗരന്മാരുടെ നിര്‍ഭയമായ സഞ്ചാരസ്വാതന്ത്ര്യം പോലും നിഷേധിക്കുന്നതും ജനാധിപത്യ ഇന്ത്യക്ക് അപമാനകരമാണെന്ന് സീറോമലബാര്‍ സഭ വക്താവ് ഫാ. ടോം ഓലിക്കരോട്ട് പറഞ്ഞു. കുഷ്ഠരോഗ നിര്‍മാര്‍ജനത്തിലും രോഗീപരിചരണത്തിലും വലിയ സംഭാവനകള്‍ നല്‍കിയ സന്യാസസമൂഹമാണ് ഗ്രീന്‍ ഗാര്‍ഡന്‍സ് സിസ്റ്റേഴ്സ്. സാമൂഹിക സേവനത്തിലും സമൂഹനിര്‍മിതിയിലും നിസ്വാര്‍ഥതയോടെ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന സന്യസ്തരെ ആള്‍ക്കൂട്ട വിചാരണയ്ക്കു വിധേയരാക്കുന്നതും ദുരാരോപണങ്ങള്‍ ചുമത്തി അറസ്റ്റ് ചെയ്തു ജയിലിലടച്ചതും നിയമവാഴ്ച തകര്‍ന്നതിന്റെയും നിയമസംവിധാനങ്ങള്‍ പക്ഷപാതപരമായി മാറുന്നതിന്റെയും തെളിവാണെന്ന് സീറോ മലബാര്‍സഭ വിശദീകരിക്കുന്നു. ഛത്തീസ്ഗഡിലെ ദുര്‍ഗ റെയില്‍വേ സ്റ്റേഷനില്‍ രണ്ട് കന്യാസ്ത്രീകളെ മനുഷ്യക്കടത്ത് ആരോപിച്ച് അറസ്റ്റ് ചെയ്ത സംഭവം ഛത്തീസ്ഗഡ് പോലീസ് തീവ്രവാദ രാഷ്ട്രീയത്തിന്റെ അടിമകളായി മാറിയതിന്റെ തെളിവാണെന്ന് കത്തോലിക്ക കോണ്‍ഗ്രസും അഭിപ്രായപ്പെട്ടു.
മതപരിവര്‍ത്തനവും മനുഷ്യക്കടത്തും ആരോപിച്ച് മലയാളി കന്യാസ്ത്രീകളെ കസ്റ്റഡിയില്‍ എടുത്തതിലൂടെ ഛത്തീസ്ഗഡ് പോലീസും അധികാരികളും നിയമത്തെ ക്രിമിനല്‍വല്‍ക്കരിക്കുകയാണ് എന്നും മൗലിക അവകാശ ലംഘനവും മനുഷ്യാവകാശ നിഷേധവും ആണ് നടന്നതെന്നും കത്തോലിക്ക കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടി. ഇന്ത്യയില്‍ പല ഭാഗത്തും മതപരിവര്‍ത്തന നിയമത്തിന്റെ മറവില്‍ ഭരണഘടന ഉറപ്പുനല്‍കുന്ന മതസ്വാതന്ത്ര്യത്തെ നിഷേധിക്കുന്ന അവസ്ഥയാണ്. ബജ്റംഗ്ദള്‍ പോലുള്ള തീവ്ര സംഘടനകള്‍ അധികാരത്തിന്റെ തണലില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് നിയമത്തെ അട്ടിമറിക്കുന്ന സ്ഥിതിയാണ്. നിരവധി സ്ഥലങ്ങളില്‍ ക്രൈസ്തവ മിഷണറിമാര്‍ക്ക് എതിരേ ആക്രമണങ്ങള്‍ നടക്കുമ്പോഴും പോലീസ് നിഷ്‌ക്രിയത്വം കാണിക്കുന്നത് കൃത്യമായ അജന്‍ഡകളുടെ ഭാഗമാണെന്നു ബോധ്യപ്പെടുകയാണ്. കന്യാസ്ത്രീകള്‍ സന്യാസ വസ്ത്രം അണിഞ്ഞ് പൊതുസമൂഹത്തില്‍ ഇറങ്ങിയാല്‍ കേസെടുക്കുന്ന അവസ്ഥ ഇന്ത്യയെ ഇരുണ്ട കാലങ്ങളിലേക്കു നയിക്കും. കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത വിഷയത്തില്‍ ജുഡീഷറി നേരിട്ട് ഇടപെടണമെന്നും മതപരിവര്‍ത്തന നിയമങ്ങള്‍ മൗലിക അവകാശത്തെ നിഷേധിക്കുന്ന അവസ്ഥ രാജ്യത്ത് തടയുന്നതിന് വേണ്ട നടപടി സ്വീകരിക്കണമെന്നും കത്തോലിക്ക കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.
ആട്ടിന്‍തോലണിഞ്ഞ ചെന്നായ്ക്കളാണ് സംഘ്പരിവാറുകളെന്നും ഛത്തീസ്ഗഡില്‍ കളളക്കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ട കന്യാസ്ത്രീകളെ ഉടന്‍ മോചിപ്പിക്കണമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ അഭിപ്രായപ്പെട്ടു. സംഘപരിവാറുകാര്‍ കേരളത്തില്‍ പള്ളിമേടകളിലും ക്രൈസ്തവ ഭവനങ്ങളിലും കേക്കുമായെത്തും. അതേസമയം മറ്റിടങ്ങളില്‍ ക്രൈസ്തവരുടെ എല്ലാ ആഘോഷങ്ങളും തടസപ്പെടുത്തും, ക്രൂരമായി ആക്രമിക്കും. അതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ഛത്തീസ്ഗഡില്‍ കണ്ടത്. ബിജെപി ഭരിക്കുന്ന ഛത്തീസ്ഗഡില്‍ മലയാളികളായ രണ്ട് കന്യാസ്ത്രീകളാണ് ക്രൂരമായ പോലീസ് വേട്ടയാടലിന് ഇരയായത്. മതത്തിന്റെയോ ജാതിയുടെയോ പേരിലുള്ള വേട്ട അംഗീകരിക്കാനാകില്ല. വര്‍ഗീയ വിദ്വേഷം പ്രചരിപ്പിക്കുന്ന സംഘ്പരിവാറിന് കുഴലൂതുകയല്ല കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജോലി. ഭരണഘടന നല്‍കുന്ന അവകാശം എല്ലാവര്‍ക്കുമുള്ളതാണ്. അത് ബിജെപിയുടെയോ ആര്‍എസ്എസിന്റെയോ ഔദാര്യമല്ലെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.
ഛത്തീസ്ഗഡില്‍ അറസ്റ്റ് ചെയ്ത കന്യാസ്ത്രീകള്‍ക്ക് നീതി ലഭ്യമാക്കാന്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചിട്ടുണ്ട് . കോണ്‍വെന്റില്‍ ജോലിക്ക് എത്തിയവരെ കൂട്ടിവരാന്‍ ഛത്തീസ്ഗഡിലെ ദുര്‍ഗ്ഗ് റെയില്‍വേ സ്റ്റേഷനില്‍ എത്തിയ സിസ്റ്റര്‍ വന്ദനാ ഫ്രാന്‍സിസ് , പ്രീതി എന്നീ കന്യാസ്ത്രീകളെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നുവെന്ന് മുഖ്യമന്ത്രി വിശദീകരിക്കുന്നു. കസ്റ്റഡിയില്‍ എടുത്ത ശേഷം ഇവരുമായി ആശയവിനിമയം നടത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് ബന്ധുക്കള്‍ പരാതിയുമായി സമീപിച്ചുവെന്നും മുഖ്യമന്ത്രി കത്തില്‍ ചൂണ്ടിക്കാട്ടി.വിഷയത്തില്‍ നേരിട്ട് ഇടപെടണമെന്നും സുതാര്യവും നീതിയുക്തവുമായ നടപടി ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി പ്രധാനമന്ത്രിയോട് കത്തില്‍ അഭ്യര്‍ഥിച്ചു. പ്രധാനമന്ത്രിയുടെ ഇടപെടലിലാണ് സഭ അടക്കം പ്രതീക്ഷ കാണുന്നത്. ഇല്ലാത്ത പക്ഷം കടുത്ത തീരുമാനങ്ങള്‍ സഭ എടുക്കാനാണ് സാധ്യത.