താലൂക്ക് ഓഫീസിന്റെ ഉദ്ഘാടനത്തിന് ചെണ്ടമേളവും ബഹളവും; ജനലും കതകുമടച്ച് കോടതികളുടെ പ്രവര്‍ത്തനം; പോക്‌സോ കോടതിയിലെ ഹിയറിങ് മാറ്റിവെച്ചു; ചെങ്ങന്നൂരില്‍ കോടതികളുടെ പ്രവര്‍ത്തനത്തെ ബാധിക്കുന്ന വിധം താലൂക്ക് ഓഫീസ് ഉദ്ഘാടനം: പങ്കെടുത്തത് രണ്ടു മന്ത്രിമാര്‍
ചെങ്ങന്നൂര്‍: താലൂക്ക് ഓഫീസ് ഉദ്ഘാടനത്തോടനുബന്ധിച്ച് ചെണ്ടമേളവും ബഹളവും ഉയര്‍ന്നപ്പോള്‍ തൊട്ടടുത്തുള്ള കോടതികളുടെ പ്രവര്‍ത്തനത്തെ ബാധിച്ചു. പോക്‌സോ കോടതിയിലെ കേസുകളുടെ ഹിയറിങ് മറ്റൊരു ദിവസത്തേക്ക് മാറ്റി പോസ്റ്റ് ചെയ്തു. മറ്റു കോടതികള്‍ ശബ്ദവും ബഹളവും അകത്തേക്ക് വരാത്ത വിധത്തില്‍ ജനലുകളും കതകുകളും അടച്ചാണ് പ്രവര്‍ത്തിച്ചത്.
മന്ത്രിമാരായ കെ. രാജന്‍, സജി ചെറിയാന്‍ എന്നിവരുടെ നേതൃത്വത്തില്‍ ഇന്ന് രാവിലെ 11 മണിയോടെയാണ് കോടതികളുടെ മുന്നിലായി പുതുതായി നിര്‍മ്മിച്ച താലൂക്ക് ഓഫീസ് മന്ദിരത്തിന്റെ ഉദ്ഘാടനം നടത്തിയത്. ഉദ്ഘാടനത്തിന് മുന്നോടിയായി ആദ്യം ഗാനമേള നടന്നു. പിന്നാലെ വലിയ ശബ്ദത്തില്‍ ചെണ്ടമേളം ആരംഭിച്ചു. ഇതു കഴിഞ്ഞതോടെ ഉദ്ഘാടന ചടങ്ങ് ആരംഭിച്ചു. റവന്യൂ മന്ത്രി കെ. രാജനാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. മന്ത്രി സജി ചെറിയാന്‍ അധ്യക്ഷത വഹിച്ചു.
ഈ സമയത്താണ് കോടതികളുടെ പ്രവര്‍ത്തനം ആരംഭിച്ചത്. ഇതിന് പുറമേ ഉച്ചഭാഷിണിയില്‍ നിന്നുള്ള ശബ്ദം കൂടിയായതോടെ കോടതിയില്‍ കേസ് വിളിക്കുന്നതും വക്കീലന്മാര്‍ വാദം പറയുന്നതും കേള്‍ക്കാന്‍ പറ്റാത്ത അവസ്ഥയായി. മുന്‍സിഫ് കോടതി അടക്കം നാലോളം കോടതികള്‍ ആണ് ഈ ഭാഗത്ത് പ്രവര്‍ത്തിക്കുന്നത്. ബഹളം അസഹനീയം ആയതുകൊണ്ട് കോടതികളുടെ ജനാലകളും കഥകളും അടയ്ക്കാന്‍ ജഡ്ജിമാരും മജിസ്‌ട്രേറ്റും നിര്‍ദേശം നല്‍കി. കതകുകളും ജനലുകളും അടച്ചെങ്കിലും കോടതി മുറിയിലേക്ക് അസഹനീയമായ വിധത്തില്‍ ശബ്ദം കടന്നു വരുന്നുണ്ടായിരുന്നു.
ഇത് കോടതികളുടെ പ്രവര്‍ത്തനത്തെ സാരമായി ബാധിച്ചു. ഒട്ടും പ്രവര്‍ത്തിക്കാന്‍ കഴിയില്ലെന്ന് വന്നപ്പോഴാണ് പോക്‌സോ കോടതിയിലെ കേസുകളുടെ ഹിയറിങ് മറ്റൊരു ദിവസത്തേക്ക് മാറ്റി വെച്ച് ജഡ്ജി ചേമ്പറിലേക്ക് മടങ്ങിയത്. ഈ സമയം മുഴുവന്‍ താലൂക്ക് ഓഫീസ് ഉദ്ഘാടനത്തോട് അനുബന്ധിച്ചുള്ള പ്രസംഗങ്ങള്‍ വലിയ ശബ്ദത്തില്‍ മുഴങ്ങുകയായിരുന്നു. കോടതിയില്‍ അഭിഭാഷകരും ജഡ്ജിമാരും മജിസ്‌ടേറ്റും സാക്ഷികളും പ്രതികളുമായി വന്നവരും പരസ്പരം പറയുന്നത് ഒന്നും കേള്‍ക്കാന്‍ സാധിക്കാതെ ഏറെ നേരം ബുദ്ധിമുട്ടിലായി.
കോടതികളുടെ പ്രവര്‍ത്തന സമയത്ത് ഉച്ചഭാഷിണി പ്രവര്‍ത്തിപ്പിക്കാനും വലിയ ശബ്ദത്തില്‍ ചെണ്ടമേളം നടത്തുന്നതിനും ആരാണ് അനുമതി നല്‍കിയത് എന്നാണ് അഭിഭാഷകരുടെ ചോദ്യം. ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ അടക്കം സ്ഥലത്തു നില്‍ക്കുമ്പോഴാണ് ഈ നിയമലംഘനം നടന്നത്. കോടതികളെക്കാള്‍ മുകളിലാണോ ഉദ്യോഗസ്ഥര്‍ എന്നുള്ള ചോദ്യവും അഭിഭാഷകര്‍ ഉന്നയിച്ചു.