ഇതൊക്കെ വീടുകളിലിരുന്ന് ചെറിയ കുട്ടികള്‍ പോലും ശ്രദ്ധിക്കുകയാണ്; സ്ത്രീകള്‍ ഭയന്ന് ഇയാളെപ്പറ്റി ചര്‍ച്ചചെയ്യുകയാണ്; മാങ്കൂട്ടത്തിലിനെതിരെ കെസി വേണുഗോപാലിന്റെ ഭാര്യ; വിവാദമായപ്പോള്‍ പിന്‍വലിച്ച് ഡോ കെ ആശ

Update: 2025-08-24 07:21 GMT

ആലപ്പുഴ: രാഹുല്‍ മാങ്കൂട്ടത്തിലിന് എംഎല്‍എ സ്ഥാനം രാജിവയ്‌ക്കേണ്ടി വരും. സ്ത്രീകള്‍ ഭയന്നുകൊണ്ട് രാഹുല്‍ മാങ്കൂട്ടത്തിലിനെ പറ്റി ചര്‍ച്ച ചെയ്യുകയാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിന്റെ ഭാര്യയും എഴുത്തുകാരിയുമായ ഡോ. കെ ആശ രംഗത്തു വന്നു. ഇതിന് മാനങ്ങള്‍ പലതാണ്. കോണ്‍ഗ്രസിനകത്ത് തന്നെ രാഹുലിനെതിരെ വലിയ രീതിയിലുള്ള വിമര്‍ശനങ്ങള്‍ ഉയര്‍ന്നു വരുന്ന സാഹചര്യത്തിലാണ് കുറിപ്പ് വന്നത്. രാഹുലിന്റെ എംഎല്‍എ സ്ഥാനവും രാജി വെക്കണമെന്ന ആവശ്യവും ശക്തമാണ്. വിവാദമായതിനു പിന്നാലെ ആശ ഈ ഫേസ്ബുക്ക് കുറിപ്പ് പിന്‍വലിച്ചു.

സ്‌നേഹം നടിച്ച് പെണ്‍കുട്ടികളെ വലയില്‍ വീഴ്ത്തുന്നതിനും സന്ദേശങ്ങള്‍ അയക്കുന്നതിനും മായ്ക്കുന്നതിനുമായി വ്യത്യസ്ത മാര്‍ഗങ്ങളും തന്ത്രങ്ങളും ഉണ്ടെന്നതൊക്കെ ചെറിയ കുട്ടികളുള്‍പ്പെടെ കാണുകയാണെന്നും ഇത് ആശങ്കാജനകമാണെന്നും കെസിയുടെ ഭാര്യ ഫേസ്ബുക്കില്‍ കുറിച്ചു. അസാധാരണമാണ് ഇത്. പൊതു വിഷയങ്ങളില്‍ ഒന്നും അഭിപ്രായം പറയന്ന രീതി ആശയ്ക്കുണ്ടായിരുന്നില്ല. ഏവരും അംഗീകരിക്കുന്ന വ്യക്തിത്വവുമാണ്. അങ്ങനെയുള്ള വ്യക്തി പോലും മാങ്കൂട്ടത്തില്‍ വിഷയത്തില്‍ പരസ്യമായി വരുകയാണ്. ഏത് സാഹചര്യത്തിലാണ് അവര്‍ പോസ്റ്റ് പിന്‍വലിച്ചതെന്ന് വ്യക്തമല്ല.

'പുറത്തുവിടുന്ന വാര്‍ത്തകള്‍ ഏറെ ആശങ്കപ്പെടുത്തുന്നതാണ്. പെണ്‍കുട്ടികളെ സ്‌നേഹം നടിച്ച് വലയില്‍ വീഴ്ത്താന്‍ പറ്റുമെന്നും പെട്ടെന്ന് മാഞ്ഞു പോകുന്ന മെസ്സേജുകള്‍ പെണ്‍കുട്ടികള്‍ക്ക് അയക്കാന്‍ പറ്റുമെന്നും ഗൂഗിള്‍ പേയിലും മെസ്സേജുകള്‍ അയക്കാന്‍ പറ്റുമെന്നും സ്‌ക്രീന്‍ ഷോട്ട് എടുക്കാന്‍ പറ്റാത്ത വിധത്തില്‍ മെസ്സേജുകള്‍ അയക്കാന്‍ പറ്റുമെന്നും മറഞ്ഞിരുന്ന് വീഡിയോ കോള്‍ ചെയ്യാന്‍ കഴിയുമെന്നൊക്കെ വാര്‍ത്തകളിലൂടെയാണ് ഞാന്‍ മനസ്സിലാക്കുന്നത്. ഇതൊക്കെ വീടുകളിലിരുന്ന് ചെറിയ കുട്ടികള്‍ പോലും ശ്രദ്ധിക്കുകയാണ്. സ്ത്രീകള്‍ ഭയന്ന് ഇയാളെപ്പറ്റി ചര്‍ച്ചചെയ്യുകയാണ്.- ആശ ഫേസ്ബുക്കില്‍ പറയുന്നു.

Tags:    

Similar News