തിരക്കേറിയ റോഡിലൂടെ ഭയന്നോടുന്ന ആളുകൾ; ഉഗ്ര ശബ്ദത്തിൽ ആകാശത്തേക്ക് ഉയർന്നുപൊങ്ങി തീഗോളം; യെമനെ വിറപ്പിച്ച് ഇസ്രയേലിന്റെ ബോംബ് വര്‍ഷം; പ്രസിഡന്റിന്റെ കൊട്ടാരം അടക്കം ലക്ഷ്യം വെച്ച് അറ്റാക്ക്; എല്ലാം സ്ഥിരീകരിച്ച് ഐഡിഎഫ്; ഹൂതികളെ പാഠം പഠിപ്പിക്കാനൊരുങ്ങി നെതന്യാഹു
സന: യെമൻ തലസ്ഥാനമായ സനയിൽ ഇസ്രായേൽ വ്യോമാക്രമണം നടത്തി. ഹൂതികളെ ലക്ഷ്യമിട്ടുള്ള ആക്രമണത്തിൽ പ്രസിഡന്റിന്റെ കൊട്ടാരം സ്ഥിതി ചെയ്യുന്ന സൈനിക താവളം, രണ്ട് പവർ സ്റ്റേഷനുകൾ, ഒരു ഇന്ധന ഡിപ്പോ എന്നിവ തകർത്തതായി ഇസ്രായേൽ സൈന്യം അറിയിച്ചു. ഹൂതികൾ ഇസ്രായേലിന് നേരെ തുടർച്ചയായി നടത്തുന്ന മിസൈൽ, ഡ്രോൺ ആക്രമണങ്ങൾക്ക് മറുപടിയായാണ് ഈ നടപടിയെന്നും ഐഡിഎഫ് വ്യക്തമാക്കി.
പ്രസിഡന്റിന്റെ കൊട്ടാരം സ്ഥിതി ചെയ്യുന്ന സൈനിക കേന്ദ്രം ഹൂതികളുടെ സൈനിക നീക്കങ്ങളുടെ പ്രധാന കേന്ദ്രമായി പ്രവർത്തിച്ചിരുന്നതായും, തകർത്ത രണ്ട് പവർ പ്ലാന്റുകൾ സൈനിക പ്രവർത്തനങ്ങൾക്ക് ആവശ്യമായ വൈദ്യുതി വിതരണം ചെയ്യുന്ന പ്രധാന കേന്ദ്രങ്ങളായിരുന്നതായും ഇസ്രായേൽ പ്രതിരോധ സേനയുടെ പ്രസ്താവനയിൽ പറയുന്നു. ആക്രമണത്തിൽ ഒരു ഡസനോളം വിമാനങ്ങൾ പങ്കെടുത്തതായും, നാല് ലക്ഷ്യസ്ഥാനങ്ങളിൽ ബോംബുകൾ ഉൾപ്പെടെ 30-ൽ അധികം ആയുധങ്ങൾ ഉപയോഗിച്ചതായും ഐഡിഎഫ് വൃത്തങ്ങൾ കൂട്ടിച്ചേർത്തു.
അതേസമയം, ഇസ്രായേൽ ആക്രമണം സാധാരണ ജനവാസ കേന്ദ്രങ്ങളെ ലക്ഷ്യമിട്ടുള്ളതായിരുന്നുവെന്ന് ഹൂതികൾ പ്രതികരിച്ചു. പ്രസിഡൻഷ്യൽ ആസ്ഥാനത്ത് നിലവിൽ ജീവനക്കാരില്ലെന്നും അത് ഉപയോഗത്തിലില്ലെന്നും അവർ കൂട്ടിച്ചേർത്തു. ഇസ്രായേൽ സനായിൽ നടത്തിയ ആക്രമണത്തിന്റെ ഒരു ഭാഗം വ്യോമ പ്രതിരോധ സേന നിർവീര്യമാക്കിയതായും ഹൂതികൾ അറിയിച്ചു. യെമനിലെ സംഘർഷം കൂടുതൽ വഷളായതിന്റെ സൂചനയാണ് ഈ ആക്രമണം.
നേരത്തെയും യെമനിലെ ഹൂത്തി നിയന്ത്രണത്തിലുള്ള മൂന്ന് തുറമുഖങ്ങളിലും ഒരു വൈദ്യുത നിലയത്തിലും ഇസ്രായേൽ സൈന്യം ബോംബാക്രമണം നടത്തിയിരുന്നു. ഇതിന് തിരിച്ചടിയായി ഇസ്രായേലിലേക്ക് ഹൂത്തികൾ മിസൈലയച്ചതായും എന്നാൽ അവയെല്ലാം ഫലപ്രദമായി തടഞ്ഞതായും ഇസ്രായേൽ സേന അവകാശപ്പെട്ടു.
ചെങ്കടൽ തീരത്തുള്ള ഹുദൈദ, റാസ്-ഇസ, അസ്-സാലിഫ് തുറമുഖങ്ങൾ, റാസ് കാതിബ് പവർ പ്ലാന്റ് എന്നിവയാണ് ആക്രമിക്കപ്പെട്ടതെന്ന് ഇസ്രായേൽ സൈന്യം വ്യക്തമാക്കി. ഹൂത്തികൾ പിടിച്ചെടുത്തതും ഹുദൈദ തുറമുഖത്ത് നങ്കൂരമിട്ടിരിക്കുന്നതുമായ ഗാലക്സി ലീഡർ കപ്പലിലെ റഡാർ സംവിധാനത്തെയും ആക്രമിച്ചതായി ഇസ്രായേൽ അറിയിച്ചു. ആക്രമണത്തിൽ നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
ഇസ്രായേൽ ആക്രമണത്തിന് പിന്നാലെ ഇന്ന് രാവിലെയാണ് ഹൂത്തികളുടെ പ്രത്യാക്രമണം നടന്നത്. യെമനിൽ നിന്ന് രണ്ട് മിസൈലുകൾ ഇസ്രായേലിലേക്ക് വന്നതായി ഇസ്രായേൽ സൈന്യം സ്ഥിരീകരിച്ചിട്ടുണ്ട്. ഇവ രണ്ടും തടഞ്ഞെന്നും ആളപായമോ നാശനഷ്ടമോ ഉണ്ടായില്ലെന്നും ഇസ്രായേൽ വ്യക്തമാക്കി. ആക്രമണത്തെ തുടർന്ന് ജറുസലേം, ഹെബ്രോൺ, ചാവുകടലിനടുത്തുള്ള നഗരങ്ങൾ എന്നിവിടങ്ങളിൽ സൈറണുകൾ മുഴങ്ങിയിരുന്നു.
ഗസ്സയിലെ ഇസ്രായേൽ ആക്രമണങ്ങൾക്കുള്ള തിരിച്ചടിയാണ് ഈ മിസൈൽ പ്രയോഗങ്ങളെന്ന് ഹൂത്തികൾ വ്യക്തമാക്കി. 2023ൽ ഗസ്സയിൽ ഇസ്രായേൽ ആക്രമണം ആരംഭിച്ചതിന് ശേഷം നൂറുകണക്കിന് മിസൈലുകളാണ് ഹൂത്തികൾ ഇസ്രായേലിന് നേരെ പായിച്ചിട്ടുള്ളത്. ചെങ്കടൽ ഇടനാഴിയിലെ വാണിജ്യ കപ്പലുകൾക്ക് നേരെയും ഹൂത്തികൾ ആക്രമണങ്ങൾ നടത്തിയിട്ടുണ്ട്. ജനുവരിയിൽ ഹമാസും ഇസ്രായേലും തമ്മിൽ വെടിനിർത്തൽ കരാർ ഒപ്പിട്ടതിനെത്തുടർന്ന് ഹൂത്തികൾ ആക്രമണം നിർത്തിവച്ചെങ്കിലും പിന്നീട് പുനരാരംഭിക്കുകയായിരുന്നു.