ഒരു ഗ്രൂപ്പിന് ഫണ്ട് നല്‍കുന്നത് ബില്‍ഗേറ്റ്സ് നിര്‍ത്തിവെച്ചു; വാഷിംഗ്ടണ്‍ ഡിസി ആസ്ഥാനമായുള്ള അറബെല്ല അഡൈ്വസേഴ്‌സുമായി ഇനി സഹകരണമില്ല

Update: 2025-08-29 06:25 GMT


ബില്‍ ഗേറ്റ്‌സ്, ഗേറ്റ്‌സ് ഫൗണ്ടേഷന്‍

ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും ലാഭേച്ഛയില്ലാത്ത സംഘടനകള്‍ക്കും പിന്തുണ നല്‍കുന്ന ഒരു ഗ്രൂപ്പിന് ഫണ്ട്് നല്‍കുന്നത് ബില്‍ഗേറ്റ്സ് നിര്‍ത്തിവെച്ചു. അതീവ രഹസ്യമായിട്ടാണ് ഈ തീരുമാനം എടുത്തത് എന്നാണ് കരുതപ്പെടുന്നത്. എഴുപത്തിയേഴ് ബില്യണ്‍ ഡോളര്‍ ആസ്തിയുള്ളതാണ് ബില്‍ഗേറ്റ്സിന്റെ ഈ ഫൗണ്ടേഷന്‍. വാഷിംഗ്ടണ്‍ ഡിസി ആസ്ഥാനമായുള്ള അറബെല്ല അഡൈ്വസേഴ്‌സുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ലാഭേച്ഛയില്ലാത്ത സ്ഥാപനങ്ങള്‍ക്ക് ധനസഹായം നല്‍കുന്നത് നിര്‍ത്താനാണ് ഗേറ്റ്സ് ഫൗണ്ടേഷന്‍ ജൂണ്‍ അവസാനത്തോടെ തീരുമാനിച്ചിരിക്കുന്നതെന്നാണ് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

ലോകമെമ്പാടുമുള്ള ആരോഗ്യ സംരംഭങ്ങളെ പൊതുവെ പിന്തുണയ്ക്കുന്നതാണ് ഫൗണ്ടേഷന്റെ രീതി. ഗ്രാന്റുകള്‍ സ്വീകരിക്കുന്നവരുമായി കൂടുതല്‍ നേരിട്ട് ഇടപഴകാനും ഇടനിലക്കാരുടെ ഇടപെടല്‍ കുറയ്ക്കാനുമാണ് ഈ നീക്കത്തിലൂടെ ഉദ്ദേശിക്കുന്നതെന്നാണ് പറയപ്പെടുന്നത്. കഴിഞ്ഞ ജൂണ്‍ 24 നാണ് ഇത് സംബന്ധിച്ച തീരുമാനം ഗേറ്റ്സ് ഫൗണ്ടേഷന്‍ കൈക്കൊണ്ടത്. അറബെല്ലയുമായുള്ള ബന്ധം വിച്ഛേദിക്കാനുള്ള നീക്കം ബിസിനസ്സ് തീരുമാനമായിരുന്നു എന്നാണ് ഗേറ്റ്സ് ഫൗണ്ടേഷന്റെ വക്താവ് ടൈംസിന് നല്‍കിയ പ്രസ്താവനയില്‍ അവകാശപ്പെട്ടത്. അതേ സമയം ഡെമോക്രാറ്റുകളെയും മറ്റും പിന്തുണയ്ക്കുന്ന ഡാര്‍ക്ക് മണി ഫണ്ടുകളുമായി ബന്ധപ്പെട്ട് അറബെല്ലയ്‌ക്കെതിരെ വര്‍ദ്ധിച്ചുവരുന്ന പരിശോധനകള്‍ക്കിടയിലാണ് ഈ മാറ്റം ഉണ്ടായിരിക്കുന്നത്. ഏകദേശം മൂന്ന് പതിറ്റാണ്ടുകളായി ഗേറ്റ്സ് ഫൗണ്ടേഷന്‍ വിവിധ സംഘടനകള്‍ക്ക് വലിയ തോതിലുള്ള സാമ്പത്തിക സഹായം നല്‍കി വരികയാണ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഡെമോക്രാറ്റിക് നയങ്ങളുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ഇത്തരം സംഘടനകള്‍ക്ക് നേരേ നിലപാട് ശക്തമാക്കിയ സാഹചര്യത്തില്‍ കൂടിയാണ് ബില്‍ഗേറ്റ്സ് ഇത്തരത്തില്‍ ഒരു തീരുമാനം എടുത്തതെന്നും സൂചന. ഇവയ്ക്ക് നികുതിയിളവ് നല്‍കുന്ന കാര്യത്തിലും ട്രംപ് കൂടുതല്‍ കര്‍ശന നടപടികളാണ് സ്വീകരിച്ചിരിക്കുന്നത്. ഇത് തന്നെയാണ് അൈറബെല്ല അഡൈ്വസേഴ്‌സില്‍ നിന്ന് അകന്നു നില്‍ക്കാന്‍ ഗേറ്റ്സിനെ പ്രേരിപ്പിച്ചത്. കഴിഞ്ഞ 16 വര്‍ഷമായി ലാഭേച്ഛയില്ലാത്ത ഫണ്ടുകളിലേക്ക് ഏകദേശം 450 മില്യണ്‍ ഡോളറാണ് അറബെല്ലാ വിതരണം ചെയ്തത്. അവരുടെ ഏറ്റവും വലിയ ഫണ്ടുകളിലൊന്നായ ന്യൂ വെഞ്ച്വര്‍ ഫണ്ട്, അറബെല്ല നിയന്ത്രിക്കുന്ന മറ്റൊരു ഗ്രൂപ്പായ സിക്സ്റ്റീന്‍ തേര്‍ട്ടി ഫണ്ടിനും പണം സംഭാവന ചെയ്തിട്ടുണ്ട്. 2016 മുതല്‍ ഡെമോക്രാറ്റുകളെ തിരഞ്ഞെടുക്കാനും റിപ്പബ്ലിക്കന്‍മാരെ പരാജയപ്പെടുത്താനും ശ്രമിക്കുന്നവര്‍ക്ക് ഈ ഗ്രൂപ്പാണ് 97 മില്യണ്‍ ഡോളര്‍ സംഭാവന നല്‍കിയിരിക്കുന്നത്.

സിക്സ്റ്റീന്‍ തേര്‍ട്ടി ഫണ്ട്, വിന്‍ഡ്വാര്‍ഡ് ഫണ്ട്, ന്യൂ വെഞ്ച്വര്‍ ഫണ്ട് എന്നിവയുള്‍പ്പെടെ നിരവധി ഫണ്ടുകള്‍ക്ക് അറബെല്ല അഡൈ്വസേഴ്‌സ് അടുത്തിടെ സേവനങ്ങള്‍ നല്‍കുന്നതായി കണ്ടെത്തി. ഇവയെല്ലാം 2020 മുതല്‍ കമ്മ്യൂണിറ്റി ചേഞ്ച്, കമ്മ്യൂണിറ്റി ചേഞ്ച് ആക്ഷന്‍ എന്നിവയ്ക്ക് സംഭാവന നല്‍കിയിട്ടുണ്ടെന്ന് ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ ഗേറ്റ്സ് ഫൗണ്ടേഷനുമായി ഇത്രയും കാലം ഉണ്ടായ സഹകരണത്തില്‍ അഭിമാനിക്കുന്നതായി അറബല്ല ഫൗണ്ടേഷന്‍ വ്യക്തമാക്കി. തങ്ങള്‍ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നില്ലെന്ന് സംഘടനയുടെ വക്താവ് ചൂണ്ടിക്കാട്ടി.

അതേ സമയം ഇലോണ്‍ മസ്‌ക് അറബെല്ലയുടെ സ്ഥാപനങ്ങളെക്കുറിച്ച് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെടുകയും വൈറ്റ് ഹൗസ് ഉദ്യോഗസ്ഥര്‍ അവരുടെ നടപടികളെക്കുറിച്ച് വിശദീകരണം നല്‍കുകയും ചെയ്തു. ഗേറ്റ്സ് ഫൗണ്ടേഷന്‍ ലോകമെമ്പാടുമുള്ള സ്ത്രീകളുടെ ആരോഗ്യത്തെ പിന്തുണയ്ക്കുന്നതിനായി ഏകദേശം അഞ്ച് വര്‍ഷ കാലയളവില്‍ 41 മില്യണ്‍ ഡോളറാണ് നല്‍കിയത്.

Similar News