ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന മനുഷ്യവാസ കേന്ദ്രം തുര്‍ക്കിയില്‍; അവിടേയും 365 ദിവസങ്ങളുള്ള കലണ്ടര്‍; ഗ്രീസിലെ പുരാതന തലയോട്ടിക്ക് 300,000 വര്‍ഷത്തില്‍ താഴെ പഴക്കം; പുരാവസ്തു ശാസ്ത്രജ്ഞര്‍ പഠനം തുടരുമ്പോള്‍
ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന മനുഷ്യവാസ കേന്ദ്രത്തിന്റേതെന്ന് കരുതപ്പെടുന്ന പുരാതന നിര്‍മ്മിതികള്‍ തുര്‍ക്കിയില്‍ പുരാവസ്തു ഗവേഷകര്‍ കണ്ടെത്തി. സ്മാരക ശിലാസ്തംഭങ്ങളുടെ പേരില്‍ പ്രശസ്തമായ ഗോബെക്ലി ടെപ്പെയ്ക്ക് സമീപമുള്ള മെന്‍ഡിക് ടെപ്പെയിലാണ് ഈ കണ്ടെത്തല്‍ നടന്നത്. പുതുതായി കണ്ടെത്തിയ വസ്തുക്കള്‍ ഗോബെക്ലി ടെപ്പെയ്ക്ക് മുമ്പുള്ളതായിരിക്കാമെന്നാണ് വിദഗ്ദ്ധര്‍ വെളിപ്പെടുത്തിയത്.
ഇംഗ്ലണ്ടിലെ ചരിത്രാതീതകാല സ്മാരകമായ സ്റ്റോണ്‍ഹെന്‍ജിനും ഏഴായിരം വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഇവ സ്ഥാപിക്കപ്പെട്ടത് എന്നാണ് ഇപ്പോള്‍ തെളിയിക്കപ്പെട്ടിരിക്കുന്നത്. സ്റ്റോണ്‍ഹെന്‍ജ് ലണ്ടന്‍ നഗരത്തില്‍ നിന്ന് 140 കിലോമീറ്റര്‍ അകലെയായി വില്‍റ്റ്ഷിര്‍ കൗണ്ടിയിലെ ഈംസ്ബെറിയിലാണ് സ്ഥിതി ചെയ്യുന്നത്. വൃത്താകൃതിയില്‍ നാട്ടിനിര്‍ത്തിയ രീതിയില്‍ ക്രമീകരിച്ചിട്ടുള്ള വലിയ കല്ലുകളാണ് ഇവിടെയുള്ളത്. തുര്‍ക്കിയിലെ സാന്‍ലിയുര്‍ഫയിലെ എയ്യുബിയെ ജില്ലയിലാണ് പുതിയ കണ്ടെത്തല്‍ ഉണ്ടായത്.
ആദ്യകാല മനുഷ്യ സമൂഹങ്ങളെക്കുറിച്ചുള്ള നമ്മുടെ ധാരണയെ മാറ്റിമറിക്കുന്ന രീതിയിലുള്ള ചരിത്രാതീത കാലത്തെ വാസസ്ഥലങ്ങളുടെ ശൃംഖലയുടെ ഭാഗമാണിത്. 2024 ല്‍ ഖനനം ആരംഭിച്ചതിനുശേഷം ഓവല്‍ ആകൃതിയിലുള്ള നിരവധി ഘടനകള്‍ ഇവിടെ കണ്ടെത്തിയിട്ടുണ്ട്. അവയില്‍ ചിലത് കല്‍ഭിത്തികളും അലങ്കരിച്ച കല്‍പാത്രങ്ങളുടെ ഭാഗങ്ങളുമാണ്. കലാപരമായി ഈ സമൂഹം വളരെ മുന്നിലാണ് എന്നാണ് ഇതെല്ലാം സൂചിപ്പിക്കുന്നത്. ആദ്യകാല കുടിയേറ്റം നടന്ന മേഖലയാണ്് ഇതെന്നാണ് കരുതപ്പെടുന്നത്.
ഇവിടെ കണ്ടെത്തിയ ചെറിയ കെട്ടിടങ്ങള്‍ ഭക്ഷ്യ വസ്തുക്കള്‍ സംഭരിക്കുന്നതിനോ താമസിക്കാനോ ഉപയോഗിച്ചിരുന്നതാകാനാണ് സാധ്യത. 13 മുതല്‍ 16 അടി വരെ ഉയരമുള്ളതാണ് ഇവ. ഏതാണ്ട് 11,500 വര്‍ഷം പഴക്കമുള്ള ഈ മേഖലയില്‍ നിന്ന് വാസ്തുവിദ്യ, സാമൂഹിക സ്ഥാപനങ്ങള്‍, സസ്യകൃഷി എന്നിവയുടെ തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. ഭൂമിശാസ്ത്രപരമായി, മെന്‍ഡിക് ടെപെ ഏകദേശം 3,346 അടി ഉയരമുള്ള ഒരു കുന്നാണ്. മെഡിറ്ററേനിയന്‍ കാലാവസ്ഥയുള്ള അപൂര്‍വ്വ സസ്യജാലങ്ങളുള്ള ഒരു പ്രദേശത്താണ് ഇത് സ്ഥിതി ചെയ്യുന്നത്.
ഇവിടുത്തെ ജനത അക്കാലത്ത് കലണ്ടര്‍ പോലും ഉപയോഗിച്ചിരുന്നു എന്നാണ് കണ്ടെത്തലുകള്‍ സൂചിപ്പിക്കുന്നത്. ഇതില്‍ ഒരു ദിവസത്തെ പ്രതിനിധീകരിക്കുന്നതിനായി സ്തംഭത്തില്‍ ഒരു വി ചിഹ്നം ഉണ്ടായിരുന്നു, അതില്‍ 365 എണ്ണം കൊത്തിവച്ചിരിക്കുന്നതായി സംഘം കണ്ടെത്തി.
പുരാതന തലയോട്ടിക്ക് 300,000 വര്‍ഷത്തില്‍ താഴെ പഴക്കം
അതേ സമയം ഗ്രീസിലെ തെസ്സലോനിക്കിയിലെ പെട്രലോണ ഗുഹയില്‍ നിന്ന് കണ്ടെത്തിയ പുരാതന തലയോട്ടിക്ക് 300,000 വര്‍ഷത്തില്‍ താഴെ പഴക്കമുണ്ടെന്ന വാര്‍ത്തയും പുറത്തു വരികയാണ്. ഇതിന് വളരെ വിചിത്രമായ രൂപമാണ് ഉള്ളത്. ഇതിന്റെ പ്രായം നിര്‍ണയിക്കുന്നത് വളരെ പ്രധാനപ്പെട്ട വഴിത്തിരിവാകുമെന്നാണ് ഗവേഷകര്‍ പറയുന്നത്. യൂറോപ്പിലെ മനുഷ്യ പരിണാമത്തില്‍ ഇതിന് വലിയൊരു സ്ഥാനമുണ്ടെന്നാണ് അവര്‍ ചൂണ്ടിക്കാട്ടുന്നത്. 1960 ല്‍ ഒരു ഗുഹയുടെ ഭിത്തിയില്‍ ഒട്ടിച്ച നിലയിലായിരുന്നു പെട്രലോണ തലയോട്ടി ആദ്യം കണ്ടെത്തിയത്.
ഇത് ഭിത്തിയില്‍ ലയിച്ചു ചേര്‍ന്ന രീതിയിലാണ് കണ്ടെത്തിയത്. ഇതിന് കുറഞ്ഞത് 277,000 വര്‍ഷം പഴക്കമുണ്ടെന്നാണ് ഇപ്പോള്‍ കണ്ടെത്തിയത്. അക്കാലത്ത് യൂറോപ്പ് വനങ്ങളാലും തുറന്ന വനപ്രദേശങ്ങളാലും നിറഞ്ഞിരുന്നു. തലയോട്ടി പുരുഷന്റേതാണ് എന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇതിന്റെ പല്ലുകള്‍ക്ക് നേരിയ തേയ്മാനം മാത്രം ഉള്ളത് കൊണ്ട് ഇതൊരു ചെറുപ്പക്കാരന്റേതാണ് എന്നാണ് കരുതപ്പെടുന്നത്. ഏതായാലും കണ്ടെത്തിയ കാലം മുതല്‍ ഇതിന്റെ കാലപ്പഴക്കം ചര്‍ച്ചാവിഷയമാണ്.