ലൈംഗിക ന്യൂനപക്ഷങ്ങള്‍ തനിക്ക് ക്യാന്‍സര്‍ നല്‍കി എന്ന് നിരന്തരമായി വിമാനത്തിനുളളില്‍ അലറി വിളിച്ചു; അമേരിക്കന്‍ വിമാനത്തിനുള്ളില്‍ മാസ്‌ക് ധരിച്ചെത്തിയ യാത്രക്കാന്‍ ഉണ്ടാക്കിയത് വന്‍ കുഴപ്പങ്ങള്‍

Update: 2025-10-04 07:39 GMT

വിമാനയാത്രക്കിടയില്‍ യാത്രക്കാര്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നത് ഇപ്പോള്‍ പതിവായി മാറിയിരിക്കുകയാണ്. അമേരിക്കയില്‍ ഒരു വിമാനത്തിനുള്ളില്‍ മാസ്‌ക്കുകള്‍ ധരിച്ച ഒരു വ്യക്തി ആണ്‍കുട്ടികള്‍ തനിക്ക് ക്യാന്‍സര്‍ നല്‍കുന്നു എന്ന് നിലവിളിക്കാന്‍ തുടങ്ങിയതോടെ വിമാനം അടിയന്തരമായി നിലത്തിറക്കേണ്ടി വന്നു. ഇയാള്‍ പതിനഞ്ചോളം മാസ്‌ക്കുകളാണ് ധരിച്ചിരുന്നത്. ലൈംഗിക ന്യൂനപക്ഷങ്ങള്‍ തനിക്ക് ക്യാന്‍സര്‍ നല്‍കി എന്ന് ഇയാള്‍ നിരന്തരമായി വിമാനത്തിനുളളില്‍ അലറി വിളിക്കുകയായിരുന്നു.

ന്യൂജേഴ്‌സിയിലെ ന്യൂവാര്‍ക്കിലേക്ക് പോകുന്ന വിമാനം ഇന്നലെ രാവിലെ ഏഴേ കാലിന് മിനിയാപൊളിസില്‍ നിന്ന് പുറപ്പെട്ട് 9:45 ന് തൊട്ടുമുമ്പ് ലാന്‍ഡ് ചെയ്യേണ്ടതായിരുന്നു. എന്നാല്‍ ഒരു മണിക്കൂറിനുശേഷം ഈ യാത്രക്കാരന്റെ ബഹളം കാരണം വിമാനം ചിക്കാഗോ ഒ'ഹെയര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് തിരിച്ചുവിടാന്‍ നിര്‍ബന്ധിതമായി. വിമാനം താഴേക്ക് പോകുന്നു എന്നും ഈ യാത്രക്കാരന്‍ വിളിച്ചു പറഞ്ഞതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഈ യാത്രക്കാരന്റെ പ്രതികരണത്തിന്റെ ഭാഗമായുള്ള മുന്‍കരുതല്‍ എന്ന നിലയിലാണ് വിമാനം അടിയന്തരമായി നിലത്തിറക്കാന്‍ ഉത്തരവിട്ടതെന്നാണ് വിമാനക്കമ്പനിയായ സണ്‍ കണ്‍ട്രി എയര്‍ലൈന്‍സ് മാധ്യമങ്ങളോട് പറഞ്ഞത്.

ഈ വിമാനത്തിലെ യാത്രക്കാരനായിരുന്ന സേത്ത് ഇവാന്‍സ് എന്ന വ്യക്തി ബഹളമുണ്ടാക്കിയ യാത്രക്കാരന്റെ എതിര്‍വശത്ത് ഇരിക്കുകയായിരുന്നു. അദ്ദേഹം പറയുന്നത് ഈ വ്യക്തി 15 ഓളം മാസ്‌ക്കുകള്‍ ധരിച്ചിരുന്നു എന്നാണ്. ഇവാന്‍സ് പറയുന്നതനുസരിച്ച്, വിമാനം റണ്‍വേയില്‍ നിന്ന് ഉയര്‍ന്ന നിമിഷം കുഴപ്പങ്ങള്‍ തുടങ്ങി എന്നാണ്. പെട്ടെന്ന് സീറ്റില്‍ നിന്ന് ചാടിയെണീറ്റ യാത്രക്കാരന്‍ ലൈംഗിക ന്യൂനപക്ഷങ്ങള്‍ തന്നെ റേഡിയേഷന്‍ നടത്തിയതായി നിലവിളിച്ചു. ഒരു ഘട്ടത്തില്‍, ട്രംപ് ഇവിടെയുണ്ട് എന്ന് യാത്രക്കാരന്‍ പ്രഖ്യാപിക്കുന്നത് പോലും താന്‍ കേട്ടതായി ഇവാന്‍സ് പറഞ്ഞു.

ചിക്കാഗോയില്‍ വിമാനം അടിയന്തരമായി നിലത്തിറക്കിയതിന് പിന്നാലെ പോലീസ് ഉദ്യോഗസ്ഥര്‍ വിമാനത്തിനുള്ളിലേക്ക് എത്തി ബഹളം ഉണ്ടാക്കിയ യാത്രക്കാരനെ കൈകള്‍ ബന്ധിച്ച് പുറത്തിറക്കുകയായിരുന്നു. യാത്രക്കാരോട് സീറ്റില്‍ തന്നെ ഇരിക്കാന്‍ ആവശ്യപ്പെട്ട ഉദ്യോഗസ്ഥര്‍ അവരില്‍ നിന്ന് മൊഴിയെടുത്തു. കുഴപ്പം സൃഷ്ടിച്ച യാത്രക്കാരന്റെ പേരില്‍ കേസെടുത്തിട്ടുണ്ട്. കഴിഞ്ഞ മാസം, മദ്യപിച്ച ഒരു സ്ത്രീ, വിമാനം പൊട്ടിത്തെറിക്കുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. ഫ്രോണ്ടിയര്‍ എയര്‍ലൈന്‍സ് വിമാനത്തില്‍ നിന്ന് തന്നെ പുറത്തേക്ക് കൊണ്ട് പോകാന്‍ എത്തിയ പോലീസ് ഉദ്യോഗസ്ഥനെ കൈയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചിരുന്നു.

Similar News