ചെമ്പെന്ന് പറഞ്ഞത് ദേവസ്വം ബോര്‍ഡ്; രേഖകളിലും ചെമ്പാണ്; സ്വര്‍ണം നഷ്ടമായത് കൊണ്ടാകാം ചെമ്പെന്ന് രേഖപ്പെടുത്തിയത്; എല്ലാം കോടതിയില്‍ പറയുമെന്ന് ഉണ്ണികൃഷ്ണന്‍ പോറ്റി; വിവാദ സ്‌പോണ്‍സറെ ചോദ്യം ചെയ്യേണ്ടെന്ന് ദേവസ്വം വിജിലന്‍സ് തീരുമാനിച്ചത് 'മൊഴി' എടുത്ത് ഉന്നതര്‍ കുടുങ്ങുമെന്ന ഭയം കാരണം; തന്നെ ആര്‍ക്കും ഒരു ചുക്കും ചെയ്യാനാകില്ലെന്ന ആത്മവിശ്വാസത്തില്‍ കാരേറ്റുള്ള പോറ്റി!
തിരുവനന്തപുരം: ഉണ്ണികൃഷ്ണന്‍ പോറ്റിയെ തല്‍കാലം ദേവസ്വം വിജിലന്‍സ് ചോദ്യം ചെയ്യില്ല. ഉണ്ണികൃഷ്ണന്‍ പോറ്റി സത്യം പറയുമോ എന്ന ഭയത്തിലാണ് തീരുമാനം. ഉണ്ണികൃഷ്ണന്‍ പോറ്റിയ്ക്ക് 2019ല്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ട് കൈമാറിയത് ചെമ്പു പാളികളെന്ന് ദേവസ്വം ബോര്‍ഡ് രേഖകളിലുണ്ട്. ഈ സാഹചര്യത്തില്‍ അത്തരത്തിലൊരു മൊഴി ദേവസ്വം വിജിലന്‍സിന് കിട്ടിയാല്‍ അന്വേഷണം പലതലത്തിലേക്ക് പോകും. അതുകൊണ്ട് തന്നെ മൊഴി എടുപ്പ് വേണ്ടെന്ന് വച്ചു. ശബരിമലയില്‍ വമ്പന്‍ അട്ടിമറികള്‍ നടന്നു എന്നതിന് തെളിവാണ് ഇത്. പല ഉന്നതരേയും രക്ഷിക്കാനാണ് ശ്രമം. ഈ സാഹചര്യത്തില്‍ ഹൈക്കോടതിയുടെ അടുത്ത തീരുമാനം നിര്‍ണ്ണായകമാകും.
ശബരിമല സ്വര്‍ണപ്പാളി വിവാദത്തില്‍ ദേവസ്വം ബോര്‍ഡിനെ പ്രതിക്കൂട്ടിലാക്കി ഉണ്ണിക്കൃഷ്ണന്‍ പോറ്റി രംഗത്തു വന്നു കഴിഞ്ഞു. ചെമ്പെന്ന് പറഞ്ഞത് ദേവസ്വം ബോര്‍ഡാണ്. രേഖകളിലും ചെമ്പാണ്. സ്വര്‍ണം നഷ്ടമായത് കൊണ്ടാകാം ചെമ്പെന്ന് രേഖപ്പെടുത്തിയത്. എല്ലാം കോടതിയില്‍ പറയുമെന്നും ഉണ്ണികൃഷ്ണന്‍ പോറ്റി പറഞ്ഞു. സ്വര്‍ണം നഷ്ടമായത് കൊണ്ടാകാം ചെമ്പെന്ന് രേഖപ്പെടുത്തിയത്. ബെംഗളൂരു വ്യവസായി വിനീത് ജെയിന്‍ സുഹൃത്താണ്. സ്വര്‍ണപ്പാളി പ്രദര്‍ശന വസ്തുവാക്കിയിട്ടില്ല. പീഠം കാണാതായെന്ന് പരാതി പറഞ്ഞിട്ടില്ലെന്നും ഉണ്ണികൃഷ്ണന്‍ പോറ്റി പറഞ്ഞു. ഈ മൊഴിയാണ് വിജിലന്‍സിനും നല്‍കാന്‍ ഉണ്ണികൃഷ്ണന്‍ പോറ്റി കരുതി വച്ചത്. ഇത് കിട്ടിയാല്‍ തുടരന്വേഷണം ബോര്‍ഡിലേക്ക് നടത്തേണ്ടി വരും. ഇതുകൊണ്ടാണ് മൊഴി എടുക്കാത്തത്.
പീഠത്തിന് നിറം മങ്ങലുണ്ടെന്ന് പറഞ്ഞത് തന്റെ സഹായി വാസുദേവനാണ്. പീഠം കാണാനില്ലെന്ന് പറഞ്ഞ് ഞാന്‍ പരാതിപ്പെട്ടിട്ടില്ല. വാസുദേവന്‍ എനിക്കുവേണ്ടി മെയില്‍ അയച്ചു. ദേവസ്വം ബോര്‍ഡിന് അയച്ച മെയിലിന് മറുപടി കിട്ടിയില്ല. പീഠം കയ്യിലുള്ള കാര്യം ഉദ്യോഗസ്ഥരെ അറിയിച്ചത് വാസുദേവനാണ്. വാസുദേവനെ രക്ഷിക്കാനാണ് മറച്ചുവച്ചതെന്നും ഉണ്ണികൃഷ്ണന്‍ പോറ്റി പറഞ്ഞു. അതേസമയം, ദേവസ്വം ബോര്‍ഡുമായുള്ള ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ കൂടുതല്‍ ഇടപാടുകള്‍ക്ക് വീണ്ടും തെളിവ് പുറത്തു വന്നു. സന്നിധാനത്തേക്ക് മണി സമര്‍പ്പിച്ചതും ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ നേതൃത്വത്തിലായിരുന്നു. സ്വര്‍ണവാതില്‍ കൊണ്ടുപോയതുപോലെ രഥ ഘോഷയാത്ര നടത്തിയാണ് മണിയും സന്നിധാനത്ത് എത്തിച്ചത്.കോട്ടയം ഇളമ്പളളിക്ഷേത്രത്തില്‍ നിന്ന് 2017 ജൂണ്‍ പതിനെട്ടിനാണ് രഥഘോഷയാത്ര പുറപ്പെട്ടത്. ദേവസ്വം ബോര്‍ഡിന്റെ അനുമതിയോടെയാണ് അന്നും ഇളമ്പള്ളിയില്‍ ചടങ്ങ് നടന്നതെന്ന് ഇളമ്പളളി ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് പിആര്‍ ഉണ്ണികൃഷ്ണന്‍ നായര്‍ പറഞ്ഞു.
ശ്രീകോവിലിന് പുതിയ വാതില്‍ നിര്‍മിക്കാന്‍ ആവശ്യപ്പെട്ടത് ദേവസ്വമാണെന്നും ഉണ്ണികൃഷ്ണന്‍ പോറ്റി വെളിപ്പെടുത്തുന്നത് ഗൗരവത്തില്‍ എടുക്കേണ്ട വസ്തുതയാണ്. നിലവിലുള്ള വാതില്‍ അടയ്ക്കാന്‍ ബുദ്ധിമുട്ടാണെന്ന് കാണിച്ചായിരുന്നു തന്നെ സമീപിച്ചതെന്നും അഞ്ച് സുഹൃത്തുക്കള്‍ ചേര്‍ന്നാണ് അത് ഏറ്റെടുത്തതെന്നും അദ്ദേഹം പറഞ്ഞു. ബംഗളൂരു സ്വദേശിയായ ഗോവര്‍ദ്ധന്‍ ആണ് എല്ലാ ചെലവും ഏറ്റെടുത്തത്. മറ്റാരും അതിനായി സ്വര്‍ണമോ പണമോ ഉപയോഗിച്ചിട്ടില്ല. വാതില്‍ പാളി നിര്‍മ്മിച്ചതിനുശേഷം ചെന്നൈയില്‍ തന്നെ ഒരു ദിവസം പൂജ നടത്തി എന്നും ഉണ്ണികൃഷ്ണന്‍ പോറ്റി പറഞ്ഞു.
രണ്ടുദിവസം മുമ്പ് തിരുവനന്തപുരത്തെ വീട്ടിലെത്തിയ ഉണ്ണിക്കൃഷ്ണനെ ഇന്ന് വിശദമായി ചോദ്യം ചെയ്യുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നെങ്കിലും ഇതിനായി നോട്ടീസ് നല്‍കിയിട്ടില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു. തിരുവനന്തപുരത്തും ബംഗളൂരുവിലുമായി രണ്ട് തവണ ഉണ്ണികൃഷ്ണന്‍ പോറ്റിയെ ചോദ്യം ചെയ്തുകഴിഞ്ഞു. പുതിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ ആവശ്യം വന്നാല്‍ പിന്നീട് വിളിപ്പിക്കും എന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. വിവാദം കടുത്ത സാഹചര്യത്തില്‍ പല സത്യങ്ങളും താന്‍ വിളിച്ചു പറയുമെന്ന് വേണ്ടപ്പെട്ടവരെ ഉണ്ണികൃഷ്ണന്‍ പോറ്റി അറിയിച്ചതായി സൂചനയുണ്ട്. ഇതോടെയാണ് ചോദ്യം ചെയ്യല്‍ വേണ്ടെന്നു വച്ചതെന്നാണ് സൂചന.