'നിശ്ശബ്ദ മരണം!' ശ്രീലങ്കന്‍ തീരത്ത് ഇറാന്റെ കപ്പല്‍ തകര്‍ത്തത് ടോര്‍പ്പിഡോ ഉപയോഗിച്ച്; രണ്ടാം ലോക മഹായുദ്ധത്തിനുശേഷം ചരിത്രത്തിലാദ്യം; 'ഐആര്‍ഐഎസ് ഡെന'യെ ഇന്ത്യന്‍ മഹാസമുദ്രത്തില്‍വെച്ച് യു എസ് മുങ്ങിക്കപ്പല്‍ ആക്രമിച്ചത് സ്ഥിരീകരിച്ച് യു എസ്; വീഡിയോ പപുറത്തുവിട്ടു; കൊല്ലപ്പട്ടത് 80 ഇറാനിയന്‍ നാവികര്‍; പുലര്‍ച്ചെ അപായ സിഗ്‌നല്‍ ലഭിച്ചെന്ന് ശ്രീലങ്ക

Update: 2026-03-04 15:18 GMT

കൊളംബോ: ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ശ്രീലങ്കയുടെ തെക്കന്‍ തീരത്ത് യു എസ് മുങ്ങിക്കപ്പല്‍ ആക്രമണത്തില്‍ തകര്‍ന്ന ഇറാനിയന്‍ യുദ്ധക്കപ്പലിലെ 80 ഇറാനിയന്‍ നാവികര്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരണം. 80 നാവികര്‍ കൊല്ലപ്പെട്ടതായി ശ്രീലങ്കന്‍ സര്‍ക്കാര്‍ അറിയിച്ചു. ലങ്കന്‍ ഡെപ്യൂട്ടി വിദേശ കാര്യമന്ത്രിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഇറാനിയന്‍ യുദ്ധക്കപ്പലിന് നേരെ യുഎസ് ആണവ അന്തര്‍വാഹിനിയാണ് ആക്രമണം നടത്തിയത്. ഇന്ത്യയിലെ വിശാഖപട്ടണത്ത് നടന്ന മിലാന്‍ 2026 ബഹുരാഷ്ട്ര നാവിക അഭ്യാസത്തില്‍ പങ്കെടുത്ത ശേഷം ഇറാനിലേക്ക് മടങ്ങുകയായിരുന്ന മൗഡ്ജ് ക്ലാസ് യുദ്ധക്കപ്പല്‍ ഐറിസ് ദേനയാണ് അന്തര്‍വാഹിനി ആക്രമണത്തില്‍ തകര്‍ന്നത്. കപ്പല്‍ ആക്രമിച്ചത് തങ്ങളാണെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് സ്ഥിരീകരിച്ചു. കപ്പല്‍ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങളും അമേരിക്ക സാമൂഹിക മാധ്യമമായ എക്‌സിലൂടെ പുറത്തുവിട്ടു.

യു എസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് ആണ് ഇന്ത്യന്‍ മഹാസമുദ്രത്തിലെ സൈനിക നടപടി സ്ഥിരീകരിച്ചത്. ടോര്‍പ്പിഡോ ഉപയോഗിച്ചാണ് ഇറാന്റെ കപ്പല്‍ തകര്‍ത്തത്. രാജ്യാന്തര സമുദ്രത്തില്‍ വെച്ചാണ് കപ്പല്‍ തകര്‍ത്തതെന്നും യുഎസ് പ്രതിരോധ സെക്രട്ടറി പറഞ്ഞു. ഇന്ത്യന്‍ മഹാസമുദ്രത്തില്‍- അന്താരാഷ്ട്ര ജലാശയങ്ങളില്‍ സുരക്ഷിതമെന്ന് കരുതിയ ഇറാന്റെ യുദ്ധക്കപ്പലിനെ അമേരിക്കയുടെ അന്തര്‍വാഹിനി ടോര്‍പ്പിഡോ മുക്കിക്കളഞ്ഞു. രണ്ടാം ലോക മഹായുദ്ധത്തിനുശേഷം ഒരു ശത്രുവിന്റെ കപ്പലിനെ ടോര്‍പ്പിഡോ മുക്കുന്നത് ഇതാദ്യ സംഭവമാണ്. നമ്മള്‍ വിജയിക്കാന്‍ പോരാടുകയാണ്, പീറ്റര്‍ ഹേഗ്‌സേഥ് പറഞ്ഞു. നിശ്ശബ്ദ മരണമെന്നാണ് ഹേഗ്‌സേഥ് ആക്രമണത്തെ വിശേഷിപ്പിച്ചത്.

1945ല്‍ രണ്ടാം ലോക മഹായുദ്ധം അവസാനിച്ച ശേഷം ആദ്യമായാണ് യുഎസ് ടോര്‍പ്പിഡോ ആക്രമണത്തിലൂടെ ഒരു യുദ്ധക്കപ്പല്‍ തകര്‍ക്കുന്നത്. ഇറാനിയന്‍ നാവികസേനയിലെ പ്രധാനപ്പെട്ട യുദ്ധക്കപ്പലുകളിലൊന്നായിരുന്നു ഐറിസ് ദേന. ബുധനാഴ്ച ശ്രീലങ്കയുടെ തെക്കന്‍ തീരത്ത് വെച്ചാണ് 180 പേരടങ്ങുന്ന ഒരു ഇറാനിയന്‍ നാവിക കപ്പലിന് നേരെ യുഎസ് ടോര്‍പ്പിഡോ അറ്റാക്ക് നടത്തിയത്. കപ്പല്‍ കടലില്‍ മുങ്ങിയതായും 32 പേരെ രക്ഷപ്പെടുത്തിയതായും വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ശ്രീലങ്കയുടെ സമുദ്രാതിര്‍ത്തിക്ക് പുറത്ത് നിന്നും പ്രാദേശിക സമയം പുലര്‍ച്ചെ 5:08 ന് യുദ്ധക്കപ്പല്‍ ഐറിസ് ദേന ഒരു ദുരന്ത സിഗ്‌നല്‍ അയച്ചതായി ശ്രീലങ്കന്‍ വിദേശകാര്യ മന്ത്രി വിജിത ഹെരാത്ത് ശ്രീലങ്കന്‍ പാര്‍ലമെന്റിനെ അറിയിച്ചു. അപകടത്തില്‍പ്പെട്ട കപ്പലിലേക്ക് നാവിക കപ്പലുകളും വ്യോമസേനയും അയച്ച് രക്ഷാപ്രവര്‍ത്തനം നടത്തിയതായും മന്ത്രി പറഞ്ഞു.

ഇന്ത്യയില്‍ നിന്നും ഇറാനിലേക്കുള്ള മടക്കയാത്രയിലാണ് ബുധനാഴ്ച പുലര്‍ച്ചെ കപ്പല്‍ ആക്രമിക്കപ്പെടുന്നത്. ശ്രീലങ്കയുടെ തെക്കന്‍ മേഖലയായ ഗാലെയില്‍ നിന്നും 40 നോട്ടിക്കല്‍ മൈല്‍ അകലെയുള്ള സഞ്ചാരപാതയിലാണ് സംഭവം. ഇത് ശ്രീലങ്കയുടെ സമുദ്രാതിര്‍ത്തിക്ക് തൊട്ടടുത്താണ്. ഇന്ത്യയിലെ വിശാഖപട്ടണത്ത് നടന്ന 2026 ലെ മിലാന്‍ ബഹുരാഷ്ട്ര നാവിക അഭ്യാസത്തില്‍ പങ്കെടുത്ത ശേഷം ഇറാനിലേക്ക് മടങ്ങുകയായിരുന്നു മൗഡ്ജ് ക്ലാസ് ഫ്രിഗേറ്റാണ് ഐറിസ് ദേന.

കപ്പല്‍ തകര്‍ന്ന് 80 ഇറാനിയന്‍ നാവികര്‍ കൊല്ലപ്പെട്ടതായി ശ്രീലങ്കന്‍ ഡെപ്യൂട്ടി വിദേശ കാര്യ മന്ത്രി അറിയിച്ചു. ഗുരുതരമായി പരിക്കേറ്റ 32 നാവികരെ ശ്രീലങ്കന്‍ ഉദ്യോഗസ്ഥര്‍ രക്ഷപ്പെടുത്തി. അവരെ തെക്കന്‍ തീരദേശ നഗരമായ ഗാലെയിലെ കരാപിതിയ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. ഇതില്‍ ഒരാളുടെ നില അതീവ ഗുരുതരമാണ്. കപ്പലിലുണ്ടായിരുന്ന ബാക്കിയുള്ള സൈനികരടക്കമുള്ളവര്‍ക്കായി തെരച്ചില്‍ തുടരുകയാണെന്ന് ശ്രീലങ്കന്‍ നാവികസേന വക്താവ് ക്യാപ്റ്റന്‍ ബുദ്ധിക സമ്പത്ത് പറഞ്ഞു. കപ്പല്‍ കടലില്‍ പൂര്‍ണ്ണമായും മുങ്ങിയെന്നും നിരവധി മൃതദേഹങ്ങള്‍ കണ്ടെത്തിയെന്നും നാവികസേനയുടെ വക്താവ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. എന്നാല്‍, മരണസംഖ്യ യുഎസ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. 32 പേരെ ശ്രീലങ്കന്‍ അധികൃതര്‍ രക്ഷപ്പെടുത്തിയതായാണ് വിവരം. 148 ഓളം പേരെ കാണാതായെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. സംഭവത്തില്‍ വിശദാന്വേഷണം നടത്തുമെന്നും ഉചിതമായ നടപടി കൈക്കൊള്ളുമെന്നും ശ്രീലങ്കന്‍ വിദേശകാര്യമന്ത്രി വ്യക്തമാക്കി.

Tags:    

Similar News