ദേശീയപാത 66 ; 560 കിലോമീറ്റര്‍ മാര്‍ച്ചില്‍ പൂര്‍ത്തിയാകും; ഇതിനൊപ്പം കേരളത്തില്‍ അഞ്ച് പുതിയ ദേശീയപാതകള്‍ക്ക് പദ്ധതി രേഖ തയ്യാറാക്കുവാനുള്ള നടപടികളും ആരംഭിച്ചു; രാമനാട്ടുകരയില്‍ നിന്നും എയര്‍പോര്‍ട്ട് റോഡ്; കൊടുങ്ങല്ലൂരില്‍ നിന്നും അങ്കമാലിയിലേക്കും എന്‍ എച്ച്; വീണ്ടും ഗഡ്ഗരി-പിണറായി കോമ്പോ വികസനം; കോതമംഗലം-മൂവാറ്റുപുഴ ബൈപ്പാസും വരും
തിരുവനന്തപുരം: കേരളത്തില്‍ അഞ്ച് പുതിയ ദേശീയപാതകള്‍ക്ക് പദ്ധതി രേഖ തയ്യാറാക്കുവാനുള്ള നടപടികള്‍ ആരംഭിച്ചു. കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരിയുമായി മുഖ്യമന്ത്രി പിണറായി വിജയനും പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസും നടത്തിയ കൂടിക്കാഴ്ചയില്‍ ഉന്നയിച്ച ആവശ്യത്തെ തുടര്‍ന്നാണ് നടപടി. സംസ്ഥാനത്തെ കൂടുതല്‍ പാതകള്‍ ദേശീയപാത നിലവാരത്തിലേക്ക് ഉയര്‍ത്തണമെന്ന് ആവശ്യപ്പെടുകയും. അതിനുള്ള വിശദമായ നിര്‍ദേശം സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിക്കുകയും ചെയ്തിരുന്നുവെന്ന് മന്ത്രി മുഹമ്മദ് റിയാസ് അറിയിച്ചു.
സംസ്ഥാന സര്‍ക്കാരിന്റെ തുടര്‍ച്ചയായ ഇടപെടലിന്റെ ഭാഗമായി രാമനാട്ടുകര - കോഴിക്കോട് എയര്‍പോര്‍ട്ട് റോഡ്, കണ്ണൂര്‍ വിമാനത്താവള റോഡ് (ചൊവ്വ - മട്ടന്നൂര്‍), കൊടൂങ്ങല്ലൂര്‍ - അങ്കമാലി റോഡ്, വൈപ്പിന്‍ - മത്സ്യഫെഡ് ടൂറിസ്റ്റ് ഓഫീസ് റോഡ് എന്നിവ ദേശീയപാതാ നിലവാരത്തിലേക്ക് ഉയര്‍ത്താനുള്ള പദ്ധതിരേഖ തയ്യാറാക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചുവെന്ന് ദേശീയപാതാ അതോറിറ്റി അറിയിച്ചു. കൊച്ചി - മധുര ദേശീയപാതയില്‍ കോതമംഗലം, മൂവാറ്റുപുഴ ബൈപാസ് നിര്‍മാണത്തിനുള്ള പദ്ധതി രേഖയും തയ്യാറാക്കുകയാണ്. ജനങ്ങളുടെ ദീര്‍ഘകാലത്തെ സ്വപ്നമായ പാതകളുടെ വികസനം യാഥാര്‍ഥ്യമാക്കുവാന്‍ ഇടപെട്ട കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയ്ക്കും മുഖ്യമന്ത്രി പിണറായി വിജയനും നന്ദി അറിയിക്കുന്നുവെന്ന് മന്ത്രി മുഹമ്മദ് റിയാസ് ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.
മന്ത്രി മുഹമ്മദ് റിയാസിന്റെ പുതിയ ഫെയ്‌സ് ബുക്ക് കുറിപ്പ് ഇങ്ങനെ
മുഖ്യമന്ത്രിയോടൊപ്പം കേന്ദ്രഉപരിതല ഗതാഗതമന്ത്രിയെ ഡല്‍ഹിയില്‍ സന്ദര്‍ശിച്ച ഘട്ടത്തില്‍ കൂടുതല്‍ പാതകള്‍ ദേശീയപാത നിലവാരത്തിലേക്ക് ഉയര്‍ത്തണം എന്ന സംസ്ഥാന സര്‍ക്കാരിന്റെ നിലപാട് അറിയിച്ചിരുന്നു. അതിനുള്ള വിശദമായ നിര്‍ദ്ദേശവും സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ അഞ്ചു പുതിയ ദേശീയപാതകളുടെ പദ്ധതി രേഖ തയ്യാറാക്കുവാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുള്ളത്.
ദീര്‍ഘകാലത്തെ മലബാറിലെ ജനങ്ങളുടെ ആവശ്യമായിരുന്ന രാമനാട്ടുകര - കോഴിക്കോട് എയര്‍പോര്‍ട്ട് റോഡ് സംസ്ഥാന സര്‍ക്കാരിന്റെ തുടര്‍ച്ചയായ ഇടപെടലിന്റെ ഭാഗമായി ദേശീയപാതാ നിലവാരത്തിലേക്ക് ഉയര്‍ത്തുവാന്‍ തീരുമാനിച്ചിരിക്കുകയാണ്. കൂടാതെ കണ്ണൂര്‍ വിമാനത്താവള റോഡ് (ചൊവ്വ - മട്ടന്നൂര്‍) , കൊടൂങ്ങല്ലൂര്‍ - അങ്കമാലി , വൈപ്പിന്‍ - മത്സ്യഫെഡ് ടൂറിസ്റ്റ് ഓഫീസ് റോഡ് എന്നിവയും ദേശീയപാതാ നിലവാരത്തിലേക്ക് ഉയര്‍ത്താനുള്ള പദ്ധതിരേഖ തയ്യാറാക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചുവെന്ന് ദേശീയപാതാ അതോറിറ്റി അറിയിച്ചിട്ടുണ്ട്. അതോടൊപ്പം കൊച്ചി - മധുര ദേശീയപാതയില്‍ കോതമംഗലം, മൂവാറ്റുപുഴ ബൈപാസ് നിര്‍മാണത്തിനുള്ള പദ്ധതി രേഖയും തയ്യാറാക്കുകയാണ്.
ജനങ്ങളുടെ ദീര്‍ഘകാലത്തെ സ്വപ്നമാണ് ഈ പാതകളുടെ വികസനം. ഇത് യാഥാര്‍ഥ്യമാക്കുവാന്‍ എല്ലാ സഹായവും നല്‍കിയ ബഹുമാനപ്പെട്ട കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി ശ്രീ. നിതിന്‍ ഗഡ്കരിയോടും ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ പിണറായി വിജയനോടും പൊതുമരാമത്ത് വകുപ്പിന്റെ നന്ദി അറിയിക്കുന്നു.
കേരളത്തിന്റെ ഗതാഗതരംഗത്ത് കുതിച്ചുചാട്ടമുണ്ടാക്കുന്ന കാസര്‍കോട് -തിരുവനന്തപുരം ദേശീയപാത 66 ന്റെ 560 കിലോമീറ്റര്‍ 2026 മാര്‍ച്ചോടെ പൂര്‍ത്തിയാകും. 480 കിലോമീറ്റര്‍ ഡിസംബറോടെ പൂര്‍ത്തിയാകും. ആകെയുള്ള 642 കിലോമീറ്ററില്‍ 444 കിലോമീറ്റര്‍ ഇതിനോടകം ആറുവരിയായി നിര്‍മിച്ചു. ഇതിന് പിന്നാലെയാണ് പുതിയ പ്രഖ്യാപനങ്ങളുണ്ടാകുന്നത്. വടകര, തുറവൂര്‍, തിരുവനന്തപുരം ഉള്‍പ്പെടെ ചില സ്ഥലങ്ങളില്‍ പ്രവൃത്തി മന്ദഗതിയിലാണ്. മെല്ലെപ്പോക്ക് നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകണമെന്നും മുഖ്യമന്ത്രി ദേശീയപാത അതോറിറ്റിയോട് ആവശ്യപ്പെട്ടിരുന്നു. ഇതും അതോറിറ്റി സമ്മതിച്ചുവെന്നാണ് സൂചന.
കണ്ണൂര്‍ ജില്ലയിലെ നടാലില്‍ ബസുകള്‍ക്കുംകൂടി സഞ്ചരിക്കുന്ന വിധത്തില്‍ അടിപ്പാത നിര്‍മിക്കണം. ബസുകള്‍ ദീര്‍ഘദൂരം സഞ്ചരിച്ച് തിരിച്ചുവരേണ്ടി വരുന്നു. ബസുടമകളും നാട്ടുകാരും പ്രതിഷേധത്തിലാണ്. ഇത് പ്രത്യേക കേസായി പരിഗണിക്കണം. നിര്‍മാണ പ്രവൃത്തിക്ക് തടസമുണ്ടാകരുത്. ഇത്തരം പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ബന്ധപ്പെട്ട കലക്ടറും എസ്പിയും മുന്‍കൈയെടുക്കണം. കേരളത്തിന്റെ ഭൂമിശാസ്ത്രവും ജനസാന്ദ്രതയും കണക്കിലെടുത്തുവേണം പ്രവൃത്തികളെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. തര്‍ക്കങ്ങള്‍ സമയബന്ധിതമായി തീര്‍ക്കാനുള്ള നടപടികളുണ്ടാകണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.