സാഹിത്യ നൊബേല്‍ പ്രഖ്യാപിച്ചു; ഹംഗേറിയന്‍ സാഹിത്യക്കാരന്‍ ലാസ്ലോ ക്രാസ്‌നഹോര്‍ക്കൈയ്ക്ക് പുരസ്‌കാരം; സമാധാനത്തിനുള്ള നൊബേല്‍ നാളെ പ്രഖ്യാപിക്കും; ട്രംപിന്റെ പേരും പരിഗണനയില്‍; ആകാംക്ഷയില്‍ ലോകം

Update: 2025-10-09 11:46 GMT

സ്റ്റോക്കോം: സാഹിത്യത്തിനുള്ള 2025ലെ നൊബേല്‍ പുരസ്‌കാരം ഹംഗേറിയന്‍ എഴുത്തുകാന്‍ ലാസ്ലോ ക്രാസ്‌നഹോര്‍കയിക്ക്. 1954ല്‍ തെക്ക് കിഴക്കന്‍ ഹംഗറിയിലെ ഗ്യൂലയില്‍ ജനനിച്ച ലാസ്ലോ 1985ലാണ് ആദ്യ നോവലായ സതാന്താങ്കോ പ്രസിദ്ധീകരിച്ചത്. ഹംഗറിയിലെ സാഹിത്യരംഗത്ത് ആ നോവല്‍ വലിയ ചര്‍ച്ചയായിരുന്നു. ലാസ്ലോ ക്രാസ്‌നഹോര്‍കായിയുടെ 'ഹെര്‍ഷ്റ്റ് 07769' എന്ന നോവല്‍ രാജ്യത്തെ സാമൂഹിക അസ്വസ്ഥകളെ ചിത്രീകരിക്കുന്ന കൃതിയാണ്. ലാസ്ലോ ക്രാസ്‌നഹോര്‍ക്കൈയ്ക്ക് നോബേല്‍ സമ്മാനം ലഭിക്കുന്നതിനായി കഴിഞ്ഞ പത്തിലധികം വര്‍ഷമായി കാത്തിരിക്കുകയായിരുന്നുവെന്നും ഗൗരവമുള്ള സാഹിത്യത്തിനുള്ള അംഗീകമാരമായാണ് കാണുന്നതെന്നും നിരൂപകന്‍ എന്‍ഇ സുധീര്‍ അഭിപ്രായപ്പെട്ടു. വൈദ്യശാസ്ത്രം, ഭൗതികശാസ്ത്രം, രസതന്ത്ര നൊബേലുകള്‍ തിങ്കള്‍, ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ പ്രഖ്യാപിച്ചിരുന്നു. ദക്ഷിണ കൊറിയന്‍ സാഹിത്യകാരിയായ ഹാന്‍ കാംഗിനാണ് കഴിഞ്ഞ വര്‍ഷം സാഹിത്യത്തിനുളള നൊബേല്‍ ലഭിച്ചിരുന്നത്. ഹാന്‍ കാംഗിലൂടെ ആദ്യമായാണ് ദക്ഷിണകൊറിയയിലേക്ക് നൊബേല്‍ എത്തിയത്.

അതേ സമയം സമാധാന നൊബേല്‍ പ്രഖ്യാപിക്കാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കെ ആകാംക്ഷയോടെ ലോകം. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അവകാശവാദം ഉന്നയിച്ചതോടെയാണ് ഇത്തവണത്തെ സമാധാന നൊബേല്‍ പ്രഖ്യാപനം മുന്‍വര്‍ഷങ്ങളിലേക്കാള്‍ ശ്രദ്ധാകേന്ദ്രമാകുന്നത്. വെള്ളിയാഴ്ചയാണ് സമാധാന നൊബേല്‍ വിജയിയെ പ്രഖ്യാപിക്കുന്നത്. ഡിസംബര്‍ 10ന് നോര്‍വേയുടെ തലസ്ഥാനമായ ഓസ്ലോയില്‍ വച്ചാണ് നൊബേല്‍ സമ്മാനങ്ങള്‍ വിതരണം ചെയ്യുന്നത്.

സമാധാനത്തിനുള്ള നൊബേല്‍ സമ്മാനത്തിന് ഇത്തവണ 338 നാമനിര്‍ദേശങ്ങളാണുള്ളതെന്ന് നൊബേല്‍ പുരസ്‌കാര സമിതി അറിയിച്ചു. ഇതില്‍ 244 വ്യക്തികളും 94 സംഘടനകളുമാണുള്ളത്. നാമനിര്‍ദേശം ലഭിച്ച പേരുകള്‍ നൊബേല്‍ പുരസ്‌കാര സമിതി പരസ്യമായി സ്ഥിരീകരിക്കാറില്ലെങ്കിലും സ്വയം പ്രഖ്യാപിത നാമനിര്‍ദേശങ്ങളുടെയും ഊഹാപോഹങ്ങളുടെയും അടിസ്ഥാനത്തില്‍ ഏതാനും പ്രമുഖ പേരുകളാണ് പുരസ്‌കാര സാധ്യതയില്‍ പ്രചരിക്കുന്നത്.

Tags:    

Similar News