നടിയെ ആക്രമിച്ച കേസില്‍ താന്‍ നിരപരാധി; ദൃശ്യം ചിത്രീകരിച്ചു എന്ന് പറയപ്പെടുന്ന യഥാര്‍ഥ മൊബൈല്‍ ഫോണ്‍ കണ്ടെടുത്തിട്ടില്ല; ഫോണിന്റെ നിറം സംബന്ധിച്ചുള്ള മൊഴികളിലും വൈരുധ്യം; കേസില്‍ ഉള്‍പ്പെടുത്തിയത് നടപടിക്രമങ്ങള്‍ പാലിക്കാതെ; ശിക്ഷ റദ്ദാക്കണം; നടിയെ ആക്രമിച്ച കേസില്‍ അപ്പീലുമായി പള്‍സര്‍ സുനി

നടിയെ ആക്രമിച്ച കേസില്‍ അപ്പീലുമായി പള്‍സര്‍ സുനി

Update: 2026-01-30 09:34 GMT

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ച് ഒന്നാംപ്രതി പള്‍സര്‍ സുനി. കേസില്‍ തന്നെ അന്യായമായി പ്രതിചേര്‍ത്തു എന്നാരോപിച്ചാണ് സുനി കോടതിയെ സമീപിച്ചിരിക്കുന്നത്. ആക്രമണ ദൃശ്യങ്ങള്‍ ചിത്രീകരിക്കാന്‍ ഉപയോഗിച്ചു എന്ന് പറയപ്പെടുന്ന മൊബൈല്‍ ഫോണ്‍ ഇതുവരെ കണ്ടെടുക്കാന്‍ സാധിച്ചിട്ടില്ലെന്നും സംശയാതീതമായി കുറ്റം തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടുവെന്നും സുനി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ആരോപിക്കുന്നു.

കേസിലെ സുപ്രധാന തെളിവായ മെമ്മറി കാര്‍ഡ് കണ്ടെടുത്തത് കൃത്യമായ നടപടിക്രമങ്ങള്‍ പാലിക്കാതെയാണ്. തന്നെ ഈ കേസുമായി നേരിട്ട് ബന്ധിപ്പിക്കുന്ന പ്രധാനപ്പെട്ട തെളിവുകളൊന്നും ഹാജരാക്കാന്‍ പ്രോസിക്യൂഷന് സാധിച്ചിട്ടില്ലെന്നും സുനി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച അപ്പീലില്‍ പറയുന്നു. തനിക്കെതിരെ യാതൊരു തെളിവും ഇല്ലെന്ന് ആരോപിച്ചാണ് സുനി കോടതിയെ സമീപിച്ചിരിക്കുന്നത്.

ഡിഎന്‍എ പരിശോധനയ്ക്കായി സാമ്പിളുകള്‍ ശേഖരിച്ചതില്‍ അപാകതകള്‍ ഉണ്ട്. ദൃശ്യം ചിത്രീകരിച്ചു എന്ന് പറയപ്പെടുന്ന യഥാര്‍ഥ മൊബൈല്‍ ഫോണ്‍ കണ്ടെടുത്തിട്ടില്ലെന്ന് അപ്പീലില്‍ പള്‍സര്‍ പറയുന്നു. ഫോണിന്റെ നിറം സംബന്ധിച്ചുള്ള മൊഴികളിലും വൈരുധ്യമുണ്ട്. ഫോണ്‍ കണ്ടെത്താതെ അതില്‍ ദൃശ്യങ്ങള്‍ പകര്‍ത്തി എന്ന് പറയുന്നത് നിയമപരമായി നിലനില്‍ക്കില്ലെന്ന് അപ്പീലില്‍ പറയുന്നു.

മെമ്മറി കാര്‍ഡ് കണ്ടെടുത്തത് നിയമപരമായ നടപടിക്രമങ്ങള്‍ പാലിക്കാതെയാണെന്നും അപ്പീലില്‍ പറയുന്നുണ്ട്. കൃത്യത്തിന് ഉപയോഗിച്ചു എന്ന് പറയുന്ന സിം കാര്‍ഡ് മറ്റൊരു വ്യക്തിയുടെ പേരിലുള്ളതാണ്. എന്നാല്‍ ഇയാളെ പ്രതിയാക്കുകയോ ചോദ്യം ചെയ്യുകയോ ചെയ്തിട്ടില്ല. ഡിഎന്‍എ പരിശോധനയ്ക്കായി സാംപിളുകള്‍ ശേഖരിച്ചതില്‍ കാലതാമസമുണ്ടായി. തെളിവുകളില്‍ കൃത്രിമം നടക്കാന്‍ സാധ്യതയുണ്ടെന്ന വാദം കോടതി മുഖവിലയ്‌ക്കെടുത്തില്ലെന്നും പള്‍സര്‍ സുനി അപ്പീലില്‍ പറയുന്നു.

തനിക്കെതിരായ കേസ് വാസ്തവവിരുദ്ധവും കെട്ടിച്ചമച്ചതും ഒരു ഭാഗം മാത്രം പരിഗണിച്ചുള്ള അന്വേഷണത്തിന്റെയും ഫലമാണെന്ന് പള്‍സര്‍ സുനി പറയുന്നു. കേസില്‍ എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്യാന്‍ കാലതാമസം ഉണ്ടായതടക്കം ഒട്ടേറെ നടപടിക്രമങ്ങളില്‍ പാളിച്ചകളുണ്ടായി. തിരിച്ചറിയല്‍ പരേഡ് നടത്തിയത് ശരിയായ വിധത്തിലല്ല അടക്കം ഒട്ടേറെ പൊരുത്തക്കേടുകള്‍ കേസിലുണ്ടെന്നും കോടതി ഇതൊന്നും പരിഗണിച്ചില്ലെന്നും അപ്പീലില്‍ പറയുന്നു.

സംശയാതീതമായി കുറ്റം തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടുവെന്നും, അതിനാല്‍ ശിക്ഷാവിധി റദ്ദാക്കണമെന്നുമാണ് സുനിയുടെ ആവശ്യം. നടിയെ ആക്രമിച്ച കേസില്‍ പള്‍സര്‍ സുനിക്ക് 20 വര്‍ഷം തടവും അഞ്ച് ലക്ഷം രൂപ പിഴയുമാണ് വിചാരണ കോടതി ശിക്ഷയായി വിധിച്ചിരുന്നത്. കേസിലെ എട്ടാം പ്രതിയായിരുന്ന നടന്‍ ദിലീപ് ഉള്‍പ്പെടെ നാലു പേരെ തെളിവുകളുടെ അഭാവത്തില്‍ വെറുതെ വിടുകയും ചെയ്തു.

Tags:    

Similar News