അതിവേഗ റെയില്‍പാതയില്‍ ഇ ശ്രീധരന്റെ ചുമതലയെ കുറിച്ച് കേന്ദ്രത്തില്‍ നിന്നും യാതൊരു അറിയിപ്പും ലഭിച്ചിട്ടില്ല; അതിവേഗ റെയില്‍ മറ്റന്നാള്‍ ബജറ്റില്‍ കേന്ദ്രത്തിന് പ്രഖ്യാപിക്കാമല്ലോ? കേന്ദ്രത്തില്‍ നിന്നും രേഖാമൂലം അറിയിച്ചാല്‍ മാത്രമേ ചര്‍ച്ചകള്‍ക്ക് പ്രസക്തിയുള്ളൂ; ആര്‍ആര്‍ടിഎസ് മോഡലിനെ കേന്ദ്രമന്ത്രി പിന്തുണച്ചതാണ്; മെട്രോമാന് മറുപടിയുമായി പി രാജീവ്
അതിവേഗ റെയില്‍പാതയില്‍ ഇ ശ്രീധരന്റെ ചുമതലയെ കുറിച്ച് കേന്ദ്രത്തില്‍ നിന്നും യാതൊരു അറിയിപ്പും ലഭിച്ചിട്ടില്ല
തിരുവനന്തപുരം: മെട്രോമാന്‍ ഇ ശ്രീധരന് മറുപടിയുമായി വ്യവസായ മന്ത്രി പി രാജീവ്. കേരളത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന പുതിയ അതിവേഗ റെയില്‍ പാതയെക്കുറിച്ചോ, അതിന്റെ ചുമതല മെട്രോമാന്‍ ഇ. ശ്രീധരനെ ഏല്‍പ്പിച്ചതിനെക്കുറിച്ചോ സംസ്ഥാന സര്‍ക്കാരിന് ഔദ്യോഗികമായ ഒരു അറിയിപ്പും ലഭിച്ചിട്ടില്ലെന്നാണ് വ്യവസായ മന്ത്രി പി രാജീവ് അറിയിച്ചത്. ശ്രീധരനെ സ്പെഷ്യല്‍ ഓഫീസറായി കേന്ദ്രം നിയമിച്ചിട്ടുണ്ടെങ്കില്‍ അക്കാര്യം ഔദ്യോഗികമായി അറിയിക്കട്ടെ എന്നും, അതിനുശേഷം ചര്‍ച്ച ചെയ്യാമെന്നുമാണ് സര്‍ക്കാര്‍ നിലപാടെന്നം അദ്ദേഹം വ്യക്തമാക്കി.
സംസ്ഥാനത്ത് അതിവേഗ റെയില്‍ പാത വേണമെന്ന കാര്യത്തില്‍ സര്‍ക്കാരിന് അനുകൂല നിലപാടാണുള്ളത്. എന്നാല്‍ കേന്ദ്രത്തിന്റെ പുതിയ നീക്കങ്ങളെക്കുറിച്ച് ഇപ്പോഴും വ്യക്തതയില്ല. ഇ. ശ്രീധരനെ പദ്ധതിക്കായി ചുമതലപ്പെടുത്തിയതിനെക്കുറിച്ച് മാധ്യമങ്ങളിലൂടെയുള്ള അറിവ് മാത്രമേയുള്ളൂ. കേന്ദ്രത്തില്‍ നിന്നും രേഖാമൂലം അറിയിപ്പ് ലഭിച്ചാല്‍ മാത്രമേ ചര്‍ച്ചകള്‍ക്ക് പ്രസക്തിയുള്ളൂ.
മറ്റന്നാള്‍ കേന്ദ്ര ബജറ്റ് അവതരിപ്പിക്കാനിരിക്കെ, അതില്‍ ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്താമല്ലോ. സാങ്കേതികമായ കാര്യങ്ങള്‍ ബജറ്റ് പ്രഖ്യാപനത്തിന് ശേഷം വിശദമായി ചര്‍ച്ച ചെയ്യാമെന്നാണ് സര്‍ക്കാര്‍ കരുതുന്നതെന്നും പി രാജീവ് വ്യക്തമാക്കി. അതിവേഗ റെയില്‍ പാതയ്ക്കായി ആര്‍ആര്‍ടിഎസ് മോഡല്‍ കൊണ്ടുവരുന്നതിനെ കേന്ദ്ര നഗര വികസന മന്ത്രി പരസ്യമായി പിന്തുണച്ചിട്ടുള്ളതാണ്. സില്‍വര്‍ ലൈന്‍ പദ്ധതിക്ക് പകരമായി ഇത്തരം മാതൃകകള്‍ കേന്ദ്രം പരിഗണിക്കുന്നുണ്ടെന്ന സൂചനകള്‍ക്കിടയിലാണ് സര്‍ക്കാരിന്റെ ഈ പ്രതികരണം.
അതേസമയം സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച തിരുവനന്തപുരം- കാസര്‍കോട് റാപ്പിഡ് റെയില്‍പാത പദ്ധതിക്കെതിരെയാണ് ഇ ശ്രീധരന്‍ രംഗത്തുവന്നത്. റാപ്പിഡ് റെയില്‍ കേരളത്തില്‍ പ്രായോഗികമല്ലെന്ന് ഇ ശ്രീധരന്‍ പറഞ്ഞു. പദ്ധതിയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് 100 കോടി രൂപയാണ് ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നത്. ഇതിനിടെയാണ് ശ്രീധരന്‍ വിമര്‍ശനവുായി രംഗത്തുവന്നിരിക്കുന്നത്.
അതിവേഗ റെയില്‍വെയുമായി താരതമ്യം ചെയ്യുമ്പോള്‍ ആര്‍ആര്‍ ടിഎസ് ഒരു സിമ്പിള്‍ വേസ്റ്റ് ആണ്. കേരളത്തില്‍ പ്രായോഗികമല്ല.സര്‍ക്കാരിന് വേറെ ഉദ്ദേശ്യം ഉണ്ടോ എന്നറിയില്ല..അതിവേഗ റെയില്‍വേ എന്നത് ഇടതു സര്‍ക്കാര്‍ ആശയം തന്നെ ആണ്. അതിനാണ് ആദ്യം ജപ്പാനില്‍ നിന്ന്ആളെ കൊണ്ട് വന്നത്.ഇപ്പോള്‍ എന്താണ് ഇങ്ങനെ ഒരു മാറ്റമെന്നും അദ്ദേഹം ചോദിച്ചു. മുഖ്യമന്ത്രിയോട് അതിവേഗ റെയില്‍ പദ്ധതി ആദ്യം സംസാരിച്ചിരുന്നു. അദ്ദേഹം ചര്‍ച്ചയില്‍ തൃപ്തി കാണിച്ചു.
കേന്ദ്രത്തിനു കത്ത് എഴുതണം എന്ന് താന്‍ പറഞ്ഞു. മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ വന്നു കാണുകയും ചെയ്തു. പക്ഷെ കത്തെഴുതാന്‍ മാത്രം സിഎം തയാറയില്ല.അങ്ങനെയാണ് താന്‍ തന്നെ നേരിട്ട് ഇറങ്ങിയതെന്നും ഇ ശ്രീധരന്‍ പറഞ്ഞു. ആര്‍ആര്‍ടിഎസ് തെരെഞ്ഞടുപ് സ്റ്റണ്ട് മാത്രമാണ്.പ്രഖ്യാപനങ്ങള്‍ നടത്തിയാല്‍ പദ്ധതി വരില്ല.ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള ശ്രമം മാത്രമാണിത്. മാക്സിമം ചെങ്ങന്നൂര്‍ - തിരുവനന്തപുരം റൂട്ടില്‍ ആര്‍ആര്‍ടിഎസ് നടപ്പില്‍ ആക്കാം. അതിന് അപ്പുറം വന്നാല്‍, വേഗം കുറയ്ക്കേണ്ടി വരും. ആര്‍ആര്‍ടിഎസ് ജനശ്രദ്ധ തിരിക്കാന്‍ കൊണ്ട് വന്നതാകാം..നടക്കാന്‍ പോണില്ല എന്ന് എല്ലാവര്‍ക്കും അറിയാം.സ്ഥലം ഏറ്റെടുക്കാന്‍ സര്‍ക്കാരിന്റെ സഹായം വേണം..സര്‍വേ നടത്താന്‍ സ്റ്റേറ്റ് സഹായം വേണ്ട..സ്ഥലം ഏറ്റെടുപ്പ് കുറച്ചു കഴിഞ്ഞായിരിക്കും..അപ്പൊ ആരൊക്കെ ഉണ്ടാകും? ഈ സര്‍ക്കാര്‍ ഉണ്ടാവുമോയെന്നും ഇ ശ്രീധരന്‍ ചോദിച്ചു.
ആര്‍ആര്‍ടിഎസിന് പകുതി വേഗത മാത്രമേ കിട്ടുള്ളു. യാത്രക്കാര്‍ക്ക് സമയനഷ്ടം വരും. കെ. റെയില്‍ ഇല്ലാതാക്കിയത് താന്‍ ആണെന്നു മുഖ്യമന്ത്രി പറഞ്ഞത് ദുരുദ്ദേശപരമാണ്. കെ റെയിലിന്റെ ഓരോ ഘട്ടത്തിലും അതിന്റെ പ്രശ്നങ്ങള്‍ പറഞ്ഞിരുന്നു. ആ ഘട്ടത്തിലൊക്കെ സാധ്യതയുള്ള അതിവേഗ റെയില്‍ ഉണ്ടാക്കണമെന്ന് മുഖ്യമന്ത്രിക്ക് കത്ത് അയച്ചു. പുതിയ പദ്ധതിയുടെ ഐഡിയ ആരാണ് നല്‍കിയത് ആരാണെന്ന് തനിക്കറിയില്ലെന്നും ഇ. ശ്രീധരന്‍.
ഇ.ശ്രീധരന്‍ നിര്‍ദേശിച്ച വേഗ റെയില്‍ പദ്ധതിക്കു റെയില്‍വേ മന്ത്രാലയത്തില്‍നിന്ന് ഔദ്യോഗിക പ്രതികരണം ലഭിക്കാതിരുന്നതുകൊണ്ടും കേന്ദ്ര നഗരകാര്യമന്ത്രി അനുകൂലിച്ചതുകൊണ്ടുമാണ് പുതിയ ആര്‍ആര്‍ടിഎസ് പദ്ധതിക്കു മന്ത്രിസഭ അംഗീകാരം നല്‍കിയതെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ പറഞ്ഞിരുന്നു. 583 കിലോമീറ്റര്‍ നീളത്തിലുള്ള റീജിയണല്‍ റാപിഡ് ട്രാന്‍സിറ്റ് സിസ്റ്റം പദ്ധതിക്ക് മന്ത്രിസഭാ യോഗം തത്വത്തില്‍ അംഗീകാരം നല്‍കിയതിനു തൊട്ടുപിന്നാലെയാണ് ബജറ്റില്‍ പ്രഖ്യാപനവും അലോക്കേഷനും നടത്തിയത്.
