ഒരു പ്രസംഗത്തിന് ഈടാക്കുന്നത് ഒന്നരക്കോടി രൂപ; ഒപ്പം ഗോള്‍ഡ്മാന്‍ സാച്ചിന്റെ ഉപദേശക പദവിയില്‍ നിന്ന് കോടികള്‍; ഇപ്പോള്‍ മൈക്രോസോഫ്റ്റിലും ഉപദേശകന്‍: രണ്ടു വര്‍ഷം ബ്രിട്ടീഷ് പ്രധാനമന്ത്രി പദവിയില്‍ എത്തിയ ഋഷി സുനക്കിന് പ്രതിഫലം കോടികള്‍
ലണ്ടന്‍: മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രിയെ തേടി ടെക് ഭീമന്മാരും എത്തി. മൈക്രോസോഫ്റ്റ്, ആന്‍ത്രോപിക് കമ്പനികളുടെ സീനിയര്‍ അഡ്വൈസര്‍ ആയാണ് ഋഷി സുനക് ഇപ്പോള്‍ നിയമിതനായിരിക്കുന്നത്. അഡ്വൈസറി കമ്മിറ്റി ഓണ്‍ ബിസിനസ്സ് അപ്പോയിന്റ്‌മെന്റ്‌സിന്റെ വെസ്റ്റ്മിനിസ്റ്റര്‍ ഓഫീസ് പ്രസിദ്ധീകരിച്ച കത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. നേരത്തേ പ്രമുഖ ഇന്‍വെസ്റ്റ്‌മെന്റ് ബാങ്ക് ആയ ഗോള്‍മാന്‍ സാഷ് ഇന്റര്‍നാഷണലിന്റെ സീനീയര്‍ അഡ്വൈസര്‍ പദവിയും ഋഷിക്ക് ലഭിച്ചിരുന്നു. അതുപോലെ അമേരിക്കയിലെ ബെയിന്‍ ക്യാപിറ്റല്‍, മകേന ക്യാപിറ്റല്‍ എന്നിവയിലും ഋഷി നിലവില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഒരു പ്രഭാഷണത്തിന് 1,50,000 പൗണ്ട് വരെയാണ് ഇവിടെ ഋഷിക്ക് ലഭിക്കുക.
2022 ഒക്ടോബര്‍ മുതല്‍ 2024 ജൂലായ് വരെ ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്നപ്പോള്‍, മൈക്രോസോഫ്റ്റിനെ ആധുനിക സാങ്കേതിക വിദ്യയുടെ സ്ഥാപക പിതാക്കള്‍ എന്നായിരുന്നു ഋഷി വിശേഷിപ്പിച്ചത്. ബ്രിട്ടീഷ് ഉപ പ്രധാനമന്ത്രിയായിരുന്ന ലിബറല്‍ ഡെമോക്രാറ്റ് നേതാവ് നിക്ക് ക്ലെഗ്ഗിനു ശേഷം സിലിക്കോണ്‍ വാലിയിലെ പ്രമുഖ കമ്പനികളില്‍ വേതനത്തോടെ ജോലിചെയ്യുന്ന രണ്ടാമത്തെ ബ്രിട്ടീഷ് രാഷ്ട്രീയ നേതാവായിരിക്കുകയാണ് ഋഷി സുനക് ഇപ്പോള്‍. ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം എന്നിവയുടെ ഉടമകളായ മെറ്റയില്‍ ഗ്ലോബല്‍ അഫയേഴ്സിന്റെ പ്രസിഡന്റ് ആയിട്ടാണ് ക്ലെഗ് ജോലി ചെയ്തത്.
ഋഷി സുനക്കിന്റെ രാഷ്ട്രീയ ഉപദേഷ്ടാവായ ലിയാം ബൂത്ത് സ്മിത്തും ആന്‍ത്രോപിക്കില്‍ ചേര്‍ന്നതായി ജൂണില്‍ തന്നെ വിവരം പുറത്തു വന്നിരുന്നു. 2023 ല്‍ മൈക്രോസോഫ്റ്റ് ചീഫ് എക്സിക്യൂട്ടീവ് ബ്രാഡ് സ്മിത്തുമായി ചേര്‍ന്ന് ഒരു 2.5 ബില്യന്‍ പൗണ്ടിന്റെ ഡീല്‍ ബ്ലെറ്റ്‌ക്ലെ പാര്‍ക്ക് എ ഐ സമ്മിറ്റില്‍ ഋഷി സുനക് പ്രഖ്യാപിച്ചിരുന്നു. പുതിയ ഡാറ്റാ സെന്ററുകള്‍ക്കായുള്ള നിക്ഷേപമെന്നായിരുന്നു അതിനെ ഋഷി സുനക് വിശേഷിപ്പിച്ചത്. മൈക്രോസോഫ്റ്റ് സഹ സ്ഥാപകനായ ബില്‍ ഗെയ്റ്റ്‌സുമായും ഋഷി സുനക് കൂടിക്കാഴ്ച നടത്തിയിരുന്നു. കഴിഞ്ഞ മാസം നടന്ന കൂടിക്കാഴ്ചയ്ക്ക് ശേഷം യു കെയില്‍ 22 ബില്യന്‍ പൗണ്ടിന്റെ നിക്ഷേപവും മൈക്രോസോഫ്റ്റ് വാഗ്ദാനം നല്‍കിയിരുന്നു.
പ്രതിവര്‍ഷം 1.4 ബില്യന്‍ പൗണ്ട് ചെലവു വരുന്ന, ഡിജിറ്റല്‍ ട്രാന്‍സ്‌ഫോര്‍മേഷന്‍, എ ഐ വത്കരണം, ക്ലൗഡ് സര്‍വീസ് തുടങ്ങിയവ ഉള്‍പ്പെടുന്ന പദ്ധതിക്കായി മൈക്രോസോഫ്റ്റ് വിവിധ സര്‍ക്കാര്‍ വകുപ്പുകളുമായി കരാറില്‍ ഏര്‍പ്പെട്ടിരുന്നു. 2023 ല്‍ ഋഷി സുനക് പ്രധാനമന്ത്രിയായിരുന്നപ്പോള്‍, കോള്‍ ഓഫ് ഡ്യൂട്ടി മേക്കര്‍ ആക്റ്റിവിഷന്‍ വാങ്ങുന്നതില്‍ നിന്നും മൈക്രോസോഫ്റ്റിനെ തടഞ്ഞിരുന്നു. പിന്നീട് ചില ഭേദഗതികള്‍ വരുത്തിയാണ് ഇത് നടന്നത്.
ഇരു സ്ഥാപനങ്ങളില്‍ നിന്നും ലഭിക്കുന്ന ശമ്പളം ഋഷി സുനക് ചാരിറ്റി സംഘടനയായ റിച്ച്‌മോണ്ട് പ്രൊജക്റ്റിനായിരിക്കും നല്‍കുക. ഭാര്യ അക്ഷത മൂര്‍ത്തിക്കൊപ്പം ഋഷി സുനക് സ്ഥാപിച്ച സംഘടനയാണിത്.