ഡല്‍ഹയില്‍ കാമ്പസ് തുറന്ന് സൗത്താംപ്ടണ്‍ യൂണിവേഴ്‌സിറ്റി; യോര്‍ക്ക്, അബര്‍ഡീന്‍, ബ്രിസ്റ്റള്‍, കവന്‍ട്രി, ക്വീന്‍സ്, ലിവര്‍പൂള്‍ കാമ്പസുകള്‍ ഈ വര്‍ഷം; സറേ, ലങ്കാസ്റ്റര്‍ യൂണിവേഴ്‌സിറ്റികള്‍ക്കും അനുമതി: ബ്രിട്ടീഷ് സര്‍വകലാശാലകള്‍ ഇന്ത്യയിലേക്ക് ഒഴുകുമ്പോള്‍
ന്യൂഡല്‍ഹി: പഠനത്തിനായി ഇന്ത്യക്കാര്‍ യുകെയിലേക്ക് ഒഴുകിയിരുന്ന കാലം അവസാനിക്കുമോ? പകരം ബ്രിട്ടീഷുകാര്‍ ഇന്ത്യയിലേക്ക് പഠിക്കാന്‍ എത്തുമോ? ഇപ്പോള്‍ ഇന്ത്യ സന്ദര്‍ശിക്കുന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി കീര്‍ സ്റ്റര്‍മാര്‍ ഇന്നലെ പ്രഖ്യാപിച്ചതും മോദി സ്ഥിരീകരിച്ചതും ഇത് തന്നെയാണ്. കുറഞ്ഞ ചെലവില്‍ ഉയര്‍ന്ന ബ്രിട്ടീഷ് വിദ്യാഭ്യാസം ഇന്ത്യയിലെ വിവിധ നഗരങ്ങളില്‍ ലഭ്യമാക്കുന്ന വിധത്തില്‍ പ്രമുഖ ബ്രിട്ടീഷ് യൂണിവേഴ്സിറ്റികള്‍ ഇന്ത്യയില്‍ കാമ്പസുകള്‍ തുടങ്ങുകയാണ്. അതിനുള്ള അനുമതി പൂര്‍ണമായും നല്‍കിയെന്ന് പ്രധാന മന്ത്രി മോദിയും സ്ഥിരീകരിച്ചു.
ഇന്ത്യാ ബ്രിട്ടന്‍ വ്യാപാര കരാറിന്റെ ഭാഗമായിട്ടാണ് ഇപ്പോള്‍ ബ്രിട്ടീഷ് യൂണിവേഴ്സിറ്റികള്‍ ഇന്ത്യയില്‍ ക്യാമ്പസുകള്‍ തുറക്കുന്നത്. യു കെയുടെ കയറ്റുമതികളില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ഉന്നത വിദ്യാഭ്യാസം. മാത്രമല്ല, അന്താരാഷ്ട്ര തലത്തില്‍ തന്നെ ഏറെ ശ്ലാഘനീയമായ ഉന്നത നിലവാരം പുലര്‍ത്തുന്ന പാഠ്യ പദ്ധതികളുമാണ്. അതുകൊണ്ടു തന്നെയാണ് ലോകത്തിന്റെ പല മേഖലകളില്‍ നിന്നും വിദ്യാര്‍ത്ഥികളെ ബ്രിട്ടനിലേക്ക് ആകര്‍ഷിക്കപ്പെടുന്നതും. യൂണിവേഴ്സിറ്റി ഓഫ് ലങ്കാസ്റ്ററിനും, യൂണിവേഴ്സിറ്റി ഓഫ് സറേയ്ക്കും ഇന്ത്യയില്‍ ക്യാമ്പസ് ആരംഭിക്കാനുള്ള അനുമതികളെല്ലാം ലഭിച്ചതായി സ്റ്റാര്‍മര്‍ സ്ഥിരീകരിച്ചു.
നിലവില്‍ ഇന്ത്യയിലെ വിവിധ യൂണിവേഴ്സിറ്റികളിലായി 40 മില്യന്‍ വിദ്യാര്‍ത്ഥികളാണ് പഠിക്കുന്നത്. 2035 ആകുമ്പോഴേക്കും 70 മില്യന്‍ സീറ്റുകളുടെ ആവശ്യകത വരും. ഈ ആവശ്യകതയിലാണ് ലോകോത്തര നിലവാരമുള്ള ബ്രിട്ടീഷ് ഉന്നത വിദ്യാഭ്യാസ മേഖല വന്‍ സാധ്യതകള്‍ കാണുന്നത്. ഇതുവഴി, ആയിരക്കണക്കിന് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് രാജ്യം വിട്ട് പോകാതെ തന്നെ ബ്രിട്ടീഷ് ബിരുദങ്ങള്‍ ലഭിക്കുന്നതിനുള്ള സാധ്യത ഒരുങ്ങുകയാണ്. മാത്രമല്ല, ഇന്ത്യന്‍ വിദ്യാഭ്യാസ രംഗത്ത് ഏറ്റവും വലിയ സാന്നിദ്ധ്യമുള്ള വിദേശരാജ്യമായി ബ്രിട്ടന്‍ മാറുകയും ചെയ്യും.
യൂണിവേഴ്സിറ്റി ഓഫ് സൗത്താംപ്ടണ്‍ ഈ വര്‍ഷം ആദ്യം തന്നെ ഡെല്‍ഹിയില്‍ ക്യാമ്പസ് തുറന്നിരുന്നു. യൂണിവേഴ്സിറ്റി ഓഫ് യോര്‍ക്ക്, യൂണിവേഴ്സിറ്റി ഓഫ് അബെര്‍ഡീന്‍, യൂണിവേഴ്സിറ്റി ഓഫ് ബ്രിസ്റ്റോള്‍, യൂണിവേഴ്സിറ്റി ഓഫ് ലിവര്‍പൂള്‍, ക്യൂന്‍സ് യൂണിവേഴ്സിറ്റി ബെല്‍ഫാസ്റ്റ്, യൂണിവേഴ്സിറ്റി ഓഫ് കവന്‍ട്രി എന്നിവ അടുത്ത വര്‍ഷം തന്നെ ഇന്ത്യയില്‍ ക്യാമ്പസ്സുകള്‍ തുറക്കും. ഇന്തോ ബ്രിട്ടീഷ് ദൗഹൃദത്തിന്റെ ചരിത്രത്തിലെ മറ്റൊരു നാഴികക്കല്ലായ ഈ തീരുമാനം ഇരു രാജ്യങ്ങളിലെയും പ്രധാനമന്ത്രിമാരും വിവിധ യു കെ യൂണിവേഴ്സിറ്റികളിലെ വൈസ് ചാന്‍സലര്‍മാരും ഒത്തുചേര്‍ന്ന യോഗത്തില്‍ ആഘോഷിക്കപ്പെട്ടു. മുംബൈയില്‍ വെച്ചായിരുന്നു യോഗം.
യൂണിവേഴ്സിറ്റി ഓഫ് സറേ ഗുജറാത്തിലെ ഗിഫ്റ്റ് സിറ്റിയില്‍ പുതിയ ഇന്റര്‍നാഷണല്‍ ബ്രാഞ്ച് ക്യാമ്പസ് ആരംഭിച്ചിട്ടുണ്ട്. യൂണിവേഴ്സിറ്റി ഓഫ് ലങ്കാസ്റ്റര്‍ ബംഗലൂരുവിലായിരിക്കും ക്യാമ്പസ് ആരംഭിക്കുക. ഇംപീരിയല്‍ കോളേജ് ലണ്ടന്‍ ഉള്‍പ്പടെയുള്ള മറ്റ് പ്രശസ്ത ബ്രിട്ടീഷ് വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇന്ത്യയിലേക്ക് ഉറ്റുനോക്കുകയാണ്.ഇംപീരിയല്‍ കോളേജ് ലണ്ടന്‍ ബംഗലൂരുവിലെ സയന്‍സ് ഗ്യാലറിയുമായി ചേര്‍ന്നായിരിക്കും ഇന്ത്യയില്‍ അവരുടെ സാന്നിദ്ധ്യം അറിയിക്കുക. ശാസ്ത്രജ്ഞര്‍ക്കുള്ള ഫെല്ലോഷിപ്പ് പ്രോഗ്രാമുകളായിരിക്കും ഇവിടെയുണ്ടാവുക. യൂണിവേഴ്സിറ്റി ഓഫ് ലിവര്‍പൂളും ബംഗലൂരുവിലായിരിക്കും അടുത്ത വര്‍ഷം ക്യാമ്പസ് തുറക്കുക.
യൂണിവേഴ്സിറ്റി ഓഫ് യോര്‍ക്ക്, യൂണിവേഴ്സിറ്റി ഓഫ് അബര്‍ഡീന്‍ എന്നിവ മുംബൈയിലായിരിക്കും ക്യാമ്പസുകള്‍ തുറക്കുക. ഇംഗ്ലീഷ് സംസാരിക്കുന്ന രാജ്യങ്ങളിലെയെല്ലാം കണക്കുകള്‍ നോക്കിയാല്‍, ഏറ്റവും പഴക്കം ചെന്ന അഞ്ചാമത്തെ യൂണിവേഴ്സിറ്റിയാണ് അബര്‍ഡീന്‍ യൂണിവേഴ്സിറ്റി. ക്യൂന്‍സ് യൂണിവേഴ്സിറ്റി ഗുജറാത്തിലെ ഗിഫ്റ്റ് സിറ്റീയിലാണ് ക്യാമ്പസ് തുറക്കുന്നത്. അതേസമയം കവന്‍ട്രി യൂണിവേഴ്സിറ്റി ക്യാമ്പസ് തുറക്കുക ഡല്‍ഹിയില്‍ ആയിരിക്കും.ഗിഫ്റ്റ് സിറ്റിയിലും ഇവര്‍ക്ക് ക്യാമ്പസ് ഉണ്ടാകും. യൂണിവേഴ്സിറ്റി ഓഫ് ബ്രിസ്റ്റോള്‍, മുംബൈ ഐ ഐ ടിയുമായി സഹകരിച്ചുള്ള ഗവേഷണ പദ്ധതികള്‍ക്കാണ് മുന്‍തൂക്കം നല്‍കുന്നത്. അതോടൊപ്പം അവര്‍ മുംബൈയില്‍ ഒരു ക്യാമ്പസും തുറക്കും.