'പാകിസ്ഥാന്‍ ഭീകരതയുടെയും മതഭ്രാന്തിന്റെയും അക്രമത്തിന്റെയും ഉറവിടം; നിയമവിരുദ്ധമായി കൈവശപ്പെടുത്തിയ കശ്മീരിലെ മനുഷ്യാവകാശ ലംഘനങ്ങള്‍ അവസാനിപ്പിക്കണം'; യു എന്നില്‍ പാക്കിസ്ഥാനെതിരെ തുറന്നടിച്ച് എന്‍ കെ പ്രേമചന്ദ്രന്‍
ന്യൂയോര്‍ക്ക്: ഭീകരതയുടെയും അക്രമത്തിന്റെയും മതഭ്രാന്തിന്റെയും അസഹിഷ്ണുതയുടെയും തീവ്രവാദത്തിന്റെയും ഉറവിടമാണ് പാക്കിസ്ഥാനെന്ന് യു എന്നില്‍ ഇന്ത്യ. പാകിസ്ഥാന്‍ നിയമവിരുദ്ധമായി കൈവശപ്പെടുത്തിയിരിക്കുന്ന കശ്മീരിലെ ഗുരുതരവും തുടര്‍ച്ചയായതുമായ മനുഷ്യാവകാശ ലംഘനങ്ങളടക്കം ചൂണ്ടിക്കാട്ടിയാണ് വിമര്‍ശനം. കോളനിവല്‍ക്കരണം തടയല്‍ സംബന്ധിച്ച ജനറല്‍ അസംബ്ലി കമ്മിറ്റിയില്‍ എന്‍കെ പ്രേമചന്ദ്രന്‍ എംപിയാണ് പാകിസ്ഥാനെതിരെ തുറന്നടിച്ചത്. പാക്ക് അധീന കശ്മീരിലെ മനുഷ്യാവകാശ ലംഘനങ്ങള്‍ അവസാനിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ഈ വര്‍ഷം ഏപ്രിലില്‍ വരെ പാകിസ്ഥാന്‍ പരിശീലനം നല്‍കി സ്‌പോണ്‍സര്‍ ചെയ്ത തീവ്രവാദികള്‍ ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ 26 നിരപരാധികളായ സാധാരണക്കാരെ കൊലപ്പെടുത്തിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 1948 ഏപ്രിലില്‍ അംഗീകരിച്ച സുരക്ഷാ കൗണ്‍സില്‍ പ്രമേയം 47-ന് വിരുദ്ധമായി പാകിസ്ഥാന്‍ കൈവശപ്പെടുത്തിയിരിക്കുന്ന കശ്മീര്‍ പ്രദേശത്ത് അവര്‍ നടത്തുന്ന ക്രൂരമായ അടിച്ചമര്‍ത്തലിനെ അദ്ദേഹം തുറന്നുകാട്ടി.
'പാകിസ്ഥാന്‍ നിയമവിരുദ്ധമായി കൈവശപ്പെടുത്തിയിരിക്കുന്ന പ്രദേശങ്ങളില്‍ നടക്കുന്ന ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങള്‍ അവസാനിപ്പിക്കാന്‍ ഞങ്ങള്‍ ആവശ്യപ്പെടുന്നു. പാകിസ്ഥാന്റെ സൈനിക അധിനിവേശം, അടിച്ചമര്‍ത്തല്‍, ക്രൂരത, വിഭവങ്ങളുടെ നിയമവിരുദ്ധ ചൂഷണം എന്നിവയ്ക്കെതിരെ ജനങ്ങള്‍ തുറന്ന കലാപത്തിലാണ്.' എന്‍കെ പ്രേമചന്ദ്രന്‍ പറഞ്ഞു.
'കഴിഞ്ഞ ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ മാത്രം, അധിനിവേശ പാകിസ്ഥാന്‍ സേനയും അവരുടെ കിങ്കരന്മാരും അടിസ്ഥാന അവകാശങ്ങള്‍ക്കും സ്വാതന്ത്ര്യങ്ങള്‍ക്കും വേണ്ടി പ്രക്ഷോഭം നടത്തിയ ഒട്ടേറെ നിരപരാധികളായ സാധാരണക്കാരെ കൊലപ്പെടുത്തി. ചൂഷണത്തിനും ദുഷ്പ്രവൃത്തികള്‍ക്കുമെതിരായ പ്രതിഷേധം അടിച്ചമര്‍ത്താന്‍ പാകിസ്ഥാന്‍ സൈന്യം 12-ലധികം പേരെയാണ് കൊന്ന് തള്ളിയത്' - അദ്ദേഹം പറഞ്ഞു.
ഫോര്‍ത്ത് കമ്മിറ്റി എന്നറിയപ്പെടുന്ന പാനലിന്റെ പ്രവര്‍ത്തനങ്ങളുമായോ അജണ്ടയിലെ വിഷയങ്ങളുമായോ യാതൊരു ബന്ധവുമില്ലായിരുന്നുവെങ്കിലും ഇന്ത്യയെയും കശ്മീരിനെയും കുറിച്ച് കഴിഞ്ഞ ആഴ്ച പാകിസ്ഥാന്‍ നടത്തിയ ആരോപണങ്ങള്‍ക്കും പ്രേമചന്ദ്രന്‍ മറുപടി നല്‍കി.
'ലോകമെമ്പാടും ഭീകരതയെ ഭരണകൂട നയത്തിന്റെ ഉപകരണമായി ഉപയോഗിക്കുന്നതില്‍ കുപ്രസിദ്ധമായ ഒരു രാജ്യം ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യത്തെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചത് വിരോധാഭാസമാണ്'- അദ്ദേഹം പറഞ്ഞു.
'സൈനിക സ്വേച്ഛാധിപത്യം, തെരഞ്ഞെടുപ്പ് അട്ടിമറി, തെരഞ്ഞെടുക്കപ്പെട്ട ജനകീയ നേതാക്കളെ തടവിലാക്കല്‍, മതതീവ്രവാദം, ഭരണകൂടം സ്‌പോണ്‍സര്‍ ചെയ്യുന്ന ഭീകരത എന്നിവയുടെ സ്ഥിരം റെക്കോര്‍ഡുള്ള പാകിസ്ഥാന്‍ പോലുള്ള ഒരു രാജ്യം ഭാവിയില്‍ ഈ വേദിയില്‍ ധര്‍മ്മപ്രസംഗം നടത്തുന്നതില്‍ നിന്ന് വിട്ടുനില്‍ക്കണം' എന്‍കെ പ്രേമചന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു. ജമ്മു കശ്മീര്‍ എക്കാലത്തും ഇന്ത്യയുടെ അവിഭാജ്യമായ ഘടകമാണെന്നും അദ്ദേഹം ഉറപ്പിച്ച് പറഞ്ഞു.