ശ്രീധരീയത്തില്‍ മകള്‍ക്ക് ഒപ്പം ആയുര്‍വേദ നേത്ര ചികിത്സയ്ക്ക് എത്തി; പ്രഭാത നടത്തത്തിനിടെ ഹൃദയാഘാതം: കെനിയയുടെ മുന്‍പ്രധാനമന്ത്രി റെയ്ല ഒഡിങ്ക കൂത്താട്ടുകുളത്ത് അന്തരിച്ചു
കൊച്ചി: കെനിയയുടെ മുന്‍ പ്രധാനമന്തി റെയ്ല ഒഡിങ്ക കൂത്താട്ടുകുളത്ത് അന്തരിച്ചു. പ്രഭാത നടത്തത്തിനിടെ ഹൃദയാഘാതം ഉണ്ടാകുകയായിരുന്നു. മകളും ബന്ധുക്കളും ഒപ്പമുണ്ടായിരുന്നു. ശാരീരിക അസ്വാസ്ഥ്യത്തെത്തുടര്‍ന്ന് കൂത്താട്ടുകുളം ദേവമാത ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. മൃതദേഹം നാട്ടില്‍ എത്തിക്കുന്നത് ഉള്‍പ്പെടെയുള്ള മറ്റു നടപടികള്‍ എംബസി മുഖേനെ സ്വീകരിക്കും. നയതന്ത്ര തലത്തിലുള്ള നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് എത്തിക്കുക.
ശ്രീധരീയത്തില്‍ ചികിത്സയ്ക്ക് എത്തിയതായിരുന്നു അദ്ദേഹം. മകള്‍ റോസ്മേരി ഒഡിങ്കയ്ക്ക് കേരളത്തില്‍ നടത്തിയ ആയുര്‍വേദ നേത്ര ചികിത്സ വളരെ ഫലപ്രദമായിരുന്നു. ഇദ്ദേഹത്തിന്റെ ചികിത്സയ്ക്കുവേണ്ടിയാണ് ഇത്തവണ എത്തിയതെന്നാണ് വിവരം. പ്രധാനമന്ത്രിയുടെ മന്‍ കി ബാത്തില്‍ അടക്കം ഇദ്ദേഹം കേരളത്തില്‍ എത്തി നടത്തിയ ചികിത്സ പരാമര്‍ശിക്കപ്പെട്ടിരുന്നു.
ശ്രീധരീയവുമായി ദീര്‍ഘകാലമായി ബന്ധമുള്ള റെയില ഒടിങ്ക ആറു ദിവസം മുമ്പാണ് ചികിത്സയ്ക്കായി കൂത്താട്ടുകുളത്തെത്തിയത്. മകളും ബന്ധുക്കളും ഒപ്പമുണ്ടായിരുന്നു. പലതവണ ഇദ്ദേഹം കൂത്താട്ടുകുളം ശ്രീധരീയം നേത്രചികിത്സ ആശുപത്രിയില്‍ എത്തിയിട്ടുണ്ട്.
കെനിയന്‍ രാഷ്ട്രീയ നേതാവായ റെയില ഒടിങ്ക 2008 മുതല്‍ 2013 ലാണ് പ്രധാനമന്ത്രിയായത്. 1992 മുതല്‍ 2013 വരെ ലംഗാട്ട മണ്ഡലത്തില്‍ നിന്നും പാര്‍ലമെന്റ് അംഗമായിരുന്നു. 2013 മുതല്‍ പ്രതിപക്ഷ നേതാവായും പ്രവര്‍ത്തിച്ചിട്ടുണ്ട്. അഞ്ചു തവണ കെനിയന്‍ പ്രസിഡന്റ് പദത്തിലേക്ക് മത്സരിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു.