സിംഗപ്പൂരുകാര്‍ക്ക് 193 രാജ്യങ്ങളില്‍ വിസയില്ലാതെ കയറാം; ഏറ്റവും ശക്തമായ പത്ത് പാസ്‌പോര്‍ട്ടുകളുടെ കൂട്ടത്തില്‍ നിന്നും അമേരിക്കയും പുറത്ത്; ബ്രിട്ടണും തിരിച്ചടി; ഇന്ത്യക്കാര്‍ക്ക് 57 രാജ്യങ്ങളില്‍ വിസാരഹിത എന്‍ട്രി; പാക്കിസ്ഥാന് വമ്പന്‍ തിരിച്ചടി; പാസ്‌പോര്‍ട്ട് റാങ്കിംഗില്‍ സംഭവിച്ചത്

Update: 2025-10-16 02:51 GMT

ലണ്ടന്‍: ഹെന്‍ലി പാസ്പോര്‍ട്ടിന്റെ പുതിയ സൂചിക പ്രകാരം പാക്കിസ്ഥാന്റെ പാസ്പോര്‍ട്ട് റാങ്കിംഗില്‍ കാര്യമായ ഇടിവ്. ഏറ്റവും പുതിയ കണക്കുകള്‍ അനുസരിച്ച് യെമനോടൊപ്പം പാക്കിസ്ഥാന്‍ 103-ാം സ്ഥാനത്തേക്ക് താഴ്ന്നു. 31 രാജ്യങ്ങളിലേക്ക് മാത്രമാണ് ഈ പാസ്പോര്‍ട്ട് ഉപയോഗിച്ച് വിസയില്ലാതെ പ്രവേശനം സാധ്യമാവുക.

മുമ്പ് 96-ാം സ്ഥാനത്തായിരുന്ന പാക്കിസ്ഥാന് 32 രാജ്യങ്ങളില്‍ വിസയില്ലാതെ പ്രവേശനം ലഭിച്ചിരുന്നു. നിലവില്‍ ഇറാഖ് (104ാം റാങ്ക്, 29 രാജ്യങ്ങള്‍), സിറിയ (105ാം റാങ്ക്, 26 രാജ്യങ്ങള്‍), അഫ്ഗാനിസ്ഥാന്‍ (106ാം റാങ്ക്, 24 രാജ്യങ്ങള്‍) എന്നിവ മാത്രമാണ് പാക്കിസ്ഥാന് പിന്നിലുള്ളത്. ഏഷ്യന്‍ രാജ്യങ്ങളായ സിംഗപ്പൂര്‍, ദക്ഷിണ കൊറിയ, ജപ്പാന്‍ എന്നിവയാണ് റാങ്കിംഗില്‍ മുന്നില്‍.

സിംഗപ്പൂരിന് 193 രാജ്യങ്ങളിലേക്ക് വിസയില്ലാതെ പ്രവേശിക്കാന്‍ അനുമതിയുള്ളപ്പോള്‍, ദക്ഷിണ കൊറിയ (190), ജപ്പാന്‍ (189) എന്നിവ തൊട്ടുപിന്നിലുണ്ട്. ജര്‍മ്മനി, ഇറ്റലി, ലക്‌സംബര്‍ഗ്, സ്‌പെയിന്‍, സ്വിറ്റ്‌സര്‍ലന്‍ഡ് എന്നിവ 188 രാജ്യങ്ങളുമായി നാലാം സ്ഥാനത്തും, ഓസ്ട്രിയ, ബെല്‍ജിയം, ഡെന്‍മാര്‍ക്ക്, ഫിന്‍ലന്‍ഡ്, ഫ്രാന്‍സ്, അയര്‍ലന്‍ഡ്, നെതര്‍ലന്‍ഡ്‌സ് എന്നിവ 187 രാജ്യങ്ങളുമായി അഞ്ചാം സ്ഥാനത്തും എത്തി. ഇന്ത്യയ്ക്ക് റാങ്കിംഗില്‍ 85-ാം സ്ഥാനമാണുള്ളത്. വിസയില്ലാതെ 57 രാജ്യങ്ങളില്‍ ഇന്ത്യാക്കാര്‍ക്ക് പ്രവേശിക്കാം. ഇന്ത്യയ്ക്കും റാങ്കിംഗില്‍ ഇടിവുണ്ട്.

കഴിഞ്ഞ 20 വര്‍ഷത്തിനിടെ ആദ്യമായി യുഎസ് പാസ്പോര്‍ട്ട് ലോകത്തിലെ ഏറ്റവും ശക്തമായ 10 പാസ്പോര്‍ട്ടുകളുടെ പട്ടികയില്‍ നിന്ന് പുറത്തായി. 2014-ല്‍ ഒന്നാം സ്ഥാനത്തായിരുന്ന അമേരിക്കന്‍ പാസ്പോര്‍ട്ട്, മലേഷ്യയോടൊപ്പം 12-ാം സ്ഥാനത്തേക്ക് താഴ്ന്നു. 227 രാജ്യങ്ങളില്‍ 180 എണ്ണത്തിലേക്ക് മാത്രമാണ് ഇപ്പോള്‍ വിസയില്ലാതെ പ്രവേശനം. യുകെ പാസ്പോര്‍ട്ടും അതിന്റെ ചരിത്രത്തിലെ ഏറ്റവും താഴ്ന്ന സ്ഥാനമായ എട്ടാം റാങ്കിലേക്ക് കൂപ്പുകുത്തി.

കഴിഞ്ഞ ജൂലൈയില്‍ ആറാം സ്ഥാനത്തായിരുന്നു ബ്രിട്ടന്റെ പാസ്പോര്‍ട്ട്. വിസ രഹിത പ്രവേശന നിയമങ്ങളിലുണ്ടായ മാറ്റങ്ങളാണ് യുഎസ്, യുകെ പാസ്പോര്‍ട്ടുകളുടെ ഈ ഇടിവിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. ആഗോള യാത്രാ സ്വാതന്ത്ര്യത്തിന്റെ നിലവിലെ അവസ്ഥ വ്യക്തമാക്കുന്നതാണ് ഈ പുതിയ റാങ്കിംഗ്.

Similar News