സ്‌കൂള്‍ കുട്ടികളുടെ ബാഗുകള്‍ വരെ അച്ഛനമ്മമാര്‍ പരിശോധിക്കേണ്ട അവസ്ഥ; ലഹരിയില്ലാത്ത കേരളത്തിനു വേണ്ടിയുള്ള പോരാട്ടം തുടരും; അക്ഷരനഗരിയില്‍ ജനകീയ പ്രതിരോധമുയര്‍ത്തി ചെന്നിത്തലയുടെ വാക്ക് എഗെന്‍സ്റ്റ് ഡ്രഗ്സ്
കോട്ടയം: അക്ഷരനഗരിയില്‍ ജനകീയപ്രതിരോധത്തിന്റെ കരുത്തു കുറിച്ച് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ നടന്ന പ്രൗഡ് കേരളയുടെ വാക്ക് എഗെന്‍സ്റ്റ് ഡ്രഗ്സ് ആവേശമായി. ലഹരിക്കെതിരെ വീടുകളില്‍ നിന്നും തെരുവുകളില്‍ നിന്നും സമരം കുറിക്കാന്‍ കോട്ടയത്തിന്റെ പൗരാവലി ഒറ്റമുദ്രാവാക്യമായി അണിനിരന്നു. ജാതിമതരാഷ്ട്രീയ വ്യത്യാസങ്ങളില്ലാതെ, ഒരേ മനസോടെ അവര്‍ ചുവടുവെച്ചു. ലഹരിമാഫിയയുടെ വേരറുക്കുമെന്ന്, വരാനിരിക്കുന്ന തലമുറകളെ ഈ വിപത്തില്‍ നിന്നു രക്ഷിക്കുമെന്ന് പ്രതിജ്ഞ ചെയ്തു.
ലഹരിവിരുദ്ധ വാക്കത്തോണില്‍ പങ്കെടുക്കാന്‍ രാവിലെ തന്നെ കളക്ട്രേറ്റിലേക്ക് ജനാവലി ഒഴുകിയെത്തിയിരുന്നു. രാവിലെ ആറുമണിക്കു ആരംഭിച്ച വാക്കത്തോണ്‍ ഓര്‍ത്തഡോക്സ് സഭ ഭദ്രാസനാധിപന്‍ യുഹാനോന്‍ മാര്‍ ദിയസ്‌കോറസ് ഫ്ളാഗ് ഓഫ് ചെയ്തു. ലഹരിമരുന്നിന്റെ അമിതമായ ഉപയോഗം മൂലം കുടുംബബന്ധങ്ങള്‍ ശിഥിമാകുന്നുവെന്നും സമൂഹം നാശത്തിലേക്കു നടന്നടുക്കുകയാണെന്നും ദിയസ്‌കോറസ് തിരുമേനി പറഞ്ഞു. നമ്മുടെ ധന്യമായ സംസ്‌കാരത്തിന് തന്നെ കോട്ടം വന്നിരിക്കുകയാണ്. ഈ മാരക വിപത്തിനെതിരെ കക്ഷിരാഷ്ട്രീയത്തിന് ഉപരിയായി പോരാടേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്. കൃത്യമായ ബോധവല്‍ക്കരണം ഉണ്ടാകണം. സമൂഹത്തിന്റെ താളം നിലനിര്‍ത്താനുള്ള ക്രമീകരണം എല്ലാവരിലും ഉണ്ടാകണം. ലഹരിമരുന്നിനെതിരെ പോരാടേണ്ടത് പ്രാഥമികമായി ജനങ്ങളുടെ ഉത്തരവാദിത്തമാണ് - ദിയസ് കോറസ് തിരുമേനി പറഞ്ഞു.
ലഹരിയില്ലാത്ത കേരളത്തിനു വേണ്ടിയുള്ള പോരാട്ടം തുടരുക തന്നെ ചെയ്യുമെന്ന് രമേശ് ചെന്നിത്തല പ്രഖ്യാപിച്ചു. കുടുംബങ്ങളില്‍ ലഹരി ചോരവീഴ്ത്തുകയാണ്. ഇന്ന് കേരളത്തില്‍ നടക്കുന്ന മിക്കവാറും ക്രൈമുകളില്‍ ലഹരിയുടെ സാന്നിധ്യമുണ്ട്. ഒരു തലമുറ തന്നെ കരിഞ്ഞു പോവുകയാണ്. സ്‌കൂള്‍ കുട്ടികളുടെ ബാഗുകള്‍ വരെ അച്ഛനമ്മമാര്‍ പരിശോധിക്കേണ്ട അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തിയിരിക്കുന്നു. ഇത് ഒരു കുടുംബപ്രശ്നമോ സമൂഹപ്രശ്നമോ മാത്രമല്ല. ഇന്ത്യയുടെ തന്നെ പ്രശ്നമാണ്. കേരളത്തെ മറ്റൊരു പഞ്ചാബാക്കാന്‍ നാം അനുവദിക്കുകയില്ല. സര്‍ക്കാര്‍ സംവിധാനങ്ങള്‍ പരാജയപ്പെടുമ്പോള്‍ ജനത മുന്നിട്ടിറങ്ങണം. ഓരോ ഇടവഴികളിലും ലഹരിമാഫിയ എത്തിക്കഴിഞ്ഞു. അവിടെ നിന്ന് അവരെ തുരത്തേണ്ടത് നമ്മുടെ ആവശ്യമാണ്. നമ്മുടെ കുഞ്ഞുങ്ങളെ പോലും അവര്‍ കാരിയേഴ്സ് ആക്കുകയാണ്. വേരറുക്കാതെ വിമോചനം സാധ്യമല്ല - ചെന്നിത്തല പറഞ്ഞു. ജില്ലകളിലെ പരിപാടികള്‍ അവസാനിച്ചാല്‍ സംസ്ഥാനത്തെ ഓരോ സ്‌കൂളുകളിലും കോളജുകളിലും പ്രൗഡ് കേരളയുടെ പ്രവര്‍ത്തനങ്ങള്‍ എത്തുമെന്ന് രമേശ് ചെന്നിത്തല അറിയിച്ചു. ജാഥാംഗങ്ങള്‍ക്ക് ഗാന്ധി സ്‌ക്വയറില്‍ വച്ച് ലഹരിവിരുദ്ധ പ്രതിജ്ഞ ചോല്ലിക്കൊടുത്തു.
മലങ്കര ക്‌നാനായ യാക്കോബായ കോട്ടയം അതി രൂപത സഹായമെത്രാന്‍ ബിഷപ്പ് ഗിവര്‍ഗീസ് മാര്‍ അഫ്രേം, താഴത്തങ്ങാടി പള്ളി ഇമാം ഷഫീക് ഫാളില്‍ മന്നാനി, ഫാദര്‍ ഷൈജു ജോസ് ചെന്നിക്കര ( യാക്കോബായ സുറിയാനി സഭ കോട്ടയം ഭദ്രാസന സെക്രട്ടറി), NSS താലൂക്ക് യൂണിയന്‍ പ്രസിഡന്റ് ബി. ഗോപകുമാര്‍, സിനിമാ നിര്‍മ്മാതാവും താരവുമായ പ്രേം പ്രകാശ് തുടങ്ങിയവര്‍ വാക്കത്തോണിന്റെ ഭാഗമായി. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ, മോന്‍സ് ജോസഫ് എംഎല്‍എ, ഫ്രാന്‍സിസ് ജോര്‍ജ് എംപി, ആന്റോ ആന്റണി എംപി, മാണി സി കാപ്പന്‍ എംഎല്‍എ, ചാണ്ടി ഉമ്മന്‍ എംഎല്‍എ, മുന്‍ എംഎല്‍എ കെ.സി ജോസഫ്, കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം ജോസഫ് വാഴയ്ക്കന്‍, നഗരസഭാ അധ്യക്ഷ ബിന്‍സി സെബാസ്റ്റ്യന്‍, ഡിസിസി അധ്യക്ഷന്‍ നാട്ടകം സുരേഷ്, കെ.പിസിസി ജനറല്‍ സെക്രട്ടറി പിഎ സലീം, ജോഷി ഫിലിപ്പ്, ടോമി കല്ലാനി, ജോസി സെബാസ്റ്റിയന്‍, ഫിലിപ് ജോസഫ്, പ്രൗഡ് കേരള ചെയര്‍മാന്‍ മലയിന്‍കീഴ് വേണുഗോപാല്‍, ആര്‍ വത്സലന്‍, ടോം കോര, ബിജു പുന്നത്താനം, നീണ്ടൂര്‍ മുരളി, യൂജിന്‍ തോമസ്, p K ഷാജി തുടങ്ങിയവര്‍ നേതൃത്വം നല്‍കി. വൈ. എം. സി.എ തുടങ്ങിയ സന്നദ്ധ സംഘടനകളുടെ സ്‌കിറ്റുകളും യാത്രയ്ക്ക് മിഴിവേകി.