'സ്റ്റാള്‍, റിക്കവറി, സ്റ്റാള്‍, റിക്കവറി' എന്ന് പൈലറ്റിന്റെ നിലവിളി; പിന്നാലെ 12,000 അടിയിലധികം താഴ്ചയിലേക്ക് കൂപ്പുകുത്തി സ്വകാര്യ ജെറ്റ് വിമാനം; അപകടം പരീക്ഷണ പറക്കലിനിടെ; മിഷിഗണിലെ വിമാന ദുരന്തത്തില്‍ അന്വേഷണം തുടരുന്നു
മിഷിഗണ്‍: വിമാന ദുരന്തങ്ങള്‍ ഉണ്ടായാല്‍ അതിന്റെ അന്വേഷണം ആരംഭിക്കുന്നത് വിമാനത്തിന്റെ ബ്ലാക്ക് ബോക്സ് പരിശോധനയിലായിരിക്കും. കഴിഞ്ഞ വ്യാഴാഴ്ച അമേരിക്കയില്‍ ഒരു സ്വകാര്യ ജെറ്റ് വിമാനം തകര്‍ന്നു വീണ് മൂന്ന് പേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പൈലറ്റ് ഭയന്ന് നിലവിളിച്ച നിമിഷം കോക്ക്പിറ്റ് ഓഡിയോ രേഖപ്പെടുത്തിയത് ഇപ്പോള്‍ പുറത്തു വന്നിരിക്കുകയാണ്. വ്യാഴാഴ്ച വൈകുന്നേരം 5 മണിയോടെയാണ് മിഷിഗണിലെ ബാത്ത് ടൗണ്‍ഷിപ്പില്‍ വിമാനം ഒരു തീഗോളമായി മാറി ഒരു വനപ്രദേശത്തേക്ക് ഇടിച്ചിറങ്ങിയത്.
വിമാനത്തിന് ഏതെങ്കിലും തരത്തിലുള്ള മെക്കാനിക്കല്‍ തകരാര്‍ സംഭവിച്ചതായും പൈലറ്റ് എയര്‍ ട്രാഫിക് കണ്‍ട്രോളിനോട് അലറിവിളിച്ചതായും കോക്ക്പിറ്റില്‍ നിന്നുള്ള ഓഡിയോ വെളിപ്പെടുത്തുന്നു. സ്റ്റാള്‍, റിക്കവറി, സ്റ്റാള്‍, റിക്കവറി എന്ന് പരിഭ്രാന്തിയോടെ
അദ്ദേഹം വിളിച്ചു പറയുന്നതാണ് ഇപ്പോള്‍ കേള്‍ക്കാന്‍ കഴിയുന്നത്. ഈ ശബ്ദം കേട്ട് ഒരു മിനിറ്റിനുള്ളില്‍ വിമാനം 12,000 അടിയിലധികം താഴ്ചയിലേക്ക് കൂപ്പുകുത്തിയതായി ഡാറ്റ കാണിക്കുന്നു.
എയര്‍ ട്രാഫിക് കണ്‍ട്രോള്‍ പൈലററിനോട് നിങ്ങള്‍ ഇപ്പോള്‍ എത്ര ഉയരത്തിലാണ് പറക്കുന്നതെന്നും മറ്റും ചോദിക്കുന്നതും കേള്‍ക്കാം. എയര്‍ട്രാഫിക്ക് കണ്‍ട്രോളിലെ ജീവനക്കാര്‍ വ്യോമാതിര്‍ത്തിയിലെ മറ്റ് പൈലറ്റുമാര്‍ക്കും ഇത്, സംബന്ധിച്ച് റേഡിയോ സന്ദേശം അയച്ചിരുന്നു. തങ്ങള്‍ ഒരു വിമാനം തെരയുകയാണെന്നും എന്തെങ്കിലും കാണാന്‍ കഴിഞ്ഞാല്‍ അറിയിക്കണം എന്നുമാണ് ഈ സന്ദേശത്തിലുളളത്.
'നിലത്ത് എന്തെങ്കിലും കാണുന്നുണ്ടോ പുക പോലുള്ള മറ്റെന്തെങ്കിലും നിങ്ങള്‍ക്ക് കാണാന്‍ കഴിയുമോ എന്നും അവര്‍ നിരന്തരം ചോദിക്കുകയാണ്. നിമിഷങ്ങള്‍ക്കുശേഷം, ഒരു വിമാനത്തിന്റെ പൈലറ്റ് മറുപടി നല്‍കുന്നത് താഴെ വലിയ തോതില്‍ എന്തോ വസ്തു തീപിടിച്ച് പുക വരുന്നതായി കാണാം എന്നാണ്. അതിനടുത്ത് റോഡുള്ളതായി തോന്നുന്നതായും പൈലറ്റ് വിശദീകരിക്കുന്നുണ്ട്. വിമാനത്തിലുണ്ടായിരുന്ന മൂന്ന് പേരും മരിച്ചതായി സ്ഥിരീകരിച്ചെങ്കിലും അവരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.
അപകടത്തിന്റെ കാരണവും ഇതുവരെ അറിവായിട്ടില്ല. ഫ്ലൈറ്റ്അവെയര്‍ ഡാറ്റ കാണിക്കുന്നത് പറന്നുയര്‍ന്നതിന് തൊട്ടുപിന്നാലെയാണ് അപകടമുണ്ടായത് എന്നാണ്. മിഷിഗണിലെ ബാറ്റില്‍ ക്രീക്ക്-ഡബ്ല്യുകെ കെല്ലോഗ് റീജിയണല്‍ എയര്‍പോര്‍ട്ടില്‍ നിന്നാണ് വിമാനം പറന്നുയര്‍ന്നത്. വിമാനം അപകടത്തിന് കുറച്ച് മുമ്പ് എയര്‍ഫീല്‍ഡില്‍ ലാന്‍ഡ് ചെയ്തുവെന്നും തുടര്‍ന്ന് അറ്റകുറ്റപ്പണികള്‍ നടത്തിയെന്നുമാണ് റിപ്പോര്‍ട്ട്.
അറ്റകുറ്റപ്പണികള്‍ക്ക് ശേഷം പരീക്ഷണ പറക്കല്‍ നടത്തുന്നതിനിടെയാണ് അപകടം ഉണ്ടായതെന്നാണ് കരുതപ്പെടുന്നത്. അപകടത്തില്‍ പെട്ട വിമാനം ഏഴ് മാസമായി ബാറ്റില്‍ ക്രീക്ക് വിമാനത്താവളത്തില്‍ നിലത്തിറക്കിയിരുന്നതായും പറയപ്പെടുന്നു. ഫ്ലൈറ്റ് ട്രാക്കര്‍ ഡാറ്റ പ്രകാരം, ജെറ്റ് മെക്സിക്കോയില്‍ രജിസ്റ്റര്‍ ചെയ്ത ഇരട്ട എഞ്ചിന്‍ കോര്‍പ്പറേറ്റ് ജെറ്റാണ്. അപകട കാരണം എന്താണെന്ന് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.