മൂന്ന് പെണ്‍മക്കളെ പഠിപ്പിച്ച് നല്ല നിലയില്‍ എത്തിച്ചു; ആനേട്ടം പ്രചോദനമായപ്പോള്‍ ഊബറുമായി അച്ഛന്‍ നിരത്തിലെത്തി; കാറോടിച്ച് കിട്ടുന്ന വരുമാനമെല്ലാം പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിന് മാറ്റി വച്ചു; ഫിജി ടൈംസ് പത്രത്തിന്റെ ഉടമ; 86-കാരനായ ശതകോടീശ്വരന്‍ ഊബര്‍ ഡ്രൈവറായി; നാവ് ഷാ ലോകത്തെ പരിചയപ്പെടുത്തിയത് അസാധാരണ മാതൃക
സുവാ: സമ്പത്ത് എത്ര വലുതായാലും മനുഷ്യന്റെ നന്മ ചെയ്യാനുള്ള മനസ്സാണ് ഏറ്റവും വലിയ ധനം. ഫിജിയില്‍ നിന്നുള്ള 86 വയസ്സുകാരനായ ഒരു കോടീശ്വരന്‍ തന്റെ വിശാലമായ ബിസിനസ്സ് സാമ്രാജ്യത്തിന്റെ ചുമതലകള്‍ക്കിടയിലും രാത്രികാലങ്ങളില്‍ ഊബര്‍ ഡ്രൈവറായി പ്രവര്‍ത്തിച്ച് സമൂഹത്തിന് മാതൃകയാകുന്നു. സ്വന്തം വരുമാനം ഉപയോഗിച്ച് പ്രതിവര്‍ഷം 24 പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം സ്‌പോണ്‍സര്‍ ചെയ്യുക എന്ന മഹത്തായ ലക്ഷ്യത്തോടെയാണ് അദ്ദേഹം ഈ ഉദ്യമം ഏറ്റെടുത്തിരിക്കുന്നത്. ഇദ്ദേഹത്തിന്റെ ഈ അസാധാരണമായ കഥ ഒരു ഇന്ത്യന്‍ സംരംഭകനാണ് ലോകശ്രദ്ധയില്‍ കൊണ്ടുവന്നത്.
നാവ് ഷായാണ് ലോകത്തെ അത്ഭുതപ്പെടുത്തുന്ന ഫിജിയിലെ ശതകോടീശ്വരന്റെ കഥ പുറത്തു കൊണ്ടു വരുന്നത്. ഈ കോടീശ്വരന്റെ പേര് പുറത്തു പറയുന്നില്ല. എന്നാല്‍ ഈ ഡ്രൈവര്‍ കാറോടിക്കുന്ന വീഡിയോ പുറത്തു വിട്ടിട്ടുണ്ട്. ഈ വീഡിയോയില്‍ തന്റെ വ്യവസായ സ്ഥാപനത്തെ കുറിച്ച് വിശദീകരിക്കുന്നുമുണ്ട്. മാധ്യമ സ്ഥാപനം അടക്കം തനിക്കുണ്ടെന്നും പറയുന്നു. പക്ഷേ അധ്വാനിക്കുക.. സമൂഹത്തെ സേവിക്കുക ഇതാണ് ലക്ഷ്യം. യാദൃശ്ചികമായാണ് നാവ് ഷാ ഈ വ്യക്തിയുടെ ഊബറില്‍ കയറുന്നത്. പ്രായമുള്ള ഡ്രൈവറായതു കൊണ്ടാണ് കാര്യങ്ങള്‍ തിരക്കിയത്. അത് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളായി.
1929-ല്‍ പിതാവ് തുടക്കമിട്ട വിപുലമായ കുടുംബ ബിസിനസ്സ് ശൃംഖലയുടെ തലവനാണ് ഈ വ്യവസായി. നിരവധി ആഭരണശാലകള്‍, റെസ്റ്റോറന്റുകള്‍, സൂപ്പര്‍മാര്‍ക്കറ്റുകള്‍ എന്നിവ ഉള്‍പ്പെടുന്നതാണ് അദ്ദേഹത്തിന്റെ വ്യാപാര സാമ്രാജ്യം. ഈ സംരംഭങ്ങള്‍ക്ക് പ്രതിവര്‍ഷം ഏകദേശം 175 ദശലക്ഷം ഡോളറിന്റെ (ഏകദേശം 1500 കോടി രൂപ) വിറ്റുവരവുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഇത്രയും വലിയ സാമ്പത്തിക ഭദ്രത ഉണ്ടായിട്ടും, കഠിനാധ്വാനം ചെയ്ത് വരുമാനം കണ്ടെത്തി അത് ഒരു സാമൂഹിക ലക്ഷ്യത്തിനായി ഉപയോഗിക്കാനാണ് താല്‍പ്പര്യം. ഫിജി ടൈംസ് എന്ന പത്രത്തിന്റെ ഉടമസ്ഥാവകാശം അടക്കം തനിക്കുണ്ടെന്ന് പുറത്തു വന്ന വീഡിയോയില്‍ അവകാശപ്പെടുന്നുണ്ട്.
സ്വന്തം പെണ്‍മക്കളുടെ ജീവിതവിജയത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ഈ 86-കാരന്‍ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനായി രംഗത്തിറങ്ങിയത്. ഊബര്‍ ഡ്രൈവറായി ലഭിക്കുന്ന വരുമാനം പൂര്‍ണ്ണമായും സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുടുംബങ്ങളിലെ പെണ്‍കുട്ടികളുടെ പഠനാവശ്യങ്ങള്‍ക്കായി മാറ്റിവെക്കുകയാണ്. സ്‌കൂള്‍ ഫീസ്, പഠനോപകരണങ്ങള്‍, മറ്റ് ചെലവുകള്‍ എന്നിവയെല്ലാം ഇതില്‍ ഉള്‍പ്പെടും. സമൂഹത്തില്‍ വിദ്യാഭ്യാസം നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഒരു താങ്ങും തണലുമാകാന്‍ ഈ സംരംഭത്തിലൂടെ അദ്ദേഹത്തിന് സാധിക്കുന്നു.
പ്രായം, സമ്പത്ത് എന്നിവ ഒരു സാമൂഹിക സേവനത്തിന് തടസ്സമല്ലെന്ന് സ്വന്തം ജീവിതത്തിലൂടെ തെളിയിക്കുന്ന ഈ വ്യവസായിക്ക് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായ പ്രശംസയാണ് ലഭിക്കുന്നത്. അദ്ദേഹത്തിന്റെ നിസ്വാര്‍ത്ഥ സേവനത്തെയും പ്രതിബദ്ധതയെയും നിരവധി പേര്‍ അഭിനന്ദിച്ചു രംഗത്തെത്തിയിട്ടുണ്ട്. ഈ പ്രവൃത്തി സാമ്പത്തിക വിജയത്തിനപ്പുറം മാനുഷിക മൂല്യങ്ങള്‍ക്കും സാമൂഹിക പ്രതിബദ്ധതയ്ക്കും ഊന്നല്‍ നല്‍കുന്ന ഒരു ഉദാത്ത മാതൃകയായി നിലകൊള്ളുന്നു.
