കേരളത്തിലെ ഐടിക്കാര്‍ക്കും വിനോദസഞ്ചാരികള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കുമടക്കം ഇനി അതിവേഗയാത്ര; എറണാകുളം-ബെംഗളൂരു വന്ദേഭാരത് ഫ്‌ളാഗ് ഓഫ് നിര്‍വഹിച്ച് പ്രധാനമന്ത്രി; യാത്രയ്ക്ക് വേണ്ടത് 8.40 മണിക്കൂര്‍ മാത്രം; സമയക്രമം ഇങ്ങനെ
കൊച്ചി: മലയാളികള്‍ കാത്തിരുന്ന എറണാകുളം സൗത്ത് - ബെംഗളൂരു വന്ദേഭാരത് അടക്കം രാജ്യത്തെ നാല് പുതിയ വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനുകള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്‌ലാഗ് ഓഫ് ചെയ്തു. വീഡിയോ കോണ്‍ഫറന്‍സിങ് വഴി വാരാണസിയില്‍ നിന്നാണ് രാജ്യത്തെ നാല് വന്ദേഭാരത് ട്രെയിനുകള്‍ ഉദ്ഘാടനം ചെയ്തത്. ബനാറസ്-ഖജുരാഹോ, ലഖ്നൗ-സഹരന്‍പൂര്‍, ഫിറോസ്പൂര്‍-ഡല്‍ഹി, എറണാകുളം-ബംഗളൂരു റൂട്ടുകളിലാണ് പുതിയ വന്ദേ ഭാരത് ട്രെയിനുകള്‍ എത്തുന്നത്. എറണാകുളം സൗത്ത് സ്റ്റേഷനിലാണ് എറണാകുളം സൗത്ത് - ബെംഗളൂരു വന്ദേഭാരതിന്റെ ഉദ്ഘാടനച്ചടങ്ങ് സംഘടിപ്പിച്ചത്. 8.41-ഓടെ ട്രെയിന്‍ യാത്ര ആരംഭിച്ചു. ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍, കേന്ദ്രമന്ത്രിമാരായ സുരേഷ് ഗോപി, ജോര്‍ജ് കുര്യന്‍, മന്ത്രി പി.രാജീവ് എന്നിവരും മറ്റ് ജനപ്രതിനിധികളും പങ്കെടുത്തു. ഇതോടൊപ്പം, തൃശ്ശൂര്‍, പാലക്കാട്, തമിഴ്‌നാട്ടിലെയും കര്‍ണാടകത്തിലെയും സ്റ്റേഷനുകള്‍ എന്നിവിടങ്ങളിലും പ്രത്യേകം ആഘോഷച്ചടങ്ങുകള്‍ നടന്നു.
'വന്ദേ ഭാരത് ട്രെയിനുകള്‍ പൗരന്മാര്‍ക്ക് കണക്ടിവിറ്റി വര്‍ദ്ധിപ്പിക്കുകയും കൂടുതല്‍ സുഖസൗകര്യങ്ങള്‍ നല്‍കുകയും ചെയ്യുന്നു. വന്ദേ ഭാരത്, നമോ ഭാരത്, അമൃത് ഭാരത് തുടങ്ങിയ ട്രെയിനുകള്‍ പുതിയ തലമുറ ഇന്ത്യന്‍ റെയില്‍വേയ്ക്ക് അടിത്തറ പാകുകയാണ്. വികസിത രാജ്യങ്ങളുടെ സാമ്പത്തിക വളര്‍ച്ചയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ പ്രധാന ഘടകമാണ്. ഇന്ത്യയും വികസനത്തിന്റെ പാതയില്‍ വേഗത്തില്‍ മുന്നേറുകയാണ്'- ഉദ്ഘാടനത്തിനുശേഷം നടന്ന പൊതു റാലിയില്‍ പ്രധാനമന്ത്രി പറഞ്ഞു.
എറണാകുളം-ബംഗളൂരു വന്ദേ ഭാരത്എറണാകുളം-ബംഗളൂരു വന്ദേ ഭാരത് ട്രെയിന്‍ യാത്രാ സമയം രണ്ട് മണിക്കൂറിലധികം കുറയ്ക്കുമെന്ന് റെയില്‍വേ മന്ത്രാലം അറിയിച്ചു. എട്ട് മണിക്കൂര്‍ 40 മിനിറ്റിനുള്ളില്‍ യാത്ര പൂര്‍ത്തിയാക്കും. പ്രധാന ഐടി, വാണിജ്യ കേന്ദ്രങ്ങളെ ബന്ധിപ്പിക്കുകയും പ്രൊഫഷണലുകള്‍, വിദ്യാര്‍ത്ഥികള്‍, വിനോദസഞ്ചാരികള്‍ എന്നിവര്‍ക്ക് വേഗതയേറിയതും കൂടുതല്‍ സുഖകരവുമായ യാത്രാ സൗകര്യം നല്‍കുകയും ചെയ്യും.
കേരളം, തമിഴ്നാട്, കര്‍ണാടക എന്നീ സംസ്ഥാനങ്ങള്‍ക്കിടയില്‍ കൂടുതല്‍ സാമ്പത്തിക പ്രവര്‍ത്തനങ്ങളും ടൂറിസവും പ്രോത്സാഹിപ്പിക്കുന്നതിനും പ്രാദേശിക വളര്‍ച്ചയ്ക്കും സഹകരണത്തിനും പുതിയ പാത സഹായിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി. എറണാകുളം സൗത്ത് - ബെംഗളൂരു വന്ദേഭാരതിന്റെ സാധാരണ സര്‍വീസ് ഈ മാസം 11-ന് തുടങ്ങും. ബുക്കിങ് ശനിയാഴ്ച ഉച്ചയ്‌ക്കോ ഞായറാഴ്ച രാവിലെയോ തുടങ്ങും. ശതാബ്ദി നിരക്കായിരിക്കും ടിക്കറ്റിന്. എറണാകുളം-ബെംഗളൂരു എസി ചെയര്‍ കാറിന് 1500 രൂപ വരെയാകാം. എസി എക്‌സിക്യുട്ടീവ് ചെയര്‍ കാറിന് 2,400 രൂപ വരെയും.
എറണാകുളത്തുനിന്ന് ബെംഗളൂരു 630 കിലോമീറ്റര്‍ ദൂരം എട്ടുമണിക്കൂര്‍ 40 മിനിറ്റ് കൊണ്ടാണ് എത്തുന്നത്. എട്ട് കോച്ചുകളിലായി 600 സീറ്റുകളാണുള്ളത്. ഒന്‍പത് സ്റ്റോപ്പുകളാണുള്ളത്. ജനപ്രതിനിധികള്‍, മാധ്യമ പ്രവര്‍ത്തകര്‍, അധ്യാപകര്‍, കുട്ടികള്‍, സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സേഴ്‌സ് തുടങ്ങിയവരാണ് സുവനീര്‍ ടിക്കറ്റുമായി ഉദ്ഘാടന യാത്രയില്‍ പോകുന്നത്. ബനാറസ്-ഖജുരാഹോ, ലഖ്‌നൗ ജങ്ഷന്‍-സഹാരണ്‍പുര്‍, ഫിറോസ്പുര്‍-ഡല്‍ഹി വന്ദേഭാരത് എന്നിവയും ഇതോടൊപ്പം ഓടിത്തുടങ്ങും.
എറണാകുളം സൗത്ത് - ബെംഗളൂരു വന്ദേഭാരത് സമയക്രമം
എറണാകുളം ജങ്ഷന്‍ - കെഎസ്ആര്‍ ബെംഗളൂരു (26652) യാത്രാസമയം
എറണാകുളം സൗത്ത്-2.20 pm
തൃശ്ശൂര്‍-3.20 pm
പാലക്കാട്-4.37 pm
കോയമ്പത്തൂര്‍-5.23 pm
തിരുപ്പൂര്‍-6.05 pm
ഈറോഡ്-6.50 pm
സേലം-7.20 pm
ജോളാര്‍ പേട്ടൈ-9.05 pm
കൃഷ്ണരാജപുരം-10.25 pm
കെഎസ്ആര്‍ ബെംഗളൂരു-11.00 pm
കെഎസ്ആര്‍ ബെംഗളൂരു - എറണാകുളം ജങ്ഷന്‍ (26651) യാത്രാസമയം
കെഎസ്ആര്‍ ബെംഗളൂരു-5.10 am
കൃഷ്ണരാജപുരം-5.25 am
ജോളാര്‍ പേട്ടൈ-7.00 am
സേലം-8.15 am
ഈറോഡ്-9.05 am
തിരുപ്പൂര്‍-9.47 am
കോയമ്പത്തൂര്‍-10.35 am
പാലക്കാട്-11.30 am
തൃശ്ശൂര്‍-12.30 pm
എറണാകുളം സൗത്ത് -1.50 pm
