ദാവൂദ് ഇബ്രാഹിമുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന കുപ്രസിദ്ധനായ ഹാജി സലീമിന്റെ ശൃംഖലയിലെ കണ്ണികള്‍; ലക്ഷദ്വീപില്‍ നിന്നും പിടിയിലായവര്‍ക്കും പാക്ക് ബന്ധം സ്ഥിരീകരിച്ചു; കോസ്റ്റ് ഗാര്‍ഡ് നിരീക്ഷണം ശക്തമാക്കും; വിഴിഞ്ഞവും കൊച്ചിയും അതീവ ജാഗ്രതയില്‍; 'മയക്കുമരുന്നുകളുടെ ഉടയതമ്പുരാന്‍' കേരളത്തെ ലക്ഷ്യമിടുന്നുവോ?

Update: 2025-11-13 01:05 GMT

കൊച്ചി: കേരളത്തില്‍ തീര സുരക്ഷ ശക്തമാക്കും. ഡല്‍ഹിയിലെ ചെങ്കോട്ട ഭീകരാക്രമണ പശ്ചാത്തലത്തില്‍ കൂടിയാണ് ഇത്. ലക്ഷദ്വീപ് തീരത്തുനിന്ന് പിടിയിലായ ശ്രീലങ്കന്‍ മത്സ്യബന്ധന ബോട്ടിലെ സംഘത്തിനു പിന്നില്‍ പാക്കിസ്ഥാന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഹാജി സലീമിന്റെ നേതൃത്വത്തിലുള്ള അധോലോകസംഘമെന്ന് എന്‍ഐഎ കണ്ടെത്തിയ സാഹചര്യത്തിലാണ് ഇത്. 300 കിലോഗ്രാം ഹെറോയിനും അഞ്ച് എകെ 47 തോക്കും മറ്റ് ആയുധങ്ങളും സഹിതം പിടികൂടി കോസ്റ്റ് ഗാര്‍ഡ് വിഴിഞ്ഞം തുറമുഖത്ത് എത്തിച്ച ബോട്ടില്‍നിന്ന് അറസ്റ്റ് ചെയ്ത ശ്രീലങ്കന്‍ പൗരന്മാരുടെ ജാമ്യഹര്‍ജിയെ എതിര്‍ത്താണ് എന്‍ഐഎ ഹൈക്കോടതിയില്‍ വിശദീകരണം നല്‍കിയത്. ഇതോടെ പാക്ക് ബന്ധത്തിന് സ്ഥിരീകരണം വരികയാണ്. ഈ സാഹചര്യത്തില്‍ വിഴിഞ്ഞത്തും കൊച്ചിയിലും നാവിക സുരക്ഷ ശക്തമാക്കും.

രാജ്യതലസ്ഥാനത്തെ നടുക്കിയ സ്‌ഫോടനത്തില്‍ അന്വേഷണം വ്യാപിപ്പിച്ചതിനു പുറമെ ഭീകരരുടെ വിദേശബന്ധങ്ങളും സംശയത്തിന്റെ നിഴലിലെന്നു സൂചന. സ്‌ഫോടനം ഭീകരവാദപ്രവര്‍ത്തനത്തിന്റെ ഫലമാണോയെന്നതില്‍ ഔദ്യോഗിക പ്രഖ്യാപനങ്ങളുണ്ടായിട്ടില്ലെങ്കിലും അതിര്‍ത്തി കടന്നുള്ള തീവ്രവാദവും വിദേശ തീവ്രവാദസംഘങ്ങളുടെ പങ്കും അന്വേഷണ ഉദ്യോഗസ്ഥരുടെ റഡാറിനു കീഴില്‍ വരുന്നുണ്ടെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതിനിടെയാണ് ലക്ഷദ്വീപ് തീരത്തെ ഹാജി സലീം നേതൃത്വത്തിലെ സംഘവും ചര്‍ച്ചകളിലേക്ക് വരുന്നത്. 2021 മാര്‍ച്ച് 18 നാണ് ശ്രീലങ്കന്‍ മത്സ്യബന്ധന ബോട്ടായ 'രവിഹാന്‍സി' രഹസ്യവിവരത്തെത്തുടര്‍ന്നു പിടിയിലാകുന്നത്. പാക്കിസ്ഥാനിലെ ആയുധ ഫാക്ടറിയില്‍ നിര്‍മിച്ചതായിരുന്നു വെടിക്കോപ്പിലേറെയും. പ്രതികള്‍ക്കു നിരോധിത സംഘടനയായ എല്‍ടിടിയുമായും ബന്ധമുണ്ട്.

ദാവൂദ് ഇബ്രാഹിം എന്ന അധോലോകനേതാവുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന കുപ്രസിദ്ധനായ ഹാജി സലീമിന്റെ ശൃംഖലയിലെ കണ്ണികളാണു പ്രതികളെന്നാണ് വിശദീകരണത്തില്‍ പറയുന്നത്. എല്‍.വൈ. നന്ദന, ജനക ദാസപ്രിയ, ഗൂഢാലോചനയില്‍ പങ്കാളിയായി ചെന്നൈയില്‍നിന്നു പിടികൂടിയ സുരേഷ് രാജ് എന്നിവരുടെ ജാമ്യാപേക്ഷകളാണ് കോടതിയുടെ പരിഗണനയിലുള്ളത്. ഹര്‍ജികള്‍ പരിഗണിച്ച ജസ്റ്റീസുമാരായ എസ്.എ. ധര്‍മാധികാരി, പി.വി. ബാലകൃഷ്ണന്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് ഉത്തരവിനായി മറ്റി. രാജ്യസുരക്ഷയുമായും ബന്ധമുള്ള വിഷയമായതിനാല്‍ പ്രതികള്‍ക്കു ജാമ്യം അനുവദിക്കരുതെന്നും സാക്ഷികളുടെയടക്കം ജീവനു ഭീഷണിയാണെന്നും എന്‍ഐഎ പറയുന്നു. ഈ ഹര്‍ജിയില്‍ കോടതി എടുക്കുന്ന തീരുമാനം നിര്‍ണ്ണായകമാകും. എന്‍ഐഎ കോടതി കുറ്റം ചുമത്തിയതാണെന്നും വിചാരണ ഫെബ്രുവരി രണ്ടിന് ആരംഭിക്കാനിരിക്കുകയാണെന്നും വിശദീകരണത്തില്‍ പറയുന്നു. 

'മയക്കുമരുന്നുകളുടെ ഉടയതമ്പുരാന്‍' എന്നപേരില്‍ കുപ്രസിദ്ധനായ ഹാജി സലിമിന്റെ നെറ്റ് വര്‍ക്കിലെ കണ്ണികളാണ് പ്രതികളെന്നാണ് എന്‍ഐഎ വിശദീകരിച്ചു. ഇന്ത്യതേടുന്ന അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമുമായി അടുത്തബന്ധംപുലര്‍ത്തുന്ന ആളാണ് ഹാജി സലിം. എന്‍ഐഎ സൂപ്രണ്ട് വിഷ്ണു എസ്. വാരിയര്‍ ആണ് ഡെപ്യൂട്ടി സോളിസിറ്റര്‍ ജനറല്‍ ഒ.എം. ശാലീന വഴി വിശദീകരണം ഫയല്‍ചെയ്തത്.

ഡല്‍ഹിയിലെ സ്‌ഫോടനത്തിനു പിന്നിലെ കാരണക്കാരനെന്നു പോലീസ് വൃത്തങ്ങള്‍ വ്യക്തമാക്കിയ ഡോ. ഉമര്‍ മുഹമ്മദും ഫരീദാബാദിലെ റെയ്ഡില്‍ പിടിയിലായ ഡോ. മുസമ്മില്‍ ഷക്കീലും തുര്‍ക്കി സന്ദര്‍ശിച്ചെന്നും അവിടെ അവര്‍ ജയ്ഷ് ഇ മുഹമ്മദ് സംഘടനയുടെ പ്രതിനിധിയുമായി കൂടിക്കാഴ്ച നടത്തിയെന്നുമാണ് ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ജയ്ഷ് ഇ മുഹമ്മദിന്റെ ഇന്ത്യയിലെ വനിതാ വിംഗ് കൈകാര്യം ചെയ്തിരുന്ന ഡോ. ഷഹീന്‍ അതിര്‍ത്തിക്കപ്പുറമുള്ള ഭീകര പ്രതിനിധിയുമായി സ്ഥിരമായ ബന്ധം പുലര്‍ത്തിയിരുന്നതായി നേരത്തേ വിവരമുണ്ടായിരുന്നു. ഇപ്പോള്‍ ഉമറും മുസമ്മിലും തുര്‍ക്കിയില്‍ മറ്റൊരു പ്രതിനിധിയെ കണ്ടെന്ന സംശയം ബലപ്പെട്ടു നില്‍ക്കുന്നതിനാല്‍ മുഴുവന്‍ ഗൂഢാലോചനയും വിദേശത്ത് ഉദ്ഭവിച്ചതാണോയെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ സംശയിക്കുന്നു. ഇവരുമായെല്ലാം ലക്ഷദ്വീപ് സംഘത്തിനും ബന്ധമുണ്ടാകാന്‍ സാധ്യത ഏറെയാണ്.

2008ലെ മുംബൈ ഭീകരാക്രമണത്തിന്റെ മാതൃകയില്‍ ഡല്‍ഹിയില്‍ ആക്രമണപരന്പര തന്നെ ലക്ഷ്യമിട്ടിരുന്നതായും സൂചനയുണ്ട്. രാജ്യതലസ്ഥാനത്തെയും ഗുരുഗ്രാമിലെയും ഫരീദാബാദിലെയും ഹൈ പ്രൊഫൈല്‍ പ്രദേശങ്ങള്‍ ലക്ഷ്യമിട്ടുകൊണ്ട് ആക്രമണം നടത്തുന്നതിനായി അറസ്റ്റിലായ ഡോക്ടര്‍മാര്‍ 200 ഐഇഡി ബോംബുകള്‍ തയാറാക്കിക്കൊണ്ടിരിക്കുകയായിരുന്നുവെന്നാണ് പോലീസ് വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.

Similar News