അപകടം നടന്ന് നിമിഷങ്ങള്‍ക്കകം പൈലറ്റിന് വിമാനത്തില്‍ നിന്ന് പുറത്തേക്ക് ചാടാന്‍ സാധിച്ചില്ല; വിമാനം വളരെ താഴ്ന്ന ഉയരത്തിലും തലകീഴായും കുത്തനെ താഴേക്ക് പതിക്കുന്ന സാഹചര്യത്തില്‍ എജക്ഷന്‍ സംവിധാനം പ്രവര്‍ത്തിക്കാന്‍ മതിയായ ഉയരമോ സമയമോ ലഭിക്കില്ല; തേജസ് തകര്‍ന്ന് വീണത് അട്ടിമറിയിലോ? ദുബായിലെ അപകടത്തില്‍ എല്ലാ സാധ്യതകളും അന്വേഷിക്കും
ന്യൂഡല്‍ഹി: ദുബായ് എയര്‍ ഷോയ്ക്കിടെ തേജസ് യുദ്ധവിമാനം തകര്‍ന്ന് വീണതില്‍ വ്യോമസേനയുടെ ആഭ്യന്തര അന്വേഷണം തുടങ്ങി. അട്ടിമറി സാധ്യത ഉള്‍പ്പെടെയുള്ളവ പരിശോധിക്കുമെന്ന് വ്യോമസേന അറിയിച്ചു. അപകടത്തില്‍ വിംഗ് കമാന്‍ഡര്‍ നമന്‍ സ്യാല്‍ വീരമൃത്യു വരിച്ചിരുന്നു. സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോകളില്‍, പൈലറ്റ് ഒരു 'സര്‍ക്കുലര്‍ ലൂപ്പ്' അഭ്യാസം നടത്തുന്നതിനിടെ നിയന്ത്രണം വിട്ട് നിമിഷങ്ങള്‍ക്കകം താഴേക്ക് പതിച്ച് തീഗോളമായി മാറുന്നത് കാണാം. ആദ്യ ലൂപ്പ് വിജയകരമായി പൂര്‍ത്തിയാക്കിയെങ്കിലും, അതേ അഭ്യാസം ആവര്‍ത്തിക്കുന്നതിനിടെ പൈലറ്റിന് സ്ഥലപരമായ ദിശാബോധം നഷ്ടപ്പെട്ടതാകാം അപകടകാരണമെന്ന് കരുതപ്പെടുന്നു.
ഉന്നത ഉദ്യോഗസ്ഥര്‍ ഉള്‍പ്പടെയുള്ളവര്‍ സാങ്കേതിക വിവരങ്ങള്‍ ശേഖരിക്കുകയും എയര്‍ ഷോയ്ക്കിടെയുള്ള ദൃശ്യങ്ങളും പരിശോധിച്ച് അപകടത്തിന്റെ പ്രാഥമികമായ റിപ്പോര്‍ട്ട് തയാറാകും. 115 രാജ്യങ്ങളില്‍ നിന്നായി 200 ഓളം വിമാനങ്ങളാണ് ദുബായില്‍ നടന്ന എയര്‍ ഷോയില്‍ പങ്കെടുത്തത്. അതേസമയം, സംഭവത്തില്‍ പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്,സംയുക്ത സൈനിക മേധാവി അനില്‍ ചൗഹാന്‍, സൈനിക മേധാവികള്‍ തുടങ്ങിയവര്‍ അനുശോചനം രേഖപ്പെടുത്തി. വിംഗ് കമാന്‍ഡര്‍ നമന്‍ സ്യാലിന്റെ മൃതദേഹം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി നാട്ടില്‍ എത്തിക്കും. ഹിമാചല്‍ പ്രദേശിലെ കാന്‍ഗ്ര സ്വദേശിയാണ് നമന്‍ഷ് സ്യാല്‍.
ഒരു വിമാനത്തിന്റെ ഭൂമിയുമായുള്ള ദിശാബോധം തെറ്റുന്ന അവസ്ഥയാണ് 'സ്‌പേഷ്യല്‍ ഡിസോറിയന്റേഷന്‍'. പൈലറ്റിന്റെ ഇന്ദ്രിയങ്ങളും വിമാനത്തിന്റെ യഥാര്‍ത്ഥ സ്ഥാനവും തമ്മിലുള്ള പൊരുത്തക്കേടാണ് ഇതിന് കാരണം. ഇത് അപകടങ്ങളിലേക്ക് നയിക്കുന്ന പ്രധാന കാരണങ്ങളിലൊന്നാണ്. അപകടം നടന്ന നിമിഷങ്ങള്‍ക്കകം പൈലറ്റിന് വിമാനത്തില്‍ നിന്ന് പുറത്തേക്ക് ചാടാന്‍ സാധിച്ചില്ല. വിമാനം വളരെ താഴ്ന്ന ഉയരത്തിലും, തലകീഴായും, കുത്തനെ താഴേക്ക് പതിക്കുന്ന സാഹചര്യത്തില്‍ എജക്ഷന്‍ സംവിധാനം പ്രവര്‍ത്തിക്കാന്‍ മതിയായ ഉയരമോ സമയമോ ലഭിക്കില്ലെന്ന് വ്യോമസേനാ വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടി.
'ദുബായ് എയര്‍ ഷോയില്‍ വ്യോമാഭ്യാസ പ്രകടനത്തിനിടെ ഐ.എ.എഫിന്റെ ഒരു തേജസ് വിമാനത്തിന് അപകടമുണ്ടായി. അപകടത്തില്‍ പൈലറ്റിന് മാരകമായ പരിക്കേറ്റു. ഈ ദുരന്തത്തില്‍ വ്യോമസേന അഗാധമായ ദുഃഖം രേഖപ്പെടുത്തുകയും മരിച്ചയാളുടെ കുടുംബത്തോടൊപ്പം നിലകൊള്ളുകയും ചെയ്യുന്നു,' എന്ന് ഐ.എ.എഫ് പ്രസ്താവനയില്‍ അറിയിച്ചു. അപകടത്തിന്റെ യഥാര്‍ത്ഥ കാരണം കണ്ടെത്താന്‍ നടത്തുന്ന അന്വേഷണത്തിന്റെ ഫലങ്ങള്‍ക്കായി വ്യോമസേന കാത്തിരിക്കുകയാണ്. അതിവേഗ വ്യോമാഭ്യാസ പ്രകടനങ്ങളിലെ വെല്ലുവിളികളും അപകടസാധ്യതകളും ഈ സംഭവം വീണ്ടും ഓര്‍മ്മിപ്പിക്കുന്നു.
ദുരന്തത്തിന്റെ കൃത്യമായ കാരണം കണ്ടെത്താനുള്ള വ്യോമസേനയുടെ കോര്‍ട്ട് ഓഫ് എന്‍ക്വയറി സമഗ്രവും വേഗത്തിലുള്ളതുമായിരിക്കണമെന്ന ആവശ്യം ശക്തമാണ്. സാങ്കേതിക തകരാര്‍, മനുഷ്യന്റെ പിഴവ്, അല്ലെങ്കില്‍ അപ്രതീക്ഷിത ബാഹ്യ ഘടകങ്ങള്‍ എന്നിവയില്‍ ഏതാണ് അപകടത്തിന് കാരണമായതെന്ന് എത്രയും പെട്ടെന്ന് തിരിച്ചറിയണം. അന്വേഷണ റിപ്പോര്‍ട്ട് ലഭിക്കുന്ന മുറയ്ക്ക് ആവശ്യമായ സാങ്കേതിക പരിഹാരങ്ങള്‍ കണ്ടെത്താനും വിമാനത്തിന്റെ സുരക്ഷാ മാനദണ്ഡങ്ങള്‍ മെച്ചപ്പെടുത്താനും ശ്രദ്ധിക്കണമെന്നും അഭിപ്രായമുണ്ട്. വ്യോമസേന അന്വേഷണം തുടങ്ങി. ദുബായ് ഏവിയേഷന്‍ അതോറിറ്റിയുമായി ചര്‍ച്ചകള്‍ നടത്തി. വിമാനത്തിന്റെ ബ്ലാക് ബോക്‌സിനായി തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. പൈലറ്റിന് ഇജക്ട് ചെയ്ത് രക്ഷപ്പെടാന്‍ കഴിയാത്തത് എന്തുകൊണ്ടാണെന്നു പരിശോധിക്കും. കഴിഞ്ഞ കൊല്ലം മാര്‍ച്ചില്‍ ജയ്‌സല്‍മേറില്‍ അപകടമുണ്ടായിരുന്നെങ്കിലും പൈലറ്റ് ഇജക്ട് ചെയ്തു രക്ഷപ്പെട്ടിരുന്നു. പ്രധാനമന്ത്രിയുമായി രാജ്‌നാഥ് സിങ് അപകടത്തെക്കുറിച്ചു സംസാരിച്ചു.
തദ്ദേശീയ തേജസ് എംകെ1 യുദ്ധവിമാനങ്ങളുടെ ചരിത്രത്തിലെ രണ്ടാമത്തെ അപകടമാണു ദുബായില്‍ നടന്നത്. ദുബായ് എയര്‍ ഷോയുടെ അവസാന ദിനം ഇന്ത്യന്‍ വ്യോമസേനയുടെ സൂര്യ കിരണ്‍ സംഘവും തേജസുമാണു വ്യോമാഭ്യാസ പ്രകടനം നടത്തിയത്. സൂര്യകിരണ്‍ സംഘത്തിന്റെ പിന്നാലെയായിരുന്നു തേജസിന്റെ പ്രകടനം. വിമാനം നിലംപതിച്ചതോടെ എയര്‍ ഷോ വേദി മൂകമായി. രക്ഷാപ്രവര്‍ത്തകര്‍ അതിവേഗം അപകട സ്ഥലത്തെത്തി വിമാനത്തിലെ തീ അണച്ചു. ഏകദേശം 2 രണ്ടു മണിക്കൂര്‍ നിര്‍ത്തിയശേഷം എയര്‍ ഷോ വീണ്ടും തുടങ്ങി. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 12നു രാജസ്ഥാനിലെ ജയ്‌സല്‍മേറില്‍ നടന്ന സൈനിക അഭ്യാസപ്രകടനത്തിനിടെയാണ് തേജസ് തകര്‍ന്നത്. വിമാനത്തിന്റെ ഓയില്‍ പമ്പിലെ തകരാറിനാല്‍ എന്‍ജിന്‍ പ്രവര്‍ത്തനം തടസപ്പെട്ടതാണ് കഴിഞ്ഞ വര്‍ഷത്തെ അപകടത്തിനു കാരണമായതെന്നാണു കരുതപ്പെടുന്നത്. ഒറ്റ എന്‍ജിനുള്ള വിമാനമാണു തേജസ്.
2 പതിറ്റാണ്ടിലേറെ രാജ്യത്തിന്റെ സ്വപ്നമായിരുന്ന ലൈറ്റ് കോംബാറ്റ് വിമാനം തേജസ് 2016 ജൂലൈയിലാണു വ്യോമസേനയിലെത്തിയത്. 1985ല്‍ ഡിആര്‍ഡിഒ തുടങ്ങിയ പദ്ധതി പരീക്ഷണങ്ങള്‍ക്കൊടുവില്‍ ബെംഗളൂരു ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡിനു(എച്ച്എഎല്‍) കൈമാറി. യുഎസ് നിര്‍മിത ജിഇ 404 എന്‍ജിന്‍ കരുത്ത് പകരുന്ന വിമാനത്തിന്റെ 70 ശതമാനവും ഇന്ത്യന്‍ നിര്‍മിതമാണ്. 40 തേജസ് എംകെ1 ജെറ്റുകളാണു വ്യോമസേനയ്ക്കു കൈമാറിയിരുന്നത്. ഇവ രണ്ടു സ്‌ക്വാഡ്രണുകളിലായാണു പ്രവര്‍ത്തിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ അപകടത്തിനു പിന്നാലെ എല്ലാ തേജസ് വിമാനങ്ങളിലും പരിശോധന പൂര്‍ത്തിയാക്കി സുരക്ഷിതമെന്നു വീണ്ടും ഉറപ്പാക്കിയിരുന്നു. 2021 ഫെബ്രുവരിയില്‍ 83 തേജസ് കൂടി വാങ്ങാന്‍ ധാരണയായിരുന്നു.
