ലൈംഗികമായി ചൂഷണം ചെയ്തു; കുമ്പസാരം കേട്ട ശേഷം സ്വവര്‍ഗ്ഗാനുരാഗം 'ചികിത്സിക്കാന്‍' മനോരോഗ വിദഗ്ദ്ധനെ കാണാന്‍ പ്രേരിപ്പിച്ചുവെന്നും ആരോപണം; സ്പാനിഷ് ബിഷപ്പ് റാഫേല്‍ സോര്‍നോസയുടെ രാജി സ്വീകരിച്ച് മാര്‍പാപ്പ; പീഡനം പറയാതെ സ്ഥിരീകരണവുമായി വത്തിക്കാന്‍

Update: 2025-11-23 01:12 GMT

വത്തിക്കാന്‍: ലൈംഗികാതിക്രമ ആരോപണങ്ങളെത്തുടര്‍ന്ന് സ്പാനിഷ് ബിഷപ്പ് റാഫേല്‍ സോര്‍നോസയുടെ രാജി മാര്‍പാപ്പ അംഗീകരിച്ചു. 1990-കളില്‍ ഒരു കൗമാരക്കാരനെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന ആരോപണത്തില്‍ സഭാ അന്വേഷണം നേരിടുന്ന 76 വയസ്സുകാരനായ സോര്‍നോസയുടെ രാജി വത്തിക്കാന്‍ ശനിയാഴ്ച സ്വീകരിച്ചതായി സ്ഥിരീകരിച്ചു.

പുതിയ പോപ്പ് സ്ഥാനമേറ്റ ശേഷം ലൈംഗികാതിക്രമ ആരോപണത്തെത്തുടര്‍ന്ന് ഒരു ബിഷപ്പിന്റെ രാജി അംഗീകരിക്കുന്നത് ഇത് ആദ്യമായാണ്. എന്നാല്‍, വത്തിക്കാന്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ ആരോപണങ്ങളെക്കുറിച്ച് യാതൊരു പരാമര്‍ശവുമില്ല. സ്പാനിഷ് ദിനപത്രമായ എല്‍ പൈസ് ഈ മാസം ആദ്യം റിപ്പോര്‍ട്ട് ചെയ്തതനുസരിച്ച്, സോര്‍നോസയെ ഒരു സഭാ ട്രൈബ്യൂണല്‍ അന്വേഷണം ആരംഭിച്ചിരുന്നു. ഗെറ്റാഫെയിലെ രൂപതാ സെമിനാരി ഡയറക്ടറായിരുന്ന കാലത്ത്, ഒരു മുന്‍ സെമിനാരി വിദ്യാര്‍ത്ഥിയെ 14 മുതല്‍ 21 വയസ്സുവരെ ലൈംഗികമായി പീഡിപ്പിച്ചു എന്നതാണ് സോര്‍നോസക്കെതിരെയുള്ള ആരോപണം.

ലൈംഗികമായി ചൂഷണം ചെയ്യുകയും, ലൈംഗിക ബന്ധങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്തുവെന്നും, കുമ്പസാരം കേട്ട ശേഷം സ്വവര്‍ഗ്ഗാനുരാഗം 'ചികിത്സിക്കാന്‍' മനോരോഗ വിദഗ്ദ്ധനെ കാണാന്‍ പ്രേരിപ്പിച്ചുവെന്നും മുന്‍ സെമിനാരി വിദ്യാര്‍ത്ഥി വത്തിക്കാന് അയച്ച കത്തില്‍ വിശദീകരിച്ചിട്ടുണ്ട്. 2011 മുതല്‍ സ്‌പെയിനിന്റെ തെക്കന്‍ തീരത്തുള്ള കാഡിസ് വൈ സിയൂട്ട രൂപതയുടെ അധിപനായിരുന്നു സോര്‍നോസ. ലൈംഗികാതിക്രമ ആരോപണത്തില്‍ വത്തിക്കാന്‍ നേരിട്ട് അന്വേഷണം നടത്തിയതായി പരസ്യമായി അറിയപ്പെടുന്ന ആദ്യത്തെ സ്പാനിഷ് കത്തോലിക്കാ ബിഷപ്പാണ് അദ്ദേഹം.

കാഡിസ് രൂപത സോര്‍നോസയ്ക്കെതിരെയുള്ള ആരോപണങ്ങള്‍ നിഷേധിച്ചെങ്കിലും, മാഡ്രിഡിലെ സഭാ കോടതിയായ റോട്ട അന്വേഷണം നടത്തുന്നുണ്ടെന്ന് സ്ഥിരീകരിച്ചു. മാര്‍പ്പാപ്പയായി പോപ്പ് ലിയോ സ്ഥാനമേറ്റ ശേഷം ഒരു ബിഷപ്പിന്റെ രാജി ലൈംഗികാതിക്രമ ആരോപണങ്ങളുടെ പേരില്‍ അംഗീകരിക്കുന്നത് ഇത് ആദ്യമായാണ്. സഭയില്‍ ലൈംഗികാതിക്രമ ആരോപണങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ ഈ നടപടിക്ക് വലിയ പ്രാധാന്യമുണ്ട്.

Tags:    

Similar News