സ്മൃതി മന്ഥാന - പലാഷ് മുച്ഛല്‍ വിവാഹം ഞായറാഴ്ചയോ? പ്രചരിക്കുന്ന അഭ്യൂഹങ്ങളെ കുറിച്ച് അറിയില്ലെന്ന് സഹോദരന്‍ ശ്രാവന്‍ മന്ഥാന; പുതിയ തീയതി തീരുമാനിച്ചിട്ടില്ലെന്ന് വിവരം

Update: 2025-12-03 10:12 GMT

ഇന്‍ഡോര്‍: ഇന്ത്യന്‍ വനിത ക്രിക്കറ്റ് താരം സ്മൃതി മന്ഥാനയും പ്രതിശ്രുത വരന്‍ പലാഷ് മുച്ഛലും തമ്മിലുള്ള വിവാഹം ഡിസംബര്‍ ഏഴിന് നടക്കുമെന്ന റിപ്പോര്‍ട്ടുകളോട് പ്രതികരിച്ച് കുടുംബം. നിലവില്‍ പ്രചരിക്കുന്ന അഭ്യൂഹങ്ങളെ കുറിച്ച് തനിക്ക് അറിയില്ലെന്നും തന്റെ അറിവില്‍ ഇപ്പോഴും വിവാഹം മാറ്റിവച്ചിരിക്കുകയാണെന്നും സ്മൃതിയുടെ സഹോദരന്‍ ശ്രാവന്‍ മന്ഥാന മാധ്യമങ്ങളോട് പ്രതികരിച്ചു. ചില ഓണ്‍ലൈന്‍ മാധ്യമങ്ങളിലാണ് മാറ്റി വച്ച വിവാഹം ഞായറാഴ്ച നടക്കുമെന്ന് വാര്‍ത്തകള്‍ പ്രത്യക്ഷപ്പെട്ടത്. എന്നാല്‍ കുടുംബം വാര്‍ത്ത നിഷേധിച്ചു,പുതിയ തീയതി പ്രഖ്യാപിച്ചിട്ടുമില്ല.

വിവാഹ ദിവസം സ്മൃതിയുടെ പിതാവ് ശ്രീനിവാസ് മന്ഥനയ്ക്ക് ഹൃദയാഘാതമുണ്ടായതോടെയാണ് വിവാഹം മാറ്റിവച്ചത്. പിന്നാലെ പലാഷും അസിഡിറ്റി പ്രശ്‌നങ്ങളെ തുടര്‍ന്ന് ആശുപത്രിയിലായിരുന്നു. ഇരുവരും പിന്നീട് ആശുപത്രി വിട്ടു. പിതാവ് ആശുപത്രിയിലായി മണിക്കൂറുകള്‍ക്കകം വിവാഹം മാറ്റി വയ്ക്കുകയും പ്രൊപ്പോസല്‍ വിഡിയോയടക്കം സ്മൃതി തന്റെ സമൂഹ മാധ്യമങ്ങളില്‍ നിന്ന് നീക്കുകയും ചെയ്തിരുന്നു.

വിവാഹത്തിയതി പിന്നീട് പരസ്യപ്പെടുത്താതിരിക്കുകയും സ്മൃതിയുടെ സുഹൃത്തുക്കളടക്കം വിവാഹത്തലേന്നത്തെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ നിന്ന് നീക്കുകയും ചെയ്തു. സമൂഹമാധ്യമങ്ങളില്‍ മേരി ഡി കോത്തയുടെയും പലാഷിന്റെയും പഴയ ചാറ്റും പ്രചരിച്ചു. സ്മൃതിയുമായി പ്രണയത്തിലായിരിക്കെ പലാഷ് , യുവതിയുമായി ബന്ധം സ്ഥാപിക്കാന്‍ ശ്രമിക്കുന്നതായിരുന്നു ചാറ്റിലെ ഉള്ളടക്കം. താനും പലാഷുമായി ബന്ധമുണ്ടായിട്ടില്ലെന്ന് മേരി തന്നെ പിന്നീട് വെളിപ്പെടുത്തിയിരുന്നു.

ഒരുമാസത്തെ പരിചയം മാത്രമേയുള്ളൂവെന്നും അനാവശ്യ വിവാദങ്ങളില്‍ നിന്നൊഴിയണമെന്നുമായിരുന്നു അവരുടെ അഭ്യര്‍ഥന. ഇതിന് പിന്നാലെ കോറിയോഗ്രാഫറുമായി ബന്ധപ്പെട്ടും പലാഷിന്റെ പേര് പ്രചരിച്ചു. പലാഷ് സ്മൃതിയെ ചതിച്ചുവെന്നും അവിചാരിതമായി വിവാഹ ദിവസം ഇക്കാര്യം പുറത്തായെന്നും ഇതാണ് വിവാഹം മാറ്റിവയ്ക്കാനുള്ള കാരണമെന്നുമെല്ലാം വാര്‍ത്തകള്‍ നിറഞ്ഞിരുന്നു. എന്നാല്‍ ഈ വാര്‍ത്തകളോടൊന്നും തന്നെ ഇരു കുടുംബങ്ങളും പ്രതികരിച്ചിട്ടില്ല.

പലാഷ് മറ്റൊരു സ്ത്രീയുമായി നടത്തിയ ചാറ്റുകളുടെ സ്‌ക്രീന്‍ഷോട്ടുകളും സ്മൃതിയെ വഞ്ചിക്കുകയായിരുന്നു എന്നതടക്കമുള്ള അഭ്യൂഹങ്ങള്‍ പ്രചരിക്കുമ്പോഴും വിവാഹം സംബന്ധിച്ച അഭ്യൂഹങ്ങള്‍ തുടരുകയാണ്. നവംബര്‍ ഇരുപത്തിമൂന്നിന് നടക്കേണ്ടിയിരുന്ന വിവാഹം മാറ്റിവെച്ചതില്‍ ഇതുവരെയും വ്യക്തത വന്നിരുന്നില്ല. അതിനിടെ വൈകാതെ വിവാഹം നടക്കുമെന്നും സ്മൃതിയും പലാഷും തകര്‍ന്നിരിക്കുകയാണെന്നും പലാഷിന്റെ അമ്മ അമിത കഴിഞ്ഞദിവസം പറഞ്ഞിരുന്നു. സ്മൃതിയെ വീട്ടിലേക്ക് വരവേല്‍ക്കാന്‍ പ്രത്യേക പ്ലാനുകള്‍ ഉണ്ടായിരുന്നുെവെന്നും അമിത പറഞ്ഞിരുന്നു.

നവംബര്‍ ഇരുപത്തിമൂന്നിനായിരുന്നു സ്മൃതി-പലാഷ് വിവാഹം നടക്കേണ്ടിയിരുന്നത്. വിവാഹം നടക്കുന്നതിന് മണിക്കൂറുകള്‍ മുമ്പാണ് സ്മൃതിയുടെ അച്ഛന്‍ ശ്രീനിവാസ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയിലായെന്നും വിവാഹം മാറ്റിവച്ചുവെന്നും റിപ്പോര്‍ട്ട് വന്നത്. ഹൃദയാഘാതത്തിന് സമാനമായ ലക്ഷണങ്ങള്‍ അനുഭവപ്പെട്ടതിനെത്തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

സ്മൃതിയുടെ അച്ഛനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന്റെ അടുത്ത ദിവസം തന്നെ പലാഷിനെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. സ്മൃതിയുടെ അച്ഛനുമായി പലാഷിന് വളരെ നല്ല ബന്ധമാണെന്നും അദ്ദേഹം ആശുപത്രിയിലായത് കാരണം വിവാഹം മാറ്റിവെക്കാന്‍ പലാഷ് തന്നെയാണ് ആവശ്യപ്പെട്ടതെന്ന് പലാഷിന്റെ അമ്മ അറിയിച്ചിരുന്നു. ആശുപത്രിയില്‍ നടത്തിയ പരിശോധനകളില്‍ പലാഷിന് ആരോഗ്യപ്രശ്നങ്ങളില്ലെങ്കിലും അവന്‍ വലിയ മാനസികസമ്മര്‍ദ്ദം അനുഭവിക്കുന്നുണ്ടെന്നും പലാഷിന്റെ അമ്മ കൂട്ടിച്ചേര്‍ത്തിരുന്നു.

എന്നാല്‍ വിവാഹവുമായി ബന്ധപ്പെട്ട് സ്മൃതി ഇന്‍സ്റ്റഗ്രാമിലടക്കം പങ്കുവെച്ച എല്ലാ പോസ്റ്റുകളും നീക്കം ചെയ്തത് പലരിലും സംശയമുണര്‍ത്തിയിരുന്നു. 2019-ല്‍ പ്രണയത്തിലായ ഇരുവരും 2024-ല്‍ അഞ്ച് വര്‍ഷം പൂര്‍ത്തിയായതിന്റെ ചിത്രം പങ്കുവെച്ചാണ് ബന്ധം പരസ്യമാക്കിയത്.

Tags:    

Similar News