'എനിക്ക് വിശക്കുന്നു, ഏഴ് ദിവസമായി ഭക്ഷണം കഴിച്ചിട്ട്!'; ഭക്ഷണം വേണമെന്ന് ഉദ്യോഗസ്ഥരോട് രാഹുല്‍ ഈശ്വര്‍; ഉടന്‍ ദോശയും ചമ്മന്തിയും വാങ്ങി നല്‍കി ഉദ്യോഗസ്ഥര്‍; ആശുപത്രി സെല്ലിലേക്ക് മാറ്റിയത് ആരോഗ്യനില വഷളായതോടെ; കോടതി ജാമ്യം നിഷേധിച്ചതോടെ മനംമാറ്റം; ഇനി ആഹാരം കൃത്യമായി കഴിച്ചോളാമെന്നും പ്രതികരണം
തിരുവനന്തപുരം: കോടതി ജാമ്യം നിഷേധിച്ചതോടെ ജയിലിലെ നിരാഹാര സത്യഗ്രഹം അവസാനിപ്പിച്ച് രാഹുല്‍ ഈശ്വര്‍. ആഹാരം കഴിക്കാമെന്ന് ജയില്‍ അധികൃതരെ അറിയിക്കുകയായിരുന്നു. ആശുപത്രി സെല്ലില്‍ കഴിയുന്ന രാഹുല്‍ വിശക്കുന്നുവെന്ന് ഉദ്യോഗസ്ഥരോട് പറയുകയും തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ ഭക്ഷണം വാങ്ങി നല്‍കുകയുമായിരുന്നു. മൂന്ന് ദോശയും ചമ്മന്തിയും കഴിച്ചു കൊണ്ടാണ് നിരാഹാരം അവസാനിപ്പിച്ചത്. 7 മണിയോടെയാണ് നിരാഹാരം അവസാനിപ്പിച്ചത്. ഇന്ന് ജാമ്യം നിഷേധിച്ചതോടെയാണ് രാഹുല്‍ ഈശ്വറിന്റെ പിന്മാറ്റം.
അപകീര്‍ത്തികരമായ പോസ്റ്റുകള്‍ പിന്‍വലിക്കാമെന്ന് നേരത്തെ കോടതിയിലും അറിയിച്ചിരുന്നു. നിലവില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് രാഹുല്‍ ഈശ്വര്‍. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പരാതി നല്‍കിയ യുവതിയെ സാമൂഹ്യ മാധ്യമത്തിലൂടെ അപമാനിച്ചെന്ന കേസിലാണ് രാഹുല്‍ ഈശ്വര്‍ അറസ്റ്റിലായത്. അറസ്റ്റിലായതോടെ ജയിലില്‍ നിരാഹാര സമരം തുടരുകയായിരുന്നു. കോടതി ജാമ്യം നിഷേധിച്ചതോടെയാണ് തീരുമാനത്തില്‍നിന്ന് പിന്‍മാറിയത്. അഡീഷനല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം നിഷേധിച്ചത്. ഏഴു ദിവസമായി രാഹുല്‍ ജയിലിലാണ്.
രാഹുല്‍ ഈശ്വര്‍ നല്‍കിയ ജാമ്യഹര്‍ജി കോടതി തള്ളിയിരുന്നു. തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ഹര്‍ജി തള്ളിയത്. കേസിലെ എഫ്‌ഐആര്‍ വായിക്കുക മാത്രമാണ് വീഡിയോയില്‍ ചെയ്തതെന്നും പരാതിക്കാരിയെ അവഹേളിക്കുന്ന ഒന്നും ഇതില്‍ ഇല്ലെന്നും രാഹുല്‍ ഈശ്വര്‍ വാദിച്ചിരുന്നു. പോസ്റ്റ് പിന്‍വലിക്കാമെന്നും രാഹുലിന്റെ അഭിഭാഷകന്‍ വാദിച്ചു. എന്നാല്‍ രാഹുല്‍ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും വീണ്ടും കസ്റ്റിയില്‍ ചോദ്യം ചെയ്യേണ്ട ആവശ്യമുണ്ടെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.
ഇരകളെ അവഹേളിച്ഛ് മുമ്പും രാഹുല്‍ പോസ്റ്റുകള്‍ ഇട്ടിട്ടിട്ടുണ്ടെന്നും ഈ കേസില്‍ ജാമ്യം അനുവദിക്കുന്നത് സമൂഹത്തിനു തെറ്റായ സന്ദേശം നല്‍കുമെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. ഇത് കണക്കിലെടുത്താണ് കോടതി ഹര്‍ജി തള്ളിയത്. രാഹുല്‍ ഈശ്വറിനെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. ഇതിനായി അഡീഷ്ണല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ പൊലീസ് കസ്റ്റഡി അപേക്ഷ നല്‍കും.
രാഹുല്‍ മാങ്കൂട്ടത്തില്‍ കേസിന്റെ എഫ്ഐആര്‍ വിഡിയോയില്‍ വായിക്കുക മാത്രമാണ് ചെയ്തതെന്നാണ് രാഹുലിന്റെ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞത്. അതിജീവിതയെ മോശപ്പെടുത്തുന്ന കാര്യങ്ങള്‍ പറഞ്ഞിട്ടില്ല. അപമാനിക്കണമെന്ന ഉദ്ദേശ്യം ഉണ്ടായിരുന്നില്ല. അത്തരം വിഡിയോ ഉണ്ടെങ്കില്‍ പിന്‍വലിക്കാന്‍ രാഹുല്‍ തയാറാണെന്നും അഭിഭാഷകന്‍ അറിയിച്ചു. എന്നാല്‍ സ്ത്രീകള്‍ക്കെതിരായ കേസുകളുടെ എഫ്ഐആര്‍ എങ്ങനെ പരസ്യരേഖ ആകുമെന്നു കോടതി ചോദിച്ചു. ജാമ്യഹര്‍ജിയെ പ്രോസിക്യൂഷന്‍ എതിര്‍ത്തു.
പരാതിക്കാരിയായ യുവതിയെ അധിക്ഷേപിച്ചിട്ടില്ലെന്ന രാഹുല്‍ ഈശ്വറിന്റെ വാദം നിലനില്‍ക്കില്ലെന്ന് കോടതി ഉത്തരവില്‍ വ്യക്തമാക്കി. ജാമ്യത്തില്‍ വിട്ടാല്‍ കുറ്റം ആവര്‍ത്തിക്കും. പ്രോസിക്യൂഷന്‍ വാദത്തില്‍ കഴമ്പുണ്ട്. കസ്റ്റഡിയില്‍ കഴിയുമ്പോഴും രാഹുല്‍ സമൂഹമാധ്യമത്തില്‍ പോസ്റ്റിട്ടിട്ടുണ്ടെന്നും കോടതി നിരീക്ഷിച്ചു. രാഹുലിന്റെ നിരാഹാര സമരത്തെ കോടതി വിമര്‍ശിച്ചു. നിരാഹാരം പൊലീസിനെ സമ്മര്‍ദത്തിലാക്കാനാണ്. അനുവദിച്ചാല്‍ മറ്റ് തടവുകാരും ഇത് ആവര്‍ത്തിക്കുമെന്നും കോടതി പറഞ്ഞു.
കേസുമായി ബന്ധപ്പെട്ട് ഇന്നത്തേതും കൂടി കൂട്ടി മൂന്നാമത്തെ തവണയാണ് രാഹുല്‍ ഈശ്വര്‍ ജാമ്യാപേക്ഷ നല്‍കിയത്. ഒരേ കേസില്‍, ഒരേ സമയം രണ്ട് കോടതികളില്‍ രാഹുല്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നു. ഇത് വലിയൊരു വീഴ്ചയായി കോടതി ചൂണ്ടിക്കാട്ടിയിരുന്നു. പിന്നാലെയാണ് കോടതി രാഹുലിന്റെ ജാമ്യാപേക്ഷ നിരസിച്ചത്. രാഹുല്‍ ഈശ്വര്‍ ഇപ്പോഴും അന്വേഷണത്തില്‍ പോലീസുമായി സഹകരിക്കുന്നില്ല എന്നും പോലീസ് കോടതിയെ അറിയിച്ചു. അതുകൊണ്ടുതന്നെ രണ്ടുദിവസത്തേക്ക് കൂടി രാഹുല്‍ ഈശ്വറിനെ കസ്റ്റഡിയില്‍ വാങ്ങാനുള്ള നീക്കത്തിലാണ് പോലീസ്. കസ്റ്റഡി അപേക്ഷയുമായി പോലീസ് തിങ്കളാഴ്ച കോടതിയെ സമീപിക്കും.
അങ്ങനെയെങ്കില്‍ രാഹുല്‍ ഈശ്വറിന്റെ ഹര്‍ജി പരിഗണിക്കുന്നത് ഇനിയും നീളും. രാഹുല്‍ ജയിലിലായിട്ട് ഇപ്പോള്‍ ഒരാഴ്ചയാവുകയാണ്. ഇത്രയും ദിവസവും രാഹുല്‍ ജയിലില്‍ നിരാഹാര സമരത്തിലായിരുന്നു. ആരോഗ്യം വഷളായതോടെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ സെല്ലിലേക്ക് മാറ്റിയെങ്കിലും രാഹുല്‍ നിരാഹാരം തുടരുകയായിരുന്നു. എന്നാല്‍ ഇന്നും കോടതി ജാമ്യാപേക്ഷ തള്ളിയതോടെയാണ് രാഹുല്‍ ഈശ്വര്‍ നിരാഹാര സമരം അവസാനിപ്പിക്കുന്നതായി പോലീസിനെ അറിയിച്ചത്.
നേരത്തേ ജാമ്യാപേക്ഷ തള്ളിയ ജില്ലാ സെഷന്‍സ് കോടതി രാഹുല്‍ ഈശ്വറിനെ റിമാന്‍ഡ് ചെയ്തിരുന്നു. തുടര്‍ന്ന് പൊലീസ് കസ്റ്റഡിയില്‍ വാങ്ങിയ രാഹുലിനെ ഇന്നലെ ഉച്ചയ്ക്കു ശേഷം പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ പ്രവേശിപ്പിച്ചു. പരാതിക്കാരിയെ തിരിച്ചറിയാന്‍ സാധിക്കും വിധമുള്ള വിവരങ്ങള്‍ പങ്കുവച്ചതായി ആരോപിച്ച് രാഹുല്‍ ഈശ്വര്‍, കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാരിയര്‍ എന്നിവരടക്കം 6 പേര്‍ക്കെതിരെയാണ് കേസെടുത്തത്. യുവതിയുടെ വ്യക്തിത്വം വെളിപ്പെടുത്തല്‍, സ്ത്രീത്വത്തെ അപമാനിക്കല്‍, ഭീഷണിപ്പെടുത്തല്‍, ഇലക്ട്രോണിക് ഉപകരണങ്ങളുടെ ദുരുപയോഗം എന്നീ വകുപ്പുകളാണു ചുമത്തിയിരിക്കുന്നത്. 2 വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണിവ.
