'കറാച്ചിയില്‍ വച്ച് ഹൈന്ദവാചാരപ്രകാരം വിവാഹം; വീസയുടെ കാര്യം പറഞ്ഞ് പാക്കിസ്ഥാനിലേക്ക് മടക്കി അയച്ചു; ഡല്‍ഹിയിലുള്ള സ്ത്രീയുമായി ഭര്‍ത്താവ് രഹസ്യമായി രണ്ടാം വിവാഹത്തിന് ഒരുങ്ങുന്നു'; പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് സഹായം അഭ്യര്‍ഥിച്ച് പാക്ക് യുവതി
കറാച്ചി: ദീര്‍ഘകാല വീസയില്‍ ഇന്‍ഡോറില്‍ താമസിക്കുന്ന തന്റെ ഭര്‍ത്താവ് രഹസ്യമായി ഡല്‍ഹിയില്‍ രണ്ടാമത് വിവാഹം കഴിക്കാന്‍ ഒരുങ്ങുന്നുവെന്ന് ആരോപിച്ച് പാക്കിസ്ഥാന്‍ യുവതി രംഗത്ത്. തനിക്കു നീതി ലഭിക്കണമെന്ന് യുവതി പ്രധാനമന്ത്രി നരേന്ദ്രമോദിയോട് അഭ്യര്‍ഥിക്കുന്ന വിഡിയോ പുറത്തുവിട്ടു. പാക്കിസ്ഥാനി സ്വദേശിനിയായ നികിതയാണ് വിഡിയോ പുറത്തുവിട്ടത്. നികിത കറാച്ചി സ്വദേശിയാണ്. തന്നെ പാക്കിസ്ഥാനില്‍ ഉപേക്ഷിച്ച ശേഷം ഭര്‍ത്താവ് രണ്ടാമതം വിവാഹം കഴിക്കാന്‍ ഒരുങ്ങുന്നുവെന്നാണ് യുവതി ആരോപിക്കുന്നത്.
ഇന്‍ഡോറില്‍ താമസിക്കുന്ന പാക്കിസ്ഥാന്‍ വംശജനായ വിക്രം നാഗ്‌ദേവിനെ 2020 ജനുവരി 26ന് കറാച്ചിയില്‍ വച്ച് ഹൈന്ദവാചാരപ്രകാരം വിവാഹം കഴിച്ചതായി നികിത പറയുന്നു. ഒരു മാസം കഴിഞ്ഞ് വിക്രം നികിതയെ ഇന്ത്യയിലേക്ക് കൊണ്ടുവന്നു. എന്നാല്‍, മാസങ്ങള്‍ക്കുള്ളില്‍ തന്റെ ജീവിതം കീഴ്‌മേല്‍ മറിഞ്ഞതായി നികിത പറയുന്നു. വീസയില്‍ സാങ്കേതിക പ്രശ്‌നമുണ്ടെന്ന കാരണം പറഞ്ഞ് 2020 ജൂലൈ 9ന് നിര്‍ബന്ധിച്ച് പാക്കിസ്ഥാനിലേക്ക് അയച്ചതായി നികിത പറയുന്നു. തിരിച്ചു കൊണ്ടുവരാന്‍ വിക്രം ശ്രമിച്ചില്ല. ഇന്ത്യയിലേക്കു മടക്കി വിളിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും നിരസിച്ചതായി നികിത ആരോപിക്കുന്നു.
വിവാഹത്തിനു തൊട്ടുപിന്നാലെ തനിക്കു നേരിട്ട ഞെട്ടിക്കുന്ന സംഭവത്തെക്കുറിച്ചും അവര്‍ വിഡിയോയില്‍ വിവരിച്ചു. '' പാക്കിസ്ഥാനില്‍ നിന്ന് ഭര്‍തൃവീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ അവരുടെ പെരുമാറ്റം പൂര്‍ണമായും മാറിയിരുന്നു. ഭര്‍ത്താവിനു മറ്റൊരു ബന്ധമുണ്ടെന്നു ഞാന്‍ മനസ്സിലാക്കി. ഭര്‍തൃപിതാവിനോട് ഇക്കാര്യം പറഞ്ഞു. ആണ്‍കുട്ടികള്‍ക്ക് അവിഹിത ബന്ധങ്ങള്‍ ഉണ്ടാകുമെന്നും അതിലൊന്നും ചെയ്യാന്‍ കഴിയില്ലെന്നുമാണ് അവര്‍ പറഞ്ഞത്.''നികിത പറഞ്ഞു.
ലോക്ക്ഡൗണ്‍ സമയത്ത് പാക്കിസ്ഥാനിലേക്കു മടങ്ങാന്‍ വിക്രം നിര്‍ബന്ധിച്ചെന്നും ഇപ്പോള്‍ ഇന്ത്യയിലേക്കു പ്രവേശനം നിഷേധിക്കുകയാണെന്നും നികിത ആരോപിച്ചു. കറാച്ചിയില്‍ തിരിച്ചെത്തിയ ശേഷമാണ് ഡല്‍ഹിയിലുള്ള ഒരു സ്ത്രീയുമായി വിക്രം രണ്ടാമതൊരു വിവാഹത്തിന് ഒരുങ്ങുകയാണെന്ന് നികിത കണ്ടെത്തിയത്. 2025 ജനുവരി 27ന് നികിത രേഖാമൂലം പരാതി നല്‍കി. ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ പരാജയപ്പെട്ടു. ഇതേതുടര്‍ന്നാണ് യുവതി വിഡിയോ സന്ദേശവുമായി എത്തിയത്.
