മയക്കുമരുന്നുമായി പായുന്ന കടത്ത് ബോട്ടിനെ ഉന്നം വച്ച് കോസ്റ്റ് ഗാര്‍ഡ് സ്‌നൈപ്പറുടെ കിറുകൃത്യം ഷോട്ട്; പസഫിക് സമുദ്രത്തില്‍ 9 മെട്രിക് ടണ്‍ കൊക്കെയ്ന്‍ പിടികൂടി; യുഎസ് തീരസംരക്ഷണ സേനയുടെ ഓപ്പറേഷന്‍ പസഫിക് വൈപ്പറിന് തല്ലും തലോടലും; വെനസ്വേലയില്‍ നിന്നുള്ള ബോട്ടുകാരെ വെടിവെച്ചു കൊന്നത് യുദ്ധക്കുറ്റമോ? യു.എസ്. കോണ്‍ഗ്രസില്‍ ട്രംപ് ഭരണകൂടത്തിനെതിരെ കടുത്ത വിമര്‍ശനം
പസഫിക് സമുദ്രത്തില്‍ 9 മെട്രിക് ടണ്‍ കൊക്കെയ്ന്‍ പിടികൂടി
വാഷിംഗ്ടണ്‍ ഡി.സി.: പസഫിക് സമുദ്രത്തില്‍ മയക്കുമരുന്ന് കടത്ത് ബോട്ടുകള്‍ക്കെതിരെ യു.എസ്. കോസ്റ്റ് ഗാര്‍ഡ് നടത്തിയ ഓപ്പറേഷന്‍ 'പസഫിക് വൈപ്പറി' ല്‍(Operation Pacific Viper)വന്‍വേട്ട. മെക്‌സിക്കോയുടെ തെക്ക് ഭാഗത്ത് പസഫിക് സമുദ്രത്തില്‍ 'ഗോ-ഫാസ്റ്റ് വെസല്‍' (go-fast vessel) എന്നറിയപ്പെടുന്ന അതിവേഗ മയക്കുമരുന്ന് ബോട്ടിന് നേരെ യു.എസ്. കോസ്റ്റ് ഗാര്‍ഡ് ഹെലികോപ്റ്ററില്‍ നിന്ന് സ്‌നൈപ്പര്‍ വെടിയുതിര്‍ക്കുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്.
കോസ്റ്റ് ഗാര്‍ഡിന്റെ ഹെലികോപ്റ്റര്‍ ഇന്റര്‍ഡിക്ഷന്‍ ടാക്റ്റിക്കല്‍ സ്‌ക്വാഡിലെ (HITRON) സ്‌നൈപ്പര്‍ ബോട്ടിലെ പ്രൊപ്പല്‍ഷന്‍ സിസ്റ്റത്തില്‍ (എന്‍ജിന്‍) കൃത്യമായി വെടിവെച്ച് ബോട്ടിനെ നിശ്ചലമാക്കി. തുടര്‍ന്ന് കോസ്റ്റ് ഗാര്‍ഡ് ഉദ്യോഗസ്ഥര്‍ ബോട്ടില്‍ പ്രവേശിച്ച് 20,000 പൗണ്ടിലധികം (ഏകദേശം 9 മെട്രിക് ടണ്‍) കൊക്കെയ്ന്‍ പിടിച്ചെടുത്തു. ഇത് 7.5 ദശലക്ഷത്തിലധികം മാരക ഡോസുകള്‍ക്ക് തുല്യമാണ്.
2025 സാമ്പത്തിക വര്‍ഷത്തില്‍ മാത്രം 5,10,000 പൗണ്ട് (ഏകദേശം 231 മെട്രിക് ടണ്‍) കൊക്കെയ്ന്‍ പിടിച്ചെടുത്തുകൊണ്ട് കോസ്റ്റ് ഗാര്‍ഡ് ചരിത്രത്തിലെ ഏറ്റവും വലിയ ലഹരിവേട്ടയാണ് പൂര്‍ത്തിയാക്കിയത്.
'രക്ഷപ്പെട്ടവരെ കൊന്നുതള്ളി': യുദ്ധക്കുറ്റ ആരോപണം
വെനസ്വേലയില്‍ നിന്നുള്ള ബോട്ടുകള്‍ക്ക് നേരെ സെപ്റ്റംബര്‍ 2-ന് നടന്ന ആക്രമണങ്ങളാണ് വിവാദങ്ങള്‍ക്ക് വഴിവെച്ചത്. ആദ്യത്തെ മിസൈല്‍ ആക്രമണത്തെ അതിജീവിച്ച് രണ്ട് പേര്‍ ബോട്ടില്‍ ശേഷിച്ചിരുന്നു. എന്നാല്‍, വീണ്ടും വെടിവെപ്പ് നടത്താന്‍ സൈനിക മേധാവി ഉത്തരവിടുകയും, അതിജീവിച്ച ഈ രണ്ട് പേര്‍ കൊല്ലപ്പെടുകയും ചെയ്തു. അന്താരാഷ്ട്ര നിയമങ്ങള്‍ അനുസരിച്ച്, ആദ്യ ആക്രമണത്തില്‍ രക്ഷപ്പെട്ടവര്‍ക്കെതിരെ വീണ്ടും ആക്രമണങ്ങള്‍ നടത്താന്‍ കര്‍ശനമായ നിയന്ത്രണങ്ങളുണ്ട്. അതിജീവിച്ചവരെ കൊല്ലാന്‍ ഉദ്യോഗസ്ഥരോട് ഉത്തരവിട്ടതിലൂടെ യുദ്ധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് (Secretary of War Pete Hegseth) അന്താരാഷ്ട്ര നിയമങ്ങള്‍ ലംഘിച്ചുവെന്ന് പ്രതിപക്ഷം ആരോപിക്കുന്നു.
പ്രതിപക്ഷത്തിന്റെ രോഷം
സംഭവത്തിന്റെ ദൃശ്യങ്ങള്‍ കണ്ടതിന് ശേഷം ഡെമോക്രാറ്റിക് നേതാക്കള്‍ ശക്തമായി പ്രതികരിച്ചു:
സെനറ്റര്‍ ജാക്ക് റീഡ്: 'ഞാന്‍ കണ്ട ദൃശ്യങ്ങള്‍ അത്യധികം അസ്വസ്ഥപ്പെടുത്തുന്നതാണ്. ട്രംപ് ഭരണകൂടത്തിന്റെ സൈനിക പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള എന്റെ ഏറ്റവും വലിയ ആശങ്കകളെ ഇത് സ്ഥിരീകരിക്കുന്നു, സെനറ്റര്‍ ജാക്ക് റീഡ് പറഞ്ഞു. 'പൊതുരംഗത്തെ എന്റെ കാലയളവില്‍ ഞാന്‍ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും അസ്വസ്ഥജനകമായ കാര്യങ്ങളില്‍ ഒന്നാണിത്. തകര്‍ന്ന കപ്പലില്‍, ചലനശേഷി നഷ്ടപ്പെട്ട് ദുരിതത്തിലായിരുന്ന രണ്ട് വ്യക്തികളെയാണ് യു.എസ്. കൊലപ്പെടുത്തിയത്.'ജിം ഹൈംസ് (ഹൗസ് ഇന്റലിജന്‍സ് കമ്മിറ്റി) പറഞ്ഞു.
റിപ്പബ്ലിക്കന്‍ പിന്തുണ: 'നീതിയുക്തമായ പ്രഹരം'
ട്രംപ് ഭരണകൂടത്തിന്റെ നടപടികളെ റിപ്പബ്ലിക്കന്‍ പാര്‍ട്ടി പ്രതിരോധിച്ചു. സംഭവങ്ങളുടെ പശ്ചാത്തലത്തില്‍, ഹെഗ്സെത്തിനെ പുറത്താക്കണമെന്ന് ഭൂരിഭാഗം അമേരിക്കക്കാരും ആഗ്രഹിക്കുന്നുവെന്ന് ഒരു പ്രത്യേക സര്‍വേ ഫലം സൂചിപ്പിക്കുന്നു.സര്‍വേയില്‍ പങ്കെടുത്ത 54% അമേരിക്കക്കാരും ഹെഗ്സെത്തിനെ പുറത്താക്കണമെന്ന് അഭിപ്രായപ്പെട്ടു. 63% പേര്‍ ഈ നടപടിയെ പിന്തുണയ്ക്കുന്നതായും പോള്‍ കണ്ടെത്തി.
എങ്കിലും, മയക്കുമരുന്ന് വിരുദ്ധ പ്രവര്‍ത്തനങ്ങളെ ഏകദേശം പകുതിയോളം (48%) ആളുകള്‍ പിന്തുണയ്ക്കുന്നുണ്ട്.
