'സ്വന്തം മകള്‍ക്ക് സംഭവിച്ച വേദനയോട് കൂടിയാണ് പി.ടി അക്കാര്യങ്ങള്‍ പറഞ്ഞത്, അന്ന് ഉറങ്ങിയതേയില്ല; പി ടിയുടെ ആത്മാവ്, ഇന്നീ വിധിയില്‍ തൃപ്തമാകുമോ? ഒരിക്കലുമില്ല; എത്രയോ തവണ ആ കുട്ടി പങ്കുവെച്ച ആശങ്കകള്‍ ശരിയാണെന്ന് തെളിഞ്ഞിരിക്കുന്നു'; വൈകാരികമായ കുറിപ്പുമായി ഉമാ തോമസ് എംഎല്‍എ

Update: 2025-12-08 10:27 GMT

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അതിജീവിതയ്ക്ക് മാനസിക പിന്തുണയും നിയമ പിന്തുണയും നല്‍കി കാവലായ ആളാണ് കോണ്‍ഗ്രസ് നേതാവും മുന്‍ തൃക്കാക്കര എംഎല്‍എയും ആയിരുന്ന പി.ടി തോമസ്. കേസില്‍ പി.ടി തോമസ് നടത്തിയ നിര്‍ണായക ഇടപെടലാണ് നിയമവഴിയില്‍ അതിജീവതയ്ക്ക് മുന്നോട്ട് പോകാന്‍ തുണയായതും പ്രതികളെ ശിക്ഷിക്കുന്നതിലേക്ക് നിയമപോരാട്ടം എത്തിയതും. എന്നാല്‍ എത്രയോ തവണ ആ കുട്ടി പങ്കുവെച്ച ആശങ്കകള്‍ ശരിയാണെന്ന് തെളിഞ്ഞിരിക്കുകയാണെന്നും കേസിലെ വിധിയില്‍ പി ടിയുടെ ആത്മാവിന് തൃപ്തി വരില്ലെന്നും ഭാര്യയും തൃക്കാക്കര എംഎല്‍എയുമായ ഉമാ തോമസ് പറയുന്നു. ഫേസ് ബുക്ക് കുറിപ്പിലൂടെയാണ് പ്രതികരണം.

തെരുവില്‍ ആ പെണ്‍കുട്ടി അപമാനിതയായ വിവരമറിഞ്ഞ് രാത്രി ഈ വീട്ടില്‍ നിന്നാണ് പി ടി ഇറങ്ങിപ്പോയത്. തയ്യാറാക്കപ്പെട്ട തിരക്കഥകളെ തകര്‍ത്തത്. കോടതിക്ക് മുമ്പില്‍ മൊഴി കൊടുക്കാന്‍ പോയത്. അവള്‍ക്ക് നീതി തേടി ഗാന്ധി പ്രതിമക്ക് മുന്നില്‍ രാവും പകലും നിരാഹാരം കിടന്നത്. പി ടിയുടെ ആത്മാവ്, ഇന്നീ വിധിയില്‍ ഒരിക്കലും തൃപ്തിയാകില്ലെന്നും ഉമ തോമസ് ഫേസ്ബുക്കില്‍ കുറിച്ചു. കോടതി നടപടികള്‍ തുടരുമ്പോള്‍, എത്രയോ തവണ ആ കുട്ടി പങ്കുവെച്ച ആശങ്കകള്‍ ശരിയാണെന്ന് തെളിഞ്ഞിരിക്കുന്നു. ഉപാധികളില്ലാതെ അവള്‍ക്കൊപ്പം മാത്രമാണെന്നും ഉമാ തോമസ് വ്യക്തമാക്കി.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

തെരുവില്‍ ആ പെണ്‍കുട്ടി അപമാനിതയായ വിവരമറിഞ്ഞ് രാത്രി ഈ വീട്ടില്‍ നിന്നാണ്

പി ടി ഇറങ്ങിപ്പോയത്.തയ്യാറാക്കപ്പെട്ട തിരക്കഥകളെ തകര്‍ത്തത്.

കോടതിക്ക് മുമ്പില്‍ മൊഴി കൊടുക്കാന്‍ പോയത്.

അവള്‍ക്ക് നീതി തേടി ഗാന്ധി പ്രതിമക്ക് മുന്നില്‍ രാവും പകലും നിരാഹാരം കിടന്നത്.

പി ടിയുടെ ആത്മാവ്, ഇന്നീ വിധിയില്‍ തൃപ്തമാകുമോ?

ഒരിക്കലുമില്ല.

കോടതി നടപടികള്‍ തുടരുമ്പോള്‍,

എത്രയോ തവണ ആ കുട്ടി പങ്കുവെച്ച ആശങ്കകള്‍ ശരിയാണെന്ന് തെളിഞ്ഞിരിക്കുന്നു.

ഉപാധികളില്ലാതെ അവള്‍ക്കൊപ്പം മാത്രം

മൊഴി നല്‍കുന്ന ഘട്ടത്തില്‍ പി. ടി തോമസിന് സമ്മര്‍ദങ്ങള്‍ ഉണ്ടായിരുന്നെന്ന് ഉമാ തോമസ് എംഎല്‍എ നേരത്തെ പ്രതികരിച്ചിരുന്നു. സത്യം പുറത്ത് കൊണ്ടുവരിക മാത്രമായിരുന്നു പി.ടിയുടെ ലക്ഷ്യം. അതിജീവിതയെ മകളെ പോലെ കണ്ടാണ് അദ്ദേഹം ഇടപെട്ടതെന്നും ഉമ തോമസ് പറയുന്നു.

'സ്വന്തം മകള്‍ക്ക് സംഭവിച്ച വേദനയോടെയാണ് അക്കാര്യങ്ങള്‍ പറഞ്ഞത്.വല്ലാതെ വിഷമത്തിലായിരുന്നു.അന്ന് അദ്ദേഹം ഉറങ്ങിയിട്ടില്ല.11 മണിക്ക് കിടന്നപ്പോഴാണ് ഫോണ്‍ വന്നത്. ഉടന്‍ തന്നെ ഡ്രസ് മാറ്റി പോകുകയും ചെയ്തു.എങ്ങോട്ടാണ് പോകുന്നതെന്ന് ചോദിച്ചപ്പോള്‍ പറയാതെയാണ് പോയത്. തിരിച്ചുവന്നത് ഒരുപാട് വൈകിയിരുന്നു. പി.ടി തന്നെയാണ് ആ കുട്ടിയോട് ഇതിനെതിരെ പോരാടണമെന്നും സത്യം ജയിക്കണമെന്നും ഇനി കലാരംഗത്തെ ഒരാള്‍ക്കും ഇത് സംഭവിക്കരുതെന്നും പറഞ്ഞു. അതിന് പ്രചോദനമാകണമെന്നും പറഞ്ഞ് പി.ടി ആ കുട്ടിക്ക് ധൈര്യം കൊടുത്തു. പി.ടിയുടെ ഫോണില്‍ നിന്ന് തന്നെയാണ് ഐജിയെ വിളിച്ചുകൊടുക്കുന്നത്. സമാനമായ കേസുകള്‍ സിനിമാ മേഖലയിലുണ്ട്. പക്ഷേ ആരും പുറത്ത് പറയുന്നില്ല. പി ടിയെ അപായപ്പെടുത്താന്‍ ശ്രമമുണ്ടായി. പല തരത്തിലുള്ള സുരക്ഷാ ഭീഷണിയും നേരിടേണ്ടി വന്നു.പി.ടിയുടെ ഇടപെടല്‍ കൊണ്ട് വലിയ മാറ്റം ഉണ്ടായിട്ടുണ്ട്. ഹേമാ കമ്മീഷനടക്കം പരാതി പറയാന്‍ വേദിയുണ്ടായി. പി.ടി തോമസ് മൊഴികൊടുക്കാന്‍ പോയപ്പോള്‍ പിന്തിരിച്ചവരുണ്ട്. ഒട്ടും കൂടുതലും ഒട്ടും കുറച്ചും പറയില്ല.എനിക്ക് അറിയുന്നത് പറയും എന്നാണ് പി.ടി മൊഴി നല്‍കിയത്. ജുഡീഷ്യറിയില്‍ വിശ്വാസമുണ്ട്'. അന്ന് നടന്ന കാര്യങ്ങള്‍ ഉമ തോമസ് വിവരിച്ചു.

പെണ്‍കുട്ടി വലിയ ആശങ്കയിലാണ്. പെണ്‍കുട്ടിക്ക് സംരക്ഷണം നല്‍കണമെന്ന ആവശ്യത്തില്‍ ഉറച്ചു നില്‍ക്കുന്നു. കേസ് ഇവിടെ അവസാനിക്കും എന്ന് തോന്നുന്നില്ലെന്നും ഉമാ തോമസ് കൂട്ടിച്ചേര്‍ത്തു. വലിയ ടെന്‍ഷനിലാണ് നടി. ചേച്ചീ എനിക്കറിയില്ല, ഭയങ്കര ടെന്‍ഷനാണെനിക്ക് എന്നാണ് പറഞ്ഞത്. ദൈവം എന്തായാലും കൂടെയുണ്ടാകും. കൃത്യമായ വിധി വരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അവര്‍ പറഞ്ഞു.

2017 ഫെബ്രുവരി 17നാണ് അങ്കമാലി അത്താണിക്ക് സമീപം വെച്ചാണ് അതിജീവിത സഞ്ചരിച്ചിരുന്ന വാഹനം തടഞ്ഞ് നിര്‍ത്തി ഒരുസംഘം അതിക്രമിച്ച് കയറിയത്. പിന്നീട് ഇവര്‍ അതിജീവിതയെ ഓടിക്കൊണ്ടിരുന്ന വാഹനത്തില്‍ വെച്ച് ലൈംഗികാതിക്രമത്തിന് ഇരയാക്കുകയും അപകീര്‍ത്തികരമായ വീഡിയോയും ചിത്രങ്ങളും പകര്‍ത്തുകയും ചെയ്തു. പിന്നാലെ അക്രമിസംഘം കടന്നു കളഞ്ഞു.

സംഭവത്തിന് ശേഷം അതിജീവിത സംവിധായകനും നടനുമായ ലാലിന്റെ വസതിയിലാണ് അഭയം തേടിയത്. വിവരം അറിഞ്ഞ് സ്ഥലം എംഎല്‍എ ആയിരുന്ന പി ടി തോമസ് ലാലിന്റെ വസതിയിലെത്തി അതിജീവിതയോട് വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. പിന്നാലെ അതിജീവിത പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

Similar News