'പോപ്പുലര്‍ ഫ്രണ്ടുകാരാണ് എന്നെ കുത്തിയത്'; ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടെ ജീവന് വേണ്ടി പിടയുമ്പോഴും വിശാല്‍ സുഹൃത്തിനോട് പറഞ്ഞതും കേസില്‍ തെളിവായി; സംഭവസ്ഥലത്ത് നിന്ന് ലഭിച്ച മൂന്നാം പ്രതിയുടെ തിരിച്ചറിയല്‍ കാര്‍ഡും മാരകായുധങ്ങളും ഹാജരാക്കി; മൊഴി മാറ്റിയ സാക്ഷിയോട് പ്രോസിക്യൂട്ടര്‍ ചോദിച്ചത് അഭിമന്യുവിനെക്കുറിച്ച് അറിയില്ലേ എന്ന്; ഒടുവില്‍ പ്രതികളെ വെറുതെവിട്ട് ഒറ്റ വരി വിധി

Update: 2025-12-30 07:03 GMT

ആലപ്പുഴ: എ.ബി.വി.പി. ചെങ്ങന്നൂര്‍ നഗര്‍ സമിതി അംഗമായിരുന്ന ആറന്മുള കോട്ട ശ്രീശൈലം വീട്ടില്‍ വിശാലിനെ (19) കൊലപ്പെടുത്തിയ കേസില്‍ കാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകരായ എല്ലാ പ്രതികളേയും വെറുതേവിട്ടു. 20 പ്രതികളാണുണ്ടായിരുന്നത്. മാവേലിക്കര അഡീഷണല്‍ സെഷന്‍സ് കോടതിയാണ് വിധി പറഞ്ഞത്. മുഴുവന്‍ പ്രതികളെയും വെറുതേവിട്ടു എന്ന ഒറ്റവരിയിലാണ് കോടതി വിധി പ്രസ്താവിച്ചത്. കുറ്റം തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതികളെ വെറുതെ വിട്ടത്. ഇതുസംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ വിധിപ്പകര്‍പ്പ് പുറത്തുവന്നാലേ വ്യക്തമാവുകയുള്ളൂ. വിധി തിരിച്ചടിയായതിനു പിന്നാലെ മേല്‍ക്കോടതിയില്‍ അപ്പീല്‍ പോകുമെന്ന് പ്രോസിക്യൂഷന്‍ അറിയിച്ചു.

2012 ജൂലായ് 16-ന് ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളേജില്‍ ബിരുദ വിദ്യാര്‍ഥികളെ സ്വാഗതം ചെയ്യാന്‍ ഒരുക്കിയ പരിപാടിയില്‍ പങ്കെടുക്കാനെത്തിയ വിശാലിനെ മുന്‍കൂട്ടി തീരുമാനിച്ചപ്രകാരം സ്ഥലത്ത് എത്തിയ കാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ കുത്തിക്കൊലപ്പെടുത്തി എന്നാണ് പ്രോസിക്യൂഷന്‍ കേസ്. വിശാലിനോടൊപ്പം ഉണ്ടായിരുന്ന എ.ബി.വി.പി. പ്രവര്‍ത്തകരായ വിഷ്ണുപ്രസാദ്, ശ്രീജിത്ത് എന്നിവര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റിരുന്നു. ആദ്യം ലോക്കല്‍ പോലീസ് അന്വേഷിച്ച കേസില്‍ പ്രതികളുടെ അറസ്റ്റു വൈകിയതിനെത്തുടര്‍ന്ന് ക്രൈംബ്രാഞ്ചാണ് അന്വേഷണം പൂര്‍ത്തിയാക്കിയത്. പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ ഉള്‍പ്പെടെ 20 പേര്‍ക്കെതിരേയാണ് കുറ്റപത്രം സമര്‍പ്പിച്ചിരുന്നത്.

ആദ്യം ചെങ്ങന്നൂര്‍ താലൂക്ക് ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചെങ്കിലും രാത്രിയോടെ വിശാല്‍ മരണത്തിന് കീഴടങ്ങി. മെഡിക്കല്‍ കോളേജിലേക്കുള്ള യാത്രയ്ക്കിടയില്‍, 'പോപ്പുലര്‍ ഫ്രണ്ടുകാരാണ് തന്നെ കുത്തിയത്' എന്ന് വിശാല്‍ സുഹൃത്തിനോട് പറഞ്ഞത് പ്രോസിക്യൂഷന്‍ പ്രധാന തെളിവായി കോടതിയില്‍ ഹാജരാക്കിയിരുന്നു. സംഭവസ്ഥലത്ത് നിന്ന് ലഭിച്ച മൂന്നാം പ്രതി ഷെഫീക്കിന്റെ തിരിച്ചറിയല്‍ കാര്‍ഡും പ്രതികളുടെ മൊഴി പ്രകാരം കണ്ടെടുത്ത മാരകായുധങ്ങളും കേസില്‍ നിര്‍ണ്ണായകമായി.

കേസില്‍ സ്പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കുന്ന കാര്യത്തില്‍ തുടക്കത്തില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ വിമുഖത കാട്ടിയത് വലിയ വിവാദമായിരുന്നു. ഒടുവില്‍ കേന്ദ്ര ഇടപെടല്‍ ഉണ്ടാകുമെന്ന സാഹചര്യത്തിലാണ് അഡ്വ. പ്രതാപ് ജി. പടിക്കലിനെ സ്പെഷ്യല്‍ പ്രോസിക്യൂട്ടറായി നിയമിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറായത്. പ്രതികളെ തിരിച്ചറിയാതിരിക്കാന്‍ ഒരേ വസ്ത്രം ധരിച്ച് അവര്‍ കോടതിയില്‍ ഹാജരായെങ്കിലും സാക്ഷികള്‍ എല്ലാവരെയും കൃത്യമായി തിരിച്ചറിഞ്ഞു എന്നത് പ്രോസിക്യൂഷന് കരുത്തായി.

പ്രദേശത്തെ ലൗ ജിഹാദ് ഉള്‍പ്പെടെയുള്ള പോപ്പുലര്‍ ഫ്രണ്ട് നീക്കങ്ങളെ വിശാലും സുഹൃത്തുക്കളും എതിര്‍ത്തതിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് എന്നായിരുന്നു പ്രോസിക്യൂഷന്‍ വാദിച്ചത്. കൊലപാതകത്തിന് പ്രത്യേക പരിശീലനം ലഭിച്ച സംഘമാണ് കൃത്യം നടത്തിയത്. കൃത്യത്തിന് ശേഷം കായംകുളത്തെ പോപ്പുലര്‍ ഫ്രണ്ട് ഓഫീസിലടക്കം പ്രതികള്‍ ഒളിവില്‍ കഴിഞ്ഞിരുന്നു. വിചാരണവേളയില്‍ കെ എസ് യു, എസ്എഫ്ഐ പ്രവര്‍ത്തകരായ സാക്ഷികള്‍ പ്രതികള്‍ക്ക് അനുകൂലമായി നിലപാട് സ്വീകരിച്ച് കൂറുമാറിയത് കോടതിയില്‍ വലിയ നാടകീയ രംഗങ്ങള്‍ക്ക് കാരണമായിരുന്നു. 'പോപ്പുലര്‍ ഫ്രണ്ട് കൊലപാതകങ്ങള്‍ നടത്തുന്നതായി അറിയില്ല' എന്ന് പറഞ്ഞ എസ്എഫ്ഐക്കാരനായ സാക്ഷിയോട്, മഹാരാജാസ് കോളേജില്‍ കൊല്ലപ്പെട്ട അഭിമന്യുവിനെക്കുറിച്ച് അറിയില്ലേ എന്ന് പ്രോസിക്യൂട്ടര്‍ കോടതിയില്‍ ചോദിച്ചത് വലിയ വാര്‍ത്തയായിരുന്നു.

ആദ്യത്തെ 12 പ്രതികളാണ് കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കെടുത്തത്. പന്തളം സ്വദേശികളായ നാസിം, ഷെഫീഖ്, അന്‍സാര്‍ ഫൈസല്‍, ആസിഫ് മുഹമ്മദ്, സനൂജ്, ചെറിയനാട് സ്വദേശികളായ ആഷിക്ക്, നാസിം, അല്‍ താജ്, സഫീര്‍, അഫ്‌സല്‍, വെണ്‍മണി സ്വദേശിയായ ഷമീര്‍ റാവുത്തര്‍ തുടങ്ങിയവരാണ് കേസിലെ പ്രധാന പ്രതികള്‍. കേസില്‍ പ്രായപൂര്‍ത്തിയാകാത്ത ഒരു പ്രതിയും ഉള്‍പ്പെട്ടിരുന്നു. കേസില്‍ 19 പ്രതികളുടെ വിധിയാണ് ഇന്ന് പ്രഖ്യാപിച്ചത്.

നിരാശാജനകമായ വിധിയാണെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ പ്രതികരിച്ചു. കോടതിക്ക് മുന്നില്‍ തെളിവുകളും സാക്ഷികളേയും ഹാജരാക്കിയിരുന്നു. എന്നാല്‍ പ്രതികളെ വെറുതെ വിട്ടുകൊണ്ടുള്ള വിധി നിരാശ നല്‍കുന്നതാണെന്നും വിധിക്കെതിരെ അപ്പീല്‍ പോവുമെന്നും പ്രോസിക്യൂട്ടര്‍ വ്യക്തമാക്കി. 55 സാക്ഷികളെ വിസ്തരിക്കുകയും 205 രേഖകള്‍ ഹാജരാക്കുകയും ചെയ്ത വിചാരണക്കൊടുവിലാണ് കേസ് വിധി പറഞ്ഞത്. ലോക്കല്‍ പോലീസും ക്രൈംബ്രാഞ്ചും മാറിമാറി അന്വേഷിച്ച കേസില്‍ മൂന്ന് ഡിവൈഎസ്പിമാരാണ് അന്വേഷണം പൂര്‍ത്തിയാക്കിയത്. 

Tags:    

Similar News