'ട്രംപ് ഇപ്പോള്‍ ഭയക്കുന്നു, യുഎസുമായി ഒരു ചര്‍ച്ചകള്‍ക്കുമില്ല'; ട്രൂത്ത് സോഷ്യലിലെ വെളിപ്പെടുത്തലിന് ട്രംപിന് മറുപടിയുമായി ഖമേനിയുടെ വലംകൈ; പശ്ചിമേഷ്യയില്‍ യുദ്ധഭീതി സൃഷ്ടിക്കുന്നത് 'ഇസ്രായേല്‍ ഫസ്റ്റ്' നയം; പരമോന്നത നേതാവിന്റെ മരണത്തിന് പ്രതികാരം ചെയ്യുമെന്ന് ഇറാന്‍; സംഘര്‍ഷം ലഘൂകരിക്കാന്‍ ഇറാന്‍ തയാറെന്ന് ഒമാന്‍; ആക്രമണം തുടരുന്നു
ടെഹ്‌റാന്‍: ഇസ്രയേല്‍ - ഇറാന്‍ സംഘര്‍ഷം തുടരുന്നതിനിടെ ചര്‍ച്ചയ്ക്ക് തയറായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ സമീപിച്ചുവെന്ന വാര്‍ത്തകള്‍ തള്ളി ഇറാന്‍. അമേരിക്കയുമായി ഒരു ചര്‍ച്ചയ്ക്കും ഇല്ലെന്ന് ഇറാന്റെ സുരക്ഷാ മേധാവി അലി ലറിജാനി. സമൂഹമാധ്യമമായ എക്‌സിലാണ് ട്രംപിന്റെ വാക്കുകളെ തള്ളി സുരക്ഷാ മേധാവിയുടെ പ്രതികരണം. അമേരിക്കയുമായി യാതൊരുവിധ ചര്‍ച്ചകള്‍ക്കും തയാറല്ലെന്ന് അലി ലാറിജാനി വ്യക്തമാക്കി. മധ്യസ്ഥര്‍ മുഖേന ഇറാന്‍ ചര്‍ച്ചയ്ക്ക് താല്‍പ്പര്യം പ്രകടിപ്പിച്ചു എന്ന തരത്തില്‍ പുറത്തുവന്ന മാധ്യമ റിപ്പോര്‍ട്ടുകളെ അദ്ദേഹം പൂര്‍ണ്ണമായും തള്ളിക്കളഞ്ഞു.
ഇറാന്റെ സുപ്രീം നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ സെക്രട്ടറിയായ ലാറിജാനി എക്‌സിലൂടെയാണ് രാജ്യത്തിന്റെ ഔദ്യോഗിക നിലപാട് വ്യക്തമാക്കിയത്. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ വികലമായ നയങ്ങള്‍ പശ്ചിമേഷ്യയെ കനത്ത യുദ്ധഭീതിയിലേക്കാണ് തള്ളിവിട്ടിരിക്കുന്നതെന്ന് ലാറിജാനി കുറ്റപ്പെടുത്തി. 'അമേരിക്ക ഫസ്റ്റ്' എന്ന സ്വന്തം മുദ്രാവാക്യത്തെ ട്രംപ് ഇപ്പോള്‍ 'ഇസ്രായേല്‍ ഫസ്റ്റ്' എന്നാക്കി മാറ്റിയിരിക്കുകയാണ്.
ഇസ്രായേലിന്റെ അധികാര മോഹങ്ങള്‍ക്കായി അമേരിക്കന്‍ സൈനികരെ അദ്ദേഹം കുരുതികൊടുക്കുകയാണെന്നും ലാറിജാനി ആഞ്ഞടിച്ചു. കൊല്ലപ്പെട്ട പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ വലംകൈയും പ്രധാന ഉപദേഷ്ടാവായ ലാറിജാനി, ഇറാന്‍ ഒരിക്കലും യുദ്ധത്തിന് തുടക്കമിട്ടിട്ടില്ലെന്നും എന്നാല്‍ അധിനിവേശത്തെ ശക്തമായി നേരിടുമെന്നും വ്യക്തമാക്കി. അമേരിക്കന്‍ സൈനികരുടെ ജീവഹാനിയില്‍ ഇപ്പോള്‍ ഭയക്കുന്ന ട്രംപ് തന്നെയാണ് മേഖലയില്‍ അശാന്തി വിതയ്ക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇറാനും അമേരിക്കയും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളാകുന്നതിന്റെ സൂചനയാണ് ലാറിജാനിയുടെ ഈ കടുത്ത പരാമര്‍ശങ്ങള്‍ നല്‍കുന്നത്.
അതേ സമയം മധ്യപൂര്‍വ്വേഷ്യയില്‍ സംഘര്‍ഷം ലഘൂകരിക്കാനുള്ള ശ്രമങ്ങള്‍ക്ക് ഇറാന്‍ തയ്യാറാണെന്ന് ഒമാന്‍. ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചിയും ഒമാന്‍ വിദേശകാര്യ മന്ത്രി ബദര്‍ അല്‍ബുസൈദിയുമായി ഫോണില്‍ നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. നേരത്തെ അമേരിക്കയും ഇറാനും തമ്മിലുള്ള ആണവ ചര്‍ച്ചകളില്‍ ഒമാന്‍ മധ്യസ്ഥതരായിരുന്നു. ഇറാന്റെ പുതിയ നേതൃത്വം തന്നോട് സംസാരിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും കൂടിക്കാഴ്ചയ്ക്ക് താന്‍ സമ്മതിച്ചിട്ടുണ്ടെന്നും യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അവകാശപ്പെട്ടിരുന്നു. തുര്‍ക്കിഷ് മാധ്യമമായ ടുഡേ തുര്‍ക്കിയാണ് ഇതുമായി ബന്ധപ്പെട്ട വാര്‍ത്ത പുറത്തുവിട്ടത്. അല്‍ജസീറ വാര്‍ത്ത സ്ഥിരീകരിക്കുകയും ചെയ്തു. അവര്‍ക്ക് സംസാരിക്കാന്‍ ആഗ്രഹമുണ്ട്. ഞാന്‍ സംസാരിക്കാന്‍ സമ്മതിച്ചു. അതിനാല്‍ ഞാന്‍ അവരോട് സംസാരിക്കും ട്രംപ് വ്യക്തമാക്കി. ഇറാന്‍ ഇക്കാര്യം നേരത്തെ ചെയ്യണമായിരുന്നുവെന്നും ട്രംപ് പറയുന്നു.
യുദ്ധം അവസാനിപ്പിക്കുന്നതിനായി ചര്‍ച്ചകള്‍ക്കായി ഇറാന്‍ തന്നെ സമീപിച്ചുവെന്നും എന്നാല്‍ ഒരാഴ്ച മുന്‍പേ ഈ നിലപാട് സ്വീകരിക്കണമായിരുന്നുവെന്നുമാണ് താന്‍ മറുപടി നല്‍കിയതെന്നാണ് ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചത്. ഇറാന്റെ സൈനികാസ്ഥാനം തകര്‍ത്തുവെന്നും നേവിയുടെ ഏഴ് കപ്പലുകള്‍ നശിപ്പിച്ചുവെന്നും ട്രംപ് അവകാശപ്പെട്ടിരുന്നു. ഇറാന്റെ തിരിച്ചടിയില്‍ മൂന്ന് യുഎസ് സൈനികര്‍ കൊല്ലപ്പെട്ടുവെന്നും മരണസംഖ്യ ഉയര്‍ന്നേക്കാമെന്നുമാണ് ട്രംപ് പ്രതികരിച്ചത്.
എന്നാല്‍ ഖമനയിയുടെ കൊലപാതകത്തിന് പ്രതികാരം ചെയ്യുമെന്ന് ഇറാന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ ഗള്‍ഫ് രാജ്യങ്ങളിലേക്ക് ആക്രമണം കടുപ്പിക്കുകയും ചെയ്തു. ലെബനനില്‍ നിന്ന് ഹിസ്ബുല്ലയെ ഉപയോഗിച്ചും ഇസ്രയേലിനെതിരെ ഇറാന്‍ പൊരുതുന്നുണ്ട്. ദുബായ് വിമാനത്താവളം, ബുര്‍ജ് ഖലീഫ, ബഹ്‌റൈനിലെയും കുവൈത്തിലെയും ഖത്തറിലെയും അമേരിക്കന്‍ സൈനികത്താവളങ്ങള്‍ എന്നിവിടങ്ങളാണ് ഇറാന്‍ ലക്ഷ്യമിട്ടത്. 560 അമേരിക്കന്‍ സൈനികരെ തങ്ങള്‍ വധിച്ചുവെന്നാണ് ഇറാന്‍ അവകാശപ്പെടുന്നത്. കുവൈത്തിലെ അമേരിക്കന്‍ സൈനികത്താവളം പൂര്‍ണമായും നശിപ്പിച്ചുവെന്നും ബഹ്‌റൈനിലെ സൈനികത്താവളത്തില്‍ കനത്ത നാശനഷ്ടമുണ്ടാക്കിയെന്നുമാണ് ഇറാന്‍ കമാന്‍ഡര്‍ വിഡിയോയില്‍ വ്യക്തമാക്കിയത്.
്അതേ സമയം അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണിതെന്നും ആക്രമണം അവസാനിപ്പിക്കാന്‍ ഉടന്‍ ഇടപെടണമെന്നും ആവശ്യപ്പെട്ട് യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസിനും യു.എന്‍ സുരക്ഷാ കൗണ്‍സിലിനും ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി കത്തയച്ചു. രാഷ്ട്രങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുന്ന അടിസ്ഥാന മൂല്യങ്ങളെ ബാധിക്കുന്ന അപകടകരമായ നീക്കമാണ് അമേരിക്കയും ഇസ്രായേലും നടത്തുന്നത്. ഇത് അന്താരാഷ്ട്ര നിയമത്തിന്റെ സ്ഥാപിത തത്വങ്ങളെ ലംഘിക്കുക മാത്രമല്ല; അപകടകരമായ 'പണ്ടോറയുടെ പെട്ടി' തുറക്കുകയും പരമാധികാര സമത്വത്തിന്റെയും അന്താരാഷ്ട്ര വ്യവസ്ഥയുടെയും അടിത്തറ ഇല്ലാതാക്കുകയും ചെയ്യും -അദ്ദേഹം പറഞ്ഞു.
അതിനിടെ ടെഹ്‌റാനിലെ ആശുപത്രി ഇസ്രയേല്‍ ആക്രമിച്ചു. കനത്ത നാശനഷ്ടമാണ് ഉണ്ടായത്. ആശുപത്രികളെ ആക്രമിക്കാനുള്ള നീക്കം അപലപനീയമാണെന്നും ആശുപത്രികളടക്കമുള്ള സ്ഥലങ്ങളെ ആക്രമണത്തില്‍ നിന്ന് ഒഴിവാക്കണമെന്നും ലോകാരോഗ്യസംഘടന അഭ്യര്‍ഥിച്ചിട്ടുണ്ട്.
ട്രംപിന്റെ നിലപാട്
ഇറാനുമായുള്ള സൈനിക സംഘര്‍ഷം എത്രകാലം നീണ്ടുനില്‍ക്കുമെന്ന കാര്യത്തില്‍ ആദ്യമായി വ്യക്തത വരുത്തി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് രംഗത്ത് എത്തിയിരുന്നു. ഇറാനെതിരെയുള്ള യുഎസ് സൈനിക നടപടികള്‍ ഏകദേശം നാല് ആഴ്ചയോളം നീണ്ടുനിന്നേക്കാമെന്ന സൂചനയാണ് അദ്ദേഹം നല്‍കിയത്. ഡെയ്ലി മെയിലിന് നല്‍കിയ ഹ്രസ്വമായ ടെലിഫോണ്‍ അഭിമുഖത്തിലാണ് വൈറ്റ് ഹൗസിന്റെ ഭാവി പദ്ധതികളെക്കുറിച്ച് ട്രംപ് മനസ് തുറന്നത്. ഇറാന്‍ ശക്തമായ ഒരു രാജ്യമാണെങ്കിലും ഈ പ്രക്രിയ നാല് ആഴ്ചയോ അതില്‍ കുറവോ സമയത്തിനുള്ളില്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്നാണ് താന്‍ കരുതുന്നതെന്ന് ട്രംപ് വ്യക്തമാക്കി.
