സ്വര്‍ണ്ണത്തിന്റെ അളവില്‍ ഒരു തരത്തിലുള്ള കുറവും കണ്ടെത്താനായില്ല; സ്വര്‍ണ്ണ കൊടിമര കേസില്‍ തന്ത്രിയെ കുടുക്കാനാകില്ല; വിജിലന്‍സ് സമര്‍പ്പിച്ച ത്വരിതാന്വേഷണ റിപ്പോര്‍ട്ട് പൂര്‍ണ്ണമായും അംഗീകരിച്ചു; ശബരിമല കൊടിമരക്കേസ് ഹൈക്കോടതി അവസാനിപ്പിച്ചു; യുഡിഎഫ് കാലത്തെ ബോര്‍ഡിന് ക്ലീന്‍ ചിറ്റ്; അന്വേഷണം ഇനിയില്ല; കൊടിമരത്തില്‍ നടന്നതെല്ലാം ആചാരം മാത്രം

Update: 2026-03-26 06:09 GMT

കൊച്ചി: ശബരിമലയിലെ സ്വര്‍ണ്ണ കൊടിമര പുനര്‍നിര്‍മ്മാണവുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങള്‍ ഹൈക്കോടതി ഔദ്യോഗികമായി അവസാനിപ്പിച്ചു. വിജിലന്‍സ് സമര്‍പ്പിച്ച ത്വരിതാന്വേഷണ റിപ്പോര്‍ട്ട് പൂര്‍ണ്ണമായും അംഗീകരിച്ച കോടതി, തുടര്‍നടപടികള്‍ ആവശ്യമില്ലെന്ന് വ്യക്തമാക്കി കേസ് ക്ലോസ് ചെയ്യാന്‍ ഉത്തരവിട്ടു. ഇതോടെ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് നിയമിക്കപ്പെട്ട തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് വലിയ ആശ്വാസമായി.

കൊടിമര നിര്‍മ്മാണത്തില്‍ അഴിമതി നടന്നുവെന്ന ആരോപണത്തില്‍ കഴമ്പില്ലെന്നും ലഭ്യമായ തെളിവുകള്‍ പ്രകാരം കേസെടുക്കാന്‍ സാധിക്കില്ലെന്നുമുള്ള വിജിലന്‍സ് നിലപാട് കോടതി ശരിവെച്ചു. യുഡിഎഫ് കാലത്തെ കൊടിമര നിര്‍മ്മാണത്തില്‍ ക്രമക്കേടുകള്‍ ഇല്ലെന്ന് ഇതോടെ ഉറപ്പായി. ഈ വിധി ഭരണതലത്തിലും രാഷ്ട്രീയ വൃത്തങ്ങളിലും വലിയ ചര്‍ച്ചകള്‍ക്ക് വഴിതുറന്നിരിക്കുകയാണ്.

സ്വര്‍ണ്ണക്കണക്കില്‍ പൂര്‍ണ്ണമായ വ്യക്തതയുണ്ടെന്നാണ് വിജിലന്‍സ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്. ഭക്തരില്‍ നിന്ന് ലഭിച്ച 412 ഗ്രാം സ്വര്‍ണ്ണവും വാജിവാഹനന്‍, അഷ്ടദിക് പാലകര്‍ എന്നിവരുടെ നിര്‍മ്മാണത്തിനായി കൃത്യമായി ഉപയോഗിച്ചുവെന്ന് വിജിലന്‍സ് കണ്ടെത്തി. സ്വര്‍ണ്ണത്തിന്റെ അളവില്‍ ഒരു തരത്തിലുള്ള കുറവും കണ്ടെത്താനായിട്ടില്ലെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. തന്ത്രിയെ അടക്കം പ്രതികൂട്ടില്‍ നിര്‍ത്തുന്ന പ്രചരണം ഈ കേസിലുണ്ടായിരുന്നു. ഇതിനാണ് അന്ത്യമാകുന്നത്.

സ്വര്‍ണ്ണം നല്‍കിയ പ്രശസ്ത നടന്മാര്‍ ഉള്‍പ്പെടെയുള്ള 23 പേരുടെ മൊഴികള്‍ വിജിലന്‍സ് രേഖപ്പെടുത്തിയിരുന്നു. ഈ മൊഴികളെല്ലാം ദേവസ്വം ബോര്‍ഡിന്റെ ഔദ്യോഗിക രേഖകളുമായി പൂര്‍ണ്ണമായും പൊരുത്തപ്പെടുന്നുണ്ടെന്ന് കോടതി ബോധ്യപ്പെട്ടു. ഇതോടെ രേഖകളില്‍ കൃത്രിമം നടന്നുവെന്ന ആരോപണങ്ങള്‍ അസ്ഥാനത്തായി. ശബരിമലയിലെ കൊടിമരം മാറ്റിയത് ദേവപ്രശ്‌ന വിധി പ്രകാരമാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 2014-ലെ ദേവപ്രശ്‌ന നിര്‍ദ്ദേശാനുസരണം 2017-ലാണ് കൊടിമരം പുനഃപ്രതിഷ്ഠിച്ചത്. ഇതില്‍ യാതൊരുവിധ ദുരൂഹതകളുമില്ലെന്നും ആചാരപരമായ നടപടികള്‍ മാത്രമാണ് നടന്നതെന്നും കോടതി നിരീക്ഷിച്ചു.

അതേസമയം, കൊടിമരക്കേസില്‍ യുഡിഎഫ് കാലത്തെ ബോര്‍ഡിന് ക്ലീന്‍ ചിറ്റ് ലഭിച്ചതോടെ നിലവില്‍ തുടരുന്ന 'സ്വര്‍ണ്ണക്കൊള്ളക്കേസ്' സര്‍ക്കാരിന് തലവേദനയാകുകയാണ്. വിഗ്രഹങ്ങളിലും വാതിലുകളിലും പതിപ്പിച്ചിരുന്ന സ്വര്‍ണ്ണം കടത്തിയെന്ന ഈ കേസില്‍ ഇടതു സര്‍ക്കാരിന്റെ കാലത്തെ ഉദ്യോഗസ്ഥരാണ് പ്രതിപ്പട്ടികയിലുള്ളത്. ഈ കേസിലെ അന്തിമ കുറ്റപത്രം നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം മാത്രമേ സമര്‍പ്പിക്കൂ എന്ന് പ്രത്യേക അന്വേഷണ സംഘം ഇന്ന് ഹൈക്കോടതിയെ അറിയിച്ചു. ശാസ്ത്രീയ തെളിവുകള്‍ ലഭിക്കാനുണ്ടെന്ന കാരണത്താലാണ് എസ്‌ഐടി സാവകാശം തേടിയിരിക്കുന്നത്. ഇത് രാഷ്ട്രീയ കേന്ദ്രങ്ങളില്‍ വലിയ സംവാദങ്ങള്‍ക്ക് കാരണമായിട്ടുണ്ട്.

യുഡിഎഫ് കാലത്തെ നിര്‍മ്മാണത്തില്‍ അഴിമതിയില്ലെന്ന് കോടതി വിധിച്ചതോടെ, ശബരിമലയിലെ സ്വര്‍ണ്ണവുമായി ബന്ധപ്പെട്ട യഥാര്‍ത്ഥ കൊള്ളകള്‍ നടന്നത് ഇടതു ഭരണകാലത്താണെന്ന ആരോപണങ്ങള്‍ക്ക് ശക്തി കൂടിയിരിക്കുകയാണ്. പ്രതിപക്ഷം ഈ വിധി വരും ദിവസങ്ങളില്‍ വലിയ പ്രചാരണ ആയുധമാക്കാനാണ് സാധ്യത. ശാസ്ത്രീയ തെളിവുകള്‍ക്കായി കുറ്റപത്രം നീട്ടിക്കൊണ്ടുപോകുന്നത് തിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചാണെന്ന ആക്ഷേപം ശക്തമാണ്. സ്വര്‍ണ്ണക്കൊള്ളക്കേസിലെ പ്രതികള്‍ക്ക് ഇതിനകം ജാമ്യം ലഭിച്ചതും അന്വേഷണ ഏജന്‍സികള്‍ക്ക് തിരിച്ചടിയായിട്ടുണ്ട്. കുറ്റപത്രം വൈകുന്നതിനെതിരെ കോടതിയില്‍ നിന്ന് എന്ത് നിലപാടുണ്ടാകുമെന്ന് ഭക്തലോകം ഉറ്റുനോക്കുന്നു.

കൊടിമരക്കേസില്‍ ഇനി തുടരന്വേഷണമോ നടപടികളോ ഉണ്ടാകില്ലെന്ന് ഉറപ്പായതോടെ ഒരു വിവാദത്തിനാണ് തിരശ്ശീല വീഴുന്നത്. എന്നാല്‍ സ്വര്‍ണ്ണക്കൊള്ളക്കേസ് വരും ദിവസങ്ങളില്‍ കേരള രാഷ്ട്രീയത്തിലെ പ്രധാന ചര്‍ച്ചാവിഷയമായി നിലനില്‍ക്കുമെന്ന് ഉറപ്പായി.

Similar News