ഇറാൻ തൊടുത്തുവിട്ട ബാലിസ്റ്റിക് മിസൈലുകൾ തകർന്ന് താഴേക്ക് പതിച്ച് അബുദാബിയിൽ വൻ ദുരന്തം; ഉഗ്ര ശബ്ദത്തിൽ നടുക്കം; അപകടത്തിൽ രണ്ടുപേർ കൊല്ലപ്പെട്ടു; മൂന്ന് പേർക്ക് പരിക്ക്; മരിച്ചവരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല; പാർക്ക് ചെയ്തിരുന്ന വണ്ടികളും നശിച്ചു; വിവരങ്ങൾ പുറത്തുവിട്ട് ആഭ്യന്തര മന്ത്രാലയം
അബുദാബി: അബുദാബിയിലെ സ്വൈഹാൻ സ്ട്രീറ്റിൽ മിസൈൽ അവശിഷ്ടങ്ങൾ പതിച്ചുണ്ടായ ദൗർഭാഗ്യകരമായ അപകടത്തിൽ രണ്ട് പേർ മരിക്കുകയും മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. വ്യാഴാഴ്ച പുലർച്ചെ ഇറാനിൽ നിന്ന് യുഎഇ ലക്ഷ്യമാക്കി തൊടുത്തുവിട്ട ബാലിസ്റ്റിക് മിസൈലുകളെയും ഡ്രോണുകളെയും യുഎഇ വ്യോമ പ്രതിരോധ സംവിധാനം ആകാശത്തുവെച്ച് തന്നെ വിജയകരമായി തകർത്തിരുന്നു. എന്നാൽ, തകർക്കപ്പെട്ട മിസൈലിന്റെ അവശിഷ്ടങ്ങൾ ജനവാസ മേഖലയിലേക്ക് പതിച്ചതാണ് മരണകാരണമായതെന്ന് ആഭ്യന്തര മന്ത്രാലയം സ്ഥിരീകരിച്ചു.
അപകടത്തിൽ മരിച്ച രണ്ടുപേരെയും ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. പരിക്കേറ്റ മൂന്ന് പേരെ ഉടൻ തന്നെ വിദഗ്ധ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി. മിസൈൽ അവശിഷ്ടങ്ങൾ വീണതിനെത്തുടർന്ന് പ്രദേശത്ത് നിർത്തിയിട്ടിരുന്ന നിരവധി വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. രാജ്യത്തിന്റെ സുരക്ഷയ്ക്ക് ഭീഷണിയായെത്തിയ മിസൈലുകളെ പ്രതിരോധിക്കാൻ സൈന്യത്തിന് സാധിച്ചെങ്കിലും അവശിഷ്ടങ്ങൾ പതിച്ചുണ്ടായ ആഘാതം പ്രദേശത്ത് പരിഭ്രാന്തി പരത്തി.
സംഭവം നടന്ന ഉടൻ തന്നെ അടിയന്തര രക്ഷാസേനയും സുരക്ഷാ വിഭാഗങ്ങളും സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കി. നിലവിൽ സുരക്ഷാ ഏജൻസികൾ പ്രദേശം സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്. യുഎഇ പ്രതിരോധ മന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ച ഈ സംഭവത്തെക്കുറിച്ച് പൊതുജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലെന്നും സർക്കാർ നൽകുന്ന കൃത്യമായ വിവരങ്ങൾ മാത്രം വിശ്വസിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു.
സോഷ്യൽ മീഡിയ വഴി തെറ്റായ വിവരങ്ങളോ വ്യാജ വീഡിയോകളോ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. രാജ്യത്തിന്റെ ആകാശസുരക്ഷ ഉറപ്പാക്കുന്നതിൽ സൈന്യം അതീവ ജാഗ്രത തുടരുകയാണെന്നും അധികൃതർ വ്യക്തമാക്കി.