സഖാക്കള്‍ തകര്‍ത്ത സ്മാരകം! പിണറായിക്കും സജിക്കുമെതിരെ സുധാകരന്റെ 'ബോംബ്'; സി.പി.എമ്മിനെ വേട്ടയാടാന്‍ കൃഷ്ണപിള്ള കേസ് വീണ്ടും വരുമോ? സജി ചെറിയാനെ സംശയ മുനയില്‍ നിര്‍ത്തി ജി എസ്; ഭരണമാറ്റം ഉണ്ടായാല്‍ കൃഷ്ണപിള്ള സ്മാരകം തകര്‍ക്കപ്പെട്ട കേസ് പുനരന്വേഷിക്കാന്‍ സാധ്യത ഏറെ; യഥാര്‍ത്ഥ പ്രതികള്‍ നെട്ടോട്ടത്തില്‍
ആലപ്പുഴ: സി.പി.എം രാഷ്ട്രീയത്തില്‍ കാലങ്ങളായി പുകഞ്ഞുകൊണ്ടിരുന്ന വിഭാഗീയതയുടെ കനലുകള്‍ വീണ്ടും ജ്വലിപ്പിച്ചുകൊണ്ട് മുതിര്‍ന്ന നേതാവ് ജി. സുധാകരന്‍ നടത്തിയ വെളിപ്പെടുത്തലുകള്‍ കേരള രാഷ്ട്രീയത്തില്‍ വന്‍ ഭൂകമ്പം സൃഷ്ടിക്കുന്നു. കമ്മ്യൂണിസ്റ്റ് ആചാര്യന്‍ പി. കൃഷ്ണപിള്ളയുടെ കണ്ണര്‍കാട്ടെ സ്മാരകം തകര്‍ക്കപ്പെട്ട സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി സജി ചെറിയാനുമെതിരെ സുധാകരന്‍ നേരിട്ട് വിരല്‍ചൂണ്ടിയതോടെ, പാര്‍ട്ടി പ്രതിരോധത്തിലായിരിക്കുകയാണ്. കേവലം ഒരു ആരോപണത്തിനപ്പുറം, വരുംദിവസങ്ങളില്‍ സുധാകരന്‍ കൂടുതല്‍ 'രഹസ്യങ്ങള്‍' പുറത്തുവിടുമോ എന്ന ഭീതിയിലാണ് സി.പി.എം നേതൃത്വം.
2013 ഒക്ടോബര്‍ 31-ന് പുലര്‍ച്ചെ നടന്ന ആക്രമണത്തില്‍ മന്ത്രി സജി ചെറിയാന്റെ സാന്നിധ്യത്തെ സുധാകരന്‍ സംശയ നിഴലില്‍ നിര്‍ത്തുന്നു. പുലര്‍ച്ചെ നടന്ന സംഭവത്തില്‍ സജി ചെറിയാന്‍ എങ്ങനെ അത്ര വേഗത്തില്‍ അവിടെ എത്തി എന്ന സുധാകരന്റെ ചോദ്യം ഗൂഢാലോചനയിലേക്കാണ് വിരല്‍ചൂണ്ടുന്നത്. അന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയന്‍, കൃത്യമായ അന്വേഷണം വേണ്ടെന്ന് തീരുമാനിച്ചതും സ്മാരകം തകര്‍ത്ത യഥാര്‍ത്ഥ പ്രതികള്‍ ഇപ്പോഴും പാര്‍ട്ടിക്കുള്ളില്‍ ഉണ്ടെന്നുള്ള സുധാകരന്റെ പ്രസ്താവനയും പിണറായിയുടെ വിശ്വസ്തര്‍ക്ക് വലിയ തലവേദനയാണ് സൃഷ്ടിക്കുന്നത്.
സി.പി.എമ്മിലെ വി.എസ് - പിണറായി വിഭാഗീയത അതിന്റെ ഉച്ചസ്ഥായിയില്‍ നിന്ന കാലത്താണ് കൃഷ്ണപിള്ള സ്മാരകം തകര്‍ക്കപ്പെട്ടത്. വി.എസിന്റെ പേഴ്‌സണല്‍ സ്റ്റാഫ് അംഗമായിരുന്ന ലതീഷ് ബി. ചന്ദ്രന്‍ ഉള്‍പ്പെടെയുള്ള വി.എസ് പക്ഷക്കാരെ പ്രതികളാക്കി ക്രൈംബ്രാഞ്ച് കുറ്റപത്രം നല്‍കിയത് പിണറായി പക്ഷത്തിന്റെ ആസൂത്രിത നീക്കമായിരുന്നുവെന്ന് അന്ന് തന്നെ ആരോപണമുണ്ടായിരുന്നു. 2020-ല്‍ തെളിവുകളുടെ അഭാവത്തില്‍ കോടതി എല്ലാ പ്രതികളെയും വിട്ടയച്ചപ്പോള്‍ സി.പി.എം അപ്പീലിന് പോകാതിരുന്നത് യഥാര്‍ത്ഥ പ്രതികളെ സംരക്ഷിക്കാനാണെന്ന സുധാകരന്റെ വാദം ഇപ്പോള്‍ ശരിവെക്കപ്പെടുകയാണ്.
സുധാകരന്റെ ഈ വെളിപ്പെടുത്തല്‍ സി.പി.എം നേതൃത്വത്തെ അക്ഷരാര്‍ത്ഥത്തില്‍ ഭയപ്പെടുത്തുന്നുണ്ട്. അമ്പലപ്പുഴയിലെയും ആലപ്പുഴയിലെയും പാര്‍ട്ടി കാര്യങ്ങളില്‍ ദശാബ്ദങ്ങളായി ആധിപത്യം പുലര്‍ത്തിയിരുന്ന സുധാകരന് പാര്‍ട്ടിയുടെ അടിയൊഴുക്കുകളെക്കുറിച്ച് വ്യക്തമായ ധാരണയുണ്ട്. വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളില്‍ തിരിച്ചടിയുണ്ടാകുമെന്ന് ഭയന്നാണ് സജി ചെറിയാന്‍ സുധാകരനെതിരെ ഇപ്പോള്‍ ആഞ്ഞടിക്കുന്നത്. സുധാകരന്റെ പ്രസ്താവന പരാജയഭീതി കൊണ്ടാണെന്നും അദ്ദേഹം അധഃപതിച്ചുപോയെന്നും സജി ചെറിയാന്‍ ആരോപിക്കുമ്പോഴും സുധാകരന്‍ ഉന്നയിച്ച കൃത്യമായ ചോദ്യങ്ങള്‍ക്ക് പാര്‍ട്ടിക്ക് മറുപടിയില്ല.
സംസ്ഥാനത്ത് ഒരു ഭരണമാറ്റം ഉണ്ടായാല്‍ കൃഷ്ണപിള്ള സ്മാരകം തകര്‍ക്കപ്പെട്ട കേസ് പുനരന്വേഷിക്കാന്‍ സാധ്യതയേറെയാണ്. നിലവിലെ കോടതി വിധിയില്‍ അപ്പീല്‍ നല്‍കാതിരുന്ന സര്‍ക്കാരിന്റെയും പാര്‍ട്ടിയുടെയും നീക്കം പുതിയൊരു അന്വേഷണത്തിലൂടെ ചോദ്യം ചെയ്യപ്പെട്ടേക്കാം. അങ്ങനെ വന്നാല്‍ ഇപ്പോള്‍ ഭരണത്തിലിരിക്കുന്ന പല പ്രമുഖരും പ്രതിക്കൂട്ടിലാകുമെന്നതാണ് രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നത്. സ്മാരകം തകര്‍ത്തവരെ പാര്‍ട്ടിയില്‍ തിരിച്ചെടുത്തതും അവര്‍ക്ക് പദവികള്‍ നല്‍കിയതും ഗൂഢാലോചനയുടെ ഭാഗമാണെന്ന് തെളിയിക്കപ്പെട്ടാല്‍ സി.പി.എമ്മിന് അത് വലിയ ധാര്‍മ്മിക പ്രഹരമാകും.
ജി. സുധാകരന്‍ തന്റെ പാര്‍ട്ടി വിരുദ്ധ നിലപാട് പരസ്യമാക്കിയത് ആലപ്പുഴയിലെ അടിത്തട്ടിലുള്ള പ്രവര്‍ത്തകര്‍ക്കിടയില്‍ വലിയ ചര്‍ച്ചയായിട്ടുണ്ട്. പാര്‍ട്ടിയുടെ ആദര്‍ശപുരുഷനായ കൃഷ്ണപിള്ളയുടെ സ്മാരകം സ്വന്തം സഖാക്കള്‍ തന്നെ തകര്‍ത്തു എന്ന സുധാകരന്റെ വാക്കുകള്‍ അണികളെ ചിന്തിപ്പിക്കുന്നുണ്ട്. സുധാകരനെ അനുനയിപ്പിക്കാന്‍ ശ്രമിക്കുന്നതിന് പകരം അദ്ദേഹത്തെ തള്ളിപ്പറയാന്‍ നേതൃത്വം കാട്ടുന്ന തിടുക്കം കൂടുതല്‍ വെളിപ്പെടുത്തലുകളിലേക്ക് അദ്ദേഹത്തെ നയിക്കാനാണ് സാധ്യത.
യു.ഡി.എഫ് കാലത്ത് നടന്ന അന്വേഷണം അട്ടിമറിക്കപ്പെട്ടത് സി.പി.എമ്മിലെ ഒരു വിഭാഗത്തിന്റെ ഇടപെടല്‍ മൂലമാണെന്ന സുധാകരന്റെ ആക്ഷേപം ഗൗരവകരമാണ്. അന്ന് ലതീഷ് ബി. ചന്ദ്രനെ പോലുള്ളവരെ പ്രതികളാക്കി വി.എസ് പക്ഷത്തെ തളര്‍ത്താന്‍ പിണറായി വിഭാഗം നടത്തിയ നീക്കം ഇപ്പോള്‍ തിരിഞ്ഞുകൊത്തുകയാണ്. വി.എസ് പക്ഷത്തെ വെട്ടിനിരത്താന്‍ പാര്‍ട്ടി സ്വീകരിച്ച അധാര്‍മ്മിക വഴികള്‍ ഓരോന്നായി പുറത്തുവരുന്നത് പാര്‍ട്ടിയുടെ പ്രതിച്ഛായയെ സാരമായി ബാധിക്കും.
സുധാകരന്റെ ആരോപണങ്ങളെ പ്രതിപക്ഷം വലിയ ആയുധമാക്കാനാണ് സാധ്യത. കൃഷ്ണപിള്ള സ്മാരകം തകര്‍ക്കപ്പെട്ട കേസില്‍ പുനരന്വേഷണം വേണമെന്ന് കോണ്‍ഗ്രസ് ഇതിനോടകം ആവശ്യപ്പെട്ടു കഴിഞ്ഞു. ഭരണമാറ്റമുണ്ടായാല്‍ ആദ്യ പരിഗണന നല്‍കുന്ന കേസുകളില്‍ ഒന്നായി ഇത് മാറുമെന്നുറപ്പാണ്. സുധാകരന്‍ ഉന്നയിച്ച 'യഥാര്‍ത്ഥ പ്രതികള്‍' ആരാണെന്ന് ലോകം അറിയണമെന്ന വാശിയിലാണ് വി.എസ് പക്ഷത്തെ പഴയ പ്രവര്‍ത്തകരും.
മന്ത്രി സജി ചെറിയാന്റെ വിശദീകരണം സുധാകരന്റെ ചോദ്യങ്ങളെ തൃപ്തിപ്പെടുത്താന്‍ പര്യാപ്തമല്ല. സുധാകരന്‍ കോണ്‍ഗ്രസിനൊപ്പം നില്‍ക്കുന്നു എന്ന ആരോപണം ഉയര്‍ത്തി വിഷയം വഴിതിരിച്ചുവിടാനാണ് സജി ശ്രമിക്കുന്നത്. എന്നാല്‍ വിപ്ലവ സ്മാരകം തകര്‍ക്കപ്പെട്ട അന്ന് പുലര്‍ച്ചെ ഉണ്ടായ അസ്വാഭാവിക നീക്കങ്ങള്‍ സുധാകരന്‍ ഓരോന്നായി എണ്ണമിട്ടു പറയുമ്പോള്‍ സജിക്ക് പ്രതിരോധം കഠിനമാകും. വരും ദിവസങ്ങളില്‍ സുധാകരന്‍ കൂടുതല്‍ വെളിപ്പെടുത്തല്‍ അത് പിണറായി സര്‍ക്കാരിന് തിരിച്ചടിയാകും.
