സക്കര്‍ബര്‍ഗിനും ഗൂഗിളിനും കനത്ത പ്രഹരം; സോഷ്യല്‍ മീഡിയക്ക് അടിമയായ പെണ്‍കുട്ടിക്ക് 25 കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ കോടതി വിധി
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി സോഷ്യല്‍ മീഡിയക്ക് അടിമയായ സംഭവത്തില്‍ ആഗോള ടെക് ഭീമന്മാരായ മെറ്റയും ഗൂഗിളും കുറ്റക്കാരാണെന്ന് കാലിഫോര്‍ണിയ കോടതി. പ്ലാറ്റ്‌ഫോമുകളുടെ അമിത ഉപയോഗം മൂലം പെണ്‍കുട്ടിക്കുണ്ടായ മാനസികാഘാതത്തിന് പരിഹാരമായി ഏകദേശം 25 കോടി രൂപ നഷ്ടപരിഹാരം നല്‍കാനാണ് വിധി. ഒന്‍പത് ദിവസം നീണ്ട വിശദമായ വാദങ്ങള്‍ക്ക് ഒടുവിലാണ് ജൂറി ഈ ചരിത്രപരമായ തീരുമാനത്തിലെത്തിയത്.
'കെയ്‌ലി' എന്ന് പേരിട്ടിരിക്കുന്ന ഇരുപതുകാരി നല്‍കിയ പരാതിയിലാണ് വിധി. ആറാം വയസ്സില്‍ ഐപോഡിലൂടെ യൂട്യൂബ് കാണാന്‍ തുടങ്ങിയ കെയ്‌ലി, ഒന്‍പതാം വയസ്സില്‍ മാതാപിതാക്കളുടെ വിലക്ക് ലംഘിച്ചാണ് ഇന്‍സ്റ്റാഗ്രാമില്‍ എത്തിയത്. തങ്ങളുടെ പ്ലാറ്റ്‌ഫോമുകള്‍ കുട്ടികളില്‍ അടിമത്തം ഉണ്ടാക്കുമെന്നും അവരുടെ മാനസികാരോഗ്യത്തെ തകര്‍ക്കുമെന്നും അറിഞ്ഞുകൊണ്ട് തന്നെ കമ്പനികള്‍ ലാഭത്തിനായി പ്രവര്‍ത്തിച്ചുവെന്ന് കോടതി കണ്ടെത്തി. ആകെ നഷ്ടപരിഹാര തുകയില്‍ 70 ശതമാനവും ഫേസ്ബുക്കിന്റെ മാതൃകമ്പനിയായ മെറ്റയാണ് നല്‍കേണ്ടത്. ബാക്കി 30 ശതമാനം തുക ഗൂഗിളിന്റെ ഉടമസ്ഥതയിലുള്ള യൂട്യൂബും നല്‍കണം. മെറ്റയുടെ സി.ഇ.ഒ മാര്‍ക്ക് സക്കര്‍ബര്‍ഗ് അടക്കമുള്ള പ്രമുഖര്‍ കോടതിയില്‍ നേരിട്ട് ഹാജരായി മൊഴി നല്‍കിയ കേസ് എന്ന പ്രത്യേകതയും ഇതിനുണ്ട്.
പ്ലാറ്റ്‌ഫോമുകളുടെ രൂപകല്‍പ്പനയിലെ പിഴവാണ് പെണ്‍കുട്ടിയെ ഇതിലേക്ക് തളച്ചിട്ടതെന്ന് ജൂറി നിരീക്ഷിച്ചു. നിര്‍ത്താതെ വീഡിയോകള്‍ വരുന്നത് ഉറപ്പാക്കുന്ന 'ഇന്‍ഫിനിറ്റ് സ്‌ക്രോളിംഗ്', ഓട്ടോപ്ലേ ഫീച്ചറുകള്‍, നിരന്തരമായ നോട്ടിഫിക്കേഷനുകള്‍ എന്നിവ കുട്ടികളെ ആകര്‍ഷിക്കാനായി മനഃപൂര്‍വം ഉള്‍പ്പെടുത്തിയതാണെന്ന് വാദിഭാഗം വാദിച്ചു. ഈ വാദങ്ങള്‍ കോടതി പൂര്‍ണ്ണമായും അംഗീകരിക്കുകയായിരുന്നു. സോഷ്യല്‍ മീഡിയയുടെ ഉപയോഗം തന്റെ ആത്മവിശ്വാസം തകര്‍ത്തതായും സുഹൃത്തുക്കളെ നഷ്ടപ്പെടുത്തിയതായും കെയ്‌ലി കോടതിയില്‍ വികാരാധീനയായി പറഞ്ഞു. തന്റെ വ്യക്തിത്വം മറ്റുള്ളവരുമായി നിരന്തരം താരതമ്യം ചെയ്യുന്നതിനും ഹോബികള്‍ ഉപേക്ഷിക്കുന്നതിനും ഈ പ്ലാറ്റ്‌ഫോമുകള്‍ കാരണമായെന്ന് കെയ്‌ലി വ്യക്തമാക്കി. ഇത് കുട്ടികളുടെ മാനസിക നിലയെ ഗുരുതരമായി ബാധിക്കുമെന്ന് കമ്പനികള്‍ക്ക് മുന്നറിയിപ്പ് നല്‍കേണ്ടതായിരുന്നുവെന്ന് കോടതി പറഞ്ഞു.
എന്നാല്‍, കമ്പനികള്‍ ഈ ആരോപണങ്ങളെ ശക്തമായി എതിര്‍ത്തു. പെണ്‍കുട്ടിയുടെ മാനസിക പ്രശ്നങ്ങള്‍ക്ക് കാരണം അവളുടെ കുടുംബത്തിലെ അസ്വസ്ഥതകളാണെന്നായിരുന്നു മെറ്റയുടെ വാദം. ഇതിനായി കെയ്‌ലിയുടെ അമ്മയുമായുള്ള തര്‍ക്കത്തിന്റെ ശബ്ദരേഖകള്‍ പോലും പ്രതിഭാഗം കോടതിയില്‍ ഹാജരാക്കി. എന്നാല്‍ പെണ്‍കുട്ടിയുടെ അവസ്ഥയ്ക്ക് പ്ലാറ്റ്‌ഫോമുകള്‍ പ്രധാന കാരണമാണെന്ന വസ്തുതയില്‍ ജൂറി ഉറച്ചുനിന്നു. യൂട്യൂബ് ഒരു സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമല്ലെന്നും മറിച്ച് ടെലിവിഷന്‍ പോലുള്ള വീഡിയോ പ്ലാറ്റ്‌ഫോമാണെന്നുമാണ് ഗൂഗിള്‍ വാദിച്ചത്.
ഷോര്‍ട്ട്സ് വീഡിയോകള്‍ കെയ്‌ലി ഒരു മിനിറ്റില്‍ താഴെ മാത്രമേ കണ്ടിട്ടുള്ളൂ എന്ന കണക്കുകളും അവര്‍ നിരത്തി. എന്നാല്‍ ഈ പ്ലാറ്റ്‌ഫോമുകളുടെ അപകടസാധ്യതകള്‍ ഉപയോക്താക്കളെ അറിയിക്കുന്നതില്‍ ഗൂഗിള്‍ പരാജയപ്പെട്ടുവെന്ന് ജൂറി കണ്ടെത്തി. നിലവിലെ വിധിക്ക് പുറമെ, കമ്പനികള്‍ക്കെതിരെ ശിക്ഷാപരമായ നടപടികള്‍ കൈക്കൊള്ളാനും കോടതി തീരുമാനിച്ചിട്ടുണ്ട്. കമ്പനികള്‍ ദുരുദ്ദേശ്യത്തോടെയാണ് പ്രവര്‍ത്തിച്ചതെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണിത്. വരും ദിവസങ്ങളില്‍ കൂടുതല്‍ തെളിവുകള്‍ പരിശോധിച്ച ശേഷം കമ്പനികള്‍ നല്‍കേണ്ട ശിക്ഷാ തുകയില്‍ വലിയ വര്‍ദ്ധനവുണ്ടായേക്കാം.
സോഷ്യല്‍ മീഡിയ കമ്പനികള്‍ക്കെതിരെ ലോകമെമ്പാടും നിലനില്‍ക്കുന്ന ആയിരക്കണക്കിന് സമാനമായ കേസുകള്‍ക്ക് ഈ വിധി വലിയ കരുത്താകും. നേരത്തെ ടിക് ടോക്കും സ്നാപ്ചാറ്റും ഈ കേസില്‍ വിചാരണയ്ക്ക് മുന്‍പേ ഒത്തുതീര്‍പ്പിന് തയ്യാറായിരുന്നു. കുട്ടികളുടെ സുരക്ഷയേക്കാള്‍ ലാഭത്തിന് മുന്‍തൂക്കം നല്‍കുന്ന ടെക് ഭീമന്മാര്‍ക്ക് ഇതൊരു താക്കീതാണെന്ന് നിയമവിദഗ്ധര്‍ വിലയിരുത്തുന്നു. സിഗരറ്റ് കമ്പനികള്‍ക്കും മയക്കുമരുന്ന് നിര്‍മ്മാതാക്കള്‍ക്കുമെതിരെ മുന്‍പ് നടന്ന നിയമപോരാട്ടങ്ങളോടാണ് കെയ്‌ലിയുടെ അഭിഭാഷകര്‍ ഈ വിധിയെ ഉപമിച്ചത്.
