വഴിമാറിയത് 1400 വര്‍ഷത്തെ ചരിത്രം; ചര്‍ച്ച് ഓഫ് ഇംഗ്ലണ്ട് പരമാധികാരിയായി ആദ്യ വനിതാ ആര്‍ച്ച് ബിഷപ് ചുമതലയേറ്റു; ലോകം എമ്പാടുമുള്ള ആംഗ്ലിക്കന്‍ സഭകളുടെ തലൈവിയായി കാന്റര്‍ബറി ആര്‍ച്ച് ബിഷപ്പായി ചുമതലയേറ്റത് ബിഷപ് സാറ മുള്ളാള്ളി

Update: 2026-03-26 03:29 GMT

ലണ്ടന്‍: ഒന്നര സഹസ്രാബ്ദത്തോളം വരുന്ന ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടിന്റെ ചരിത്രത്തില്‍ ഇതാദ്യമായി ഒരു വനിത ആര്‍ച്ച് ബിഷപ്പ് സഭയുടെ പരമാധികാരിയായി സ്ഥാനമേറ്റു. ആര്‍ച്ച് ബിഷപ്പ് ഓഫ് കാന്റര്‍ബറിയാണ് ആഗോള ആംഗ്ലിക്കന്‍ സഭയുടെ പരമാധികാരിയും. ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടിന്റെ നൂറ്റിആറാമത്തെ ആര്‍ച്ച് ബിഷപ്പ് ഓഫ് കാന്റര്‍ബറിയായി ഡെയിം സാറ മുള്ളാള്ളി ഇന്നലെയാണ് ഔദ്യോഗികമായി അധികാരമേറ്റത്. ഏറെ ചരിത്ര പ്രാധാന്യമുള്ള മുഹൂര്‍ത്തം എന്നാണ് മാധ്യമങ്ങള്‍ ഇതിനെ വിശേഷിപ്പിക്കുന്നത്.

ഏറെ കൗതുകകരമായ വസ്തുത സ്‌കൂള്‍ വിദ്യാഭ്യാസത്തിനു ശേഷം ഒരു നഴ്‌സ് ആകാന്‍ ആഗ്രഹിച്ചിരുന്ന സാറ മുള്ളാള്ളി ഇംഗ്ലണ്ടിലെ ചീഫ് നഴ്‌സിംഗ് ഓഫീസര്‍ വരെ ആയി എന്നതാണ്. സറേയിലെ വോക്കിംഗില്‍ ജനിച്ച മുള്ളാള്ളി, സെയിന്റ് തോമസ് ഹോസ്പിറ്റലില്‍ നിന്നായിരുന്നു നഴ്‌സിംഗ് പരിശീലനം നേടിയത്. പ്രധാനമായും തെക്കന്‍ ലണ്ടനിലായിരുന്നു അവര്‍ നഴ്‌സ് ആയി ജോലി ചെയ്തിരുന്നത്. അതിനിടയില്‍ ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടില്‍ വൈദിക പഠനവും അവര്‍ ആരംഭിച്ചു. 1999 ല്‍ അവര്‍ എന്‍ എച്ച് എസ് ഇംഗ്ലണ്ടിന്റെ പേഷ്യ എക്‌സ്പീരിയന്‍സ് വിഭാഗം ചീഫ് നഴ്‌സിംഗ് ഓഫീസറുമായി.

പിന്നീട് 2004 ല്‍ ആരോഗ്യ രംഗം വിട്ട മുള്ളാള്ളി പൂര്‍ണ്ണസമയ ആത്മീയ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയായിരുന്നു. നഴ്‌സിംഗ് മേഖലയില്‍ അവര്‍ നല്‍കിയ സേവനങ്ങള്‍ക്കാണ് 2005 ല്‍ അവര്‍ക്ക് ഡെയിം കമാന്‍ഡര്‍ ഓര്‍ ദി ഓര്‍ഡര്‍ ഓഫ് ദി ബ്രിട്ടീഷ് എംപയര്‍ ബഹുമതി ലഭിച്ചത്. അതിനിടയില്‍ 2002 ല്‍ തന്നെ സൗത്ത്വാക്ക് രൂപതയ്ക്ക് കീഴില്‍ അവര്‍ വൈദികവൃത്തി ആരംഭിച്ചിരുന്നു. ലണ്ടനിലെ വിവിധ പള്ളികളില്‍ സേവനമനുഷ്ഠിച്ച അവര്‍ 2012 ല്‍ സെയില്‍സ്ബറി കത്തീഡ്രലിന്റെ കാനന്‍ പദവിയിലേക്ക് ഉയര്‍ത്തപ്പെട്ടു. 2015 ല്‍ ക്രെഡിഷന്‍ ബിഷ്പ്പ് ആയി അവരോധിക്കപ്പെടുകയും ചെയ്തു.

2018 ല്‍ ലണ്ടനിലേക്ക് സ്ഥലം മാറ്റപ്പെട്ട അവര്‍ ലണ്ടന്‍ രൂപതയുടെ ആദ്യ വനിത ബിഷപ്പായി മാറി. കാന്റര്‍ബറി ആര്‍ച്ച് ബിഷപ്പും, യോര്‍ക്ക് ആര്‍ച്ചു ബിഷപ്പും കഴിഞ്ഞാല്‍ ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടിലെ ഏറ്റവും ഉയര്‍ന്ന മൂന്നാമത്തെ പദവിയാണ് ലണ്ടന്‍ ബിഷപ്പിന്റേത്. അതേവര്‍ഷം തന്നെ അവര്‍ ബ്രിട്ടീഷ് പാര്‍ലമെന്റിന്റെ ഉപരിസഭയായ പ്രഭു സഭയിലെ ലോര്‍ഡ്‌സ് സ്പിരിച്വല്‍ ബെഞ്ചിലേക്കും തിരഞ്ഞെടുക്കപ്പെട്ടു. 2019 ല്‍ ചാപ്പല്‍ റോയലിന്റെ ആദ്യ വനിതാ ഡീന്‍ ആയി മാറിയ ഇവര്‍ ചാള്‍സ് രാജാവിന്റെ കിരീടധാരണ ചടങ്ങുകളിലും സുപ്രധാന പങ്കുവഹിച്ചിരുന്നു.

2025 ഒക്ടോബര്‍ 3 ന് ആയിരുന്നു സാറ മുള്ളാള്ളിയായിരിക്കും അടുത്ത കാന്റര്‍ബറി ആര്‍ച്ച് ബിഷപ്പ് എന്ന ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായത്. ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടിന് ഒരു വനിത ആര്‍ച്ച് ബിഷപ്പ് ഉണ്ടാകും എന്നത് അമ്പത് വര്‍ഷം മുന്‍പ് പോലും ചിന്തിക്കാന്‍ കഴിയാത്ത ഒരു കാര്യമായിരുന്നു എന്നാണ് ഡീന്‍ ഓഫ് കാന്റര്‍ബറി റവ. ഡേവിഡ് മോണ്ടീത് പറയുന്നത്. എന്തിനധികം, 50 വര്‍ഷം മുന്‍പ് ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടിനു കീഴിലുള്ള ഏതെങ്കിലും ഒരു പള്ളിയില്‍ ഒരു വനിതാ വികാരി ഉണ്ടാകും എന്നുപോലും ചിന്തിക്കാന്‍ കഴിഞ്ഞിരുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ലോകമാകെ വ്യാപിച്ചു കിടക്കുന്ന ആംഗ്ലിക്കന്‍ സഭയില്‍ പക്ഷെ സാറ മുള്ളാള്ളിയെ ഒരു പുരോഹിതയായി പോലും അംഗീകരിക്കാന്‍ മടിക്കുന്ന ഒരു വിഭാഗമുണ്ടെന്നാണ് സ്‌കൈന്യൂസില്‍ അവതാരകനായ അലസ്റ്റെയര്‍ ബ്രൂസ് പറയുന്നത്. മാത്രമല്ല, അതുകൊണ്ടു തന്നെ സാറ മുള്ളള്ളിയുടെ നിയമനം സഭയില്‍ ഒരു വിഭജനമുണ്ടാക്കുമോ എന്നത് കാത്തിരുന്ന് കാണേണ്ട കാര്യമാണെന്നും അദ്ദേഹം പറയുന്നു. പുതിയ പദവിയില്‍ ഏറെ വെല്ലുവിളികളാണ് സാറ മുള്ളാള്ളിയെ കാത്തിരിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.

Similar News