'പ്രസിഡന്റ് ട്രംപ് വെറുതെ ഭീഷണി മുഴക്കുന്ന ആളല്ല; ഇറാനുമേല്‍ നരകം അഴിച്ചുവിടാന്‍ അദ്ദേഹം സജ്ജമാണ്; ഇറാന്‍ ഇനിയൊരു തെറ്റായ കണക്കുകൂട്ടലിന് മുതിരരുത്; നിലവിലെ സാഹചര്യം ഇറാന്‍ തിരിച്ചറിയണം'; ശക്തമായി തിരിച്ചടിക്കും മുമ്പ് കീഴടങ്ങണമെന്ന് വൈറ്റ്ഹൗസ് വക്താവ്

'പ്രസിഡന്റ് ട്രംപ് വെറുതെ ഭീഷണി മുഴക്കുന്ന ആളല്ല; ഇറാനുമേല്‍ നരകം അഴിച്ചുവിടാന്‍ അദ്ദേഹം സജ്ജമാണ്

Update: 2026-03-26 04:45 GMT

വാഷിംഗ്ടണ്‍: പശ്ചിമേഷ്യയില്‍ യുദ്ധകാഹളം മുഴങ്ങുമ്പോള്‍ ലോകം ഉറ്റുനോക്കുന്നത് ഡൊണാള്‍ഡ് ട്രംപെന്ന 'പ്രതീക്ഷിക്കാത്ത' ഭരണാധികാരിയിലേക്കാണ്. ഇറാന്‍ സൈനികമായി പരാജയപ്പെട്ടു കഴിഞ്ഞുവെന്നും അത് അംഗീകരിക്കാന്‍ തയ്യാറായില്ലെങ്കില്‍ രാജ്യം മുന്‍പെങ്ങുമില്ലാത്ത പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്നും ട്രംപ് അന്ത്യശാസനം നല്‍കിക്കഴിഞ്ഞു. വെറും വാക്കല്ല, ട്രംപ് ഇറാനുമേല്‍ 'നരകം അഴിച്ചുവിടാന്‍' സജ്ജമാണെന്നാണ് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലീവിറ്റ് മാധ്യമപ്രവര്‍ത്തകര്‍ക്ക് നല്‍കിയ മുന്നറിയിപ്പ്.

'പ്രസിഡന്റ് ട്രംപ് വെറുതെ ഭീഷണി മുഴക്കുന്ന ആളല്ല. ഇറാനുമേല്‍ നരകം അഴിച്ചുവിടാന്‍ അദ്ദേഹം സജ്ജമാണ്. ഇറാന്‍ ഇനിയൊരു തെറ്റായ കണക്കുകൂട്ടലിന് മുതിരരുത്,' ലീവിറ്റ് മാധ്യമപ്രവര്‍ത്തകരോട് വ്യക്താക്കി. നിലവിലെ സാഹചര്യം ഇറാന്‍ തിരിച്ചറിയണമെന്നും പരാജയം സമ്മതിച്ചില്ലെങ്കില്‍ ഇപ്പോള്‍ നേരിട്ടതിനേക്കാള്‍ ശക്തമായ ആക്രമണം നേരിടേണ്ടി വരുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ചര്‍ച്ചകള്‍ക്കില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുന്ന ഇറാന്‍, ഇസ്രായേലിലെയും പശ്ചിമേഷ്യയിലെയും അമേരിക്കന്‍ കേന്ദ്രങ്ങള്‍ക്ക് നേരെ അതിശക്തമായ ആക്രമണം തുടരുകയാണ്.

ഇസ്രായേലിലെ ഹൈഫ, ഡിമോണ എന്നിവയുള്‍പ്പെടെ 70ലധികം കേന്ദ്രങ്ങളില്‍ മിസൈല്‍ ആക്രമണം നടത്തിയതായി ഇറാന്‍ സൈന്യം അവകാശപ്പെട്ടു. കൂടാതെ, മേഖലയിലെ അമേരിക്കന്‍ സൈനിക സാന്നിധ്യത്തിന് നേരെയും കടുത്ത ആക്രമണമുണ്ടായി. അമേരിക്കയും ഇസ്രായേലും സംയുക്തമായി ഇറാനെതിരെ നടത്തുന്ന യുദ്ധം നാലാം വാരത്തിലേക്ക് കടന്നിരിക്കുകയാണ്. യുദ്ധം അവസാനിപ്പിക്കുന്നതിനായി പാകിസ്താന്‍, തുര്‍ക്കി, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങള്‍ മധ്യസ്ഥ ചര്‍ച്ചകള്‍ക്കായി രംഗത്തുണ്ട്.

ഇറാനുമായുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും പ്രസിഡന്റ് പറഞ്ഞതുപോലെ ചര്‍ച്ചകള്‍ ഫലപ്രദമാണെന്നും വൈറ്റ് ഹൗസ് വക്താവ് അറിയിച്ചു. യുദ്ധം അവസാനിപ്പിക്കാനായി വാഷിങ്ടണ്‍ 15 ഇന സമാധാന പദ്ധതി കൈമാറിയതായി റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ അമേരിക്ക മുന്നോട്ടുവെച്ച 15 ഇന സമാധാന പദ്ധതി 'അപ്രായോഗികം' എന്ന് പറഞ്ഞ് ഇറാന്‍ തള്ളി.

യുദ്ധം അവസാനിപ്പിക്കണമെങ്കില്‍ പ്രധാനമായും അഞ്ച് നിബന്ധനകളാണ് ഇറാന്‍ മുന്നോട്ടുവെക്കുന്നത്. ഭാവിയില്‍ ആക്രമണം ഉണ്ടാവില്ലെന്ന ഉറപ്പും യുദ്ധനഷ്ടപരിഹാരവുമാണ് ഇതില്‍ പ്രധാനം. തങ്ങളുടെ പ്രതിരോധത്തില്‍ നിന്ന് പിന്നോട്ടില്ലെന്നും തങ്ങള്‍ക്കെതിരെയുള്ള നീക്കങ്ങളെ ശക്തമായി നേരിടുമെന്നും ടെഹ്റാന്‍ ആവര്‍ത്തിച്ചു.

Tags:    

Similar News