ട്രംപിന് റാന്‍ മൂളാന്‍ വേറെ ആളെ നോക്കണം! യുഎസ് പ്രസിഡന്റിന്റെ പതിനഞ്ചിന വെടിനിര്‍ത്തല്‍ പദ്ധതി ചവറ്റുകൊട്ടയില്‍ തള്ളി; പകരം ഹോര്‍മുസിന്റെ മേലുള്ള പരമാധികാരം അടക്കം അഞ്ച് ഉപാധികള്‍ മുന്നോട്ടുവച്ചു; യുഎസ് പദ്ധതി, പാക്കിസ്ഥാന്‍ ഇറാന് കൈമാറിയതിന് പിന്നാലെ യുഎസ്എസ് എബ്രഹാം ലിങ്കണെ തകര്‍ക്കാന്‍ മിസൈല്‍ ആക്രമണം; ചര്‍ച്ച പരാജയപ്പെട്ടാല്‍ കരയുദ്ധത്തിന് കോപ്പുകൂട്ടി ട്രംപ്

യുഎസ് പ്രസിഡന്റിന്റെ പതിനഞ്ചിന വെടിനിര്‍ത്തല്‍ പദ്ധതി ചവറ്റുകൊട്ടയില്‍ തള്ളി

Update: 2026-03-25 15:32 GMT

വാഷിങ്ടണ്‍/ ടെഹ്‌റാന്‍: യുദ്ധം അവസാനിപ്പിക്കാനുള്ള അമേരിക്കയുടെ ഉപാധികള്‍ ഇറാന്‍ തള്ളി. ട്രംപ് മുന്നോട്ടുവച്ച പതിനഞ്ചിന ഉപാധികളാണ് പരിധി വിട്ടെന്ന കാരണം പറഞ്ഞ് ഇറാന്‍ ഭരണ നേതൃത്വം തള്ളിയത്. തങ്ങളുടെ നിബന്ധനകള്‍ അംഗീകരിച്ചാല്‍, തങ്ങള്‍ തീരുമാനിക്കുന്ന സമയത്ത് മാത്രമേ ഈ യുദ്ധം അവസാനിപ്പിക്കൂ എന്ന് ഇറാന്റെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പ്രസ് ടിവിയോട് പ്രതികരിച്ചു. അമേരിക്കയ്‌ക്കെതിരായ ചെറുത്തുനില്‍പ്പ് തുടരുമെന്നും, ആവശ്യങ്ങള്‍ അംഗീകരിക്കുന്നത് വരെ കനത്ത പ്രഹരങ്ങള്‍ ഏല്‍പ്പിക്കുമെന്നും ഇറാന്‍ പ്രതിജ്ഞയെടുത്തു.

കഴിഞ്ഞ കാലങ്ങളില്‍ നടന്ന ചര്‍ച്ചകളില്‍ രണ്ട് തവണ അമേരിക്ക ഇറാനെ വഞ്ചിച്ച കാര്യം ഉദ്യോഗസ്ഥന്‍ ചൂണ്ടിക്കാട്ടി. ആ രണ്ട് സന്ദര്‍ഭങ്ങളിലും അര്‍ത്ഥവത്തായ ചര്‍ച്ചകള്‍ നടത്താന്‍ വാഷിങ്ടണ് ആത്മാര്‍ത്ഥമായ താല്‍പ്പര്യമുണ്ടായിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എങ്കിലും നിര്‍ദ്ദേശങ്ങള്‍ ഇപ്പോഴും പരിശോധനയിലാണ്.


കരയുദ്ധത്തിന് കോപ്പുകൂട്ടി ട്രംപ്

അമേരിക്ക മുന്നോട്ടുവെച്ച 15 ഇന സമാധാന പദ്ധതി തള്ളിക്കളഞ്ഞ ഇറാന്റെ നടപടിയെത്തുടര്‍ന്ന്, 7,000 പേരടങ്ങുന്ന കരസേനാ വിഭാഗത്തെ യുദ്ധസജ്ജമാക്കി ഡൊണാള്‍ഡ് ട്രംപ്. ഇറാന്റെ നിബന്ധനകള്‍ പരിഹാസ്യമാണ് എന്ന് വിലയിരുത്തിക്കൊണ്ടാണ് അമേരിക്കന്‍ നീക്കം.

82-ാം എയര്‍ബോണ്‍ ഡിവിഷനില്‍ നിന്നുള്ള ഏകദേശം 2,000 പാരാട്രൂപ്പര്‍മാരോട് അടിയന്തരമായി പശ്ചിമേഷ്യിലേക്ക് തിരിക്കാന്‍ പെന്റഗണ്‍ മേധാവികള്‍ കഴിഞ്ഞ രാത്രി ഉത്തരവിട്ടു. മേഖലയിലേക്ക് പുറപ്പെട്ട 4,500 മറീനുകള്‍ക്കൊപ്പം ഇവരും ചേരും.

ഇറാന്‍ നയതന്ത്ര ചര്‍ച്ചകളില്‍ നിന്ന് വിട്ടുനില്‍ക്കുന്നത് തുടരുകയാണെങ്കില്‍, ഒരു പൂര്‍ണ്ണമായ അധിനിവേശത്തിന് പ്രസിഡന്റ് തയ്യാറെടുത്തുകഴിഞ്ഞുവെന്ന് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.


'ട്രംപല്ല യുദ്ധം അവസാനിപ്പിക്കാന്‍ തീരുമാനം എടുക്കുക'

യുദ്ധം എപ്പോള്‍ അവസാനിപ്പിക്കണം എന്ന കാര്യത്തില്‍ തീരുമാനം എടുക്കാനുള്ള പൂര്‍ണ്ണ അധികാരം തങ്ങള്‍ക്കാണെന്ന് ഇറാന്‍ വ്യക്തമാക്കി. 'യുദ്ധം അവസാനിപ്പിക്കാനുള്ള സമയപരിധി നിശ്ചയിക്കാന്‍ അമേരിക്കന്‍ പ്രസിഡന്റ് ട്രംപിനെ അനുവദിക്കില്ല' എന്നും തങ്ങളുടെ നിബന്ധനകള്‍ പൂര്‍ണ്ണമായും അംഗീകരിച്ചാല്‍ മാത്രമേ യുദ്ധം നിര്‍ത്താന്‍ തയ്യാറാവൂ എന്നും ഇറാന്‍ വ്യക്തമാക്കി.

ഇറാന്റെ പ്രധാന ആവശ്യങ്ങളില്‍ ചിലത് ഇവയാണ്:

ഹോര്‍മുസ് കടലിടുക്കിന് മേലുള്ള തങ്ങളുടെ പരമാധികാരം അംഗീകരിക്കണം; ഇത് തങ്ങളുടെ സ്വാഭാവികവും നിയമപരവുമായ അവകാശമാണെന്ന് ഇറാന്‍ വിശേഷിപ്പിച്ചു.

യുദ്ധക്കെടുതികളുടെ ഉത്തരവാദിത്തം കൃത്യമായി നിര്‍ണ്ണയിക്കണം; ഇതിനൊപ്പം അര്‍ഹമായ നഷ്ടപരിഹാരം ഉറപ്പാക്കുകയും വേണം.

ഭാവിയില്‍ യുദ്ധം ആവര്‍ത്തിക്കാതിരിക്കാന്‍ കൃത്യമായ ഉറപ്പുകള്‍ നല്‍കണം.

ഇറാനെതിരെയുള്ള യുദ്ധം മാത്രമല്ല, മേഖലയിലെ മറ്റ് പ്രതിരോധ ഗ്രൂപ്പുകള്‍ക്ക് എതിരെയുള്ള ആക്രമണങ്ങളും അവസാനിപ്പിക്കണം.

തങ്ങളുടെ എല്ലാ നിബന്ധനകളും നിറവേറ്റുന്നത് വരെ തിരിച്ചടി തുടരുമെന്നും ടെഹ്റാന്‍ ഊന്നിപ്പറഞ്ഞു.

അമേരിക്കയുടെ 15 ഇന വെടിനിര്‍ത്തല്‍ പദ്ധതി പാകിസ്ഥാന്‍ ഔദ്യോഗികമായി ഇറാന് കൈമാറിയതിന് പിന്നാലെയാണ് ഈ പ്രതികരണം. തിരശീലയ്ക്ക് പിന്നില്‍ നടക്കുന്ന നയതന്ത്ര നീക്കങ്ങളുടെ നിര്‍ണ്ണായക ഘട്ടമാണിതെന്ന് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.

അമേരിക്കന്‍ നിര്‍ദ്ദേശത്തിലെ പ്രധാന കാര്യങ്ങള്‍ ഇവയാണ്:

ഇറാനെതിരെയുള്ള ഉപരോധങ്ങളില്‍ ഭാഗികമായ ഇളവുകള്‍.

ഇറാന്റെ മിസൈല്‍ പദ്ധതികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുക.

അന്താരാഷ്ട്ര ആണവോര്‍ജ്ജ ഏജന്‍സിയുടെ (IAEA) കര്‍ശന മേല്‍നോട്ടത്തില്‍ ഇറാന്റെ ആണവ പ്രവര്‍ത്തനങ്ങള്‍ മരവിപ്പിക്കുക.

യുഎസ്എസ് എബ്രഹാം ലിങ്കണ് നേരെ മിസൈല്‍ ആക്രമണം

അതിനിടെ, ലോകത്തിലെ ഏറ്റവും വലിയ യുദ്ധക്കപ്പലുകളില്‍ ഒന്നായ യുഎസ്എസ് എബ്രഹാം ലിങ്കണ്‍ വിമാനവാഹിനിക്കപ്പലിനെ തകര്‍ക്കുമെന്ന് ഇറാന്‍ ആവര്‍ത്തിച്ചു. കപ്പലിനെ ലക്ഷ്യമിട്ട് ഇറാന്‍ വന്‍തോതില്‍ മിസൈലുകള്‍ തൊടുത്തുവിട്ടെങ്കിലും അവയൊന്നും ലക്ഷ്യസ്ഥാനത്ത് എത്തിയില്ല.

'ഓപ്പറേഷന്‍ എപിക് ഫ്യൂറി'ക്ക് പിന്തുണ നല്‍കാനായി അറേബ്യന്‍ കടലില്‍ വിന്യസിച്ചിരുന്ന ലിങ്കണ്‍ കപ്പലിന് നേരെ ഇറാന്‍ തീരത്തുനിന്ന് കടലിലേക്ക് ക്രൂയിസ് മിസൈലുകള്‍ വിക്ഷേപിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

ഇന്നലെ വൈറ്റ് ഹൗസില്‍ സംസാരിക്കവെ ഡൊണാള്‍ഡ് ട്രംപ് ഇതേക്കുറിച്ച് പറഞ്ഞത് ഇങ്ങനെയാണ്: 'ലോകത്തിലെ തന്നെ ഏറ്റവും വലിയ കപ്പലുകളില്‍ ഒന്നായ ഞങ്ങളുടെ വിമാനവാഹിനിക്കപ്പലിന് നേരെ അവര്‍ 100 മിസൈലുകളാണ് തൊടുത്തത്. വിക്ഷേപിച്ച 101 മിസൈലുകളില്‍ ഓരോന്നും ഞങ്ങള്‍ വെടിവെച്ചിട്ടു.'

അമേരിക്കന്‍ വിമാനവാഹിനിക്കപ്പല്‍ തങ്ങളുടെ നിരന്തര നിരീക്ഷണത്തിലാണെന്നും മറ്റൊരു ആക്രമണം ഏതുനിമിഷവും ഉണ്ടായേക്കാമെന്നും ഇറാനിയന്‍ നേവി കമാന്‍ഡര്‍ ഷെഹ്റാം ഇറാനി മുന്നറിയിപ്പ് നല്‍കി.

യുദ്ധം അവസാനിപ്പിക്കാനായി ട്രംപ് 15 ഇന സമാധാന പദ്ധതി കൈമാറിയതിന് പിന്നാലെ, കുവൈറ്റ്, ജോര്‍ദാന്‍, ബഹ്റൈന്‍ എന്നിവിടങ്ങളിലെ അമേരിക്കന്‍ സൈനിക താവളങ്ങള്‍ക്ക് നേരെ ഇറാന്‍ വന്‍തോതില്‍ മിസൈല്‍ ആക്രമണം നടത്തി.

അതേസമയം, ട്രംപിന്റെ പ്രസ്താവനകളെ പരിഹസിച്ചുകൊണ്ട് ഇറാനിയന്‍ സൈനിക വക്താവ് ലെഫ്റ്റനന്റ് കേണല്‍ ഇബ്രാഹിം സോള്‍ഫാഖരി രംഗത്തെത്തി. അമേരിക്ക 'അവരവര്‍ക്ക് ഉള്ളില്‍ത്തന്നെയാണ് ചര്‍ച്ച നടത്തുന്നത്' എന്നായിരുന്നു അദ്ദേഹത്തിന്റെ പരിഹാസം.

Tags:    

Similar News