'ദൈവത്തിന്റെ വലിയ അത്താഴത്തിനായി!' ബൈബിള്‍ പ്രവചനം സത്യമാകുന്നുവോ? ടെല്‍ അവീവിലെ അസ്രിയേലി ടവറുകള്‍ക്ക് മുകളില്‍ ആകാശത്തെ കറുപ്പണിയിച്ച് കാക്കക്കൂട്ടം! ഇസ്രയേലില്‍ വരാനിരിക്കുന്നത് മഹാവിപത്തോ അതോ വെറും പ്രകൃതി പ്രതിഭാസമോ? സമൂഹമാധ്യമങ്ങളില്‍ ഭീതി പടര്‍ത്തി ഭയാനകമായ പ്രവചനങ്ങള്‍

Update: 2026-03-25 15:31 GMT

ടെല്‍ അവീവ്: ഇസ്രായേല്‍-ഇറാന്‍ സംഘര്‍ഷം പശ്ചിമേഷ്യയെ കൊടുമ്പിരിക്കൊണ്ടിരിക്കെ, ടെല്‍ അവീവ് നഗരത്തിന് മുകളില്‍ പ്രത്യക്ഷപ്പെട്ട ആയിരക്കണക്കിന് കാക്കകളുടെ ദൃശ്യങ്ങള്‍ ആഗോളതലത്തില്‍ വലിയ ചര്‍ച്ചകള്‍ക്കും ഭീതിക്കും വഴിതുറന്നിരിക്കുകയാണ്. നഗരത്തിലെ പ്രശസ്തമായ അസ്രിയേലി ടവറുകള്‍ക്ക് മുകളില്‍ ആകാശത്തെ കറുപ്പണിയിച്ച് കാക്കക്കൂട്ടം പറക്കുന്ന ദൃശ്യങ്ങള്‍ 'മഹാവിപത്തിന്റെ സൂചന' (Harbinger of Doom) ആണെന്നാണ് പലരും വാദിക്കുന്നത്. നിലവിലെ യുദ്ധസാഹചര്യത്തില്‍ ഈ പക്ഷിക്കൂട്ടത്തിന്റെ സാന്നിധ്യം വരാനിരിക്കുന്ന വലിയൊരു ദുരന്തത്തിന്റെ മുന്നോടിയാണെന്ന് വലിയൊരു വിഭാഗം ജനങ്ങള്‍ ആശങ്കപ്പെടുന്നത്. പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യവുമായി ബന്ധപ്പെടുത്തി ഭയാനകമായ പ്രവചനങ്ങളാണ് എക്‌സ് (X) പോലുള്ള പ്ലാറ്റ്ഫോമുകളില്‍ പ്രചരിക്കുന്നത്.

പൗരാണിക വിശ്വാസങ്ങളെയും ചരിത്രപരമായ സൂചനകളെയും കൂട്ടുപിടിച്ചാണ് സമൂഹമാധ്യമങ്ങളില്‍ ഇത്തരം വാദങ്ങള്‍ കൊഴുക്കുന്നത്. പുരാതന റോമില്‍ ആകാശത്തെ പക്ഷികളുടെ പറക്കലും അവയുടെ കരച്ചിലും നിരീക്ഷിച്ച് ഭാവി പ്രവചിച്ചിരുന്ന 'ഓഗേഴ്‌സ്' (Augurs) എന്ന പുരോഹിതന്മാര്‍ ഇത്തരം കൂട്ടംചേരലുകളെ ദൈവങ്ങളുടെ സന്ദേശമായി കണ്ടിരുന്നു. പ്രധാനപ്പെട്ട രാഷ്ട്രീയ തീരുമാനങ്ങളും യുദ്ധങ്ങളും മാറ്റിവെക്കാന്‍ പോലും ഇത്തരം പക്ഷിക്കൂട്ടങ്ങളുടെ സാന്നിധ്യം അക്കാലത്ത് കാരണമായിരുന്നു. ലണ്ടന്‍ ടവറിലെ കാക്കകള്‍ അവിടെനിന്ന് മാറിയാല്‍ ബ്രിട്ടീഷ് സാമ്രാജ്യം തകരുമെന്ന ഐതിഹ്യവും ഇതേ ഗണത്തില്‍ പെടുന്ന ഒന്നാണ്. ബൈബിളിലെ വെളിപാട് പുസ്തകത്തിലെ പത്തൊന്‍പതാം അധ്യായത്തില്‍ പറയുന്ന 'ദൈവത്തിന്റെ വലിയ അത്താഴത്തിനായി' ആകാശപ്പറവകള്‍ ഒത്തുകൂടുന്ന വരികളും ഈ സംഭവവുമായി ബന്ധപ്പെടുത്തി ചിലര്‍ വ്യാഖ്യാനിക്കുന്നുണ്ട്.

എന്നാല്‍, ഈ ദൃശ്യങ്ങളില്‍ അമാനുഷികമായി ഒന്നുമില്ലെന്നാണ് പക്ഷികളെക്കുറിച്ച് പഠിക്കുന്ന ശാസ്ത്രജ്ഞര്‍ പറയുന്നത്. ആകാശത്തെ ഈ 'കറുത്ത മേഘങ്ങള്‍' വെറും സ്വാഭാവികമായ ഒരു പ്രകൃതി പ്രതിഭാസം മാത്രമാണെന്നാണ് ശാസ്ത്രലോകത്തിന്റെ പക്ഷം. ലോകത്തിലെ ഏറ്റവും തിരക്കേറിയ പക്ഷി ദേശാടന പാതകളിലൊന്നാണ് ഇസ്രായേലിന് മുകളിലുള്ളത്. ഓരോ വര്‍ഷവും വസന്തകാലത്ത് ഏകദേശം 50 കോടി പക്ഷികള്‍ ഈ പ്രദേശം കടന്നുപോകാറുണ്ട്. മാര്‍ച്ചിലെ ഈ വലിയ തോതിലുള്ള പക്ഷികളുടെ നീക്കം വസന്തകാലത്തെ പതിവ് ദേശാടനത്തിന്റെ ഭാഗമാണെന്നും, നഗരപ്രദേശങ്ങളിലെ ശബ്ദവ്യതിയാനങ്ങളോ കാലാവസ്ഥാ മാറ്റങ്ങളോ ഇത്തരം വലിയ കൂട്ടംചേരലുകള്‍ക്ക് കാരണമാകുമെന്നും പക്ഷി നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു. തദ്ദേശീയരായ ഹുഡഡ് കാക്കകള്‍ (Hooded Crows) ഈ സമയത്ത് കൂടു കൂട്ടുന്നതിനായും നഗരപ്രദേശങ്ങളില്‍ വലിയ സംഘങ്ങളായി എത്താറുണ്ട്.

ശാസ്ത്രീയമായ വിശദീകരണങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും, ടെല്‍ അവീവിലെ ആകാശം കറുത്ത ഇരുട്ടുപോലെ കാക്കകള്‍ മൂടിയ ദൃശ്യങ്ങള്‍ സൃഷ്ടിച്ച ആഘാതം ചെറുതല്ല. യുദ്ധവും അനിശ്ചിതത്വവും നിലനില്‍ക്കുന്ന ഒരു രാജ്യത്ത് പ്രകൃതിയിലുണ്ടാകുന്ന ഇത്തരം അസാധാരണ മാറ്റങ്ങളെ ഭീതിയോടെയല്ലാതെ കാണാന്‍ ജനങ്ങള്‍ക്ക് സാധിക്കുന്നില്ല. രാഷ്ട്രീയമായ സംഘര്‍ഷങ്ങള്‍ക്കൊപ്പം തന്നെ പ്രകൃതിയിലെ ഇത്തരം മാറ്റങ്ങളും ചേരുമ്പോള്‍, അത് സാധാരണക്കാരുടെ മനസ്സില്‍ വലിയ തോതിലുള്ള വിഭ്രാന്തിയും ആശങ്കയുമാണ് പടര്‍ത്തുന്നത്. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ നിഴലില്‍ നില്‍ക്കുന്ന ലോകത്തിന് മുന്നില്‍ ഈ പക്ഷിക്കൂട്ടം ഒരു നിഗൂഢ ചിഹ്നമായി അവശേഷിക്കുകയാണ്.

പശ്ചിമേഷ്യയില്‍ യുദ്ധം നാലാം വാരത്തിലേക്ക് കടക്കുമ്പോള്‍, മേഖലയില്‍ മരണസംഖ്യ കുതിച്ചുയരുകയാണ്. ഇതിനോടകം രണ്ടായിരത്തിലധികം പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. ഇറാനുളളില്‍ ഇസ്രായേലും അമേരിക്കയും നടത്തിയ ആക്രമണങ്ങളില്‍ മാത്രം 1,200-ഓളം പേര്‍ മരിച്ചതായി ഇറാനിയന്‍ റെഡ് ക്രെസന്റ് സൊസൈറ്റി അറിയിച്ചു. ലബനനില്‍ ആയിരത്തോളം പേരും ഇസ്രായേലില്‍ 17 പേരും കൊല്ലപ്പെട്ടു. യുദ്ധത്തില്‍ 13 അമേരിക്കന്‍ സൈനികര്‍ക്ക് ജീവന്‍ നഷ്ടമായതും സ്ഥിതിഗതികള്‍ സങ്കീര്‍ണ്ണമാക്കുന്നു.

സംഘര്‍ഷം രൂക്ഷമാകുന്ന സാഹചര്യത്തില്‍, 82-ാം എയര്‍ബോണ്‍ ഡിവിഷനില്‍ നിന്നുള്ള ആയിരത്തിലധികം സൈനികരെ കൂടി പശ്ചിമേഷ്യയിലേക്ക് അയക്കാന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഉത്തരവിട്ടു. ഇറാനുമായി ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്ന് ട്രംപ് അവകാശപ്പെടുമ്പോഴും, നയതന്ത്രപരമായ പുരോഗതിയെക്കുറിച്ചുള്ള യുഎസ് വാദങ്ങളെ ഇറാന്‍ തള്ളിക്കളയുകയാണ്. ഇടനിലക്കാര്‍ വഴി സന്ദേശങ്ങള്‍ കൈമാറുന്നുണ്ടെന്നല്ലാതെ നേരിട്ടുള്ള ചര്‍ച്ചകള്‍ക്ക് ഇറാന്‍ തയ്യാറായിട്ടില്ലെന്നാണ് സൂചന.

ഇതിനിടെ, അമേരിക്കന്‍ മണ്ണിലേക്കും യുദ്ധം പടരാനുള്ള സാധ്യതയെക്കുറിച്ചുള്ള ഭീതിദമായ മുന്നറിയിപ്പുകള്‍ പുറത്തുവരുന്നുണ്ട്. കാലിഫോര്‍ണിയയില്‍ നടന്ന ഡ്രോണ്‍ ആക്രമണ ഭീഷണിയുടെ പശ്ചാത്തലത്തില്‍, ദിവസങ്ങള്‍ക്കുള്ളില്‍ അമേരിക്കയ്ക്കുള്ളിലെ തന്ത്രപ്രധാന കേന്ദ്രങ്ങളെ ലക്ഷ്യം വെക്കാന്‍ ഇറാന് സാധിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. യുദ്ധം പുതിയ തലങ്ങളിലേക്ക് വ്യാപിക്കുന്നത് ആഗോളതലത്തില്‍ വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്.

Tags:    

Similar News