പാക്കിസ്ഥാനെപ്പോലെ ഒരു 'ദല്ലാള്‍' രാജ്യമല്ല ഇന്ത്യ; 1981 മുതല്‍ അമേരിക്ക പാക്കിസ്ഥാനെ ഇത്തരം കാര്യങ്ങള്‍ക്കായി 'ഉപയോഗിക്കുന്നു; ഒരു രാജ്യത്തിന്റെയും ഇടനിലക്കാരനായി പ്രവര്‍ത്തിക്കേണ്ട സാഹചര്യം ഇന്ത്യക്കില്ല; രാജ്യത്തിന്റെത് ദേശീയ താല്‍പ്പര്യങ്ങള്‍ മുന്‍നിര്‍ത്തി നേരിട്ടുള്ള നയതന്ത്രബന്ധങ്ങള്‍; ഇന്ത്യ വെറുമൊരു 'കാഴ്ചക്കാരന്‍' എന്ന കോണ്‍ഗ്രസിന്റെ പരിഹാസത്തിന് മറുപടിയുമായി എസ്. ജയശങ്കര്‍
ന്യൂഡല്‍ഹി: പശ്ചിമേഷ്യന്‍ സംഘര്‍ഷത്തില്‍ മധ്യസ്ഥത വഹിക്കാനുള്ള പാക്കിസ്ഥാന്റെ നീക്കങ്ങളെ അതിരൂക്ഷമായ ഭാഷയില്‍ പരിഹസിച്ച് ഇന്ത്യ. അമേരിക്കയ്ക്കും ഇറാനും ഇടയില്‍ 'ഇടനിലക്കാരന്‍' ആകാനുള്ള പാക്കിസ്ഥാന്റെ ശ്രമങ്ങളെക്കുറിച്ച് പരാമര്‍ശിക്കവെ, അയല്‍രാജ്യത്തെപ്പോലെ ഒരു 'ദല്ലാള്‍' (Broker) ആയി ഇന്ത്യ പ്രവര്‍ത്തിക്കില്ലെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ വ്യക്തമാക്കി. ബുധനാഴ്ച പാര്‍ലമെന്റ് കോംപ്ലക്‌സില്‍ നടന്ന നിര്‍ണ്ണായകമായ സര്‍വകക്ഷി യോഗത്തിലാണ് മന്ത്രി പാക്കിസ്ഥാനെതിരെ കടുത്ത നിലപാട് സ്വീകരിച്ചത്.
വാഷിംഗ്ടണും ടെഹ്റാനും തമ്മിലുള്ള സംഘര്‍ഷം ലഘൂകരിക്കാന്‍ പാക്കിസ്ഥാനും തുര്‍ക്കിയും ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ സജീവമായ മധ്യസ്ഥ ശ്രമങ്ങള്‍ നടത്തുന്നുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ക്കിടയിലാണ് ഇന്ത്യയുടെ ഈ നിലപാട് വ്യക്തമാക്കല്‍. ഇത്തരം വിഷയങ്ങളില്‍ പാക്കിസ്ഥാന്റെ ഇടപെടലുകളില്‍ പുതുമയൊന്നുമില്ലെന്നും, 1981 മുതല്‍ അമേരിക്ക പാക്കിസ്ഥാനെ ഇത്തരം കാര്യങ്ങള്‍ക്കായി 'ഉപയോഗിക്കുന്നുണ്ടെന്നും' ജയശങ്കര്‍ യോഗത്തില്‍ ചൂണ്ടിക്കാട്ടി. 'നമ്മള്‍ ഒരു ദല്ലാള്‍ രാജ്യമല്ല,' എന്ന് യോഗത്തില്‍ പങ്കെടുത്ത നേതാക്കളോട് അദ്ദേഹം അസന്ദിഗ്ധമായി പറഞ്ഞു. ഒരു വലിയ ശക്തി എന്ന നിലയില്‍ ഇന്ത്യ സ്വന്തമായ നയതന്ത്ര നിലപാടുകളാണ് സ്വീകരിക്കുന്നത്. ഒരു രാജ്യത്തിന്റെയും ഇടനിലക്കാരനായി പ്രവര്‍ത്തിക്കേണ്ട സാഹചര്യം ഇന്ത്യക്കില്ലെന്നും, ദേശീയ താല്‍പ്പര്യങ്ങള്‍ മുന്‍നിര്‍ത്തി നേരിട്ടുള്ള നയതന്ത്രമാണ് ഇന്ത്യയുടേതെന്നും അദ്ദേഹം ആവര്‍ത്തിച്ചു. പശ്ചിമേഷ്യന്‍ പ്രതിസന്ധി ചര്‍ച്ച ചെയ്യുന്നതിനായി വിളിച്ചുചേര്‍ത്ത ഈ യോഗത്തില്‍, മേഖലയിലെ സങ്കീര്‍ണ്ണമായ സാഹചര്യങ്ങളും ഇന്ത്യയുടെ തന്ത്രപരമായ നിലപാടുകളും സര്‍ക്കാര്‍ വിശദീകരിച്ചു. പാക്കിസ്ഥാന്റെ നയതന്ത്ര നീക്കങ്ങളെ തള്ളിക്കളഞ്ഞ ജയശങ്കര്‍, ആഗോള രാഷ്ട്രീയത്തില്‍ ഇന്ത്യയുടെ അന്തസ്സും സ്വതന്ത്രമായ നിലപാടും ഉയര്‍ത്തിപ്പിടിക്കുമെന്ന ശക്തമായ സന്ദേശമാണ് നല്‍കിയത്.
യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും പാക് പ്രധാനമന്ത്രി ഷഹ്ബാസ് ഷെരീഫും തമ്മിലുള്ള സോഷ്യല്‍ മീഡിയ ആശയവിനിമയങ്ങള്‍ക്ക് പിന്നാലെയാണ് പാക്കിസ്ഥാന്‍ മധ്യസ്ഥശ്രമങ്ങള്‍ നടത്തുന്നു എന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. എന്നാല്‍, ഇത്തരം നീക്കങ്ങള്‍ക്ക് പിന്നില്‍ പാക്കിസ്ഥാനും അമേരിക്കയും തമ്മിലുള്ള വ്യക്തിപരമായ താല്പര്യങ്ങള്‍ മാത്രമാണെന്നാണ് ഇന്ത്യയുടെ വിലയിരുത്തല്‍. 1981 മുതല്‍ ഇത്തരം ഇടനിലക്കാരന്റെ വേഷം പാക്കിസ്ഥാന്‍ കെട്ടിയാടുന്നുണ്ടെന്നും അത് അവരുടെ ഉഭയകക്ഷി ബന്ധത്തിന്റെ ഭാഗമാണെന്നും ജയശങ്കര്‍ ചൂണ്ടിക്കാട്ടി. ഇന്ത്യ ഒരു വലിയ ശക്തി എന്ന നിലയില്‍ സ്വന്തമായ നയതന്ത്ര നിലപാടുകളാണ് സ്വീകരിക്കുന്നതെന്നും ഒരു രാജ്യത്തിന്റെയും ദല്ലാള്‍ ആയി പ്രവര്‍ത്തിക്കേണ്ട സാഹചര്യം ഇന്ത്യക്കില്ലെന്നും അദ്ദേഹം ആവര്‍ത്തിച്ചു.
പശ്ചിമേഷ്യയില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരുടെ സുരക്ഷയെക്കുറിച്ച് സര്‍വകക്ഷി യോഗത്തില്‍ സര്‍ക്കാര്‍ വിശദമായ റിപ്പോര്‍ട്ട് നല്‍കി. ഇറാനില്‍ നിന്ന് ഇതുവരെ 4.25 ലക്ഷം ഇന്ത്യക്കാരെ സുരക്ഷിതമായി നാട്ടിലെത്തിക്കാന്‍ സാധിച്ചു. അവിടെ തുടരുന്ന മറ്റുള്ളവരുടെ സുരക്ഷ ഉറപ്പാക്കാന്‍ വിദേശകാര്യ മന്ത്രാലയം നിരന്തരമായ നിരീക്ഷണം നടത്തുന്നുണ്ട്. യുദ്ധസമാനമായ അന്തരീക്ഷത്തിലും ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതി ഇന്ത്യ തുടരുന്നുണ്ടെന്നും നിലവില്‍ റഷ്യയില്‍ നിന്നുള്ള ക്രൂഡ് ഓയില്‍ വിതരണം സുഗമമായതിനാല്‍ രാജ്യത്ത് ഊര്‍ജ്ജ പ്രതിസന്ധി ഉണ്ടാകില്ലെന്നും സര്‍ക്കാര്‍ ഉറപ്പുനല്‍കി.
അമേരിക്കയുമായുള്ള വ്യാപാര ബന്ധവും ഇസ്രായേലുമായുള്ള തന്ത്രപ്രധാന സാങ്കേതിക പങ്കാളിത്തവും നിലനിര്‍ത്തുമ്പോള്‍ തന്നെ ഇറാന്‍ ഉള്‍പ്പെടെയുള്ള മിഡില്‍ ഈസ്റ്റ് രാജ്യങ്ങളുമായുള്ള സന്തുലിതമായ നയതന്ത്രം ഇന്ത്യ തുടരുമെന്ന് യോഗം വിലയിരുത്തി. രാജ്യത്തിന്റെ ദേശീയ താല്പര്യങ്ങള്‍ക്കാണ് പ്രഥമ പരിഗണനയെന്നും വിദേശകാര്യ മന്ത്രി വ്യക്തമാക്കി. പ്രതിപക്ഷ പാര്‍ട്ടികള്‍ ഉന്നയിച്ച എല്ലാ ചോദ്യങ്ങള്‍ക്കും സര്‍ക്കാര്‍ വ്യക്തമായ മറുപടി നല്‍കിയെന്നും രാജ്യസുരക്ഷയുടെയും വിദേശനയത്തിന്റെയും കാര്യത്തില്‍ എല്ലാ പാര്‍ട്ടികളും ഐക്യത്തോടെയാണ് നില്‍ക്കുന്നതെന്നും കേന്ദ്രമന്ത്രി കിരണ്‍ റിജിജു യോഗത്തിന് ശേഷം മാധ്യമങ്ങളോട് പറഞ്ഞു. പാക്കിസ്ഥാന്റെ നയതന്ത്ര നാടകങ്ങളെ തള്ളിക്കളഞ്ഞ ഇന്ത്യ, മേഖലയില്‍ സ്വന്തം കരുത്തിലും സ്വാധീനത്തിലും ഉറച്ചുനില്‍ക്കുമെന്ന ശക്തമായ സന്ദേശമാണ് ഈ യോഗത്തിലൂടെ നല്‍കിയിരിക്കുന്നത്.
കേന്ദ്രസര്‍ക്കാര്‍ വിളിച്ചുചേര്‍ത്ത സര്‍വകക്ഷി യോഗത്തില്‍ ഭരണ-പ്രതിപക്ഷങ്ങള്‍ തമ്മില്‍ രൂക്ഷമായ വാഗ്വാദം ഉയര്‍ന്നിരുന്നു. മേഖലയില്‍ ഇന്ത്യ നിശ്ശബ്ദത പാലിക്കുകയാണെന്ന പ്രതിപക്ഷ ആരോപണത്തെ സര്‍ക്കാര്‍ ശക്തമായി പ്രതിരോധിച്ചു. 'ഞങ്ങള്‍ പ്രതികരിക്കുന്നുണ്ട്, നിരീക്ഷിക്കുന്നുമുണ്ട്' എന്നായിരുന്നു കേന്ദ്രത്തിന്റെ മറുപടി. ഇറാന്‍ എംബസി തുറന്നയുടന്‍ വിദേശകാര്യ സെക്രട്ടറി അവിടെ സന്ദര്‍ശിച്ച് അനുശോചന പുസ്തകത്തില്‍ ഒപ്പിട്ടത് സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. ഇറാന്റെ പരമോന്നത നേതാവിന്റെ മരണത്തില്‍ അനുശോചനം അറിയിക്കുന്നതില്‍ ഇന്ത്യ ധാര്‍മ്മികമായ ബലഹീനത കാണിച്ചു എന്ന പ്രതിപക്ഷ വിമര്‍ശനത്തിനുള്ള മറുപടിയായിരുന്നു ഇത്.
ഏകദേശം രണ്ട് മണിക്കൂര്‍ നീണ്ടുനിന്ന യോഗത്തില്‍ വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍, പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, ആഭ്യന്തര മന്ത്രി അമിത് ഷാ, ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ എന്നിവരുള്‍പ്പെടെയുള്ള ഉന്നതതല സംഘമാണ് സര്‍ക്കാരിനെ പ്രതിനിധീകരിച്ചത്. ഗള്‍ഫിലെ ഇന്ത്യന്‍ പ്രവാസികളുടെ സുരക്ഷയ്ക്കും രാജ്യത്തിന്റെ ഊര്‍ജ്ജ ആവശ്യങ്ങള്‍ക്കുമാണ് മുന്‍ഗണന നല്‍കുന്നതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. നിലവില്‍ 41 രാജ്യങ്ങളില്‍ നിന്നായി ഇന്ധനം എത്തിക്കുന്നുണ്ടെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും സര്‍ക്കാര്‍ അറിയിച്ചു. ഹോര്‍മുസ് കടലിടുക്ക് വഴി ഇന്ത്യയിലേക്കുള്ള നാല് കപ്പലുകള്‍ ഇതിനകം സുരക്ഷിതമായി കടന്നുപോയത് നയതന്ത്ര വിജയമാണെന്നും അഞ്ച് കപ്പലുകള്‍ കൂടി ഉടന്‍ കടക്കുമെന്നും വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി വിശദീകരിച്ചു. 18 കപ്പലുകള്‍ ഇപ്പോഴും ഹോര്‍മുസ് കടലിടുക്കിന് സമീപം കുടുങ്ങിക്കിടക്കുകയാണെന്ന വിവരവും യോഗത്തില്‍ പങ്കുവെച്ചു.
എന്നാല്‍ സര്‍ക്കാരിന്റെ മറുപടികളില്‍ പ്രതിപക്ഷം ഒട്ടും തൃപ്തരല്ലായിരുന്നു. പശ്ചിമേഷ്യന്‍ സാഹചര്യം ലോക്‌സഭയിലും രാജ്യസഭയിലും ചര്‍ച്ച ചെയ്യണമെന്ന് പ്രതിപക്ഷം ഒറ്റക്കെട്ടായി ആവശ്യപ്പെട്ടു. 'നമ്മളേക്കാള്‍ എല്ലാ രീതിയിലും ദുര്‍ബലമായ പാക്കിസ്ഥാന്‍ പോലും മധ്യസ്ഥന്റെ റോളില്‍ തിളങ്ങുമ്പോള്‍ ഇന്ത്യ വെറുമൊരു കാഴ്ചക്കാരനായി നില്‍ക്കുകയാണ്' എന്ന് കോണ്‍ഗ്രസ് നേതാവ് താരിഖ് അന്‍വര്‍ വിമര്‍ശിച്ചു. സ്വതന്ത്ര പരമാധികാര രാഷ്ട്രമായ ഇറാനെതിരെ അമേരിക്ക നടത്തിയ ഏകപക്ഷീയമായ ആക്രമണത്തില്‍ ഇന്ത്യ കൃത്യമായ നിലപാട് എടുക്കാത്തതിനെ ജോണ്‍ ബ്രിട്ടാസ് എം.പി ഉള്‍പ്പെടെയുള്ളവര്‍ ചോദ്യം ചെയ്തു. പ്രധാനമന്ത്രിയുടെ ടെല്‍ അവീവ് സന്ദര്‍ശനത്തെക്കുറിച്ചും പ്രതിപക്ഷം ചോദ്യങ്ങള്‍ ഉന്നയിച്ചു.
അതേസമയം, യോഗത്തില്‍ നിന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും തൃണമൂല്‍ കോണ്‍ഗ്രസ് അംഗങ്ങളും വിട്ടുനിന്നതിനെ കേന്ദ്രമന്ത്രി പ്രള്‍ഹാദ് ജോഷി രൂക്ഷമായി വിമര്‍ശിച്ചു. രാഹുല്‍ ഗാന്ധിയുടെ പെരുമാറ്റം അങ്ങേയറ്റം ഉത്തരവാദിത്തമില്ലാത്തതാണെന്നും അദ്ദേഹം ഇന്ത്യയുടെ താല്പര്യങ്ങള്‍ക്കാണോ അതോ പാക്കിസ്ഥാനെ പ്രകീര്‍ത്തിക്കാനാണോ ശ്രമിക്കുന്നതെന്ന് വ്യക്തമാക്കണമെന്നും ജോഷി ആവശ്യപ്പെട്ടു. എന്നാല്‍, രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ സര്‍ക്കാരിന്റെ ഏത് തീരുമാനത്തിനും പ്രതിപക്ഷം ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതായി കേന്ദ്രമന്ത്രി കിരണ്‍ റിജിജു അറിയിച്ചു. അമേരിക്കയുമായി വലിയ വ്യാപാര ബന്ധവും ഇസ്രായേലുമായി സാങ്കേതിക പങ്കാളിത്തവും ഇറാനുമായി മികച്ച സൗഹൃദവുമുള്ള ഇന്ത്യ, സന്തുലിതമായ നയതന്ത്രത്തിലൂടെ മുന്നോട്ട് പോകുമെന്നാണ് സര്‍ക്കാര്‍ നല്‍കുന്ന സൂചന.
