ഇറാനെ നിര്‍ത്തി കത്തിക്കാന്‍ നെതന്യാഹു; ലോകം വിറയ്ക്കുന്ന 48 മണിക്കൂര്‍; ട്രംപിനെ വെട്ടിച്ച് 'ഡൂംസ്ഡേ ബ്ലിറ്റ്‌സ്; പശ്ചിമേഷ്യ ഇനി ചോരക്കളമാകുമോ?
ഇറാനുമായുള്ള യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സമാധാന കരാര്‍ യാഥാര്‍ത്ഥ്യമാകുന്നതിന് മുന്‍പ് ഇറാന്റെ സൈനിക ശേഷി തകര്‍ക്കാന്‍ ലക്ഷ്യമിട്ട് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. തെല്‍ അവീവിലെ അതീവ സുരക്ഷയുള്ള ഭൂഗര്‍ഭ ബങ്കറില്‍ കമാന്‍ഡര്‍മാരുമായി നടത്തിയ കൂടിക്കാഴ്ചയില്‍, ഇറാന്റെ ആയുധ നിര്‍മ്മാണ കേന്ദ്രങ്ങള്‍ 48 മണിക്കൂറിനുള്ളില്‍ നാമാവശേഷമാക്കാന്‍ നെതന്യാഹു അന്ത്യശാസനം നല്‍കി.
ചൊവ്വാഴ്ച അമേരിക്ക അവതരിപ്പിച്ച 15 ഇന സമാധാന പദ്ധതിയോട് ഇസ്രായേലിന് കടുത്ത വിയോജിപ്പുണ്ടെന്നാണ് സൂചന. ഇറാന്റെ മിസൈല്‍ ശേഖരത്തിനും ആണവ പദ്ധതിക്കും നിയന്ത്രണങ്ങള്‍ നിര്‍ദ്ദേശിക്കുന്നുണ്ടെങ്കിലും, ടെഹ്‌റാന്റെ സൈനിക ശക്തി പൂര്‍ണ്ണമായും ഇല്ലാതാക്കാന്‍ ഈ പദ്ധതിക്ക് കഴിയില്ലെന്ന് ഇസ്രായേല്‍ ആശങ്കപ്പെടുന്നു. ഏതു നിമിഷവും ട്രംപ് ഇറാനുമായി കരാറിലെത്തിയേക്കാമെന്ന ഭീതിയിലാണ് 'ഡൂംസ്‌ഡേ ബ്ലിറ്റ്‌സ്' എന്ന് വിശേഷിപ്പിക്കപ്പെടുന്ന അതിവേഗ ആക്രമണത്തിന് നെതന്യാഹു ഉത്തരവിട്ടത്. ഇസ്രായേലിന്റെ പ്രധാന ലക്ഷ്യങ്ങളില്‍ ഒന്ന് ഇറാന്റെ ബാലസ്റ്റിക് മിസൈല്‍ ശേഖരം പൂര്‍ണ്ണമായും ഇല്ലാതാക്കുക, ആണവവാഹക ശേഷിയുള്ള മിസൈലുകള്‍ വികസിപ്പിക്കുന്നത് തടയുക, ഇറാനിലെ ഇസ്ലാമിക ഭരണകൂടത്തെ താഴെയിറക്കാന്‍ ജനങ്ങളെ പ്രേരിപ്പിക്കുന്ന സാഹചര്യം ഒരുക്കുക എന്നിവയാണ്.
'ഈ മൂന്ന് ലക്ഷ്യങ്ങള്‍ കൈവരിക്കാതെ യുദ്ധം അവസാനിപ്പിക്കാനാവില്ല,' എന്ന് നെതന്യാഹുവിന്റെ പാര്‍ട്ടിയംഗം ബോവാസ് ബിസ്മുത്ത് വ്യക്തമാക്കി. അതേസമയം, ഇറാനിലെ ഭരണമാറ്റം എന്ന ലക്ഷ്യത്തില്‍ നിന്ന് ട്രംപ് ഭരണകൂടം പതുക്കെ പിന്മാറുന്നതായാണ് സൂചന. നയതന്ത്ര നീക്കങ്ങള്‍ പരാജയപ്പെട്ടാല്‍ ഇറാനില്‍ നേരിട്ടുള്ള അധിനിവേശത്തിന് ട്രംപ് തയ്യാറെടുത്തേക്കും. ഇതിന്റെ ഭാഗമായി 2,000 പാരാട്രൂപ്പര്‍മാരെ മിഡില്‍ ഈസ്റ്റിലേക്ക് അയക്കാന്‍ പെന്റഗണ്‍ ഉത്തരവിട്ടു. 'ഒരു കൈയ്യില്‍ സമാധാന കരാറും മറുകൈയ്യില്‍ പ്രഹരിക്കാന്‍ ഓങ്ങിയ മുഷ്ടിയുമായാണ് ട്രംപ് നില്‍ക്കുന്നത്,' എന്ന് അദ്ദേഹത്തിന്റെ സഹായികളില്‍ ഒരാള്‍ വെളിപ്പെടുത്തി.
എന്നാല്‍ ഹോര്‍മുസ് കടലിടുക്കിന്റെ നിയന്ത്രണം വേണമെന്ന ഇറാന്റെ ആവശ്യം അമേരിക്ക തള്ളിക്കളഞ്ഞു. ഇറാന്റെ ആവശ്യങ്ങള്‍ തമാശ ആണെന്നാണ് യു.എസ്. ഉദ്യോഗസ്ഥര്‍ പ്രതികരിക്കുന്നത്. ഹോര്‍മുസ് കടലിടുക്കിന്റെ നിയന്ത്രണം ഇറാന് കൈമാറുന്നതിനെ സൗദി അറേബ്യ ശക്തമായി എതിര്‍ത്തു. ഇറാനിലെ ഊര്‍ജ്ജ കേന്ദ്രങ്ങള്‍ പിടിച്ചെടുക്കാന്‍ സൈന്യത്തെ ഉപയോഗിക്കണമെന്ന് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ ട്രംപിനോട് ആവശ്യപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്. ട്രംപിന്റെ ദൂതന്മാരായ ജാരദ് കുഷ്നര്‍, സ്റ്റീവ് വിറ്റ്‌കോഫ് എന്നിവരെ ഇറാന്‍ അവിശ്വാസത്തോടെയാണ് കാണുന്നത്.
യു.എസ്. വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സ് ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കണമെന്നാണ് ഇറാന്റെ താല്പര്യം. മേഖലയില്‍ സംഘര്‍ഷം പുകയുന്നതിനിടെ, ഇസ്രായേല്‍ നല്‍കിയ 48 മണിക്കൂര്‍ സമയപരിധി ലോകത്തെയാകെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്.
