ആറ്റുകാല്‍ പൊങ്കാലയുടെ അവസാനവട്ട ഒരുക്കത്തിനിടെയിലും തലസ്ഥാനത്ത് കുടിവെള്ള പ്രശ്‌നം; 'വാല്‍വുകള്‍ തുറക്കുന്നതില്‍ ആസൂത്രിത ഇടപെടല്‍? പൊലീസിനെ നിയോഗിക്കണം' എന്ന് മേയര്‍; പൊങ്കാലക്ക് കുടിവെള്ളം മുടങ്ങില്ലെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍; കുടിവെള്ളത്തില്‍ രാഷ്ട്രീയം കലര്‍ത്താന്‍ എല്‍ഡിഎഫ് ആഗ്രഹിക്കുന്നില്ലെന്ന് മന്ത്രിയുടെ ഉറപ്പ്

ആറ്റുകാല്‍ പൊങ്കാലയുടെ അവസാനവട്ട ഒരുക്കത്തിനിടെയിലും തലസ്ഥാനത്ത് കുടിവെള്ള പ്രശ്‌നം

Update: 2026-03-02 08:53 GMT

തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാലയുടെ അവസാനവട്ട ഒരുക്കത്തിനിടെയിലും തലസ്ഥാനത്ത് കുടിവെള്ള പ്രശ്‌നം സജീവം. നഗരസഭാ പ്രദേശത്ത് കുടിവെള്ള വിതരണത്തില്‍ ഈ വര്‍ഷം ചില വീഴ്ചകള്‍ ഉണ്ടായിട്ടുള്ളതായി സംശയിക്കുന്നെന്ന് ചൂണ്ടിക്കാട്ടി ജലവിഭവമന്ത്രി റോഷി അഗസ്റ്റിന് മേയര്‍ വി.വി രാജേഷ് കത്ത് നല്‍കി. ഓരോ മേഖലയിലേക്കുമുള്ള വാല്‍വുകള്‍ തുറക്കുന്നതില്‍ ഉള്‍പ്പെടെ ആസൂത്രിത ഇടപെടലുണ്ടെന്ന് സംശയിക്കുന്നതായാണ് മേയര്‍ കത്തില്‍ സൂചിപ്പിക്കുന്നത്.

കഴിഞ്ഞ 10 ദിവസത്തിനിടയില്‍ നഗരത്തിലെ പല ഭാഗത്തും കുടിവെള്ളം ലഭ്യമാകാത്തതിന് പിന്നില്‍ ബോധപൂര്‍വ്വമായ വീഴ്ച ഉള്ളതായി സംശയിക്കുന്നു. കഴിഞ്ഞ വര്‍ഷങ്ങളില്‍ ഫെബ്രുവരി മാസത്തില്‍ നടന്ന കുടിവെള്ള വിതരണവും ഈ വര്‍ഷം ഫെബ്രുവരി മാസത്തില്‍ നടന്ന കുടിവെള്ള വിതരണവും താരതമ്യം ചെയ്യുമ്പോള്‍ ഇത് മനസിലാകുമെന്നും മേയര്‍ പറയുന്നു.

വെള്ളയമ്പലം ഫില്‍റ്റര്‍ ഹൗസിലെ വാല്‍വ് നിയന്ത്രണത്തിലും മറ്റും വീഴ്ചകള്‍ ഉണ്ടായതായി അറിയുവാന്‍ കഴിഞ്ഞു. കഴിഞ്ഞ ദിവസങ്ങളിലെ വാല്‍വ് നിയന്ത്രണത്തെ സംബന്ധിച്ച് ഉന്നതതല അന്വേഷണം നടത്തേണ്ടതാണ്. ജനലക്ഷങ്ങള്‍ തിരുവനന്തപുരത്ത് എത്തിച്ചേരുന്ന ചരിത്രപ്രസിദ്ധമായ ആറ്റുകാല്‍ പൊങ്കാല അടുത്തിരിക്കുന്ന സാഹചര്യത്തില്‍ കുടിവെള്ള വിതരണത്തിലെ ചെറിയ വീഴ്ചകള്‍ പോലും ലക്ഷക്കണക്കിന് ജനങ്ങളെ ബാധിക്കുന്ന ഗുരുതരമായ സാഹചര്യങ്ങള്‍ സൃഷ്ടിക്കും. അതിനാല്‍ ഫില്‍റ്റര്‍ ഹൗസിലെയും മറ്റും വാല്‍വ് നിയന്ത്രണം കൃത്യമായി മോണിറ്റര്‍ ചെയ്യണമെന്നും ആവശ്യമെങ്കില്‍ പൊലീസ് നിരീക്ഷണം ഉള്‍പ്പെടെ ഏര്‍പ്പെടുത്തണമെന്നും കുടിവെള്ള വിതരണം സുഗമമാക്കണമെന്നും ആവശ്യപ്പെടുന്നെന്ന് മേയര്‍ കത്തില്‍ പറയുന്നു.

അതേസമയം, ആറ്റുകാല്‍ പൊങ്കാലക്ക് കുടിവെള്ളം മുടങ്ങില്ലെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ വ്യക്തമാക്കി. കുടിവെള്ളത്തില്‍ രാഷ്ട്രീയം കലര്‍ത്താന്‍ എല്‍ഡിഎഫ് ആഗ്രഹിക്കുന്നില്ല. കോര്‍പ്പറേഷനും വാട്ടര്‍ അതോറിറ്റിയും സഹകരിച്ചാണ് മുന്നോട്ട് പോകുന്നത്. കുടിവെള്ള വിതരണം ഏകോപിപ്പിക്കുന്നതിനായി കണ്‍ട്രോള്‍ റൂം തുറന്നു. ആശങ്കപെടേണ്ട സാഹചര്യമില്ല. തിരുവനന്തപുരത്തെ കുടിവെള്ള പ്രശ്‌നം പരിഹരിക്കാന്‍ കാര്യക്ഷമമായി ഇടപെട്ടു കഴിഞ്ഞു.

മേയറുമായി കഴിഞ്ഞ ദിവസം രാത്രി തന്നെ സംസാരിച്ചിരുന്നു. മന്ത്രി ശിവന്‍കുട്ടിയുടെ നേതൃത്വത്തില്‍ രണ്ടു തവണ യോഗംവിളിച്ചിരുന്നു. ഇന്നും യോഗം വിളിച്ചിട്ടുണ്ടെന്നും ഇന്ന് ലഭിച്ച പരാതിയില്‍ പരിഹാരം കാണാന്‍ അടിയന്തരമായി നടപടി ആരംഭിച്ചിട്ടുണ്ടെന്നും റോഷി അഗസ്റ്റിന്‍ പറഞ്ഞു. ആറ്റുകാല്‍ പൊങ്കാലയെക്കാള്‍ കൂടുതല്‍ ആളുകള്‍ എത്തുന്ന ശബരിമലയില്‍ കൃത്യമായി വെള്ളം വിതരണം ചെയ്തു. കോര്‍പ്പറേഷന്‍ ചെയ്യേണ്ടത് കോര്‍പ്പറേഷന്‍ ചെയ്യണം.ഇത്തരം സന്ദര്‍ഭങ്ങളില്‍ സഹകരിച്ചു പോകുകയാണ് വേണ്ടതെന്നും റോഷി അഗസ്റ്റിന്‍ പറഞ്ഞു.

അതിനിടെ തിരുവനന്തപുരം നഗരത്തിലെ കുടിവെള്ള പ്രശ്‌നത്തില്‍ മന്ത്രി വി ശിവന്‍കുട്ടിയുടെ വിമര്‍ശനത്തിന് മറുപടിയുമായി മേയര്‍ വിവി രാജേഷും രംഗത്തെത്തി. സര്‍വകക്ഷി യോഗ തീരുമാന പ്രകാരമാണ് ആറ്റുകാല്‍ ക്ഷേത്ര പരിസരത്തു കുടിവെള്ളത്തിന് സംവിധാനം ഒരുക്കിയതെന്നും ഒന്നര മാസമായി നഗരത്തില്‍ കുടിവെള്ള പ്രശ്‌നം തുടങ്ങിയിട്ടെന്നും വിവി രാജേഷ് പറഞ്ഞു. നഗരസഭയുടെ ഉത്തരവാദിത്തമാണ് നിര്‍വഹിക്കുന്നതെന്നും കുടിവെള്ളം മുടങ്ങില്ലെന്നും വിവി രാജേഷ് വ്യക്തമാക്കി.

ചില സംഘടനകളുടെ കൊടിവെച്ച് വെള്ളത്തിന്റെ ടാങ്കറുകളില്‍ വന്ന് ഷോ നടത്തുന്നുണ്ടെന്നും ആ ഷോയൊന്നും ആറ്റുകാല്‍ പൊങ്കാലയുമായി ബന്ധപ്പെട്ട് ആവശ്യമില്ലെന്നുമായിരുന്നു മന്ത്രി വി ശിവന്‍കുട്ടിയുടെ വിമര്‍ശനം. ആറ്റുകാല്‍ പൊങ്കാലയുമായി ബന്ധപ്പെട്ട് മണക്കാട് അടക്കമുള്ള പ്രദേശങ്ങളിലെ കുടിവെള്ള ക്ഷാമം പരിഹരിക്കുമെന്നും സ്‌പെഷ്യല്‍ സ്‌ക്വാഡിനെ നിയോഗിച്ചിട്ടുണ്ടെന്നും ശിവന്‍കുട്ടി വ്യക്തമാക്കിയിരുന്നു.

ആറ്റുകാല്‍ പൊങ്കാലയ്ക്കും നഗരവാസികള്‍ക്കും പിണറായി സര്‍ക്കാര്‍ കുടിവെള്ളം നല്‍കാതെ ബുദ്ധിമുട്ടിക്കുകയാണെന്നാരോപിച്ച് ബിജെപി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇന്നലെ ജല വിഭവ മന്ത്രി റോഷി അഗസ്റ്റിന്റെ ഔദ്യോഗിക വസതിക്ക് മുമ്പില്‍ കുടം തലയില്‍ കമഴ്ത്തി കുത്തി ഇരിപ്പ് സമരം നടത്തിയിരുന്നു. ആറ്റുകാല്‍ പൊങ്കാല നഗരത്തിന്റെ ആചാര ക്രമങ്ങളുടെ ഭാഗമാണന്നും കൃതൃമ ജലക്ഷാമം സൃഷ്ടിക്കുന്നത് ആറ്റുകാല്‍ പൊങ്കാലയും കോര്‍പറേഷന്‍ മാതൃകാ ഭരണവും അട്ടിമറിക്കാനുള്ള സിപിഎം - സര്‍ക്കാര്‍ ഗൂഡാലോചനയാണന്നും സമരം ഉദ്ഘാടനം ചെയ്ത് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എസ് സുരേഷ് പറഞ്ഞിരുന്നു.

Tags:    

Similar News